ക്ഷേത്ര വാർത്തകൾ
ചോറ്റാനിക്കരയില്‍ മകം തൊഴല്‍ നാളെ; വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍

എല്ലാദിവസവും നക്ഷത്രഫലം നിങ്ങളുടെ മൊബൈല്‍ഫോണില്‍ ലഭിക്കാന്‍ ഇപ്പോള്‍തന്നെ ജോയിന്‍ ചെയ്യൂ ജ്യോതിഷവാര്‍ത്തയുടെ വാട്ട്‌സാപ്പ് ചാനലില്‍. ഇവിടെ ക്ലിക്ക് ചെയ്യൂ.

ചോറ്റാനിക്കര: കീഴ്ക്കാവ് ഭഗവതി വില്‍വമംഗലം സ്വാമിയാര്‍ക്ക് സര്‍വാഭരണ വിഭൂഷിതയായി ദര്‍ശനം നല്‍കിയതിന്റെ പുണ്യസ്മരണ പുതുക്കി ചോറ്റാനിക്കര ക്ഷേത്രത്തില്‍ മാര്‍ച്ച് 2ന് മകം തൊഴല്‍ നടക്കും. ചരിത്രപ്രസിദ്ധമായ മകം ദര്‍ശനത്തിനായുള്ള എല്ലാ ഒരുക്കങ്ങളും ക്ഷേത്രത്തില്‍ പൂര്‍ത്തിയായതായി ദേവസ്വവും പോലീസും അറിയിച്ചു.

ദര്‍ശന സമയവും ക്രമീകരണങ്ങളും

ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 9.30 വരെയാണ് ഭക്തര്‍ക്ക് മകം തൊഴാന്‍ അവസരം ലഭിക്കുക. രാവിലെ 5.30-ന് ഓണക്കുറ്റിച്ചിറയില്‍ നടക്കുന്ന ആറാട്ടിന് ശേഷമാണ് മകം എഴുന്നള്ളിപ്പ് ആരംഭിക്കുന്നത്. ഒന്നര ലക്ഷത്തോളം ഭക്തരെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിനായി സ്ത്രീകള്‍ക്ക് പടിഞ്ഞാറേ നടയിലൂടെയും, പുരുഷന്മാര്‍ക്കും കുടുംബമായി എത്തുന്നവര്‍ക്കും വടക്കേ പൂരപ്പറമ്പിലൂടെയും പ്രവേശനം അനുവദിക്കും. പ്രദേശവാസികള്‍ക്കായി പ്രത്യേക ക്യൂ സംവിധാനവും ഒരുക്കിയിട്ടുണ്ട്.

സുരക്ഷയും ആരോഗ്യസേവനങ്ങളും

സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി 800-ലധികം പോലീസുകാരെയും 700-ഓളം വോളണ്ടിയര്‍മാരെയും വിന്യസിച്ചു. ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന്റെ പ്രത്യേക നിരീക്ഷണവും ക്ഷേത്രപരിസരത്തുണ്ടാകും. മോഷണം തടയാന്‍ മഫ്തിയിലുള്ള പോലീസ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

മകം തൊഴാനെത്തുന്ന ഭക്തര്‍ക്കായി ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ദേവസ്വം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ സംരക്ഷണത്തിനായി ക്ഷേത്രത്തിന്റെ തെക്കേ നടയിലും പടിഞ്ഞാറേ നടയിലും ഫസ്റ്റ് എയ്ഡ് ക്യാമ്പുകളും വിവിധ ആശുപത്രികളുടെ സഹകരണത്തോടെ ആംബുലന്‍സ് സൗകര്യങ്ങളും സജ്ജമാക്കി.

ഭക്തര്‍ ശ്രദ്ധിക്കാന്‍:

ദര്‍ശനത്തിനെത്തുന്നവര്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ഒഴിവാക്കണമെന്ന് പോലീസും ദേവസ്വവും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഭക്തര്‍ക്കായി കിഴക്കേ നടയില്‍ ലഘുഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്യും.
വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സമീപത്തെ പൊതു-സ്വകാര്യ സ്ഥലങ്ങളില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

മാര്‍ച്ച് 5-ന് രാത്രി കീഴ്ക്കാവില്‍ നടക്കുന്ന അത്തം വലിയ ഗുരുതിയോടെ ഇത്തവണത്തെ ചടങ്ങുകള്‍ക്ക് സമാപനമാകും.

 

Related Posts