ക്ഷേത്ര വാർത്തകൾ
ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ വിദ്യാരംഭം അതിവിശേഷം; ചടങ്ങുകളെക്കുറിച്ചറിയാം

മൂകാംബിക സരസ്വതി സാന്നിദ്ധ്യം കൊണ്ട് ഏറെ പ്രാധാന്യമുള്ള ക്ഷേത്രസങ്കേതമാണ് ചോറ്റാനിക്കര ദേവീക്ഷേത്രം. ശ്രീശങ്കരാചാര്യർ മൂകാംബികാദേവിയെ കേരളത്തിലേക്ക് ക്ഷണിക്കുകയും ചോറ്റാനിക്കരയിൽ ദേവിയുടെ സാന്നിദ്ധ്യം ഉണ്ടാവുകയും ചെയ്ത ഐതിഹ്യമുള്ള ഇവിടെ എല്ലാദിവസവും എഴുത്തിനിരുത്തുന്നത് ഉത്തമമായി കണക്കാക്കപ്പെടുന്നു. എന്നാൽ നവരാത്രിനാളുകളിൽ വിശേഷിച്ച് ദുർഗ്ഗാഷ്ടമി ദിവസം പ്രത്യേകം സജ്ജമാക്കുന്ന സരസ്വതീമണ്ഡപത്തിൽ പൂജ വെയ്ക്കുകയും രാവിലെയും ഉച്ചയ്ക്കും രാത്രിയിലുമുൾപ്പെടെ അഞ്ചുപൂജകൾക്ക് ശേഷം 24ന് വിജയദശമി ദിവസം വിദ്യാരംഭം പൂജയെടുപ്പും നടക്കും.

രാവിലെ പന്തീരടിപൂജയ്ക്കുശേഷം സരസ്വതീപൂജയും തുടർന്ന് കിഴക്കേ നടപ്പുരയിൽ കീഴ്ശാന്തി രാമചന്ദ്രൻ എമ്പ്രാന്തിരിയുടെ നേതൃത്വത്തിൽ 11 വൈദികബ്രാഹ്മണരാണ് ആദ്യാക്ഷരം കുറിക്കുന്നതിന് നേതൃത്വം നല്കുന്നത്. സരസ്വതീമണ്ഡപത്തിൽ ക്ഷേത്രമാതൃകയിലുള്ള മണ്ഡപത്തിൽ ദേവിയുടെ ചിത്രത്തിന് മുന്നിൽ ദീപം തെളിയിച്ച് ദേവീമാഹാത്മ്യം, ശ്രീമദ് ദേവീ ഭാഗവതം, പുരാണങ്ങൾ, പഠനഗ്രന്ഥങ്ങളും, ഗ്രന്ഥക്കെട്ടും, വീണ, വയലിൻ തുടങ്ങി വാദ്യോപകരണങ്ങളും വിദ്യാർത്ഥികളുടെ പുസ്തകങ്ങളുമായാണ് പൂജയ്ക്ക് വയ്ക്കുന്നത്. വിദ്യാരംഭദിവസം എഴുത്തിനിരുത്തുന്ന കുട്ടികൾക്ക് നല്കുന്നതിനുള്ള പഴങ്ങൾ മണ്ഡപത്തിൽ നിറയെ തൂക്കും. സാരസ്വതാരിഷ്ടം, സാരസ്വതഘൃതം എന്നിവയും പൂജാമണ്ഡപത്തിൽ വയ്ക്കുന്നുണ്ട്. പൂജവയ്പ്പ് ദിവസം വൈകിട്ട് 4 മുതൽ പുസ്തകങ്ങളും വാദ്യോപകരണങ്ങളും ഉൾപ്പെടെ ദേവിയ്ക്ക് മുൻപിൽ സമർപ്പിച്ച് ദീപാരാധനയോടെ മേൽശാന്തി ടി.പി.കൃഷ്ണൻ നമ്പൂതിരി പൂജയും നിവേദ്യവും ദീപാരാധനയും നടത്തും.

ആദ്യാക്ഷരം കുറിക്കുന്നതിന് നിരവധി കുട്ടികൾ നേരത്തെതന്നെ ക്യൂവിൽ സ്ഥാനം പിടിക്കുക പതിവാണ്. കീഴ്ശാന്തി കുട്ടിയുടെ നാവിൽ സ്വർണ്ണമോതിരം കൊണ്ട് പ്രണവം എഴുതി തളികയിലെ ഉണക്കലരിയിൽ ഹരിശ്രീ ഗണപതയെ നമ: എന്ന് എഴുതുന്നതോടെയാണ് വിദ്യാരംഭചടങ്ങുകൾ ആരംഭിക്കുക. 9 ദിവസത്തെ വ്രതനിഷ്ഠയ്ക്കുശേഷം പത്താംദിവസം ശുദ്ധിയോടെ പ്രവർത്തനമേഖലയേതു തന്നെയായാലും തുടക്കം കുറിയ്ക്കുന്നത് ശുഭകരമാണ്. എഴുത്തിനിരുത്തുന്നതിന് എത്തുന്ന കുട്ടികൾക്ക് വേണ്ട സജ്ജീകരണങ്ങൾ ഒരുക്കിക്കഴിഞ്ഞു.

chottanikkara amma
Chottanikkara Devi Temple
Related Posts