
കന്നിയിലെ മുപ്പെട്ടു വ്യാഴം നാളെ; ഇടവെട്ടി കണ്ണന് എള്ളെണ്ണ സമര്‍പ്പണം അതിവിശേഷം
തൊടുപുഴ ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ കന്നിമാസത്തിലെ മുപ്പട്ടുവ്യാഴാഴ്ചയായ നാളെ, ഭഗവാന് അതിവിശേഷപ്പെട്ട ദിനമാണ്. ദ്വാപരയുഗത്തില്‍ ദേവവൈദ്യന്മാരായ അശ്വിനീദേവന്മാരുടെ പുത്രന്‍ നകുലന്‍ ലോകത്തിന് മുഴുവന്‍ സൗഖ്യം പകരാനായി ഇവിടെ പ്രതിഷ്ഠ നടത്തിയെന്നാണ് ഐതിഹ്യം. ഔഷധ കൃഷ്ണനായും അത്ഭുതകൃഷ്ണനായും കുടികൊള്ളുന്ന ഭഗവാന് മുന്നില്‍ പ്രാര്‍ത്ഥിക്കാനും വിശേഷാല്‍ വഴിപാടുകള്‍ നടത്താനും നിരവധി ഭക്തര്‍ ഈ ദിനത്തില്‍ ക്ഷേത്രത്തിലെത്തും.
പ്രധാന വഴിപാടുകള്‍
ഈ പുണ്യദിനത്തില്‍ ഭഗവാന് സമര്‍പ്പിക്കുന്ന പ്രധാന വഴിപാടുകളിലൊന്നാണ് ഒരുകുടം എള്ളെണ്ണ സമര്‍പ്പണം. ആയുരാരോഗ്യ സൗഖ്യത്തിനും ഐശ്വര്യത്തിനും വേണ്ടിയാണ് ഈ വഴിപാട് നടത്തുന്നത്. ഭഗവാന് അഭിഷേകം ചെയ്ത എണ്ണ രോഗശമനത്തിന് അത്ഭുത ഫലസിദ്ധിയുള്ളതാണെന്നും, കുട്ടികളുടെ ഏകാഗ്രതയ്ക്കും ബുദ്ധിശക്തിക്കും ഇത് ഉത്തമമാണെന്നും വിശ്വസിക്കപ്പെടുന്നു. ഭക്തരുടെ പേരിലും നാളിലും അഭിഷേകം ചെയ്യുന്ന എണ്ണ ക്ഷേത്രത്തില്‍ നിന്നും തപാലില്‍ അയച്ചുനല്‍കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
വിവാഹ സംബന്ധമായ തടസ്സങ്ങള്‍ നീങ്ങുന്നതിനും, രോഗശമനത്തിനും, സത്സന്താനലബ്ധിക്കും നടത്തുന്ന അതിവിശേഷപ്പെട്ട വഴിപാടാണ് ചന്ദനം ചാര്‍ത്തല്‍. വിവാഹതടസ്സം നീങ്ങുന്നതിനായി പക്കപ്പിറന്നാള്‍ ദിനത്തില്‍ ചന്ദനം ചാര്‍ത്തുകയും 21 ദിവസം സ്വയംവര മന്ത്രാര്‍ച്ചന നടത്തുകയും വേണം. രോഗശാന്തിക്കായി സ്വസ്തിസുക്താര്‍ച്ചനക്കും എള്ളെണ്ണ സമര്‍പ്പണത്തിനും ശേഷമാണ് ചന്ദനം ചാര്‍ത്തുന്നത്. സത്സന്താനലബ്ധിക്കായി ദമ്പതികള്‍ ഇരുവരുടെയും പേരില്‍ 21 ദിവസത്തെ സന്താനഗോപാലമന്ത്രാര്‍ച്ചനയോടു കൂടിയാണ് ഈ വഴിപാട് നടത്തേണ്ടത്. ചാര്‍ത്തിയ ചന്ദനം പ്രാര്‍ത്ഥനയോടെ ധരിക്കുന്നത് ഫലസിദ്ധി നല്‍കുമെന്നാണ് വിശ്വാസം.
ഇവ കൂടാതെ കുട്ടികളുടെ പഠന കാര്യങ്ങള്‍ക്കായി വിദ്യാഗോപാല മന്ത്രാര്‍ച്ചന, ഐശ്വര്യത്തിനായി ഭാഗ്യസൂക്ത അര്‍ച്ചന, ആരോഗ്യത്തിന് ഔഷധസൂക്ത അര്‍ച്ചന, ശംഖാഭിഷേകം, മലര്‍ നിവേദ്യം, തൃക്കൈവെണ്ണ, പാല്‍പായസം, ദിവസ പൂജ, അത്താഴപൂജ തുടങ്ങി നിരവധി വഴിപാടുകള്‍ ഈ ദിനത്തില്‍ സമര്‍പ്പിക്കാവുന്നതാണ്.
വിശേഷാല്‍ വഴിപാടുകള്‍ ബുക്ക് ചെയ്യുന്നതിനും മറ്റ് വിവരങ്ങള്‍ക്കുമായി 9495960102 എന്ന നമ്പരിലേക്ക് സന്ദേശം അയക്കാവുന്നതാണെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.