ക്ഷേത്ര വാർത്തകൾ
പാമ്പാടി ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തില്‍ ഋഗ്വേദായന സത്രം; നോട്ടീസ് പ്രകാശനം ചെയ്തു

കോട്ടയം ജില്ലയിലെ സൗത്ത് പാമ്പാടി ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തില്‍ ചരിത്രത്തിലാദ്യമായി ഋഗ്വേദായന സത്രം (അഷ്ടാഹം) സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 11 മുതല്‍ 18 വരെ നടക്കുന്ന സത്രത്തിന്റെ നോട്ടീസ് പ്രകാശനം ക്ഷേത്രം മേല്‍ശാന്തി ശ്രീകുമാര ശര്‍മ്മ നിര്‍വ്വഹിച്ചു.

സംഗീത കലാരത്‌നം പനച്ചിക്കാട് സദാശിവന്‍ രചിച്ച ‘ഋഗ്വേദായനം’ എന്ന കാവ്യഗ്രന്ഥത്തെ അടിസ്ഥാനമാക്കിയാണ് അഷ്ടാഹമായി സത്രം നടത്തുന്നത്. ഭാഗവതസത്തമ നീലംപേരൂര്‍ പുരുഷോത്തമദാസ് ആണ് യജ്ഞാചാര്യന്‍. ഗ്രന്ഥപ്രകാശനവും സത്ര വിളംബരവും ഉള്‍പ്പെടെ വിപുലമായ പരിപാടികളാണ് ദേവസ്വം കമ്മിറ്റി ഒരുക്കിയിരിക്കുന്നത്.

പ്രധാന പരിപാടികള്‍:

ഗ്രന്ഥ രഥഘോഷയാത്ര: ഒക്ടോബര്‍ 10 ന് രാവിലെ 10 മണിക്ക് ക്ഷേത്ര സന്നിധിയില്‍ നിന്നും ഋഗ്വേദായന സത്ര വിളംബരവും ഗ്രന്ഥ രഥഘോഷയാത്രയും ആരംഭിക്കും. വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം വൈകിട്ട് 5.30 ന് ഘോഷയാത്ര തിരികെ ക്ഷേത്രത്തില്‍ എത്തിച്ചേരും.

ഉദ്ഘാടനവും ഗ്രന്ഥപ്രകാശനവും: ഒക്ടോബര്‍ 10 ശനിയാഴ്ച വൈകിട്ട് 7 മണിക്ക് നടക്കുന്ന സമാരംഭസഭ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പുതുപ്പള്ളി എം.എല്‍.എ അഡ്വ. ചാണ്ടി ഉമ്മന്‍ ഗ്രന്ഥപ്രകാശനം നിര്‍വ്വഹിക്കും. പ്രശസ്ത കവി രാജീവ് ആലുങ്കല്‍ ഗ്രന്ഥ വിശദീകരണം നടത്തും.

പ്രതിദിന ചടങ്ങുകള്‍ (ഒക്ടോബര്‍ 11 – 18): എല്ലാ ദിവസവും രാവിലെ 6 മണി മുതല്‍ ഗണപതിഹവനം, ത്രികാല പൂജ, ഗ്രന്ഥ പാരായണം എന്നിവ ഉണ്ടായിരിക്കും. രാവിലെ 10 മണിക്ക് ഗായത്രി, സുകൃത, മൃത്യുഞ്ജയ, നവഗ്രഹ, പഞ്ചഭൂത, ചണ്ഡികാ ഹോമങ്ങളും സപ്തര്‍ഷീശ്വര പൂജയും നടക്കും. 10.30 ന് വിവിധ പ്രമുഖര്‍ നയിക്കുന്ന പ്രഭാഷണങ്ങളും ഉണ്ടായിരിക്കും.

അന്നദാനവും പഠനകളരിയും: എല്ലാ ദിവസവും ഉച്ചയ്ക്ക് 1 മണിക്കും രാത്രി 8 മണിക്കും അന്നദാനം ഉണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് 1.30 മുതല്‍ നാരായണീയ പാരായണം, ലളിതാ സഹസ്രനാമം, ദേവീമാഹാത്മ്യപാരായണം എന്നിവയും 4.30 ന് ഋഗ്വേദായന പഠനകളരിയും നടക്കും.

സമാപനം: ഒക്ടോബര്‍ 18 ന് രാവിലെ 11.30 ന് സത്ര സമാപന പൂജയും ഉച്ചയ്ക്ക് 1 മണിക്ക് മഹാപ്രസാദമൂട്ടും നടക്കും.

നവരാത്രി ആഘോഷങ്ങള്‍:

സത്രത്തിന് തുടര്‍ച്ചയായി ഒക്ടോബര്‍ 19 മുതല്‍ 21 വരെ നവരാത്രി ആഘോഷങ്ങളും ക്ഷേത്രത്തില്‍ നടക്കും.

ഒക്ടോബര്‍ 19 (ദുര്‍ഗ്ഗാഷ്ടമി): അഖണ്ഡ ദേവീമാഹാത്മ്യപാരായണവും ഭജനയും.

ഒക്ടോബര്‍ 20 (മഹാനവമി): അഖണ്ഡ ലളിതാസഹസ്രനാമവും വൈകിട്ട് 7.30 മുതല്‍ ഭരതനാട്യവും.

ഒക്ടോബര്‍ 21 (വിജയദശമി): രാവിലെ 7.30 ന് വിദ്യാരംഭവും സംഗീതാരാധനയും നടക്കും.

കൂടാതെ സമ്പല്‍സമൃദ്ധിക്കും ഐശ്വര്യത്തിനുമായി എല്ലാദിവസവും ഭക്തര്‍ക്ക് നിറപറ സമര്‍പ്പിക്കുന്നതിനും വിശേഷാല്‍ പൂജകള്‍ക്കും യജ്ഞവേദിയില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

 

Related Posts