ക്ഷേത്ര വാർത്തകൾ
ചേരാവള്ളി ഭഗവതി ക്ഷേത്രത്തില്‍ ദേവീഭാഗവത നവാഹ യജ്ഞം സെപ്റ്റംബര്‍ 24 മുതല്‍

കായംകുളം ചേരാവള്ളി ഭഗവതി ക്ഷേത്രത്തില്‍ മൂന്നാമത് ശ്രീമദ് ദേവീഭാഗവത നവാഹ യജ്ഞം 2025 സെപ്റ്റംബര്‍ 24 മുതല്‍ ഒക്ടോബര്‍ 2 വരെ ഒന്‍പത് ദിവസങ്ങളിലായി നടക്കും. ഭാഗവത ചൂഡാമണി ഡോ. പള്ളിക്കല്‍ സുനില്‍ യജ്ഞാചാര്യനായി നേതൃത്വം നല്‍കുന്ന യജ്ഞത്തിന്, ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ നീലിമന ഇല്ലം പ്രശാന്ത് ജി. നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിക്കും.

യജ്ഞത്തിന് മുന്നോടിയായി സെപ്റ്റംബര്‍ 23-ന് ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് കൃഷ്ണപുരം തെക്കന്‍കാവ് ദേവി ക്ഷേത്രത്തില്‍ നിന്ന് വിഗ്രഹ ഘോഷയാത്ര ആരംഭിക്കും. വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം ഘോഷയാത്ര ചേരാവള്ളി ക്ഷേത്ര സന്നിധിയില്‍ എത്തിച്ചേരും. തുടര്‍ന്ന് വൈകിട്ട് 7 മണിക്ക് തന്ത്രി പ്രശാന്ത് ജി. നമ്പൂതിരി ഭദ്രദീപം കൊളുത്തി യജ്ഞത്തിന് തുടക്കം കുറിക്കും.

യജ്ഞ ദിവസങ്ങളില്‍ രാവിലെ 5.30-ന് ഗണപതിഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് ഹരിനാമകീര്‍ത്തനം, ഗ്രന്ഥനമസ്‌കാരം, വിഷ്ണു സഹസ്രനാമജപം, ദേവീ ഭാഗവത പാരായണം, ആചാര്യ പ്രഭാഷണം എന്നിവ നടക്കും. എല്ലാ ദിവസവും ഉച്ചയ്ക്ക് അന്നദാനവും ഒരുക്കിയിട്ടുണ്ട്. വൈകുന്നേരങ്ങളില്‍ ദീപാരാധന, ഭജന, കുട്ടികള്‍ക്കായി പുരാണ പ്രശ്‌നോത്തരി, നവാക്ഷരീഹോമം തുടങ്ങിയവയും നടക്കും.

യജ്ഞത്തിന്റെ ഭാഗമായി വിവിധ ദിവസങ്ങളില്‍ വിശേഷാല്‍ പൂജകളും പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്:

സെപ്റ്റംബര്‍ 27 (ശനി): പ്രശസ്ത കവി രാജീവ് ആലുങ്കല്‍ ഉദ്ഘാടനം ചെയ്യുന്ന സാംസ്‌കാരിക സമ്മേളനം. പഠനത്തിലും കലാരംഗത്തും മികവ് തെളിയിച്ച വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിക്കും.

സെപ്റ്റംബര്‍ 29 (തിങ്കള്‍): വൈകിട്ട്് 6ന് പാര്‍വതി സ്വയംവര ഘോഷയാത്ര.

സെപ്റ്റംബര്‍ 30 (ചൊവ്വ): വൈകിട്ട് 6ന് സര്‍വൈശ്വര്യപൂജ.

ഒക്ടോബര്‍ 1 (ബുധന്‍): ഉച്ചയ്ക്ക് 12ന് ഉണ്ണിയൂട്ട്, രാത്രി 7ന് മാതൃപൂജ, പിതൃപൂജ, ഗുരുപൂജ.

ഒക്ടോബര്‍ 2-ന് വ്യാഴാഴ്ച രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹവനത്തോടെ സമാപന ദിവസത്തെ ചടങ്ങുകള്‍ ആരംഭിക്കും. ഉച്ചയ്ക്ക് പാരായണ സമാപനം, വൈകിട്ട് 3.30ന് അവഭൃതസ്‌നാന ഘോഷയാത്ര, സമാപനപൂജ, മംഗളാരതി എന്നിവയോടെ യജ്ഞത്തിന് പരിസമാപ്തിയാകും.

ക്ഷേത്രം പ്രസിഡന്റ് സുമേഷ് കുമാര്‍ എസ്, സെക്രട്ടറി ആര്‍. പുഷ്പദാസ്, ഖജാന്‍ജി കെ. ശശിധരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് യജ്ഞത്തിന് നേതൃത്വം നല്‍കുന്നത്. യജ്ഞത്തില്‍ പങ്കെടുത്ത് അനുഗ്രഹം നേടാന്‍ എല്ലാ ഭക്തജനങ്ങളെയും ക്ഷേത്രം ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

Related Posts