
ചെമ്മനാട് ശ്രീകൃഷ്ണഗരുഡ മഹാവിഷ്ണു ക്ഷേത്രത്തില്‍ കാളസര്‍പ്പദോഷ നിവാരണ പൂജ ഓഗസ്റ്റ് 27-ന്
എറണാകുളം: തിരുവാണിയൂര്‍ ചെമ്മനാട് ശ്രീകൃഷ്ണഗരുഡ മഹാവിഷ്ണു ക്ഷേത്രത്തില്‍ കാളസര്‍പ്പദോഷ നിവാരണ പൂജ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 27 വ്യാഴാഴ്ച രാവിലെ 6 മണിക്കാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. ബ്രഹ്‌മശ്രീ മേഴത്തൂര്‍ അഗ്‌നിഹോത്രി സുദര്‍ശനന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തിലാണ് പ്രത്യേക പൂജകള്‍ നടക്കുക.
ജാതകവശാല്‍ രാഹു കേതുക്കള്‍ക്കിടയില്‍ മറ്റു സപ്തഗ്രഹങ്ങള്‍ അകപ്പെടുന്ന അവസ്ഥയായ കാളസര്‍പ്പയോഗം മൂലമുണ്ടാകുന്ന ദോഷങ്ങള്‍ അകറ്റാനാണ് ഈ പ്രത്യേക പൂജ നടത്തുന്നത്. ശാരീരിക ബുദ്ധിമുട്ടുകള്‍, മാനസിക സംഘര്‍ഷം, തൊഴില്‍ തടസ്സങ്ങള്‍, കുടുംബ കലഹങ്ങള്‍, സാമ്പത്തിക പരാജയങ്ങള്‍ തുടങ്ങിയ കാളസര്‍പ്പദോഷത്തിന്റെ ദുരിതങ്ങള്‍ അകറ്റി ജീവിതത്തില്‍ ശാന്തിയും സമാധാനവും കൈവരിക്കാന്‍ ഭഗവാന്‍ ഗരുഡസ്വാമിക്ക് വിധിപ്രകാരമുള്ള ദോഷ നിവാരണ പൂജകളാണ് അന്ന് നടക്കുക.
മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന 20 പേര്‍ക്ക് മാത്രമായിരിക്കും പൂജയില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാവുകയുള്ളൂ എന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. പൂജയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ഭക്തജനങ്ങള്‍ 95671 99615, 98475 04443, 94476 66969 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് മുന്‍കൂട്ടി ബുക്കിംഗ് നടത്തേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ക്ഷേത്രം ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

