സ്പെഷ്യല്‍
ഹിമാലയത്തിലേക്കൊരു പുണ്യയാത്ര: ചാര്‍ ധാം യാത്ര 2026-നെക്കുറിച്ച് നിങ്ങള്‍ അറിയേണ്ടതെല്ലാം

എല്ലാദിവസവും നക്ഷത്രഫലം നിങ്ങളുടെ മൊബൈല്‍ഫോണില്‍ ലഭിക്കാന്‍ ഇപ്പോള്‍തന്നെ ജോയിന്‍ ചെയ്യൂ ജ്യോതിഷവാര്‍ത്തയുടെ വാട്ട്‌സാപ്പ് ചാനലില്‍. ഇവിടെ ക്ലിക്ക് ചെയ്യൂ.

 

 

 

പവിത്രമായ ചാര്‍ ധാം യാത്ര 2026 ഉടന്‍ ആരംഭിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തവും പവിത്രവുമായ ഈ തീര്‍ത്ഥാടനത്തെക്കുറിച്ചും, ഇതിന്റെ ചരിത്രം, ആത്മീയ പ്രാധാന്യം, ക്ഷേത്രങ്ങളിലേക്കുള്ള വഴി, രജിസ്‌ട്രേഷന്‍ വിവരങ്ങള്‍, തിയ്യതികള്‍ എന്നിവയെക്കുറിച്ചും നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും താഴെ നല്‍കുന്നു.

എന്താണ് ചാര്‍ ധാം യാത്ര?

ഉത്തരാഖണ്ഡിലെ നാല് പ്രധാന ഹൈന്ദവ ക്ഷേത്രങ്ങളെ ബന്ധിപ്പിക്കുന്ന ഒരു തീര്‍ത്ഥാടനമാണ് ചാര്‍ ധാം യാത്ര. ആത്മീയത തേടി ലക്ഷക്കണക്കിന് ആളുകളാണ് എല്ലാ വര്‍ഷവും ഈ യാത്ര നടത്തുന്നത്. യമുനോത്രി, ഗംഗോത്രി, കേദാര്‍നാഥ്, ബദരീനാഥ് എന്നീ നാല് ക്ഷേത്രങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഈ യാത്രയിലൂടെ പാപങ്ങള്‍ അകലുമെന്നും മോക്ഷം ലഭിക്കുമെന്നുമാണ് വിശ്വാസം.

പടിഞ്ഞാറ് നിന്ന് കിഴക്കോട്ടാണ് യാത്രയുടെ ക്രമം:

1. യമുനോത്രി: യമുനാ ദേവിക്ക് സമര്‍പ്പിച്ചിരിക്കുന്നു.
2. ഗംഗോത്രി:ഗംഗാ ദേവിക്ക് സമര്‍പ്പിച്ചിരിക്കുന്നു.
3. കേദാര്‍നാഥ്: പരമശിവന് സമര്‍പ്പിച്ചിരിക്കുന്നു.
4. ബദരീനാഥ്: മഹാവിഷ്ണുവിന് സമര്‍പ്പിച്ചിരിക്കുന്നു.

സമുദ്രനിരപ്പില്‍ നിന്നും 3,100 മീറ്റര്‍ മുതല്‍ 3,600 മീറ്റര്‍ വരെ ഉയരത്തിലാണ് ഈ ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നത് എന്നതിനാല്‍ ശാരീരികക്ഷമത ഏറെ ആവശ്യമായ ഒരു യാത്രയാണിത്. റോഡ് മാര്‍ഗം സഞ്ചരിച്ചതിന് ശേഷം യമുനോത്രി, കേദാര്‍നാഥ് എന്നീ ക്ഷേത്രങ്ങളിലേക്ക് കിലോമീറ്ററുകളോളം കാല്‍നടയായി വേണം പോകാന്‍.

ചാര്‍ ധാം യാത്രയുടെ ചരിത്രം

എട്ടാം നൂറ്റാണ്ടില്‍ ആദി ശങ്കരാചാര്യരാണ് ഈ യാത്രയ്ക്ക് ഇന്നത്തെ രൂപം നല്‍കിയത്. ഇന്ത്യയിലുടനീളമുള്ള ഹിന്ദു വിശ്വാസങ്ങളെ ഏകോപിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. പണ്ട് കാലത്ത് ദിവസങ്ങളോളും ആഴ്ചകളോളും നടന്നായിരുന്നു ഭക്തര്‍ ഈ ദുര്‍ഘടമായ മലനിരകള്‍ താണ്ടിയിരുന്നത്. എന്നാല്‍ ഇന്ന് മികച്ച റോഡുകളും ഹെലികോപ്റ്റര്‍ സൗകര്യങ്ങളും യാത്ര എളുപ്പമാക്കുന്നു.

നാല് പുണ്യക്ഷേത്രങ്ങളെക്കുറിച്ച് അറിയാം

യമുനോത്രി: 3,293 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന യമുനോത്രിയില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. അകാലമരണത്തില്‍ നിന്ന് യമുനാ ദേവി ഭക്തരെ സംരക്ഷിക്കുമെന്നാണ് വിശ്വാസം. ഇവിടെയുള്ള ‘സൂര്യകുണ്ഡ്’ എന്ന ചൂടുനീരുറവയില്‍ കുളിച്ചതിന് ശേഷമാണ് ഭക്തര്‍ പ്രാര്‍ത്ഥന നടത്താറുള്ളത്.

ഗംഗോത്രി: 3,100 മീറ്റര്‍ ഉയരത്തിലാണ് ഗംഗോത്രി. ഭഗീരഥ രാജാവിന്റെ കഠിന തപസ്സിന്റെ ഫലമായാണ് ഗംഗാ നദി ഭൂമിയിലേക്ക് എത്തിയതെന്നാണ് ഐതിഹ്യം. എന്നാല്‍ ഗംഗയുടെ യഥാര്‍ത്ഥ ഉത്ഭവം ഇവിടെ നിന്നും 19 കിലോമീറ്റര്‍ അകലെയുള്ള ‘ഗോമുഖ് ഹിമാനിയിലാണ്.

കേദാര്‍നാഥ്: പരമശിവന്റെ 12 ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നാണിത്. പാണ്ഡവര്‍ നിര്‍മ്മിച്ച ഈ ക്ഷേത്രം പിന്നീട് ആദി ശങ്കരാചാര്യര്‍ പുനരുദ്ധരിച്ചു എന്നാണ് ഐതിഹ്യം. ഗൗരികുണ്ഡില്‍ നിന്ന് 16-18 കിലോമീറ്റര്‍ ട്രെക്കിംഗ് നടത്തി വേണം ഇവിടെയെത്താന്‍. യാത്രയ്ക്ക് ഹെലികോപ്റ്റര്‍ സൗകര്യവും ലഭ്യമാണ്.

ബദരീനാഥ്: യാത്രയുടെ അവസാന കേന്ദ്രമാണിത്. 3,300 മീറ്റര്‍ ഉയരത്തില്‍ അളകനന്ദ നദിയുടെ തീരത്താണ് മഹാവിഷ്ണുവിനായുള്ള ഈ ക്ഷേത്രം നിലകൊള്ളുന്നത്.

ചാര്‍ ധാം യാത്ര 2026: രജിസ്‌ട്രേഷന്‍ വിവരങ്ങള്‍

ചാര്‍ ധാം യാത്രയ്ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. ഇത് സുരക്ഷ ഉറപ്പാക്കാനും തിരക്ക് നിയന്ത്രിക്കാനും സഹായിക്കുന്നു. കൂടാതെ ഭക്ഷണം, താമസം എന്നിവയുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭിക്കുന്നതിനും ഈ രജിസ്‌ട്രേഷന്‍ സ്ലിപ്പ് അത്യാവശ്യമാണ്.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ എങ്ങനെ ചെയ്യാം?

ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ ഔദ്യോഗിക ടൂറിസം പോര്‍ട്ടല്‍ വഴിയോ മൊബൈല്‍ ആപ്പ് വഴിയോ ഭക്തര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം:

1. ഔദ്യോഗിക ചാര്‍ ധാം പോര്‍ട്ടല്‍ സന്ദര്‍ശിക്കുക അല്ലെങ്കില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.
2. നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് അക്കൗണ്ട് ഉണ്ടാക്കുക.
3. പേര്, തിരിച്ചറിയല്‍ രേഖ, യാത്ര തിയ്യതി എന്നിവ നല്‍കുക.
4. സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന ക്ഷേത്രങ്ങള്‍ തിരഞ്ഞെടുക്കുക.
5. ഫോം സമര്‍പ്പിച്ച് രജിസ്‌ട്രേഷന്‍ സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്യുക. (യാത്രയില്‍ ഈ സ്ലിപ്പും ഒറിജിനല്‍ തിരിച്ചറിയല്‍ രേഖയും കൈയ്യില്‍ കരുതണം).

ഓഫ്ലൈന്‍ രജിസ്‌ട്രേഷന്‍:

യാത്ര തുടങ്ങുന്നതിന് മുന്‍പായി ഏപ്രില്‍ 17-ന് ഓഫ്ലൈന്‍ രജിസ്‌ട്രേഷനും ആരംഭിക്കും. ഋഷികേശ്, ഹരിദ്വാര്‍, ഡെറാഡൂണ്‍ എന്നിവിടങ്ങളിലാകും ഇതിനായുള്ള കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുക.

ക്ഷേത്രം തുറക്കുന്ന തിയ്യതികള്‍ (2026)

ഗംഗോത്രി ക്ഷേത്രം: ഏപ്രില്‍ 19
യമുനോത്രി ക്ഷേത്രം: ഏപ്രില്‍ 19
കേദാര്‍നാഥ് ക്ഷേത്രം: ഏപ്രില്‍ 22
ബദരീനാഥ് ക്ഷേത്രം: ഏപ്രില്‍ 23

 

Related Posts