
അഭിരുചിക്കനുസരിച്ചുള്ള വിദ്യാഭ്യാസവും കര്‍മ്മവും തിരഞ്ഞെടുക്കുന്നതില്‍ ജ്യോതിഷത്തിന്റെ പങ്ക്
നല്ല വിദ്യാഭ്യാസം നേടിയെടുക്കുക എന്നത് ഒരു കടമ്പ തന്നെയാണ്. അവനവന് മനസ്സിണങ്ങിയ വിദ്യാഭ്യാസ വിഷയത്തെ തിരഞ്ഞെടുക്കുന്നതിലും പിന്നീട് അതില്‍ നമ്മള്‍ കാണിക്കുന്ന അര്‍പ്പണ മനോഭാവവുമാണ് നമ്മളെ വിദ്യയുടെ ഉന്നതിയിലെത്തിക്കുന്നത്. ഇന്നത്തെ വിദ്യാഭ്യാസം തിരഞ്ഞെടുക്കല്‍ പൊതുവെ കുട്ടികളുടെ അഭിരുചിയുടെ അടിസ്ഥാനത്തിലല്ല മിക്കവാറും നടക്കുന്നത്. സമൂഹത്തില്‍ തങ്ങള്‍ക്കു പേരുണ്ടാകാന്‍ വേണ്ടി മാതാപിതാക്കള്‍ യാതൊരു അഭിരുചിയും ഇല്ലാത്ത വിഷയങ്ങളെ മക്കളില്‍ അടിച്ചേല്‍പിക്കുകയാണ് മിക്കവാറും ചെയ്തുവരുന്നത്. തന്മൂലം കുട്ടികള്‍ തങ്ങള്‍ക്ക് അഭിരുചിയില്ലാത്ത വിഷയങ്ങളെ കൈകാര്യം ചെയ്യാന്‍ പറ്റാതെ പലരും പാതിവഴിയില്‍ കൊഴിഞ്ഞു വീഴുക ഇപ്പോള്‍ സര്‍വ്വസാധാരണമായി തീര്‍ന്നിട്ടുണ്ട്. ഇതിനു പരിഹാരമായി നമ്മള്‍ ആദ്യം ചേയ്യണ്ടത് മക്കളുടെ അഭിരുചികളെ കണ്ടെത്തുക എന്നതു തന്നെയാണ്. ജ്യോതിഷം അതിന് എങ്ങനെ സഹായകമാകുമെന്ന് നോക്കാം.
ജാതകം കൃത്യമാണെങ്കില്‍ സത്യസന്ധമായ ജാതക നിരൂപണത്തിലൂടെ കുട്ടിയുടെ വിദ്യാഭ്യാസം ജോലി എന്നിവ നമുക്കു കൃത്യമായി ഗണിച്ചെടുക്കാന്‍ സാധിക്കും. ജാതകത്തിലെ അഞ്ചാം ഭാവ നിരൂപണത്തിലൂടെ ബുദ്ധിപരമായ കഴിവുകളെ കണ്ടെത്താനും, പ്രത്യേകിച്ച് പത്താം ഭാവത്തിലൂടെ ജോലിയും ജോലിയുടെ സ്വഭാവും കണ്ടെത്താനും സാധിക്കും. കൂടാതെ മനസ്സിനിണങ്ങിയ കര്‍ മ്മങ്ങളെ കണ്ടെത്താനും അതിനനുസരിച്ചുള്ള വിദ്യാഭ്യാസ സമ്പ്രദായത്തെ കണ്ടെത്തി അതിനെ പ്രോത്സാഹിപ്പിക്കാനും കഴിയുന്നു. ഇത്രയും നല്ല ഒരു മാര്‍ഗ്ഗം മുന്‍പിലുണ്ടായിട്ടും പലരും അതിനെ കണ്ടെത്തി ഉപയോഗിക്കുന്നില്ല എന്നതാണ് കഷ്ടം.
ജോലികള്‍ക്കായി മത്സരപരീക്ഷകളെ പലപ്പോഴും നേരിടേണ്ടതായിവരും. മനസ്സിനിണങ്ങിയ വിദ്യാഭ്യാസത്തെ കൃത്യമായി കണ്ടെത്തി പഠിക്കുന്നവര്‍ക്ക് ഈ പരീക്ഷകളെല്ലാം ഒരിക്കലും ഒരു വിലങ്ങുതടിയായി പ്രവര്‍ത്തിക്കുന്നില്ല എന്നതാണ് വാസ്തവം. വിവിധ മത്സരപ്പരീക്ഷകളുടെ കാലഘട്ടത്തിലാണ് നാമെല്ലാം ഇന്ന് ജീവിക്കുന്നത്. പരീക്ഷകളെ ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും നേരിടാനും വിജയം കൈവരിക്കാനും ജ്യോതിഷ പ്രശ്‌നപരിഹാര വിധികളുണ്ട്.
എന്‍ട്രന്‍സ് പരീക്ഷകള്‍, യു. ജി. സി., ജെ. ആര്‍. എഫ്., നെറ്റ്, നീറ്റ് സെറ്റ്, പി. എസ്. സി പരീക്ഷകള്‍ എന്നിങ്ങനെ എത്രയെത്ര മത്സരപ്പരീക്ഷകളാണ് നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് നേരിടുവാനുള്ളത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉദ്യോഗലബ്ധിക്കും ഉദ്യോഗ സ്ഥര്‍ക്ക് പ്രമോഷനും മറ്റുമായും പലതരം മത്സരപ്പരീക്ഷകളില്‍ പങ്കെടുക്കേണ്ടി വരുന്നുണ്ട്. ഈ അവസരത്തില്‍ ആത്മവിശ്വാസത്തോടെയുള്ള കഠിന പ്രയത്‌നത്തോടൊപ്പം ജ്യോതിഷോപദേശവും കൂടി സ്വീകരിക്കുന്നത് നന്നായിരിക്കും.
ബുദ്ധിയുടെ പ്രജ്ഞ മേധ പ്രതിഭ എന്നീ അവസ്ഥകളെ കുറിച്ച് മനസ്സിലാക്കാനും പ്രയോഗിക്കാനുമുള്ള കഴിവ് കണ്ടു പിടിക്കുന്നതതുമാണ് മത്സരപ്പരീക്ഷകള്‍. അതുകൊണ്ട് മത്സരങ്ങളെയും മത്സരപ്പരീക്ഷകളെയും പറ്റി ചിന്തിക്കുമ്പോള്‍ ബുദ്ധി-പ്രതിഭാ സ്ഥാനമായ അഞ്ചാം ഭാവമാണ് പ്രധാനമായും പരിഗണിക്കേണ്ടത്.
അഞ്ചാം ഭാവാധിപന്‍,
അഞ്ചാം ഭാവത്തില്‍ സ്ഥിതിചെയ്യുന്ന ഗ്രഹം , അഞ്ചിലേക്ക് നോക്കുന്ന ഗ്രഹം,
അഞ്ചാം ഭാവാധിപനോട് യോഗം ചെയ്യുന്ന ഗ്രഹം
അഞ്ചാം ഭാവാധിപനെ നോക്കുന്ന ഗ്രഹം
ഇങ്ങനെ അഞ്ചു വിധത്തിലുള്ള ഗ്രഹങ്ങളുടെ ദശയിലോ അപഹാരങ്ങളിലോ വരുന്ന സമയങ്ങളിലാണ് സാധാരണയായി മത്സരങ്ങളെയോ മത്സരപ്പരീക്ഷകളെയോ നേരിടേണ്ടി വരുന്നത്.
അഞ്ചാം ഭാവാധിപന്‍ നില്ക്കുന്ന രാശി, ഭാവം ആ രാശ്യാധിപന്‍, ഭാവാധിപന്‍ എന്നിവ കൂടി ഇത്തരത്തിലുള്ള പരിചിന്തനത്തിന് വിധേയമാ ക്കേണ്ടതുണ്ട്. ജനനസമയത്തെ ഗ്രഹങ്ങളുടെ ബലം നിര്‍ണയിക്കുന്നതില്‍ സ്ഥാനബലത്തോടൊപ്പം ദിശാബലവും പരിഗണിക്കണം. ഇതു കൂടാതെ ചന്ദ്രന് പക്ഷബലവുമുണ്ട്. ഇവയ്ക്ക് പുറമെയാണ് ദിക്ബലം. ലഗ്‌നം, ദശമം, സപ്തമം, ചതുര്‍ഥം എന്നീ രാശികളാണ് ദിക്രാശികള്‍ അഥവാ കേന്ദ്രങ്ങള്‍. ലഗ്‌നത്തില്‍ ബുധന്‍, വ്യാഴം ഇവയ്ക്കും, പത്തില്‍ സൂര്യനും കുജനും, ഏഴില്‍ ശനിക്കും, നാലില്‍ ശുക്രനും ചന്ദ്രനും ദിക്ബലമുണ്ട്. അയനബലം, വക്രബലം, അംശകബലം, വാരാധിപബലം (ഞായറാഴ്ച സൂര്യനും തിങ്കളാഴ്ച ചന്ദ്രനും) എന്നിങ്ങനെ നാനാതരം ബലങ്ങള്‍ വേറെയുമുണ്ട്. ഗ്രഹങ്ങള്‍ക്കെന്ന പോലെ ഭാവങ്ങള്‍ക്കും കാരകത്വമുണ്ട്.
ഒന്നാംഭാവമായ ലഗ്‌നം കൊണ്ട് ആയുസ്സ്, ശരീരം (ഘടന, നിറം, സൗന്ദര്യം), സ്വഭാവം, കീര്‍ത്തി, സുഖം, ജയവും തോല്‍വിയും ഇവയെക്കുറിച്ച് ചിന്തിക്കണം. ലഗ്‌നത്തിന്റെ കാരകഗ്രഹം സൂര്യനാണ്. ഇതുകൂടാതെ ലഗ്‌നരാശിയുടെ രാശ്യാധിപനുമുണ്ട്. ഭാവം, ഭാവനാഥന്‍ (രാശ്യാധിപന്‍), ഭാവകാരകന്‍ ഇവ മൂന്നും വെച്ചു വേണം ഭാവഫലചിന്ത.
പരീക്ഷക്കാലത്ത് മനസ്സും ശരീരവും ഒരുപോലെ ഏകാഗ്രവും ഊര്‍ജ്ജസ്വലവുമായിരിക്കണം. അതോടൊപ്പം ആത്മവിശ്വാസവും കഠിനപ്രയത്‌നവും കൂടിയുണ്ടെങ്കില്‍ വിജയിക്കുവാനുള്ള സാദ്ധ്യത വളരെക്കൂടുതലായിരിക്കും. വിജയം സുനിശ്ചിതമാക്കുന്ന ഇത്തരം കാര്യങ്ങളെ സ്വാധീനിക്കുന്ന ചില ഗ്രഹങ്ങളുണ്ട്. അവയെ കുറിച്ച് ചിന്തിക്കാം. കൂടാതെ
ജാതകത്തില്‍ ദ്വാദശ ഭാവങ്ങളും രാശിയും സ്വാധീനിക്കുന്ന ഗ്രഹങ്ങളെക്കുറിച്ചും ചിന്തിക്കണം .
ശരീരത്തെ പറ്റി സൂര്യന്‍,
മനസ്സിനെ പറ്റി ചന്ദ്രന്‍
ബുദ്ധി, പ്രതിഭ വിവേക ശക്തി എന്നിവയെക്കുറിച്ച് വ്യാഴം,
ആത്മവിശ്വാസം, ഊര്‍ജ്ജസ്വലത, മാത്സര്യബോധം എന്നിവക്ക് ബുധന്‍ കഠിനപ്രയത്‌നത്തിനു കുജന്‍ എന്നിങ്ങനെയാണ് ജ്യോതിഷപ്രകാരം ചിന്തിക്കുന്നത്.
ജാതകത്തിലും ഗോചരാലും സൂര്യചന്ദ്രന്മാര്‍ക്ക് ബലവും ഗുരുവും ബുധനും തമ്മില്‍ നല്ല ബന്ധവും അനുകൂലമായ കുജസ്ഥിതിയും ഉണ്ടായിരിക്കണം. എങ്കില്‍ മാത്രമേ വിജയം സുനിശ്ചിതമാവുകയുള്ളു. ഇങ്ങനെ അഞ്ചാം ഭാവവുമായി ബന്ധപ്പെട്ട ബലമുള്ള ഗ്രഹങ്ങളുടെ ദശാപഹാരഛിദ്രകാലങ്ങള്‍ ഗോചരാല്‍ അനുകൂലമാകുമ്പോഴാണ് മത്സരപ്പരീക്ഷകളില്‍ വിജയമുണ്ടാകുന്നത്.
എത്ര ബുദ്ധിമാനായാലും ജാതകത്തിലോ ഗോചരാലോ ഗ്രഹസ്ഥിതി അനുകൂലമല്ലെങ്കില്‍ പരീക്ഷകളില്‍ പ്രതീക്ഷിച്ച നേട്ടം കൈവരിക്കുവാന്‍ സാധിച്ചുവെന്നുവരില്ല. അതുകൊണ്ട് ഉത്സാഹിച്ചു പഠിക്കുന്നതോടൊപ്പം തന്നെ ഉത്തമനായൊരു ജ്യോതിഷിയെ സമീപിച്ച് ഗ്രഹസ്ഥിതി വിശകലനം ചെയ്ത് ആവശ്യമായ പരിഹാരങ്ങളും കൂടി ചെയ്യുവാന്‍ പരീക്ഷാര്‍ത്ഥികളും അവരുടെ മാതാപിതാക്കളും ശ്രദ്ധിക്കുന്നത് വിജയ പ്രാപ്തിക്ക് അനുകൂലമാകുമെന്നാണ് എന്റെ അഭിപ്രായം. മുന്‍കൂട്ടി പരിഹാരങ്ങള്‍ ചെയ്യുന്നതാണ് ഫലപ്രാപ്തിക്ക് ഏറ്റവും അനുയോജ്യം. തൊഴില്‍ സംബന്ധമായ പ്രശ്‌ന പരിഹാരത്തിന് ആദ്യമായി വേണ്ടത് കര്‍മ്മവശാല്‍ നമുക്ക് സമയം അനുകൂലമല്ല എന്ന ബോധ്യമാണ്. പൊടുന്നനെ വരുന്നതായ പല തൊഴില്‍ വൈഷമ്യങ്ങള്‍ക്കും കാരണം നക്ഷത്ര ദശാകാലങ്ങള്‍, ചാരവശാല്‍ ഉള്ള അനിഷ്ട ഗ്രഹസ്ഥിതികള്‍ എന്നിവയാണ്.
ജോലിക്കു വേണ്ടിയുള്ള പരിശ്രമവും പ്രാര്‍ത്ഥനയും ആവശ്യമാണ്. ഒരു ജാതകന്റെ കര്‍മ്മ മേഖല പത്താം ഭാവമാണ്. പത്താം ഭാവത്തില്‍ നില്ക്കുന്ന ഗ്രഹം , പത്താം ഭാവത്തിന്റെ അധിപനായ ഗ്രഹം, നില്ക്കുന്ന രാശി, രാശിയുടെ ബന്ധു , ശത്രു സ്ഥിതി, ദൃഷ്ടി , പാപഗ്രഹങ്ങളുടെ യോഗം ഇതൊക്കെ തന്നെ ജാതകന്റെ കര്‍മ്മമേഖലയിലെ തടസങ്ങള്‍ക്കു ഘടകമാണ്. തൊഴില്‍ അച്ചടക്കം, പെരുമാറ്റത്തിലെ മിതത്വം, കൃത്യനിഷ്ഠത, നല്ലപെരുമാറ്റം എന്നിവ ശീലമാക്കണം. നിത്യ പ്രാര്‍ത്ഥനകളും ഉപാസനകളും മുടങ്ങാതെ നോക്കണം. അതോടൊപ്പം ജാതകത്തിലെ കാര്യങ്ങള്‍ അറിഞ്ഞു ദൈവീകമായ പ്രാര്‍ത്ഥനകളും പ്രതിവിധികള്‍ യഥാസമയം നടത്തുന്നതും കര്‍മ്മ തടസ്സത്തിന് പരിഹാരമാകും. അതുകൊണ്ട് ജ്യോതിഷവും ഈശ്വര പ്രാര്‍ത്ഥനയും പരസ്പര പൂരകങ്ങളായി കണ്ട് വിശ്വാസത്തോടെ പ്രവര്‍ത്തിച്ചാല്‍ പരീക്ഷ വിജയവും അതിനനുസരിച്ചുള്ള കര്‍മ്മവും നേടിയെടുക്കാവുന്നതാണ്.