സ്പെഷ്യല്‍
അപൂർവ്വമായി വരുന്ന ഭൗമ പ്രദോഷം; മഹാദേവനെ ഇങ്ങനെ ഭജിച്ചോളൂ, വഴിപാടുകളും മന്ത്രവും

മഹേശ്വരി വിശ്വനാഥന്‍

ജൂലൈ 8, 2025 ചൊവ്വാഴ്ച, മിഥുന മാസത്തിലെ ശുക്ലപക്ഷ ത്രയോദശി ദിനത്തില്‍ വരുന്ന പ്രദോഷം അതീവ പ്രാധാന്യമര്‍ഹിക്കുന്നു. ചൊവ്വാഴ്ച ദിനത്തില്‍ വരുന്ന പ്രദോഷമായതിനാല്‍ ഇത് ഭൗമ പ്രദോഷം എന്ന പേരില്‍ അറിയപ്പെടുന്നു. ഭഗവാന്‍ പരമശിവന്റെ അനുഗ്രഹം ഏറ്റവും വേഗത്തില്‍ ലഭിക്കുന്ന പുണ്യവേളയാണ് ഓരോ പ്രദോഷവും. അതില്‍ത്തന്നെ ഭൗമ പ്രദോഷത്തിന് സവിശേഷ ഫലസിദ്ധിയുണ്ട്.

ഭൗമ പ്രദോഷത്തിന്റെ പ്രാധാന്യം

സന്ധ്യയ്ക്ക് പ്രദോഷസമയം ഭഗവാന്‍ പരമശിവന്‍ പത്‌നിയായ ശ്രീപാര്‍വ്വതിയോടുകൂടി ആനന്ദതാണ്ഡവമാടുന്നു എന്നാണ് വിശ്വാസം. ഈ സമയത്ത് ശിവഭജനം നടത്തുന്ന ഭക്തരുടെ എല്ലാ ദുരിതങ്ങളും ഭഗവാന്‍ അകറ്റുമെന്നാണ് വിശ്വാസം.

ചൊവ്വയുടെ അധിപനായ കുജനുമായി ബന്ധപ്പെട്ട ദോഷങ്ങള്‍ പരിഹരിക്കാന്‍ ഏറ്റവും ഉത്തമമാണ് ഭൗമ പ്രദോഷം. ഈ ദിനത്തിലെ വ്രതവും പ്രാര്‍ത്ഥനയും താഴെ പറയുന്ന ഫലങ്ങള്‍ നല്‍കുന്നു:

കടബാധ്യതകളില്‍ നിന്ന് മോചനം: സാമ്പത്തികമായ ബുദ്ധിമുട്ടുകളും കടക്കെണികളും അനുഭവിക്കുന്നവര്‍ക്ക് ആശ്വാസം ലഭിക്കാന്‍ ഭൗമ പ്രദോഷ വ്രതം അത്യുത്തമമാണ് എന്നാണ് വിശ്വാസം.
രോഗശാന്തി: രോഗദുരിത ശാന്തിക്ക് ഈ ദിവസത്തെ ശിവഭജനം ഉത്തമമാണെന്നാണ് വിശ്വാസം.
ചൊവ്വാദോഷ പരിഹാരം: വിവാഹതടസ്സങ്ങള്‍ക്കും മംഗല്യതടസ്സങ്ങള്‍ക്കും കാരണമാകുന്ന ചൊവ്വാദോഷത്തിന്റെ കാഠിന്യം കുറയ്ക്കാന്‍ ഈ ദിവസത്തെ പ്രാര്‍ത്ഥനയ്ക്ക് കഴിയുമെന്ന് വിശ്വസിക്കുന്നു.
ഭൂമി സംബന്ധമായ തര്‍ക്കങ്ങളില്‍ വിജയം: ഭൂമി ഇടപാടുകളിലും വസ്തു തര്‍ക്കങ്ങളിലും അനുകൂലമായ ഫലങ്ങള്‍ ലഭിക്കാന്‍ ഭഗവാനെ പ്രാര്‍ത്ഥിക്കുന്നത് നല്ലതാണ്.
ധൈര്യവും ആത്മവിശ്വാസവും: ഭൗമ പ്രദോഷ വ്രതം അനുഷ്ഠിക്കുന്നതിലൂടെ മാനസികമായ കരുത്തും ആത്മവിശ്വാസവും വര്‍ദ്ധിക്കും.

ചെയ്യേണ്ട കാര്യങ്ങളും അനുഷ്ഠാനങ്ങളും

വ്രതം: പ്രദോഷദിനത്തില്‍ സൂര്യോദയം മുതല്‍ വ്രതം ആരംഭിക്കാം. പൂര്‍ണ്ണ ഉപവാസം സാധ്യമല്ലാത്തവര്‍ക്ക് ഒരിക്കലൂണ് (ഉച്ചയ്ക്ക് മാത്രം അരിയാഹാരം) അനുഷ്ഠിക്കാം. ലഘുവായ സസ്യാഹാരം മാത്രം കഴിച്ച് വ്രതം നോല്‍ക്കുന്നതും ഉത്തമമാണ്. സന്ധ്യയ്ക്ക് ക്ഷേത്രദര്‍ശനം നടത്തി, പൂജകള്‍ക്ക് ശേഷം ദീപാരാധന തൊഴുത്, ക്ഷേത്രത്തില്‍ നിന്ന് ലഭിക്കുന്ന പ്രസാദം കഴിച്ച് വ്രതം അവസാനിപ്പിക്കാം.

ക്ഷേത്രദര്‍ശനം: സന്ധ്യയ്ക്ക് പ്രദോഷ സമയത്ത് ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് ഏറ്റവും പ്രധാനമാണ്. ഭഗവാന് അഭിഷേകം നടക്കുന്നത് ദര്‍ശിക്കുന്നതും ദീപാരാധനയില്‍ പങ്കുകൊള്ളുന്നതും സര്‍വ്വൈശ്വര്യങ്ങള്‍ നല്‍കും.

ഗൃഹത്തിലെ പ്രാര്‍ത്ഥന: ക്ഷേത്രത്തില്‍ പോകാന്‍ സാധിക്കാത്തവര്‍ക്ക് വീട്ടിലെ പൂജാമുറിയില്‍ നിലവിളക്ക് കൊളുത്തി ശിവഭഗവാന്റെ ചിത്രത്തിന് മുന്നിലിരുന്ന് പ്രാര്‍ത്ഥിക്കാം. കൂവളത്തില കൊണ്ട് അര്‍ച്ചന നടത്തുന്നതും ശിവസ്തുതികള്‍ ജപിക്കുന്നതും ശ്രേഷ്ഠമാണ്.

പ്രധാന വഴിപാടുകള്‍

ഭൗമ പ്രദോഷ ദിനത്തില്‍ ശിവക്ഷേത്രങ്ങളില്‍ താഴെ പറയുന്ന വഴിപാടുകള്‍ നടത്തുന്നത് അതിവേഗം ഫലം നല്‍കും:

പിന്‍വിളക്ക്: തടസ്സങ്ങള്‍ നീങ്ങുന്നതിനും കാര്യവിജയത്തിനും.
ജലധാര: മാനസികമായ ശാന്തിക്കും സമാധാനത്തിനും.
ഇളനീര്‍ അഭിഷേകം: കുടുംബത്തില്‍ ഐശ്വര്യവും സന്താനസൗഭാഗ്യവും ലഭിക്കാന്‍.
കൂവളമാല: ഭഗവാന് ഏറ്റവും പ്രിയപ്പെട്ട ഈ വഴിപാട് സമര്‍പ്പിക്കുന്നത് സര്‍വ്വപാപഹരമാണ്.
മൃത്യുഞ്ജയ പുഷ്പാഞ്ജലി: രോഗശാന്തിക്കും ദീര്‍ഘായുസ്സിനും.

ജപിക്കേണ്ട മന്ത്രം

പ്രദോഷ സമയത്ത് ശിവക്ഷേത്രത്തിലോ ഗൃഹത്തിലോ ഇരുന്ന് പഞ്ചാക്ഷരീ മന്ത്രമായ ഓം നമഃ ശിവായ 108 തവണ ജപിക്കുന്നത് അതിവിശിഷ്ടമാണ്.

 

Bhouma Pradosham falls on Tuesday, July 8, 2025, during the Shukla Paksha Trayodashi and is considered highly auspicious. It is a powerful time to worship Lord Shiva, especially for relief from debts, health issues, and Kuja Dosha. Devotees observe fasting, visit Shiva temples, and perform special offerings like water abhishekam and koovalamala. Chanting “Om Namah Shivaya” 108 times during Pradosha time brings immense spiritual and material blessings.

Related Posts