
തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം ജൂലൈ 27 മുതല്‍
തൊടുപുഴ: തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ 2025 ജൂലൈ 27 മുതല്‍ ഓഗസ്റ്റ് 3 വരെ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം സംഘടിപ്പിക്കും. തൃശ്ശൂര്‍ ഇരിങ്ങാലക്കുട ജ്ഞാനാനന്ദകുടീരം ആശ്രമം മഠാധിപതി പൂജനീയ സ്വാമി നിഖിലാനന്ദ സരസ്വതിയാണ് യജ്ഞത്തിന് നേതൃത്വം നല്‍കുന്നത്. നാടിന്റെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി നടത്തുന്ന യജ്ഞത്തിന്റെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.
ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി എന്‍.ആര്‍. പ്രദീപ് നമ്പൂതിരിപ്പാട് രക്ഷാധികാരിയായും കെ.കെ. പുഷ്പാംഗദന്‍ ചെയര്‍മാനായും 51 അംഗ സ്വാഗതസംഘം പ്രവര്‍ത്തിക്കും. കെ.ആര്‍. വേണു, സി.സി. കൃഷ്ണന്‍ എന്നിവര്‍ ചീഫ് കോര്‍ഡിനേറ്റര്‍മാരും ബി. വിജയകുമാര്‍, അഡ്വ. ശ്രീവിദ്യാ രാജേഷ് എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരുമാണ്. മാതൃസമിതി ഭാരവാഹികളായി വിജയലക്ഷ്മി ടീച്ചര്‍, മൃദുല വിശ്വംഭരന്‍ എന്നിവരെയും മാനേജര്‍മാരായി ബി. ഇന്ദിര, കെ.ആര്‍. വിജയകുമാര്‍ എന്നിവരെയും തിരഞ്ഞെടുത്തു.
ജൂലൈ 27-ന് വൈകുന്നേരം 5 മണിക്ക് ആചാര്യവരണം, 5.15-ന് ഭദ്രദീപം തെളിയിക്കല്‍ എന്നിവയോടെ യജ്ഞത്തിന് തുടക്കമാകും. തുടര്‍ന്ന് 5.30-ന് സ്വാമി നിഖിലാനന്ദ സരസ്വതിയുടെ ഭാഗവത മാഹാത്മ്യ പ്രഭാഷണം നടക്കും.
യജ്ഞദിനങ്ങളായ ജൂലൈ 28 മുതല്‍ ഓഗസ്റ്റ് 3 വരെ എല്ലാ ദിവസവും പുലര്‍ച്ചെ 5 മണിക്ക് ഗണപതിഹോമം, 6 മണി മുതല്‍ വിഷ്ണുസഹസ്രനാമം, തുടര്‍ന്ന് ശ്രീമദ് ഭാഗവത പാരായണവും പ്രഭാഷണവും ഉണ്ടായിരിക്കും.
യജ്ഞദിനങ്ങളില്‍ കപിലാവതാരം, ധ്രുവചരിതം, പ്രഹ്‌ളാദചരിതം, നരസിംഹാവതാരം, ഗജേന്ദ്രമോക്ഷം, ശ്രീകൃഷ്ണാവതാരം, രുക്മിണീസ്വയംവരം, കുചേലവൃത്തം തുടങ്ങിയ പ്രധാന ഭാഗവതകഥകള്‍ പാരായണത്തിനും പ്രഭാഷണത്തിനും വിഷയമാകും. ഓഗസ്റ്റ് 3-ന് ഉദ്ധവോപദേശം, ഭഗവാന്റെ സ്വധാമപ്രാപ്തി എന്നിവയ്ക്ക് ശേഷം അവഭൃഥസ്‌നാനത്തോടെ യജ്ഞം സമാപിക്കും.
യജ്ഞത്തില്‍ പങ്കെടുക്കുന്ന എല്ലാ ഭക്തജനങ്ങള്‍ക്കും അന്നദാനം ഉണ്ടായിരിക്കും. വഴിപാടുകള്‍ സമര്‍പ്പിക്കുന്നതിനായി യജ്ഞശാലയില്‍ പ്രത്യേക കൗണ്ടര്‍ സജ്ജീകരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.