ക്ഷേത്ര വാർത്തകൾ
ചോറ്റാനിക്കരയില്‍ ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി

ചോറ്റാനിക്കര: പ്രസിദ്ധമായ ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി. ഓഗസ്റ്റ് 4 മുതല്‍ 11 വരെ നീണ്ടുനില്‍ക്കുന്ന യജ്ഞം കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെയും ക്ഷേത്ര ഉപദേശക സമിതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.

ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ പ്രശാന്ത് നാരായണന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ച് യജ്ഞം ഉദ്ഘാടനം ചെയ്തു. ബ്രഹ്‌മശ്രീ മള്ളിയൂര്‍ ദിവാകരന്‍ നമ്പൂതിരി മാഹാത്മ്യ പ്രഭാഷണം നടത്തി. ബ്രഹ്‌മശ്രീ മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി, ബ്രഹ്‌മശ്രീ മള്ളിയൂര്‍ ദിവാകരന്‍ നമ്പൂതിരി എന്നിവരാണ് യജ്ഞത്തിലെ മുഖ്യാചാര്യന്മാര്‍. ഉദ്ഘാടന ചടങ്ങില്‍ മരങ്ങാട് മുരളികൃഷ്ണന്‍ നമ്പൂതിരി, ക്ഷേത്രഊരാളന്‍ പള്ളിപ്പുറത്ത് നാരായണന്‍ നമ്പൂതിരി, അസിസ്റ്റന്റ് കമ്മീഷണര്‍ ബിജു ആര്‍. പിള്ള, മാനേജര്‍ രഞ്ജിനി രാധാകൃഷ്ണന്‍, ഉപദേശക സമിതി പ്രസിഡന്റ് പ്രവീണ്‍ ബാലകൃഷ്ണന്‍, സെക്രട്ടറി ഗിരീഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

യജ്ഞത്തിന്റെ ഭാഗമായി എല്ലാ ദിവസവും രാവിലെ ഗണപതി ഹോമം, വിഷ്ണുസഹസ്രനാമ പാരായണം, ഭാഗവത പാരായണം, പ്രഭാഷണങ്ങള്‍ എന്നിവയും വൈകുന്നേരം പ്രത്യേക ഭഗവത്സേവയും നടക്കും. മരങ്ങാട് മുരളികൃഷ്ണന്‍ നമ്പൂതിരി, സംഗമേശ്വരന്‍ തമ്പുരാന്‍, നടുവില്‍മഠം അച്യുത ഭാരതി സ്വാമിയാര്‍, വെണ്‍മണി രാധ അന്തര്‍ജനം, ബ്രഹ്‌മശ്രീ വെണ്‍മണി കൃഷ്ണന്‍ നമ്പൂതിരിപ്പാട് തുടങ്ങിയ പ്രമുഖര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും.

സമാപന ദിവസമായ ഓഗസ്റ്റ് 11-ന് നടക്കുന്ന ചടങ്ങില്‍ യജ്ഞാചാര്യന്‍ ബ്രഹ്‌മശ്രീ മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ അഡ്വ. കെ.പി. അജയന്‍ ആദരിക്കും. ഇതിനോടനുബന്ധിച്ച് ഓഗസ്റ്റ് 27-ന് വിനായക ചതുര്‍ത്ഥി ദിനത്തില്‍ 1008 നാളികേരം ഉപയോഗിച്ച് അഷ്ടദ്രവ്യ ഗണപതിഹോമവും നടത്തും. യജ്ഞത്തില്‍ പങ്കാളികളാകാനും വഴിപാടുകള്‍ സമര്‍പ്പിക്കാനും ഭക്തര്‍ക്ക് സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.

യജ്ഞത്തിന്റെ തത്സമയ സംപ്രേക്ഷണം ജ്യോതിഷവാര്‍ത്ത, ജ്യോതിസ് ടിവി, സ്വസ്തി മലയാളം, കൂടാതെ നാഷണല്‍ നെറ്റ്‌വര്‍ക്കായ ജിയോ ടിവിയിലും ലഭ്യമാണ്.

Related Posts