ക്ഷേത്രായനം
മീനഭരണി പ്രധാനമായ കേരളത്തിലെ 6 ഭദ്രകാളി ക്ഷേത്രങ്ങൾ

കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളിലെ പ്രധാന ആഘോഷങ്ങളിലൊന്നാണ് മീനഭരണി. ദേവീഭക്തർക്ക് മന്ത്രങ്ങൾ ഉരുവിട്ട് ഭദ്രകാളിപ്രീതിവരുത്തി ദോഷശാന്തി കൈവരിച്ച് ജീവിതവിജയം നേടുവാൻ ഏറ്റവും അനുകൂലമായ ദിവസം. സൂര്യൻ മീനരാശിയിലേക്ക് പ്രവേശിക്കുന്ന ദിവസമാണ് മീനമാസത്തിലെ ഭരണി നാൾ. ദുഷ്ടസങ്കല്പമായ തിന്മയ്ക്കു മേൽ ദേവീസങ്കല്പമായ നന്മയുടെ വിജയം ആഘോഷിക്കുന്ന ഈ ദിവസം ദേവി ക്ഷേത്രങ്ങൾക്ക് വളരെ പ്രത്യേകതകൾ നിറഞ്ഞ ദിവസം കൂടിയാണ്. മീനഭരണി ആഘോഷിക്കുന്ന കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളെ കുറിച്ചറിയാം.

  • കൊടുങ്ങല്ലൂർ ഭദ്രകാളി ക്ഷേത്രം (Kodungallur Bhagavathy Temple)

ഭദ്രകാളി ക്ഷേത്രങ്ങളിൽ ഏറ്റവും പ്രാധാന്യം കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതീ ക്ഷേത്രത്തിനാണ്. ദാരിക നിഗ്രഹത്തിന് അവതരിച്ച ഭദ്രകാളീ സ്വരൂപമാണ് കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ കൊടുങ്ങല്ലൂരമ്മയായി, പുണ്യപ്രദായനിയായി കുടികൊള്ളുന്നത്. കോഴിക്കല്ല് മൂടൽ, ഭരണിപ്പാട്ട്, രേവതി വിളക്ക്, തൃച്ചന്ദനച്ചാർത്ത്, അശ്വതി കാവുതീണ്ടൽ തുടങ്ങിയ ചടങ്ങുകൾ മീനഭരണിയുടെ ഭാഗമായി ഇവിടെ നടക്കും.

  • വെട്ടിക്കാവ് ഭഗവതി ക്ഷേത്രം, ഇരുമ്പനം (Vettikavu Bhagavathy Temple, Irumpanam)

ആശ്രിത വത്സലയും അഭീഷ്ടവരദായിനിയുമായ ഭഗവതിയുടെ ശക്തി ചൈതന്യം കൊണ്ട് പ്രസിദ്ധി ആര്‍ജിച്ചിട്ടുള്ള ക്ഷേത്രമാണ് എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ ഇരുമ്പനം വെട്ടിക്കാവ് ഭഗവതി ക്ഷേത്രം. കേരളത്തിലെ അപൂര്‍വ ഭദ്രകാളി ക്ഷേത്രങ്ങളില്‍ ഒന്നായ ഇവിടെ പടിഞ്ഞാറോട്ട് ദര്‍ശനമായി കുടികൊള്ളുന്ന ഭഗവതിയെ പ്രതിഷ്ടിച്ചിട്ടുള്ളത് മഹിഷാസുര മര്‍ദ്ദിനീ ഭാവത്തിലാണ്.

വെട്ടിക്കാവ് ഭഗവതി ക്ഷേത്രത്തിൽ മീനഭരണി ഏറെ പ്രധാനമാണ്. പ്രശസ്തവും ശക്തിവിശേഷം വര്‍ദ്ധിച്ചതുമായ ഭദ്രകാളീ ഭാവത്തിലാണ് ദേവിയെ ഭരണിനാളില്‍ ആരാധിക്കുന്നത്.

  • ആനിക്കാട് ഭഗവതി ക്ഷേത്രം, പള്ളിക്കത്തോട് (Anicad Sree Bhagavathi Temple, Pallickathodu)

മീനഭരണി ആഘോഷിക്കുന്ന കേരളത്തിലെ മറ്റൊരു പ്രധാന ദേവീക്ഷേത്രമാണ് ആനിക്കാട് ഭഗവതി ക്ഷേത്രം. കോട്ടയം ജില്ലയിൽ പള്ളിക്കത്തോടിനടുത്ത് പുലിയന്നൂർ റോഡിൽ ആനിക്കാട് – വാഴൂർ എന്ന സ്ഥലത്താണ് ആനിക്കാട് ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭദ്രകാളിയാണ് പ്രധാന പ്രതിഷ്ഠയെങ്കിലും ആരാധന കണ്ണാടി ബിംബത്തിലാണ്. ഗരുഡൻ തൂക്ക വഴിപാടും, പത്താമുദയവും ഇവിടുത്തെ പ്രത്യേകതകളാണ്.

  • ശാർക്കര ദേവി ക്ഷേത്രം (Sarkara Devi Temple, Chirayinkeezhu)

തിരുവനന്തപുരം ജില്ലയിലെ ചിറയൻകീഴിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ശാർക്കര ദേവീക്ഷേത്രം. ശർക്കര കുടത്തിലെ ദേവി ചൈതന്യമാണ് ശാർക്കര ദേവി ആയതെന്നാണ് വിശ്വാസം. ആദിപരാശക്തിയും ജഗദംബികയുമായ ശ്രീ ഭദ്രകാളിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. നിരവധി സുപ്രധാന ചരിത്ര സംഭവങ്ങൾക്ക് ഈ ക്ഷേത്രം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇവിടുത്തെ മീനഭരണി ആഘോഷങ്ങൾ പ്രസിദ്ധമാണ്.

മീനമാസത്തിലേ പൂരാടം നാളിൽ കൊടിയേറി പത്തു ദിവസം നീണ്ടു നിൽക്കുന്ന ഭരണി മഹോത്സവം അത്യാർഭാടപൂർവ്വം വിവിധ കലാപരുപാടികളോട് കൂടി നടക്കുന്നു. ഒൻപതാം ദിവസം ഇരുപത്തിരണ്ടു കരക്കാരുടെ ഉരുൾ മഹോത്സവം (ഓരോ കരയിൽ നിന്ന് ദേവിയുടെ നടയിലേക്കു ശയന പ്രതിക്ഷണവും ഘോഷയാത്രയും നാദസ്വര മേളവും) ഉണ്ടാകും. പത്താം ദിവസം രാവിലെ മുതൽ ഗരുഡൻ തൂക്കവും വൈകിട്ട് ദേവിയുടെ ആറാട്ട് ഘോഷയാത്രയും കഴിഞ്ഞു കൊടിയിറക്കി ഉത്സവം അവസാനിപ്പിക്കുന്നു. ശാർക്കര ഭരണി ഉത്സവം എന്നാണിത് അറിയപ്പെടുന്നത്. മീനഭരണിയോടൊപ്പം തന്നെ ഇവിടെ കുംഭമാസത്തിലെ കാളിയൂട്ടും പ്രസിദ്ധമാണ്.

  • പുറ്റിങ്ങൽ ദേവി ക്ഷേത്രം (Puttingal Devi Temple, Paravur)

കൊല്ലം ജില്ലയിലെ പരവൂരിൽ സ്ഥിതിചെയ്യുന്ന പുറ്റിങ്ങൽ ദേവി ക്ഷേത്രവും മീനഭരണിക്ക് പ്രസിദ്ധമാണ്. ആദിപരാശക്തിയായ ഭദ്രകാളിയാണ് മുഖ്യ പ്രതിഷ്ഠ. ദേവി ഉറുമ്പിൻപുറ്റിൽ വസിക്കുന്നുവെന്നാണ് ഇവിടുത്തെ വിശ്വാസം. ഈ വിശ്വാസത്തിൽ നിന്നാണ് ഇവിടം പുറ്റിങ്ങൽ ക്ഷേത്രം എന്നറിയപ്പെടുന്നത്. മീനഭരണിയാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം.

bharani
kerala temples
meena bharani
Related Posts