പൈതൃകം
ഈ സമയം പ്രാര്‍ഥിച്ചാല്‍ സകലതിലും വിജയം

ഹൈന്ദവ ഭവനങ്ങളില്‍ പ്രാത:സന്ധ്യയിലും സായംസന്ധ്യയിലും ദീപം തെളിക്കാറുണ്ട്. ഇങ്ങനെ ചെയ്താല്‍ വീട്ടില്‍ ഐശ്വര്യം വിളങ്ങുമെന്നാണ് വിശ്വാസം. പ്രാത:സന്ധ്യയ്ക്കും സായംസന്ധ്യയ്ക്കും ഈശ്വരാരാധനയില്‍ സവിശേഷമായ പ്രാധാന്യമുണ്ട് എന്നതാണ് ഈ വിശ്വാസത്തിന് പിന്നിലെ കാരണം. രാത്രിയും പകലും തമ്മില്‍ സന്ധിക്കുന്ന സമയമാണ് പ്രാത:സന്ധ്യ.

സൂര്യോദയത്തിന് മൂന്ന് മണിക്കൂര്‍ മുന്‍പുള്ള ബ്രാഹ്മമുഹൂര്‍ത്തം മുതല്‍ സൂര്യോദയം വരെയുള്ള സമയം ഈശ്വരഭജനത്തില്‍ അതിവിശിഷ്ടം എന്നാണ് വിശ്വാസം. സുര്യോദയത്തിന് മുന്‍പ് തന്നെ ഉണര്‍ന്നെഴുന്നേറ്റ് സ്‌നാനാദി ശുദ്ധികര്‍മ്മങ്ങള്‍ക്ക് ശേഷം ഗൃഹത്തിലെ പൂജാമുറിയിലോ ഈശ്വരാരാധനാ സ്ഥലത്തോ നിലവിളക്ക് കൊളുത്തിവെയ്ക്കണമെന്നും ആചാര്യന്മാര്‍ പറയുന്നു.

തുടര്‍ന്ന് സൂര്യാദര്‍ശനം വരെയുള്ള സമയം നാമജലം, മന്ത്രജപം സ്‌തോത്രജപം, ധ്യാനം തുടങ്ങിയവ അനുഷ്ഠിക്കാം. ഇതുമൂലം ഐശ്വര്യം,ഏകാഗ്രത, കര്‍മ്മശേഷി,ആരോഗ്യം തുടങ്ങിയവ കൈവരും എന്നാണ് വിശ്വാസം. കുലദേവത, ഇഷ്ടദേവത, പിതൃക്കള്‍, ഗുരു,മാതാപിതാക്കള്‍ എന്നിവരെ ഭക്തിര്‍പൂര്‍വ്വം പൂജിക്കുകയും സ്മരിക്കുകയും ചെയ്ത ശേഷം വേണം രാവിലെ അനന്തരകര്‍മ്മങ്ങളില്‍ പ്രവേശിക്കാന്‍.

സൂര്യോദയത്തിന് മുമ്പ് അംഗങ്ങള്‍ ഉണര്‍ന്നെഴുന്നേല്‍ക്കാത്ത ഭവനത്തില്‍ ഐശ്വര്യമുണ്ടാകുകയില്ല എന്നാണ് സ്മൃതികളും പുരാണങ്ങളും സൂചിപ്പിക്കുന്നത്. പ്രഭാതത്തില്‍ സൂര്യോദയത്തിന് മുമ്പ് എന്നപോലെ സായംസന്ധ്യയില്‍ സൂര്യാസ്തമയത്തിനുമുമ്പും വീട് അടിച്ചുവാരി വൃത്തിയാക്കി വെള്ളം കുടഞ്ഞ ശേഷം നിലവിളക്കുകൊളുത്തണം എന്നാണ് ആചാര്യന്മാര്‍ പറയുന്നത്.

Related Posts