മന്ത്രങ്ങള്‍
മിഥുനത്തിലെ ആയില്യം; ഇന്ന് ജപിക്കേണ്ട നാഗ മന്ത്രങ്ങള്‍

നാഗദൈവങ്ങള്‍ നമ്മുടെ മണ്ണിന്റെയും സംസ്‌കാരത്തിന്റെയും സംരക്ഷകരാണ്. അതി പ്രാചീനകാലം മുതല്‍ തന്നെ നാം നാഗങ്ങളെ ആരാധിച്ചു പോരുന്നുണ്ട്. കേരളത്തിലെ നാഗാലയങ്ങളില്‍ അസംഖ്യം നാഗദേവതകള്‍ ഉള്ളതായി വിശ്വസിക്കപ്പെടുന്നു. അവിടെ സചേതനങ്ങളായ നാഗങ്ങള്‍ പ്രത്യക്ഷപ്പെട്ട് അനുഗ്രഹിക്കാറുള്ള കാര്യം പ്രസിദ്ധമാണ്.

ആയില്യം നാളാണ് നാഗപൂജയ്ക്കു പ്രധാനം. ആയില്യം നാളില്‍ നാഗപൂജ, നൂറും പാലും തുടങ്ങിയ വഴിപാട് നടത്തുന്നത് ദോഷ ദുരിതങ്ങൾ മാറാനും ആയുരാരോഗ്യസൗഖ്യത്തിനും സമ്പദ് സമൃദ്ധിക്കും നല്ലതാണ്. മന:സമാധാനമുള്ള ജീവിതത്തിനും സന്താന സൗഭാഗ്യത്തിനും നാഗാരാധന ഉത്തമമാണ്. ഇടവത്തിലെ ആയില്യം ഇന്നാണ് ((ജൂണ്‍ 11).

ആയില്യദിനത്തില്‍ സര്‍പ്പ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുകയും നാഗപ്രീതികരമായ വഴിപാടുകള്‍ നടത്തുന്നതും വ്രതമെടുക്കുന്നതും ഉത്തമമാണ്. ഇതിനൊന്നും കഴിയാത്തവര്‍ ആയില്യദിനത്തില്‍ ശുദ്ധിയോടുകൂടി നാഗരാജ ഗായത്രി മന്ത്രം ജപിക്കുന്നതും നല്ലതാണ്.

രോഗശാന്തിക്ക് പ്രത്യേകിച്ച് ത്വക് രോഗ ശമനത്തിനും മാനസിക പ്രയാസങ്ങൾ മാറുന്നതിനും വിദ്യാഭ്യാസ സംബന്ധമായ തടസങ്ങൾ മാറുന്നതിനും മംഗല്യദോഷ നിവാരണത്തിനും കുടുംബ കലഹം ഒഴിയുന്നതിനും തുടങ്ങി ജീവിതത്തിലെ പല തടസങ്ങൾക്കും പരിഹാരമായി എല്ലാമാസവും ആയില്യത്തിന് ക്ഷേത്രങ്ങളിൽ ആയില്യപൂജ നടത്താവുന്നതാണ്. ജാതകത്തിലെ രാഹു ദോഷം മാറുന്നതിനും ആയില്യപൂജ അത്യുത്തമമാണ്.

നാഗശാപം മൂലം കഷ്ടതകൾ അനുഭവിക്കുന്നവർ ആയില്യത്തിന് വ്രതമെടുത്ത് നാഗക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തണം. അഭിഷേകത്തിന് പാലും മഞ്ഞള്‍പ്പൊടിയും നല്കുന്നതും, നിവേദിക്കുന്നതിന് പാലും, പഴവും, കരിക്കും തേനും സമർപ്പിക്കുന്നതും നാഗശാപമകറ്റും. കദളിപ്പഴം, ശർക്കര, വെള്ളച്ചോറ്, പാൽ പായസം, തെരളി, അപ്പം, അട എന്നിവയാണ് നാഗക്ഷേത്രങ്ങളിലെ മുഖ്യ നിവേദ്യങ്ങൾ.

വ്രതദിവസം ഉപവാസമോ, ഒരിക്കലൂണോ ആകാം. 12 ആയില്യം നാളില്‍ വ്രതം സ്വീകരിച്ചാല്‍ നാഗശാപം മൂലമുള്ള രോഗദുരിതങ്ങള്‍ക്ക് ശമനമുണ്ടാകും. ആയില്യ ദിവസം പഞ്ചാക്ഷരമന്ത്രം, ഓം നമഃ ശിവായ 108 തവണയും, അഷ്ടനാഗ മന്ത്രം 12 പ്രാവശ്യം വീതവും ജപിക്കണം. എല്ലാ സർപ്പദോഷവും
അകലും.

അഷ്ടനാഗ മന്ത്രം

ഓം അനന്തായനമ:
ഓം വാസുകയേ നമ:
ഓം തക്ഷകായ നമ:
ഓം കാര്‍ക്കോടകായ നമ:
ഓം ഗുളികായനമ:
ഓം പത്മായ നമ:
ഓം മഹാപത്മായ നമ:
ഓം ശംഖപാലായ നമ:

മൂലമന്ത്രങ്ങൾ
  1. നാഗരാജാവ്
    ഓം നമ: കാമരൂപിണേ മഹാബലായ
    നാഗാധിപതയേ നമഃ
  2. നാഗയക്ഷി
    ഓം വിനയാ തനയേ വിശ്വനാഗേശ്വരി ക്ലീം
    നാഗയക്ഷീ യക്ഷിണീ സ്വാഹാ നമഃ
നാഗരാജ ഗായത്രി

ഓം സര്‍പ്പ രാജായ വിദ്മഹെ
പത്മ ഹസ്തായ ധീമഹി
തന്വോ വാസുകി പ്രചോദയാത്.

 

Related Posts