
നാളെ വൈക്കത്തഷ്ടമി; അറിയേണ്ടതെല്ലാം
ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമി ഡിസംബര്‍ 12ന് നടക്കും. പുലര്‍ച്ചെ 4.30 മുതല്‍ അഷ്ടമിദര്‍ശനം ആരംഭിക്കും. രാത്രി 11ന് ഉദയനാപുരത്തപ്പന്റെ വരവ്, തുടര്‍ന്ന് പുലര്‍ച്ചെ 2ന് അഷ്ടമിവിളക്ക്, വലിയ കാണിക്ക. 3.30 മുതല്‍ 4.30 വരെ ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ്.
ഡിസംബര്‍ 13ന് വൈകിട്ട് ആറിന് ആറാട്ടെഴുന്നള്ളത്ത്, രാത്രി 11 ന് കൂടിപ്പൂജ,വിളക്ക് എന്നിവയും നടക്കും. 12 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന്റെ സമാപന ദിവസം, അഷ്ടമിദിനത്തില്‍ ആയതിനാലാണ് വൈക്കത്തഷ്ടമി എന്ന പേരില്‍ ഇത് അറിയപ്പെടുന്നത്. വൈക്കത്തഷ്ടമിയില്‍ പങ്ക് ചേരാന്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും ഭക്തര്‍ ഇവിടെ എത്തും. 12 ദിവസം ഭക്തിയുടെ നിറവില്‍ ശിവഭഗവാനെ ആരാധിച്ചാല്‍ പാപങ്ങളെല്ലാം മാറും എന്നാണ് വിശ്വാസം.

ക്ഷേത്ര ചരിത്രം
കോട്ടയം ജില്ലയിലെ വൈക്കത്താണ് ചരിത്ര പ്രസിദ്ധമായ വൈക്കം മഹാദേവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദക്ഷിണ കാശി എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തില്‍ പരമേശ്വരനെ അന്നദാന പ്രഭു ആയിട്ടാണ് സങ്കല്‍പ്പിച്ചിരിക്കുന്നത്. പരശുരാമന്‍ സ്ഥാപിച്ച 108 ക്ഷേത്രങ്ങളില്‍ ഒന്നാണ് കേരളത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ശിവക്ഷേത്രം എന്നാണ് വിശ്വാസം. പെരുന്തച്ചന്‍ നിര്‍മ്മിച്ചതെന്ന് കരുതുന്ന കേരളത്തിലെ രണ്ട് ക്ഷേത്ര ശ്രീകോവിലുകളില്‍ ഒന്നുകൂടിയാണ് വൈക്കം മഹാദേവ ക്ഷേത്രം.
ഏകദേശം എട്ട് ഏക്കര്‍ സ്ഥലത്ത് കിഴക്കോട്ട് ദര്‍ശനമായി സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന്റെ നാല് വശങ്ങളിലുമായി നാല് ഗോപുരങ്ങളുണ്ട്. കിഴക്കേ ഗോപുരത്തിന് സമീപം ‘വ്യാഘ്രപാദ സ്ഥാനം’ സ്ഥിതി ചെയ്യുന്നു. ക്ഷേത്രത്തിന്റെ വടക്ക് കിഴക്കേ മൂലയില്‍ സ്തംഭന ഗണപതി പ്രതിഷ്ഠയും സ്ഥിതി ചെയ്യുന്നു. വില്വമംഗലത്തു സ്വാമിയാര്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഭഗവാനെ ദര്‍ശിച്ച സ്ഥലമാണ് മാന്യസ്ഥാനം. ഇതിനോട് ചേര്‍ന്നാണ് ക്ഷേത്രത്തിന്റെ തിടപ്പള്ളി സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രത്തില്‍ ഗണപതി, സുബ്രഹ്‌മണ്യന്‍, നാഗദൈവങ്ങള്‍, പനച്ചിക്കല്‍ ഭഗവതിഎന്നിവരാണ് ഉപദേവതമാര്‍. പ്രഭാതത്തില്‍ ദക്ഷിണാമൂര്‍ത്തിയായും, ഉച്ചയ്ക്ക് കിരത മൂര്‍ത്തിയായും, വൈകിട്ട് പാര്‍വതി ദേവിയോട് കൂടെ അര്‍ദ്ധനാരീശ്വര രൂപത്തിലും ഭഗവാന്‍ ഇവിടെ ദര്‍ശനം നല്‍കുന്നു. നിത്യേന അഞ്ചു പൂജകളും മൂന്ന് ശീവേലികളും ഇവിടെ നടന്നു പോരുന്നു.

വൈക്കത്തഷ്ടമി ഐതിഹ്യം
വൃശ്ചിക മാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമിയാണ് ഇവിടെ വൈക്കത്തഷ്ടമി ആയി കൊണ്ടാടുന്നത്. ഈ ദിവസം ശിവന്‍ ശ്രീ പരമേശ്വര രൂപത്തില്‍ ജഗദ് ജനനിയായ പാര്‍വതി ദേവിയുമായി വ്യാഘ്രപാദ മഹര്‍ഷിയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട് അനുഗ്രഹങ്ങള്‍ നല്‍കിയെന്നാണ് ഐതിഹ്യം. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ ശിവന്റെ പുത്രന്‍ ഉദയനാപുരം ക്ഷേത്രത്തിലെ സുബ്രഹ്‌മണ്യന്‍ ആണെന്ന് വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ അഷ്ടമിനാളില്‍ ഈ ക്ഷേത്രേശന്മാരുടെ എഴുന്നള്ളത്ത് പിതൃ പുത്ര സമാഗമമായി കണക്കാക്കുന്നു.
12 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന്റെ ആറാട്ട് ഉദയനാപുരം സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ വച്ചാണ് നടത്തുന്നത്. പ്രസിദ്ധമായ അഷ്ടമി ദര്‍ശനം പുലര്‍ച്ചെ 4.30 മുതല്‍ ആരംഭിക്കും. വ്യാഘ്രപാദ അഹര്‍ഷിക്ക് ആ പുണ്യ മുഹൂര്‍ത്തത്തിലാണ് ഭഗവാന്‍ അഷ്ടമി ദര്‍ശനം നല്‍കിയത് എന്നാണ് വിശ്വാസം.
അഷ്ടമി ഉത്സവത്തിന്റെ ഏഴാം നാളില്‍ നടത്തുന്ന എഴുന്നള്ളത്താണ് ഋഷഭവാഹനം എഴുന്നള്ളിപ്പ്. വളരെ ശ്രദ്ദേയമാണ് ഇത്. വൈക്കത്തപ്പന്‍ തന്റെ വാഹനമായ നന്ദിയുടെ പുറത്ത് എഴുന്നള്ളി ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നു എന്നാണ് ഇതിന്റെ വിശ്വാസം. അത്താഴ പൂജയും ശ്രീബലിയും, ശ്രീഭൂതബലിയും കഴിഞ്ഞ് ഋഷഭ വാഹനത്തില്‍ ഭഗവാന്‍ വിളക്കിന് എഴുന്നള്ളുന്നു. ഈ എഴുന്നള്ളത്തിന് നെറ്റിപ്പട്ടം കെട്ടിയ 9 ആനകളും അകമ്പടി സേവിക്കും. ഇതില്‍ രണ്ട് ആനകള്‍ക്ക് സ്വര്‍ണ്ണത്തില്‍ തീര്‍ത്ത നെറ്റിപ്പട്ടം ആകും അണിയുക. ഏഴ് പ്രദിക്ഷണം ഉള്ളതില്‍ ഓരോന്നിനും ഓരോ വാദ്യങ്ങളാണ് ഉപയോഗിക്കുക. വൈക്കം അഷ്ടമിയുടെ ഏറ്റവും ആര്‍ഭാട പൂര്‍ണമായ എഴുന്നള്ളിപ്പാണ് ഇത്.
ഉദയനാപുരത്തപ്പന്റെ വരവാണ് അഷ്ടമിവിളക്കിലെ പ്രധാന ചടങ്ങ്. ഇത് രാത്രിയാണ് നടത്തുന്നത്. താരകാസുരനെ കൊന്ന് വിജയശ്രീലാളിതനായി എത്തുന്ന ദേവസേനാപതിയായ സുബ്രഹ്‌മണ്യനെ പിതാവായ വൈക്കത്തപ്പനും ഉപദേവതമാരും ചേര്‍ന്ന് സ്വീകരിച്ചു എന്ന സങ്കല്‍പ്പത്തിലാണ് ഈ ചടങ്ങ് നടത്തുന്നത്. വെക്കത്തെ വലിയ കവല മുതല്‍ നിലവിളക്കുകള്‍ കത്തിച്ചു വച്ചും പൂക്കള്‍ വിതറിയും ആണ് ഉദയനാപുരത്തപ്പനെ ഭക്തജനങ്ങള്‍ വരവേല്‍ക്കുന്നത്. തുടര്‍ന്ന് വലിയ കാണിക്ക ആരംഭിക്കുന്നു. കറുകയില്‍ വലിയ കൈമള്‍ക്കാണ് അഷ്ടമി എഴുന്നള്ളി നില്‍ക്കുന്ന വൈക്കത്തപ്പന് കാണിക്ക അര്‍പ്പിക്കുവാനുള്ള ആദ്യ അവകാശം. ഇന്നും ആ പാരമ്പര്യം തുടര്‍ന്നു വരുന്നു. അതിനുശേഷം ഉദയനാപുരത്തപ്പന്‍ യാത്ര പറയുന്ന ചടങ്ങാണ്. ഇതിന് വിടപറച്ചില്‍ എന്നാണ് പറയുന്നത്.
അഷ്ടമിയുടെ തൊട്ടടുത്ത ദിവസം ഉദയനാപുരം ക്ഷേത്രത്തിലാണ് ആറാട്ട് നടത്തുന്നത്. ആറാട്ട് കഴിഞ്ഞ് എഴുന്നള്ളുന്ന ഭഗവാന് സമര്‍പ്പിക്കാനായി ഔഷധക്കൂട്ടുകള്‍ അടങ്ങിയ പച്ചമരുന്നുകള്‍ അരച്ചുരുട്ടി ശ്രീകോവിലില്‍ സമര്‍പ്പിക്കുന്നു. തുടര്‍ന്ന് ശാന്തിക്കാരന്‍ അതെടുത്ത് മുക്കുഴി ഉണ്ടാക്കി പന്തീരടി പൂജയ്ക്ക് ദേവന് നിവേദിച്ചതിനുശേഷം ഭക്തര്‍ക്ക് വിതരണം ചെയ്യുന്നു. ഇതോടെ ചടങ്ങുകള്‍ അവസാനിക്കും.
വൈക്കത്ത് ഗതാഗത, പാര്‍ക്കിംഗ് നിയന്ത്രണം
മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന്റെ ഭാഗമായി അഷ്ടമി ദിനമായ 12 വരെ വൈക്കത്ത് പാര്‍ക്കിങ്, ഗതാഗതം എന്നിവയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
ആലപ്പുഴ, ചേര്‍ത്തല, വെച്ചൂര്‍ ഭാഗങ്ങളില്‍നിന്ന് എറണാകുളം-തലയോലപ്പറമ്പ് ഭാഗത്തേക്കു വരുന്ന വാഹനങ്ങള്‍ ചേരുംചുവട് പാലം കടന്ന കവരപ്പാടി വഴി മുരിയന്‍കുളങ്ങര പുളിഞ്ചുവട് വഴി പോകണം. ലിങ്ക് റോഡില്‍ വടക്കുനിന്നു തെക്കോട്ട് വണ്‍വേ ആയിരിക്കും.
പുളിഞ്ചുവട്ടില്‍നിന്നു ചേരുംചുവട് ഭാഗത്തേക്കു വണ്‍വേ ആയിരിക്കും. തലയോലപ്പറമ്പ്-വൈക്കം റോഡില്‍നിന്നു പുളിഞ്ചുവട് മുരിയന്‍കുളങ്ങര-കവരപ്പാടി-ചേരുംചുവട് ഭാഗത്തേക്കു വാഹനങ്ങള്‍ക്കു പ്രവേശനം ഇല്ല.
വെച്ചൂര്‍ ഭാഗത്തുനിന്ന് അഷ്ടമി ഉത്സവത്തിനായി വരുന്ന കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി വൈക്കം ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ട്. വൈക്കം പള്ളി ഗ്രൗണ്ട് എന്നിവ ഉപയോഗിക്കണം. വെച്ചൂര്‍ ഭാഗത്തുനിന്നു വരുന്ന സര്‍വീസ് ബസുകള്‍ ചേരുംചുവട് പാലം കടന്ന് കവരപ്പാടി വഴി മുരിയന്‍കുളങ്ങരയില്‍ എത്തി ആളുകളെ ഇറക്കി സ്വകാര്യ ബസുകള്‍ ആറാട്ടുകുളങ്ങര വഴി കിളിയാറ്റുനടയില്‍ പാര്‍ക്ക് ചെയ്യണം. കെഎസ്ആര്‍ടിസി ബസുകള്‍ പുളിഞ്ചുവട്- വലിയ കവല വഴി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലേക്കു പോകണം.
വൈക്കം ഭാഗത്തുനിന്നു വെച്ചൂര്‍ ഭാഗത്തേക്ക് പോകുന്ന സര്‍വീസ് ബസുകള്‍ വലിയകവല, ലിങ്ക് റോഡു വഴി ദളവാക്കുളം തെക്കേനട വന്ന് തോട്ടുവക്കം പാലം വഴി പോകണം. മറ്റു വാഹനങ്ങള്‍ വലിയകവല, ലിങ്ക് റോഡു വഴി ദളവാക്കുളം തെക്കേനട വന്ന് തോട്ടുവക്കം പാലം -മൂത്തേടത്തുകാവ് കൊതവറ വഴി വെച്ചൂര്‍ക്ക് പോകണം
ടിവിപുരത്തുനിന്നു വരുന്ന സര്‍വീസ് ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പടിഞ്ഞാറേ പാലം കയറുന്നതിന് മുന്‍പ് വലത്തോട്ടു തിരിഞ്ഞ് ചേരുംചുവട് പാലം കടന്ന് കവരപ്പാടി, മുരിയന്‍കുളങ്ങര വഴി ആറാട്ടുകുളങ്ങര വഴി കിളിയാറ്റുനട ഭാഗത്ത് പാര്‍ക്ക് ചെയ്യണം. ടി.വി പുരം ഭാഗത്തേക്ക് പോകുന്ന സര്‍വീസ് ബസുകള്‍ ചാലപ്പറമ്പ് വലിയകവല, ലിങ്ക് റോഡ് വഴി ദളവാക്കുളം, തെക്കേനട-തോട്ടുവക്കം വഴി ടിവിപുരം ഭാഗത്തേക്ക് പോകണം.
കോട്ടയം- എറണാകുളം ഭാഗങ്ങളില്‍നിന്ന് വൈക്കത്തേക്ക് വരുന്ന ബസുകള്‍ വലിയകവല, കൊച്ചുകവല വഴി അതതു സ്റ്റാന്‍ഡുകളില്‍ എത്തി അതേ റൂട്ടില്‍ത്തന്നെ തിരികെപ്പോകണം.
വാഴമന-ആറാട്ടുകുളങ്ങര ഭാഗത്തുനിന്നു വരുന്ന എല്ലാ വാഹനങ്ങളും മുരിയന്‍കുളങ്ങരയില്‍നിന്നു വലത്തേക്കു തിരിഞ്ഞ് പുളിഞ്ചുവട് വഴി പോകണം.
12 വരെ വൈക്കം-എറണാകുളം റൂട്ടില്‍ വൈപ്പിന്‍പടി മുതല്‍ വലിയകവല വരെയും വൈക്കം- കോട്ടയം റൂട്ടില്‍ ചാലപ്പറമ്പ് മുതല്‍ വലിയകവല വരെയും നഗര പ്രദേശത്തെ മറ്റ് റോഡിന്റെയും ഇരുവശങ്ങളിലും പാര്‍ക്കിങ് നിരോധിച്ചു. പാര്‍ക്കിങ്ങിനായി നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്. കാലാക്കല്‍ റോഡിന്റെ ഇരുവശങ്ങളിലും പാര്‍ക്കിങ് അനുവദിക്കില്ല. 12 വരെ വൈക്കം വഴി ആലപ്പുഴ ഭാഗത്തേക്കും തിരിച്ചും പോകേണ്ട ടിപ്പര്‍ ഉള്‍പ്പെടെയുള്ള ഭാരവാഹനങ്ങള്‍ കല്ലറ -ഇടയാഴം വഴി ആലപ്പുഴ ഭാഗത്തേക്കു പോകണം.

