സ്പെഷ്യല്‍
കള്ളന്‍മാരെ കൈയോടെ പിടിച്ച നമ്മുടെ പൊന്ന് തിരുആറന്‍മുളയപ്പന്‍..!

വിവേക് ആര്‍. നായര്‍

ആറന്മുള ദേശത്തെ കുട്ടികളെല്ലാം കുട്ടിക്കാലം മുതല്‍ മുത്തശ്ശിക്കഥയായി തിരുആറന്‍മുളയപ്പന്റെ മാഹാത്മ്യവും ഭഗവാന്റെ കഥകളുമാണ് കേട്ടുവളരുന്നത്. അങ്ങനെയാണ് ഞങ്ങളുടെ എല്ലാ മനസ്സില്‍ ഭഗവാന്‍ കൂടിയിരിക്കുന്നത്.
തിരുആറന്‍മുളയപ്പന്‍ ഈ ദേശവാസികളുടെ ധര്‍മ്മദൈവവും കൂടിയാണ്. അതിനാല്‍ തലമുറകളായി പറഞ്ഞു വരുന്ന പല സംഭവ കഥകളും അമ്പലത്തിനെ പറ്റിയും ഭഗവാനെ പറ്റിയും കേള്‍ക്കാന്‍ ഇടയായിട്ടുണ്ട്.
വളരെ കുട്ടിക്കാലത്ത് ഞാന്‍ കേട്ടിട്ടുണ്ട് ആറന്മുളയെ ആക്രമിക്കാന്‍ എത്തിയ കുലുക്കപ്പടയുടെ കഥ. കള്ള കൊള്ളക്കാരെ തുരത്തിയ ഭഗവാന്റെ ലീലകള്‍.

കൊച്ചു കൃഷ്ണന്‍ ആശാന്‍ ആറന്മുള വിലാസം ഹംസ പാട്ടില്‍ ഈ കഥ വിവരിക്കുന്നുണ്ട്. അക്രമികള്‍ വന്ന സമയം ക്ഷേത്രത്തിന്റെ കന്നിമൂലയില്‍ നിന്നും അതിഭീകരരൂപിയായ ഒരു ഭൂതമുയര്‍ന്ന് ഭൂതത്തിന്റെ വായില്‍ നിന്നും അഗ്‌നികള്‍ പ്രവഹിച്ചപ്പോള്‍ നേരെ പടിഞ്ഞാറുവശത്ത് ഉണ്ടായിരുന്ന കാവിലെ കടന്തല്‍ കൂട്ടം അതിഭീകരമായി ഇളകി ആക്രമിക്കുവാന്‍ വന്ന കൊള്ളക്കാരെ തുരത്തി എന്നും മിച്ചമുള്ളവര്‍ സത്യം ചെയ്ത പോയ സംഭവം ആറന്മുളയില്‍ പ്രസിദ്ധമാണ്.
കൊള്ളക്കാര്‍ മോഷണം ചെയ്യുവാന്‍ തീരുമാനിച്ച ദിവസത്തിനു മുമ്പായി തന്നെ ഇവരുടെ ചാരന്‍മാര്‍ ദിവസങ്ങള്‍ക്കു മുമ്പേ വേഷംമാറി നാട്ടില്‍ സഞ്ചരിച്ച് കൊള്ള ചെയ്യേണ്ട ഗ്രാമങ്ങളോ വീടുകളോ അമ്പലങ്ങളോ കണ്ടുവയ്ക്കും. ഇരുപതിലേറെ വരുന്ന ക്കൊള്ളക്കാര്‍ ഒരേ സമയം അതിക്രമിച്ചു കയറി അവിടുള്ള ധനം മോഷണം നടത്തുകയോ..ആള്‍ക്കാരെ വക വരുത്തുകയോ ചെയ്യും.. മോഷണം വിജയമായി കഴിഞ്ഞാല്‍ ക്ഷേത്രത്തിന് തീയിടുകയും ആണ് ഇവര്‍ ചെയ്യുന്നത്.

അങ്ങനെയിരിക്കെ ഒരു ദിവസം അവരില്‍ ഒരു ചാരന്‍ ആറന്മുള ദേശത്ത് എത്തി…അവിടെ തിരുആറന്‍മുളയപ്പന്റെ ഗംഭീരമായ ക്ഷേത്രം കണ്ടു മോഷണം നടത്താന്‍ തീരുമാനിച്ചു ..അമ്പലത്തിനകത്തു കയറി എല്ലാം പരിശോധിച്ചറിഞ്ഞതിനു ശേഷം പിറ്റേദിവസം കൂട്ടാളികളെയും കൂട്ടി വാരിയുകയായിരുന്നു ഉദ്ദേശം…
ചാരന്‍ അമ്പലത്തില്‍ കടന്നതും പരിസരങ്ങള്‍ വീക്ഷിക്കുന്നതും ആരും അറിഞ്ഞിരുന്നില്ല.. ഭഗവാന്റെ തിരുമുന്‍പില്‍ കള്ളന്‍ തൊഴുകൈയ്യോടെ നിന്ന സമയത്തു.. പൂപ്പാത്രവും കൊണ്ട് അകത്തേക്ക് കടന്ന കീഴ്ശാന്തിയുടെ കയ്യില്‍ നിന്നും വെള്ളി പൂപ്പാത്രം മറിഞ്ഞു പടിയില്‍ കൂടെ താഴേക്ക് ഉരുണ്ടു വാതില്‍ക്കല്‍ ഭക്തി ഭാവിച്ചു തൊഴുതു നില്‍ക്കുന്ന കള്ളന്റെ കാലില്‍ തട്ടി തെറിച്ചു പോയി.. അകത്ത് ഭഗവാനെ ആരാധിച്ചുകൊണ്ടിരിക്കുന്ന മേല്‍ശാന്തി ശബ്ദം കാരണം ഗര്‍ഭ ഗ്രഹത്തില്‍ നിന്നും പുറത്തേക്ക് വന്നു.

അദ്ദേഹം നോക്കിയപ്പോള്‍ പൂജക്കെടുക്കാനുള്ള തുളസിയില പടിയില്‍ ചിതറിക്കിടക്കുന്നു.. അദ്ദേഹം ശ്രീകോവിലിലേക്ക് നോക്കി ഭഗവാനോട് പറഞ്ഞു.. എന്തോ ദുശ്ശകുനം ആണല്ലോ എന്റെ തിരുആറന്‍മുളയപ്പാ..! തിരുആറന്‍മുളയപ്പന്റെ എല്ലാം ഞാന്‍ അറിയുന്നു എന്ന ഭാവത്തിലുള്ള ചിരി പ്രശസ്തമാണല്ലോ..?
നിങ്ങള്‍ അത് കേട്ടിട്ടല്ലേ ഉള്ളൂ അത് കാണണം എങ്കില്‍ തിരുആറന്‍മുള പോകൂ… സാക്ഷാല്‍ വൈകുണ്ഠവാസന്റെ മനം മയക്കുന്ന ചിരി നേരില്‍ കാണാം …ആ തിരുമുന്‍പില്‍ നിന്നാല്‍ ആനന്ദം കൊണ്ട് കരഞ്ഞു പോകാത്ത ഒരു ഭക്തര്‍ പോലും ഉണ്ടാകില്ല ..കാരുണ്യം വഴിഞ്ഞൊഴുകുന്ന ആ നോട്ടത്തിനു മുന്‍പില്‍ ഒരു നിമിഷം നാം എല്ലാം മറന്നു പോകും …വള്ളസദ്യ സമയത്തു അദ്ദേഹം തലയില്‍ രണ്ടാം മുണ്ടു കെട്ടി നില്‍ക്കുന്ന ആ ദര്‍ശനം വാക്കുകളില്ല.. ഹന്ത ഭാഗ്യം ജനാനാം.. വര്‍ണിക്കാന്‍ എനിക്ക് കഴിയില്ല ..എനിക്കെന്നും തന്നെയല്ല സാക്ഷാല്‍ അനന്തന് പോലും കഴിയില്ല..

വിഷയത്തിലേക്കു വരാം.. കള്ളനെ ശാന്തിക്ക് കാണിച്ചു കൊടുക്കാന്‍.. ആറന്‍മുളേശന്‍ ഒരു ശ്രമം നടത്തിയെന്നേ ഉള്ളു.. പക്ഷെ പൂപ്പാത്രം തെറിച്ചു പോയത് കൊണ്ട് മാത്രം എന്തോ ദുശകുനം എന്നല്ലാതെ എന്താവും എന്നറിയാന്‍ തക്ക ബുദ്ധി വൈഭവം ഒന്നും മനുഷ്യന് ഇല്ലല്ലോ എങ്കിലും ശാന്തിക്കാരന്റെ മനസ്സു അസ്വസ്ഥമായിരുന്നു.. ഉച്ചപൂജക്കു ശേഷം അദ്ദേഹം നടയടച്ചു ക്ഷേത്രത്തിന്റെ വടക്കേ മതിലിനോട് ചേര്‍ന്ന് പുറത്ത് സ്ഥിതി ചെയ്യുന്ന മേല്‍ശാന്തി മഠത്തിലേക്ക് പോയി അക്കാലത്ത് പുറപ്പെടാ ശാന്തിയാണ്. അദ്ദേഹം മഠത്തിലെത്തി ഊണ് കഴഞ്ഞിട്ടു അല്പം വിശ്രമിക്കാം എന്ന് കരുതി ചാര് കസേരയില്‍ ഇരുന്നു അല്പം ഉറങ്ങി പോയി..

അപ്പോള്‍ കാണാം അതി തേജസ്വിയായ ഒരു യുവാവ്. മഞ്ഞ നിറത്തിലുള്ള കുറിയാണ്ട് (ചെറിയ തോര്‍ത്ത് പോലെ ഉള്ള തുണി) തലയില്‍ കെട്ടി… രണ്ടാംമുണ്ടു ഞൊറിഞ്ഞു അരയില്‍ കെട്ടി. നെഞ്ചിലും നെറ്റിയിലും ഗോപിചന്ദന കുറി അണിഞ്ഞു ..കണ്ടാല്‍ നല്ല പരിചയം തോന്നുന്ന അതിസുന്ദരനായ ഒരു യുവാവ്..!
അതി സുന്ദരനായ ആ യുവാവ് അദ്ദേഹത്തോട് ഇങ്ങനെ ചൊല്ലി..’ തിരുമേനി..നാളെ ക്ഷേത്രത്തിന് അകത്തും പുറത്തുമുള്ള ദീപങ്ങള്‍ തെളിഞ്ഞു തന്നെ ഇരിക്കട്ടെ ..! പുറംപണിക്കാരോടു പറയു പുറത്തുള്ള വൃക്ഷച്ചുവടുകളില്‍ നിന്നും ആവുന്നത്ര കരിയിലകള്‍ അമ്പലത്തിന്റെ ചുറ്റു മതില്‍ക്കകത്തു നിരത്താന്‍.. കാര്യശേഷിയുള്ള കുറെ കുന്തക്കാരെ ( പടയാളികള്‍ ) അകത്തളത്തില്‍ ഉറങ്ങാന്‍ വിട്ടേക്കു.. ഇത്രയും കല്‍പ്പിച്ച് പ്രകാശമായി മറഞ്ഞു ആ യുവാവ്.
..ഇത്രയുമായപ്പോള്‍ നമ്പൂതിരി ഞെട്ടി ഉണര്‍ന്നു ..ഇത് സത്യമോ മിഥ്യയോ ..എന്താ ഞാന്‍ കേട്ടത് എന്നദേഹം പരിഭ്രമിച്ചു.. വേഗം കുളി കഴിഞ്ഞ് മതില്‍ക്കകത്തേക്ക് ചെന്നു. ക്ഷേത്രത്തിന്റെ ചുമതലയുള്ള തിരുവിതാംകൂറിന്റെ ക്ഷേത്ര അധികാരിയെ വിവരം അറിയിച്ചു.

ഇത് വെറും ഒരു സ്വപനം അല്ലെ തിരുമേനി. അങ്ങേയ്ക്ക് തോന്നിയതാകും എന്ന് പറഞ്ഞു. അദ്ദേഹം ആ വൃദ്ധ ബ്രാഹ്‌മണനെ മടക്കി അയച്ചു. ആ പാവം പരിഭ്രാന്തിയിലായി. തിരുആറന്‍മുള ക്ഷേത്രത്തിലാണ് അടുത്തുള്ള ക്ഷേത്രങ്ങളിലെ ഓക്യ സ്വത്തു വകകള്‍ സൂക്ഷിക്കുന്നത് ഇനിയെന്തു ചെയ്യും അധികാരി ചിരിച്ചു തള്ളുകയും ചെയ്തല്ലോ എന്റെ തിരുആറന്മുളയപ്പാ..!
അദ്ദേഹം മുന്പരിചയക്കാരും അദ്ദേഹം പറഞ്ഞാല്‍ അനുസരിക്കുന്നതുമായ കുറച്ചു ക്ഷേത്രം വകജീവനക്കാരെയും തൂപ്പുകാരെയും വിളിച്ചു വരുത്തി.. തൂപ്പുകാരോട് അന്ന് വൈകുന്നേരം അധികാരി പോയതിനു ശേഷം ക്ഷേത്ര വളപ്പില്‍ കരിയില നിറക്കാനും ആരോഗ്യമുള്ള മൂന്നു നാലു കഴകക്കാരോട് ഊട്ടുപുരയില്‍ തങ്ങാനും ആവശ്യപ്പെട്ടു.

നാരായണനാമം ഉരുവിട്ട് അദ്ദേഹവും ഭഗവാന്റെ നടയിലെ കല്‍ക്കെട്ടില്‍ എന്താകും ഭഗവാനെ എന്നു വിചാരിച്ച് ഇരിപ്പുറപ്പിച്ചു.. ക്ഷേത്ര ഭിത്തിയുടെ അകത്തും പുറത്തും വശങ്ങളില്‍ അവിടെ ഇവിടെ ആയി കുറെ പന്തങ്ങള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു.. എന്താകും സംഭവിക്കാന്‍ പോകുന്നത് എന്ന് ഒരു ഊഹവും ഇല്ല.. അദ്ദേഹം ഭഗവാനില്‍ പൂര്‍ണ്ണ പൂര്‍ണ്ണമായ വിശ്വാസം അര്‍പ്പിച്ചു.

രാത്രി ഏകദേശം ഒരു മണിയായി കാണും കാവലിരുന്ന എല്ലാവരും ഉറക്കമായി.. അപ്പോള്‍ ഭഗവാന്റെ അമ്പലത്തില്‍ മോഷണം നടത്താന്‍ തീരുമാനിച്ചെത്തിയ കൊള്ളക്കാരുടെ സംഘം പുറത്തു തമ്പടിച്ച് സാഹചര്യങ്ങള്‍ നോക്കി വരന്‍ ആദ്യമെത്തി വിവരങ്ങള്‍ തിരക്കി പോയ കള്ളനെ തന്നെ ഏല്‍പ്പിച്ചു.. അവന്‍ മതില്‍ക്കകത്തെത്തി കൂട്ടാളികള്‍ നില്‍ക്കുന്ന മതിലിന്റെ ഭാഗത്തു അടയാളം വെച്ച് അകത്തെത്തിയപ്പോള്‍ ചവുട്ടിയതു കൂട്ടിയിട്ടിരിക്കുന്ന കരിയിലകളില്‍ അത് കലപില ശബ്ദം ഉണ്ടാക്കി കണ്ണിലുറക്കം കയറി തുടങ്ങിയിരുന്ന നമ്പൂതിരി ഉണര്‍ന്നു ഭിത്തിയുടെ വശങ്ങളില്‍ കുത്തി നിര്‍ത്തിയിരുന്ന പന്തങ്ങള്‍ കത്തിച്ചു ഭഗവാന്റെ നടക്കു ചുറ്റും ദീപങ്ങള്‍ തെളിഞ്ഞത് കണ്ട കള്ളന്‍ ..ചുറ്റിനും ആള്‍ക്കാര്‍ കാവലുണ്ട് എന്ന് കരുതി രക്ഷപെടാന്‍ വേണ്ടി ഇങ്ങോട്ടു ചാടിയ മതിലിന്റെ അടയാളം നോക്കി നടന്നു തുടങ്ങി ….

എവിടെ നോക്കിയിട്ടും മതില്‍ തന്നെ.. അടയാളം കാണുന്നില്ല.. അര്‍ദ്ധരാത്രിയില്‍ ആകാശത്ത് ചന്ദ്രനും വന്നുദിച്ചു നിലാവില്‍ താഴികക്കുടം ശോഭിച്ചു. കള്ളന്‍ നോക്കിയപ്പോള്‍ നിലാവുദിച്ച ആകാശത്ത് തന്നെ നിരീക്ഷിക്കുന്നതുപോലെ ഒരു കൃഷ്ണപ്പരിന്ത് വട്ടമിട്ടു പറക്കാന്‍ തുടങ്ങി. ക്ഷേത്ര നടയുടെ മുന്‍പില്‍ വ്യാളീമുഖം കണ്ടതോര്‍ത്തു അവന്‍ ക്ഷേത്ര നടയിലേക്കു നടന്നു അപ്പോള്‍ കാണാം… ക്ഷേത്രത്തിനു ചുറ്റും വ്യാളി രൂപം കൊത്തി വെച്ച കല്‍ ഭിത്തികള്‍..!
ക്ഷേത്രത്തിന്റെ മുന്‌പെതാണ് പുറകേതാണ് എന്ന് മനസ്സിലാകാതെ അവന്‍ വട്ടം നടന്നു. ഈ നടപ്പുകണ്ടും അവന്റെ പേടിപ്പെടുത്തുന്ന രൂപം കണ്ടും ഭയചകിതനായ നമ്പൂതിരി നിന്നിടത്തു നിന്ന് അനങ്ങിയില്ല ഊട്ടുപുരയില്‍ കിടക്കുന്നവരെ വിളിക്കാന്‍ അദ്ദേഹത്തിന് പേടി കാരണം നാവു പൊന്തിയില്ല..
എന്നാല്‍ കള്ളന്റെ കൂടെ വന്നവരോ നേരം വെളുക്കാറാകുന്നത് കണ്ടിട്ടും അകത്തു പോയ ആള്‍ പുറത്തു വരാഞ്ഞത് കണ്ടു വാളുകളും മറ്റായുധങ്ങളും എടുത്തു അകത്തേക്ക് പ്രവേശിക്കാനായി പമ്പയാറിന്റെ വശത്തൂടെ ഉള്ള പടവുകള്‍ കയറി.. അപ്പോള്‍ എവിടെ നിന്നോ അസംഖ്യം ശരങ്ങള്‍ പാഞ്ഞുവന്ന അവരുടെ ദേഹത്ത് പതിക്കുകയും കാവല്‍ക്കാര്‍ ഇപ്പോഴും ഉണര്‍ന്നിരിക്കുന്നു എന്ന് കരുതി അവര്‍ ആയുധങ്ങളും പണസഞ്ചികലും അവിടെ ഉപേക്ഷിച്ചു ഓടി രക്ഷപെടുകയും ചെയ്തു …!

അന്നവര്‍ എറിഞ്ഞുകളഞ്ഞ വാളുകളെല്ലാം പെറുക്കിയെടുത്തു ക്ഷേത്രമാളികയുടെ മുകളില്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. അവയില്‍ ഏതാനുമൊക്കെ തുരുമ്പുപിടിച്ചു കേടുവന്നു പോവുകയും ഒട്ടുവളരെയെണ്ണം ലേലം ചെയ്തു വില്‍ക്കുകയും ചെയ്തുവെങ്കിലും ശേഷമുള്ള വാളുകള്‍ ഇപ്പോഴുമവിടെ ബലിക്കല്‍പ്പുരയുടെ മുകളില്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട് ഇന്ന് പഴമക്കാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. ഇത്ര വളരെ വാളുകള്‍ ഉണ്ടായിരുന്നതുകൊണ്ടുതന്നെ അന്നു കൊള്ളയ്ക്കു വന്നിരുന്ന കൊള്ളക്കാരുടെ സംഖ്യ ഒട്ടും ചില്ലറയല്ലായിരുന്നു എന്നു തീര്‍ച്ചയാക്കാം.

അകത്തു പെട്ട് പോയ കള്ളനു എന്ത് പറ്റിയെന്നു നോക്കാം. സ്ഥലവിഭ്രാന്തി പിടിപെട്ടു അവന്‍ അമ്പലത്തിനു ചുറ്റും നടന്നു കൊണ്ടേ ഇരുന്നു നേരം വെളുക്കാറായപ്പോള്‍ ആള്‍ക്കാര്‍ അവനെ ബലമായി പിടിച്ചു രാജാവിന്റെ ഭടന്മാരെ ഏല്‍പ്പിച്ചു… അവന്‍ മുഖാന്തിരം അവന്റെ കൂട്ടാളികളെയും തളക്കാന്‍ രാജഭടന്മാര്‍ക്കു കഴിഞ്ഞു.

വിചാരണക്ക് കൊണ്ട് പോയപ്പോള്‍ ചാരനായ കള്ളനോട് ശിപായി ചോദിച്ചത്രേ.. നീ ഒരുതരത്തില്‍ എല്ലാ കൂട്ടാളികളെയും പിടിക്കാന്‍ സഹായിച്ചു.. ആറന്മുള അമ്പലത്തില്‍ നീ മോഷണം നടത്താതിരുന്നതിന്റെ കാരണം എന്താണ്..?
അവന്‍ ഇപ്രകാരം പറഞ്ഞു.. പല അമ്പലങ്ങളും മോഷണം നടത്താന്‍ ഞങ്ങള്‍ പോയിട്ടുണ്ട്.. എന്നാല്‍ കള്ളനെ തോല്‍പ്പിക്കുന്ന മഹാകള്ളന്‍ ഇരിക്കുന്നിടത്തു ആദ്യമായിട്ടാണ് കയറുന്നതു.. ഒറ്റ രാത്രി കൊണ്ടല്ലേ തിരുആറന്‍മുളയപ്പന്‍ ക്ഷേത്രം പണിയാന്‍ മണ്ണിട്ട് ഉയര്‍ത്തി മഹാമതില്‍ കെട്ടിയത് ഭൂതഗണങ്ങളെ കൊണ്ട്. ചുറ്റിനും വ്യാളി മുഖത്തോടു കൂടിയ കരിങ്കല്‍ കോട്ടകെട്ടിയതു കാണാന്‍ സാധിക്കും..
നഗ്‌നനേത്രങ്ങള്‍ കൊണ്ട് സാധാരണക്കാര്‍ക്ക് കാണാന്‍ സാധിക്കാത്ത വിധം ഈ ക്ഷേത്രത്തിന് ചുറ്റിനും അദൃശ്യ ശക്തികളുടെ കാവലുമുണ്ട് എന്ന വിശ്വാസം..
നിങ്ങള്‍ ദര്‍ശിച്ചിട്ടുണ്ടോ തിരുആറന്‍മുളയപ്പനെ ഒരിക്കലെങ്കിലും. അവിടുത്തെ കാണാന്‍ ഭാഗ്യം ഉണ്ടാകട്ടെ ഭക്തരായ എല്ലാവര്‍ക്കും.. ഭഗവാന്‍ അനുവദിക്കട്ടെ അവിടെയെത്തുവാന്‍ ആ ദര്‍ശനത്തില്‍ മതി മറക്കുവാന്‍. മായാമയനായ നമ്മുടെ തിരുആറന്‍മുളയപ്പന്‍..
അടുത്ത കഥയ്ക്കായി എല്ലാവരും ഭക്തിനിറച്ച് കാത്തിരിക്കു..
അടുത്ത കഥ ആറന്മുള ആക്രമിക്കാന്‍ എത്തിയ വേറെ ഒരു കൊള്ള സംഘത്തിനെപ്പറ്റിയാണ്. അന്നവര്‍ ചെയ്ത സത്യം ഇന്നും ദേശത്ത് പ്രസിദ്ധമാണ്.
സര്‍വ്വം ശ്രീതിരുആറന്മുളേശ തൃപ്പാദ സമര്‍പ്പണം..

 

Related Posts