സമ്പൂര്‍ണ ഏപ്രില്‍ മാസഫലം; ഈ നക്ഷത്രക്കാര്‍ക്ക് നേട്ടങ്ങളുടെ കാലം
ഏതൊരാള്‍ക്കും പല കാര്യങ്ങളും അറിയുവാനുള്ള ആകാംക്ഷ ജീവിതത്തില്‍ ഉണ്ടാകുമെങ്കിലും ആതില്‍ വെച്ച് ഏറ്റവും അധികം അറിയുവാനുള്ള ജിജ്ഞാസ ഉള്ളത് അവനവന്റെ ഭാവിയുടെ കാര്യത്തില്‍ തന്നെയാണ്. നവഗ്രഹങ്ങളെ ആധാരമാക്കി മനുഷ്യന്റെ ജീവിത ചക്രത്തെയും ഗതിവിഗതികളേയും മുന്‍കൂട്ടി കാണുവാനായി നമ്മുടെ പൂര്‍വ്വസൂരികളായ മുനീശ്വരന്മാര്‍ കഠിനമായ തപശ്ചര്യയിലൂടെയും മനനത്തിലൂടെയും കണ്ടെത്തിയ ഒരു സൂത്രവാക്യം തന്നെയാണ് ജ്യോതിഷം.
ഇതിനെ വേദത്തിന്റെ കണ്ണായും വിവക്ഷിക്കപ്പെടുന്നു. ചാരവശാല്‍ വരുന്ന പൊതു ഫലങ്ങളെ ആഴ്ച, മാസം, വര്‍ഷം എന്നിങ്ങനെ തിരിച്ച് നമുക്ക് പറയാവുന്നതാണ്. ഇതില്‍ പറയുന്ന ഫലങ്ങള്‍ പൊതു ഫലങ്ങളായതിനാല്‍ എല്ലാവര്‍ക്കും അനുഭവയോഗ്യമാകണമെന്നില്ല. ജാതകവശാലുള്ള ദശാകാലം, ഗ്രഹങ്ങളുടെ ബലം, ഈശ്വരാനുഗ്രഹം എന്നിവയെല്ലാം കൂടി സംക്ഷിപ്തമായി നോക്കി മാത്രമെ ഉറപ്പിച്ചു ഫലങ്ങള്‍ പറയുവാന്‍ പറ്റുകയുള്ളു. അതു കൊണ്ടു തന്നെയാണ് ഇതിനെ പൊതുഫലമായി വിവക്ഷിക്കപ്പെടുന്നത്.
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ പാദവും)
ചാരവശാല്‍ വ്യാഴം ജന്മത്തിലും ശനി പതിനൊന്നിലും സഞ്ചരിക്കയാല്‍ പൊതുവെ ഗുണാധിക്യ കാലമാണ്. ആഗ്രഹിച്ച കാര്യങ്ങള്‍ നടക്കാന്‍ ഇടവരുമെങ്കിലും ധനനഷ്ടം, മാനഹാനി ഇവ വരാതെ ശ്രദ്ധിക്കണം. വിവാഹ കാര്യങ്ങളില്‍ പുരോഗതി ഉണ്ടാവാന്‍ സാധ്യതയുണ്ട്.
പുതിയ വാഹനം വന്നുചേരാം. അപ്രതീക്ഷിതമായി ധനം ലഭിക്കാം. ദാമ്പത്യജീവിതം നല്ല രീതിയില്‍ മുന്നോട്ടു പോകും. സന്താനങ്ങളുടെ എന്‍ട്രന്‍സ് തുടങ്ങിയ വിദ്യാഭ്യാസ കാര്യങ്ങളില്‍ ആലോചന തുടങ്ങുകയും അതില്‍ മുന്നോട്ടു പോവുകയും ചെയ്യും. സ്വജനങ്ങള്‍ക്ക് അസുഖങ്ങള്‍ അലട്ടാം. വാതരോഗികള്‍ ശ്രദ്ധിക്കണം. കഫജന്യങ്ങളായ രോഗങ്ങള്‍ക്ക് സാധ്യത.
കര്‍മ്മരംഗത്ത് സ്ഥാനക്കയറ്റമോ സ്ഥലം മാറ്റമോ വന്നുചേരും. പിണങ്ങിയവര്‍ രമ്യതയിലാകും. ആരോഗ്യ ബുദ്ധിമുട്ടുകള്‍ ഉണ്ടാവാം. സിനിമ, നാടകം, സംഗീതം എന്നീ കലകളോട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കും. സാമ്പത്തികനേട്ടം ഉണ്ടാകും. പെട്ടെന്നെടുക്കുന്ന തീരുമാനങ്ങള്‍ നഷ്ടത്തില്‍ കലാശിക്കും. ഐടി രംഗത്തുള്ളവര്‍ക്ക് സാമ്പത്തിക ലാഭം ഉണ്ടാകാം.
കേസ്, വ്യവഹാരം എന്നിവയ്ക്ക് തീര്‍പ്പാകും. ദാമ്പത്യ പ്രശ്‌നങ്ങള്‍ക്കും വസ്തു തര്‍ക്കങ്ങള്‍ക്കും പരിഹാരം ഉണ്ടാകും. വിദേശത്തുള്ള ബന്ധുജനങ്ങളുമായി കൂട്ടുകൂടാന്‍ അവസരം ലഭിക്കും. വിനോദയാത്രകള്‍ക്കായും വിശേഷ വസ്ത്രാഭരണങ്ങള്‍ക്കായും പണം ചെലവിടും. സ്വജ്ജനങ്ങള്‍ക്കായി ധനം ചെലവഴിക്കും. കടബാധ്യതകള്‍ തീര്‍ക്കാന്‍ ബുദ്ധിമുട്ടും. പൊതുരംഗത്ത് ഉള്ളവര്‍ക്ക് അലച്ചലിന് സാധ്യത. ആഹാരപദാര്‍ത്ഥങ്ങളില്‍ ശ്രദ്ധ വേണം. യാത്രാമധ്യേ ബുദ്ധിമുട്ടുകള്‍ ഉണ്ടാവാം. സമൂഹത്തില്‍ അംഗീകാരവും സ്ഥാനമാനങ്ങളും ലഭിക്കും.
ഇടവക്കൂറ് (കാര്‍ത്തികയുടെ അവസാനത്തെ മൂന്നു പാദം, രോഹിണി, മകയിരം ആദ്യത്തെ രണ്ട് പാദവും)
ചാരവശാല്‍ വ്യാഴം 12 ലും ശനി 10ലും സഞ്ചരിക്കയാല്‍ അപ്രതീക്ഷിത ധനനഷ്ടം, മാനഹാനി എന്നിവയ്ക്ക് സാധ്യത. ധനമിടപാടുകളില്‍ ചതിവ് പറ്റാതെ ശ്രദ്ധിക്കുക. അപ്രതീക്ഷിതമായി ധനം വന്നുചേരാന്‍ ഇടയുണ്ട്. ആത്മീയ കാര്യങ്ങള്‍ക്കായി തീര്‍ത്ഥയാത്ര നടത്തും. ദാമ്പത്യപരമായി വിഷമങ്ങള്‍ അനുഭവിക്കാന്‍ ഇടയുണ്ട്. യാത്രകളില്‍ വിഷമഘട്ടങ്ങള്‍ ഉണ്ടാകാം.
ഏറെ നാളായി ആഗ്രഹിച്ച ഗ്രഹ നിര്‍മ്മാണത്തില്‍ പുരോഗതി പ്രകടമാകും. അപകടങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ വാഹനം ഉപയോഗിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. വിദേശത്തുള്ള ബന്ധുജനങ്ങളുടെ സമാഗമം ഉണ്ടാവാന്‍ സാധ്യത. ദൂരദേശ യാത്രയ്ക്ക് ഉദ്ദേശിച്ച ഫലപ്രാപ്തി ഉണ്ടാകും. സന്താനങ്ങളെ കൊണ്ട് ഗുണാനുഭവങ്ങള്‍ ഉണ്ടാകും. വിഷമഘട്ടങ്ങളെ തരണം ചെയ്യും. ബന്ധുക്കളുമായി മാനസിക പ്രയാസങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. പുതിയ വാഹനം വാങ്ങാന്‍ ആഗ്രഹം ജനിക്കും.
കര്‍മ്മസ്ഥാനങ്ങള്‍ മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സമയം അനുകൂലം. ഗവണ്‍മെന്റില്‍ നിന്നും അനുകൂല നടപടികള്‍ ഉണ്ടാകും. നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങള്‍ക്ക് കാലതാമസം നേരിടാം. വിവാഹ കാര്യങ്ങളില്‍ വേണ്ടത്ര പുരോഗതി ഉണ്ടാവണമെന്നില്ല. കര്‍മ്മരംഗത്ത് ചില പുതിയ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരാം. അപ്രതീക്ഷിതമായി ആശുപത്രി വാസം ഉണ്ടാവാം. വിദേശത്ത് കര്‍മ്മ സംരംഭങ്ങളില്‍ നിന്നും വഞ്ചനയും ധനനഷ്ടവും വരാതിരിക്കാന്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. സ്ത്രീ ജനങ്ങളില്‍ നിന്നും അപമാനം സഹിക്കേണ്ടതായി വരാം.
വരവിനെക്കാള്‍ ചിലവ് വര്‍ധിക്കാന്‍ ഇടയുണ്ട്. കടം വീട്ടാനുള്ള പരിശ്രമം നീണ്ടുനില്‍ക്കും. കൂട്ടു കച്ചവടത്തില്‍ അഭിപ്രായവ്യത്യാസം ഉണ്ടാകും. ഗൃഹത്തില്‍ നിന്നും വിട്ടു നില്‍ക്കേണ്ട സാഹചര്യം വന്നുചേരാം. പൊതുപ്രവര്‍ത്തനരംഗത്ത് ജോലിഭാരം വര്‍ദ്ധിക്കും. കായികരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടം കുറയും. അന്യാധീനപ്പെട്ട പണം തിരികെ ലഭിക്കാന്‍ സാധ്യത കുറവാണ്. അപവാദങ്ങളെ കരുതിയിരിക്കേണ്ട സാഹചര്യമാണ്. സന്താനങ്ങളുടെ കാര്യത്തില്‍ വിഷമതകള്‍ അലട്ടാം. വിവാഹാദി മംഗള കര്‍മ്മങ്ങള്‍ക്കായി പണം ചെലവഴിക്കാം. കൂടാതെ വസ്ത്രാഭരണങ്ങള്‍ കടമെടുത്തു വാങ്ങാന്‍ ഇടയുണ്ട്. കുടുംബത്തില്‍ അഭി പ്രായവ്യത്യാസം ഉണ്ടാവുകയും അത് ഉന്നതരുമായി ചര്‍ച്ച ചെയ്യാന്‍ ഇടവരുകയും പരിഹരിക്കപ്പെടുകയും ചെയ്യും. ദീര്‍ഘകാല രോഗങ്ങള്‍ക്ക് ചികിത്സ ലഭിക്കും. വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാതിരിക്കാന്‍ കരുതല്‍ വേണം.
മിഥുനക്കൂറ് (മകയിരം അവസാന രണ്ട് പാദവും തിരുവാതിരയും പുണര്‍തത്തിന്റെ ആദ്യത്തെ മൂന്ന് പാദവും)
ചാരവശാല്‍ വ്യാഴം 11 ലും ശനി ഒമ്പതിലും ആകയാല്‍ ഉല്ലാസയാത്രയ്ക്ക് തയ്യാറെടുക്കുകയും ദൈവീക കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കുകയും ബന്ധുജനങ്ങളുമായി കൂട്ടുകൂടുകയും കര്‍മ്മ സ്ഥാനത്ത് ചില പുരോഗതികള്‍ വന്നുചേരാന്‍ ഇടയുണ്ടാകുകയും ഏറെ നാളായി ആഗ്രഹിച്ച ഗൃഹനിര്‍മ്മാണ കാര്യങ്ങള്‍ക്ക് പുരോഗതി ഉണ്ടാവുകയും ചെയ്യും.
വാഹനം ഉപയോഗിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അപ്രതീക്ഷിതമായി പണം വന്നുചേരാന്‍ ഇടയുണ്ട് ദാമ്പത്യബന്ധം നല്ല രീതിയില്‍ മുന്നോട്ടു പോകും. വ്യാപാര വ്യവസായ മേഖല മെച്ചപ്പെടും. വാതരോഗങ്ങള്‍ അലട്ടുന്നവര്‍ ചികിത്സ തേടാന്‍ ഇടയുണ്ട്. പൊതു പ്രവര്‍ത്തകര്‍ക്ക് സ്ഥാനമാനങ്ങള്‍ ലഭിക്കും. ഐടി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കര്‍മ്മ പുരോഗതി ഉണ്ടാകും നൃത്ത സംഗീതാദി കലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്ഥാനമാനങ്ങള്‍ ലഭിക്കാം. സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മെച്ചം ഉണ്ടാകും ആരോഗ്യം പൊതുവേ തൃപ്തികരം.
കര്‍ക്കിടകക്കൂറ് (പുണര്‍തത്തിന്റെ അവസാന പാദവും പൂയവും ആയില്യവും)
വ്യാഴം പത്തിലും ശനി അഷ്ടമത്തിലും ആകയാല്‍ പക്ഷപാതമില്ലാത്ത ഇടപാടുകളിലൂടെ ആളുകളുടെ വിശ്വാസം നേടിയെടുക്കും. പ്രിയപ്പെട്ടവരുടെ പിന്തുണയോടു കൂടി നേട്ടങ്ങള്‍ കൈവരിക്കും. ബിസിനസ്സില്‍ അഭിവൃദ്ധി പ്രാപിക്കും. കര്‍മ്മമേഖല വിപുലീകരിക്കാന്‍ സാധ്യതയുണ്ട്. പൂര്‍വിക സ്വത്തില്‍ അനുഭവിക്കുന്ന തര്‍ക്കങ്ങള്‍ തീരുവാന്‍ ഇടയുണ്ട്. ആത്മീയകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കാം. വേണ്ട പെട്ടവര്‍ക്ക് ആശുപത്രി വാസം നേരിടേണ്ടി വരാം.
പെട്ടെന്ന് എടുക്കുന്ന തീരുമാനങ്ങള്‍ നഷ്ടത്തില്‍ കലാശിക്കാം. വിവാഹാദി മംഗള കര്‍മ്മങ്ങള്‍ക്കായി പണം ചെലവഴിക്കുകയും സ്വന്തക്കാരില്‍ നിന്നും വിഷമങ്ങള്‍ ഉണ്ടാവാന്‍ ഇടയുണ്ട്.
ദാമ്പത്യ ബന്ധത്തില്‍ ഉലച്ചില്‍ ഉണ്ടാകാം. വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമാണ്. കായിക രംഗങ്ങള്‍ക്കായി സമയം ചെലവഴിക്കും. കാലാവസ്ഥാ വ്യതിയാനം രോഗങ്ങള്‍ക്ക് കാരണമാകാം. നിശ്ചയിച്ചുറപ്പിച്ച ദൂര യാത്രകള്‍ക്ക് മാറ്റങ്ങള്‍ വരാം. മക്കളുടെ വിവാഹ ബന്ധം തീരുമാനമാകാം. ദീര്‍ഘ കാലങ്ങളായി അലട്ടിക്കൊണ്ടിരിക്കുന്ന അസുഖങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. ദൂരദേശത്തുള്ള ബന്ധുജനങ്ങളുമായി കൂട്ടുകൂടാന്‍ അവസരം ലഭിക്കും.
ചിങ്ങക്കൂറ് (മകം, പൂരം ഉത്രം ആദ്യ പാദവും)
വ്യാഴം ഒമ്പതിലും ശനി ഏഴിലും സഞ്ചരിക്കയാല്‍, ഈ കാലം പ്രായേണ ഗുണ ദോഷ സമ്മിശ്രമാണ്. ശരീരക്ഷീണം അനുഭവപ്പെടാം. മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. സ്വജനങ്ങളുമായി കലഹത്തിന് സാധ്യത. വിനോദയാത്രയ്ക്കായി ധനം സ്വരൂപിക്കും. പണയം വെച്ച സ്വര്‍ണാഭരണങ്ങള്‍ തിരിച്ചെടുക്കാന്‍ ശ്രമിക്കും. വിവാഹാദി മംഗള കര്‍മ്മങ്ങള്‍ക്കായി ദൂര യാത്ര വേണ്ടി വരാം. അഗ്‌നി സംബന്ധമായ പ്രവര്‍ത്തികളില്‍ ശ്രദ്ധ വേണം. കര്‍മ്മരംഗത്ത് അഗ്‌നിബാധ അനുഭവപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. ഭാര്യ ഭര്‍തൃ ബന്ധത്തില്‍ കലഹത്തിന് സാധ്യത. ബന്ധു ജനങ്ങളുടെ സഹായം ലഭിക്കാം.
സത്കര്‍മ്മങ്ങള്‍ക്കായി പണം ചെലവഴിക്കും. പൊതുപ്രവര്‍ത്തനരംഗത്ത് കൂടുതല്‍ സജീവമാകും. വിവാഹ കാര്യങ്ങളില്‍ തീരുമാനമാകാം. പല വിധേനയുള്ള ഭാഗ്യ അനുഭവങ്ങള്‍ ഉണ്ടാകാം. ഉന്നതരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജോലിഭാരം വര്‍ധിക്കാന്‍ സാധ്യത. നൃത്ത സംഗീതാദി കലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം ലഭിക്കും.
ദൂരെയുള്ള ബന്ധുജനങ്ങളുമായി ഒത്തുകൂടാനുള്ള അവസരം ഉണ്ടാകാം. കോടതി വ്യവഹാരങ്ങളില്‍ ശ്രദ്ധ വേണം. മുഖ രോഗം നേത്രരോഗം ഇവ അലട്ടാം. ദൂര യാത്രകളില്‍ തടസ്സം നേരിടാം. ആത്മീയ കാര്യങ്ങള്‍ക്കായി സമയം കണ്ടെത്തും. സന്താനങ്ങളെക്കുറിച്ച് വേവലാതി കൂടും. കര്‍മ്മ മേഖല കൂടുതല്‍ മെച്ചപ്പെടും. വ്യാപാര രംഗത്ത് പ്രതീക്ഷിച്ച പുരോഗതി കാണില്ല .ജീവിതശൈലി രോഗങ്ങള്‍ കൂടാന്‍ സാധ്യത. മറ്റുള്ളവരുമായുള്ള കൂട്ടുകെട്ട് വിഷമത്തിലും കലഹത്തിലും കലാശിക്കാം.
കന്നിക്കൂറ് (ഉത്രത്തിന്റെ അവസാന മൂന്നു പാദവും അത്തവും ചിത്തിര ആദ്യ രണ്ടു പാദവും)
വ്യാഴം അഷ്ടമത്തിലും ശനി ആറിലും സഞ്ചരിക്കയാല്‍, മാനസിക അസ്വസ്ഥതകള്‍ കൂടാം. ശത്രുക്കളില്‍ നിന്ന് ദുഃഖ അനുഭവങ്ങള്‍ ഉണ്ടാകാം. ദാമ്പത്യ ബന്ധത്തില്‍ അസ്വസ്ഥതകള്‍ ഉടലെടുക്കാം. പുതുഗൃഹനിര്‍മ്മാണത്തിനോ അറ്റകുറ്റപ്പണികള്‍ക്കോ തടസ്സങ്ങള്‍ നേരിടാം. തൊഴില്‍ രംഗത്ത് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാം. ജീവിത ശൈലി രോഗങ്ങള്‍ ഉള്ളവര്‍ക്ക് അവ കൂടാന്‍ സാധ്യത. പ്രേമ നൈരാശ്യം അലട്ടാം. സ്വജനങ്ങളുമായി കലഹത്തില്‍ ഏര്‍പ്പെടാം. ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടാം. വിശേഷ വസ്ത്രാഭരണങ്ങള്‍ വാങ്ങാന്‍ ധനം ചെലവഴിക്കും.
അപവാദാരോപണങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ സംസാരത്തില്‍ ശ്രദ്ധ വേണം. വിദ്യാര്‍ത്ഥികള്‍ പുതിയ പഠനത്തിനായി തയ്യാറെടുക്കും. താല്‍ക്കാലിക കൂട്ടുകെട്ടുകള്‍ ഒഴിവാക്കുന്നത് നന്നാവും. വാഹനം വാങ്ങാന്‍ ധനം സ്വരൂപിക്കും. പ്രിയപ്പെട്ട വരുമായി കൂട്ടുകൂടാന്‍ അവസരം ലഭിക്കും. സംഗീതം, നാടകം മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. പഠന പൂര്‍ത്തീകരണത്തിന് സമയം കണ്ടെത്തും. മറ്റുള്ളവരുടെ കാര്യത്തിലുള്ള ഇടപെടലുകള്‍ മാനസികവ്യഥയിലേക്ക് നയിക്കാം. അപ്രതീക്ഷിത പണചെലവിന് സാധ്യത. പ്രവര്‍ത്തി മേഖലയില്‍ തടസ്സങ്ങള്‍ ഉണ്ടാകാം.
പുതിയ കര്‍മ്മമേഖല തെരഞ്ഞെടുക്കാന്‍ ശ്രമിക്കും. അതുമൂലം കഷ്ടതകള്‍ അനുഭവപ്പെടാം. മക്കളെ കുറിച്ച് ഓര്‍ത്ത് മാനസിക ദുഃഖം ഉണ്ടാകാം. വിദേശയാത്രയ്ക്ക് തടസ്സങ്ങള്‍ നേരിടാം. വിവാഹമോചനത്തിന് ശ്രമിക്കുന്നവര്‍ക്ക് കാലതാമസം വരും. പൂര്‍വിക സ്വത്തില്‍ തര്‍ക്കത്തിന് സാധ്യത. പൗരാണികമായി ലഭിക്കേണ്ട സ്വത്തില്‍ തീരുമാനം ആകാം. ഗൃഹാന്തരീക്ഷം കലുഷിതം ആകാന്‍ ഇടയുണ്ട്. ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ആഹാര കാര്യത്തില്‍ ശ്രദ്ധ വേണം.
പൊതുപ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക് അപവാദ ആരോപണങ്ങളും സാമ്പത്തിക നഷ്ടവും ഉണ്ടാവാം. കര്‍മ്മമേഖല മെച്ചപ്പെടുത്താന്‍ ജോലിഭാരം വര്‍ദ്ധിക്കാം. ഉദരരോഗം, ഉഷ്ണജന്യ രോഗങ്ങള്‍, കാലാവസ്ഥാ വ്യതിയാനങ്ങള്‍ കൊണ്ടുണ്ടാകുന്ന രോഗങ്ങള്‍ അലട്ടാം.
തുലാക്കൂറ് (ചിത്തിരയുടെ അവസാന രണ്ട് പാദവും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മൂന്നു പാദവും)
വ്യാഴം ഏഴിലും ശനി അഞ്ചിലും സഞ്ചരിക്കയാല്‍, ഗൃഹത്തില്‍ സമാധാനം കൈവരും. പുതിയ വാഹനം വാങ്ങാന്‍ തീരുമാനമാകും. അതിനായി ധനം സ്വരൂപിക്കും. ഇഷ്ടമുള്ളവരും, സുഹൃദ്ബന്ധങ്ങള്‍ ഇവ മൂലം മനസന്തോഷമുണ്ടാകാം. സമൂഹത്തില്‍ സ്ഥാനമാനങ്ങളും നേട്ടങ്ങളും ഉണ്ടാകും. ബന്ധുജനങ്ങള്‍ക്ക് ക്ഷേമ ഐശ്വര്യങ്ങള്‍ ഉണ്ടാകും.
ബന്ധുജന സമ്പര്‍ക്കത്തിന് സമയം ചെലവഴിക്കും. ഇപ്പോള്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ മാറ്റിവെച്ച് വിനോദയാത്രകള്‍ക്ക് സമയം കണ്ടെത്തും. ദാമ്പത്യജീവിതം തൃപ്തികരം. സന്താനങ്ങളെ കുറിച്ച് ഓര്‍ത്ത് അഭിമാനം കൊള്ളുന്ന നിമിഷങ്ങള്‍ ഉണ്ടാവാം. വിവാഹാദി മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും. വിശേഷ വസ്ത്രാഭരണങ്ങള്‍ ലഭിക്കാന്‍ ഇടയുണ്ട്. ഗൃഹനിര്‍മ്മാണങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുകയും മുടങ്ങിയവ പുനരാരംഭിക്കാനും സാധ്യതയുണ്ട്. സംഗീത കലാരംഗത്തുള്ളവര്‍ക്ക് അവസരങ്ങള്‍ ഉണ്ടാകും. സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പല വിധേന ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും.
കാര്യ തടസ്സങ്ങള്‍ മാറിക്കിട്ടാന്‍ ഇടയുണ്ട്. യാത്രകള്‍ വേണ്ടിവരും. കുടുംബജനങ്ങളുമായി യാത്ര പോകാന്‍ അവസരം ഉണ്ടാകും. ബന്ധുജനങ്ങളില്‍ നിന്ന് സഹായം ലഭിക്കും. വീടുവയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം. ബാങ്കില്‍ നിന്ന് കടം എടുക്കാന്‍ തീരുമാനമാകും. പണയാഭരണങ്ങള്‍ തിരിച്ചെടുക്കാന്‍ ശ്രമിക്കും. സത്ക്കര്‍മ്മങ്ങള്‍ക്ക് സമയം കണ്ടെത്തും. പുണ്യ തീര്‍ത്ഥ യാത്രകള്‍ക്ക് അവസരം ലഭിക്കുകയും അതിനായി പണം ചെലവഴിക്കുകയും ചെയ്യും. മക്കളുടെ വിവാഹ കാര്യങ്ങളില്‍ തീരുമാനമാകും. തൊഴില്‍രംഗം മെച്ചപ്പെടും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ സാധ്യത.
ഊഹക്കച്ചവടത്തില്‍ നിന്ന് ധനലാഭം ഉണ്ടാവാം. ഉന്നത വിദ്യാഭ്യാസത്തിനായി പണം സ്വരൂപിക്കും. ഭൂമി, വാഹനം ഇവ വാങ്ങാനുള്ള ശ്രമം ഉണ്ടാകും. തര്‍ക്ക വിഷയങ്ങളില്‍ വിജയം കൈവരിക്കും. ജീവിതശൈലി രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഭക്ഷണകാര്യത്തില്‍ ശ്രദ്ധ അനിവാര്യം. സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ധനം കണ്ടെത്തും. കര്‍മ്മരംഗത്ത് പുരോഗതി ഉണ്ടാകും.
വ്യാപാരമേഖല മെച്ചപ്പെടും. വിദേശ സഹായം വന്നുചേരാം. വിദേശത്ത് ജോലി അന്വേഷിക്കുന്നവര്‍ക്കും അന്യദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അനുകൂല സമയമാണ്. കര്‍മ്മരംഗം തൃപ്തികരം. സ്ഥാനമാറ്റങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് സമയം അനുകൂലം. ഭാര്യ ഭര്‍തൃ ബന്ധം ഊഷ്മളമാകും. ദന്ത രോഗം, ഉദരരോഗം ഇവയുള്ളവര്‍ക്ക് രോഗം കലശലാകാന്‍ സാധ്യതയുണ്ട്. അപവാദ ആരോപണങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ സംസാരത്തില്‍ അതീവ ശ്രദ്ധ വേണം.
കൂട്ടുകെട്ടുകളില്‍ പെട്ട നീച പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ട്. കലാരംഗത്ത് ഉള്ളവര്‍ക്ക് സമയം അനുകൂലവും സ്ഥാനമാനങ്ങള്‍ ലഭിക്കാന്‍ സാധ്യതയും ഉണ്ട്. മാസാദ്യം മോശമെങ്കിലും സാമ്പത്തിക നേട്ടം മാസാന്ത്യത്തോടെ ഉണ്ടാകാം. സ്വഭാവ ദൂഷ്യങ്ങള്‍ കൊണ്ടുണ്ടാകാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഉടലെടുക്കാം. ഗൃഹ നവീകരണത്തിന് പണം ചെലവഴിക്കും. ഭൂമി വാങ്ങാന്‍ ധനം കണ്ടെത്തും. കടബാധ്യതകള്‍ തീര്‍ക്കാന്‍ അവസരം ലഭിക്കും. സുഹൃദ്ബന്ധങ്ങള്‍ മുഖേന ധനം ലഭിക്കാം. അപകട സാധ്യത ഉള്ളതിനാല്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടതാണ്.
വൃശ്ചികകൂറ് (വിശാഖത്തിന്റെ അവസാന പാദവും അനിഴം, തൃക്കേട്ട)
വ്യാഴം ആറിലും ശനി നാലിലും സഞ്ചരിക്കയാല്‍ പ്രായേണ ദോഷാധിക്യ കാലമാണ് സാമ്പത്തിക നഷ്ടം, അപകടഭീതി, മനോ സ്വസ്ഥതക്കുറവ്, ദാമ്പത്യ ബന്ധത്തില്‍ അസ്വസ്ഥത, ബന്ധു ജനങ്ങളുമായി രമ്യത കുറവ്, ദൂരയാത്ര മൂലം ഉണ്ടാകുന്ന അലച്ചില്‍, ശരീര ക്ഷീണം, ബന്ധുജന കാര്യസാധ്യത്തിനായുള്ള യാത്രകള്‍, മറ്റുള്ളവര്‍ക്കായുള്ള ആശുപത്രി വാസം, മക്കളെ കുറിച്ചുള്ള മനോദുഃഖം, സാമ്പത്തിക നഷ്ടം, അപ്രതീക്ഷിത ധനഷ്ടം, വിവാഹാദി കര്‍മ്മങ്ങളില്‍ തടസ്സം ഇവയ്‌ക്കെല്ലാം സാധ്യതയുണ്ട്.
വാഹനം ഉപയോഗിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. മേല്‍ ഉദ്യോഗസ്ഥരില്‍ നിന്ന് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അപവാദ ആരോപണങ്ങള്‍ നേരിടേണ്ടി വന്നേക്കാം. പൊതുരംഗത്തുള്ളവര്‍ക്ക് അലച്ചില്‍ ഉണ്ടാകാം. അമിതമായ മൊബൈല്‍ ഉപയോഗവും അമിത സുഹൃത് സംഭാഷണങ്ങളും അപവാദ ആരോപണങ്ങളിലേക്ക് നയിക്കാം. കുടുംബ സ്വസ്ഥത നഷ്ടമായേക്കാം. ജീവിതശൈലി രോഗങ്ങള്‍ വര്‍ദ്ധിക്കും. പ്രിയപ്പെട്ടവരുടെ വിയോഗം ദുഃഖത്തില്‍ ആഴ്ത്തും.
കിട്ടാനുള്ള ധനം ലഭിക്കുന്നതില്‍ തടസ്സങ്ങള്‍ ഉണ്ടാകും. വിദേശയാത്രകള്‍ക്ക് തടസ്സങ്ങള്‍ ഉണ്ടാകാം. ഹൃദയസംബന്ധ രോഗം, നേത്രരോഗം, നാഡീസംബന്ധരോഗം ഇവയുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സ്വരൂപിച്ചുവെച്ച പണം മറ്റു കാര്യങ്ങള്‍ക്കായി ചെലവഴിക്കേണ്ടതായി വരും. ബന്ധുജനങ്ങള്‍ക്കായി ധനം ചെലവാക്കേണ്ടി വരും. വസ്തുതര്‍ക്കം തീരുമാനമാകാതെ പോകാം. കേസ് വ്യവഹാരം നീട്ടിവെക്കാന്‍ സാധ്യതയുണ്ട്. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ജോലിഭാരം വര്‍ദ്ധിക്കും. സഹോദരങ്ങളുമായി കലഹിക്കാന്‍ സാധ്യത. വാക്‌ദോഷം മൂലം ശത്രുക്കള്‍ ഉണ്ടാകാം. അത് ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിക്കാം. വിവാഹാലോചനകള്‍ക്ക് മുടക്കം സംഭവിക്കാം. മക്കളുമായും കലഹത്തിന് സാധ്യത.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടത്തിന്റെ ആദ്യ പാദം)
വ്യാഴം അഞ്ചിലും ശനി മൂന്നിലും സഞ്ചരിക്കയാല്‍, മനഃസന്തോഷം ഉണ്ടാകും. തൊഴില്‍രംഗം മെച്ചപ്പെടും. വിദ്യാഭ്യാസത്തിനായുള്ളതടസ്സങ്ങള്‍ മാറിക്കിട്ടും. നല്ല വാക്കുകള്‍ പറഞ്ഞ് അന്യരുടെ പ്രീതി നേടും. മംഗള കര്‍മ്മങ്ങള്‍ക്ക് തീരുമാനമാകും.
ഗൃഹത്തില്‍ സന്തോഷവും സമാധാനവും ഉടലെടുക്കും. മറ്റുള്ളവരുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ അവസാനിക്കും. വിനോദയാത്രകള്‍ക്ക് സമയം കണ്ടെത്തും. വസ്തു, വാഹനം ഇവ വാങ്ങാന്‍ ധനം ചെലവഴിക്കാം. പൊതു രംഗത്തുള്ളവര്‍ക്ക് അഭിമാനം കൊള്ളുന്ന കാര്യങ്ങള്‍ നടക്കാം. ഉദ്യോഗസ്ഥര്‍ക്കും സ്ഥാനം മാറ്റം ആഗ്രഹിക്കുന്നവര്‍ക്കും അനുകൂല കാലമാണ്. വിദേശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് സമയം അനുകൂലം. ഐടി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും വ്യാപാര വ്യവസായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സിനിമാ രംഗത്തുള്ളവര്‍ക്ക് സ്ഥിതി മെച്ചപ്പെടും.
മകരക്കൂറ് (ഉത്രാടത്തിന്റെ അവസാന മൂന്നു പാദവും തിരുവോണവും അവിട്ടത്തിന്റെ ആദ്യ രണ്ട് പാദവും)
വ്യാഴം നാലിലും ശനി രണ്ടിലും സഞ്ചരിക്കയാല്‍, ഈ മാസം സാമാന്യ ദോഷാധിക്യ കാലമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ജോലിഭാരം വര്‍ദ്ധിക്കാന്‍ ഇടയുണ്ട്. ഗ്രഹ നവീകരണത്തിനായി പണം ചെലവഴിക്കും. അപ്രതീക്ഷിത തീരുമാനങ്ങള്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും. ഗൃഹാന്തരീക്ഷം അല്പം ക്ലേശകരമാകാന്‍ ഇടയുണ്ട്. വിദേശ യാത്രയ്ക്ക് ഒരുങ്ങുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടേണ്ടി വരാം. കാലങ്ങളായി വിട്ടുനില്‍ക്കുന്നവര്‍ ഒന്നിക്കാന്‍ ഇടയുണ്ട്. ദാമ്പത്യ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാകും. നീണ്ടുനില്‍ക്കുന്ന രോഗങ്ങള്‍ക്ക് ചികിത്സാമാറ്റങ്ങള്‍ ആവശ്യമായി വരുന്നതിനാല്‍ അതിനായി വിദഗ്ധ ഡോക്ടര്‍മാരെ സന്ദര്‍ശിക്കേണ്ടിവരും. കുടുംബ ജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാക്കാം. ഊഹക്കച്ചവടത്തില്‍ പണം നിക്ഷേപിക്കാം. വസ്തു ഇടപാടുകള്‍, റിയല്‍ എസ്റ്റേറ്റ് ഇവയ്ക്കായി ധനം ചെലവഴിക്കും.
വിവാഹാദി കാര്യങ്ങള്‍ തീരുമാനമാകാതെ വരും. പ്രേമ നൈരാശ്യം അലട്ടാം. ഗ്രന്ഥകാരന്‍ന്മാര്‍ക്കും എഴുത്തുകാര്‍ക്കും സമയം അനുകൂലം. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ വിജയം പ്രതീക്ഷിക്കാം. ഗൃഹനിര്‍മ്മാണത്തിന് പണം കണ്ടെത്തും. അന്യരുമായുള്ള സൗഹൃദങ്ങള്‍ കലഹത്തിനും അപവാദങ്ങള്‍ക്കും കാരണമായേക്കാം. തുടങ്ങിവച്ച പ്രവര്‍ത്തികളില്‍ കാലതാമസം നേരിടാം. മറ്റുള്ളവരുമായ ഇടപെടലുകള്‍ ദാമ്പത്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം.
കര്‍മ്മമേഖലയില്‍ കഠിനാധ്വാനവും പരിശ്രമവും കൂടുതല്‍ വേണ്ടിവരും. കച്ചവട വിപുലീകരണത്തിന് ശ്രമിക്കും. സുഹൃത്തുക്കള്‍ വഴിയുള്ള അനാവശ്യ കൂട്ടുകള്‍ സാമ്പത്തിക നഷ്ടത്തിലേക്ക് എത്തിക്കാം. മാസാവസാനത്തോടെ അപ്രതീക്ഷിത വരുമാനം പ്രതീക്ഷിക്കാം. മറ്റുള്ളവരോടുള്ള വിശ്വാസം, ധാരണ, ആശയവിനിമയം എന്നിവ മൂലം അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം.
കുട്ടികളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം സാമ്പത്തിക ചെലവ് വര്‍ദ്ധിക്കും. അവിവാഹിതര്‍ക്ക് അന്യരുമായുള്ള സമ്പര്‍ക്കം ബുദ്ധിമുട്ട് ഉണ്ടാക്കാം. ആരോഗ്യത്തെ ഹനിക്കുന്ന ഭക്ഷണ ഉപയോഗം മൂലം വിഷമതകള്‍ ഉണ്ടാവാം. വൃക്ക, ഹൃദയ സംബന്ധമായ രോഗമുള്ളവര്‍ക്ക് രോഗം മൂര്‍ച്ഛിക്കാന്‍ ഇടയുണ്ട്. വാഹനം കൈകാര്യം ചെയ്യുന്നവര്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
വാക്ക് പാലിക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാകും. ബന്ധു ജനങ്ങളുമായി ശത്രുതയും സഹോദരങ്ങളുമായി അഭിപ്രായവ്യത്യാസവും ഉണ്ടാകാന്‍ ഇടയുണ്ട്. സന്താനങ്ങളുടെ ഉന്നത പഠനത്തിനായി പണം ചെലവഴിക്കേണ്ടി വരും. വിനോദയാത്ര വേളകളില്‍ ബുദ്ധിമുട്ട് അനുഭവപ്പെടാം. വിവാഹാദി മംഗള കര്‍മ്മങ്ങള്‍ക്കും, സ്വര്‍ണാഭരണങ്ങള്‍ വാങ്ങാനും പണം ചെലവഴിക്കേണ്ടതായി വരും. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാവാം.
കുംഭ കൂറ് (അവിട്ടത്തിന്റെ അവസാന രണ്ട് പാദവും ചതയം, പൂരുരുട്ടാതിയുടെ ആദ്യ മൂന്നു പാദവും)
ചാരവശാല്‍ വ്യാഴം മൂന്നിലും ശനി ജന്മത്തിലും സഞ്ചരിക്കയാല്‍, സാമാന്യേന ഈ കാലം ദോഷാധിക്യ കാലമായതിനാല്‍ സാമ്പത്തിക ഇടപാടുകളും സുഹൃത് ബന്ധങ്ങളും ക്രയവിക്രയങ്ങളും ശ്രദ്ധിക്കേണ്ടതാണ്. ചെറിയ കാരണങ്ങള്‍ കൊണ്ട് വളരെ വലിയ ലാഭങ്ങള്‍ നഷ്ടമായേക്കാം.
ധനപരമായും വസ്തുവകകള്‍ ഹേതു വായിട്ടുള്ളതുമായ നിയമ പോരാട്ടങ്ങള്‍ ആവശ്യമായി വന്നേക്കാം. രേഖാപരമായിട്ടുള്ളതും ബാങ്കുമായുള്ള ഇടപാടുകളും ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ടതാണ്. ഭൂമി സംബന്ധമായ തര്‍ക്കങ്ങള്‍, ആപത്തുകള്‍ ഇവ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണം. കൂട്ടു കച്ചവടത്തില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാവാന്‍ ഇടയുണ്ട്.
ഉന്നത സ്ഥാനങ്ങളില്‍ ഉള്ളവര്‍ അപവാദ ആരോപണങ്ങളില്‍ പെടാതെ നോക്കേണ്ടതാണ്. സ്ത്രീ വിഷയങ്ങളില്‍ ഇടപെടുമ്പോള്‍ പ്രത്യേക ശ്രദ്ധ വേണ്ടതാണ്. അപ്രതീക്ഷിതമായി ധനം നഷ്ടപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ കരുതല്‍ വേണം. അന്യരുടെ ആവശ്യങ്ങള്‍ക്കായി പണം ചെലവഴിക്കേണ്ടതായി വരും. ബന്ധുജനങ്ങളില്‍ നിന്ന് മാനസിക പ്രയാസങ്ങള്‍ ഉണ്ടാക്കുന്ന സംസാരങ്ങള്‍ ഉണ്ടാവാം.
സ്‌നേഹബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാം. അപ്രതീക്ഷിത സൗഹൃദബന്ധങ്ങള്‍ ഉണ്ടാവാം. മാനസിക ശാരീരിക ബുദ്ധിമുട്ടുകള്‍ ഇടയ്ക്കിടെ അലട്ടാനിടയുണ്ടെങ്കിലും അതില്‍ നിന്ന് മുക്തി നേടും. അന്യരുമായുള്ള കൂട്ടുകെട്ടുകള്‍ ദാമ്പത്യ ബന്ധങ്ങളില്‍ ഉലച്ചിലിന് കാരണമാകാം. സന്താനങ്ങളുടെ കാര്യത്തില്‍ പ്രയാസങ്ങള്‍ അനുഭവപ്പെടാം.
ചെറിയ കുട്ടികള്‍ രോഗബാധിതരാകാന്‍ സാധ്യതയുണ്ട്. ദീര്‍ഘകാലങ്ങളായുള്ള രോഗങ്ങള്‍ മൂര്‍ച്ഛിക്കാം. ആരോഗ്യ വിഷയങ്ങളില്‍ പ്രത്യേക ശ്രദ്ധ അനിവാര്യമാണ്. വിവാഹാദി കര്‍മ്മങ്ങള്‍, വിനോദയാത്രകള്‍, തീര്‍ത്ഥയാത്രകള്‍, ഗൃഹനിര്‍മ്മാണം ഇവയ്ക്കായി പണം ചെലവഴിക്കും. കാലങ്ങളായുള്ള കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബുദ്ധിമുട്ട് നേരിടും.
മീനക്കൂറ് (പുരൂരുട്ടാതിയുടെ അവസാന പാദവും ഉത്രട്ടാതി, രേവതി)
പുതിയ സംരഭങ്ങള്‍ ആരംഭിക്കാന്‍ ഇടയുണ്ട്. ആത്മവിശ്വാസവും ഉത്സാഹവും കൈവിടാതെ സദാ നിലനിര്‍ത്തണം. പൈതൃക സമ്പത്തിനെ ചൊല്ലി കലഹങ്ങള്‍ ഉണ്ടായാലും അവ പരിഹരിക്കപ്പെടുകയും പൂര്‍വിക സ്വത്തില്‍ തീരുമാനമാകുകയും ചെയ്യും. വ്യാപാര വ്യവസായ കാര്‍ഷിക മേഖലയില്‍ നിന്ന് ധനം ലഭിച്ചു തുടങ്ങും. കലാസാഹിത്യം, അധ്യാപനം, ശാസ്ത്ര സാങ്കേതിക വിദ്യകള്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കും. കര്‍മ്മമേഖലയിലെ അശ്രദ്ധ ധന നഷ്ടത്തിനും തൊഴില്‍ നഷ്ടത്തിനും കാരണമായേക്കാം. വിനോദയാത്രകള്‍ക്കായി പണം ചെലവഴിക്കും.
മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായുള്ള കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തും. പരാജയപ്പെട്ട സംരംഭങ്ങള്‍ പുനരാരംഭിക്കാനും അതുവഴി മെച്ചപ്പെട്ട വരുമാനം ഉണ്ടാക്കാനും ശ്രമിക്കും. വൈവാഹിക ബന്ധങ്ങള്‍, പ്രണയം, കൂട്ടുകച്ചവടങ്ങള്‍ ഇവയിലുള്ള പരസ്പര വിശ്വാസം നഷ്ടപ്പെടും. ഗുരുജനങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവരുമായുള്ള ബന്ധങ്ങള്‍ ഊഷ്മളമായി നിലനിര്‍ത്താന്‍ ശ്രമിക്കും.
വാഹന കേടുപാടുകള്‍ തീര്‍ക്കാന്‍ ശ്രമിക്കും. കലാരംഗത്ത് ഉള്ളവര്‍ക്ക് നേട്ടം കൈവരും. വാതരോഗം അലട്ടാം. രോഗാവസ്ഥ മനസ്സിലാക്കി ചികിത്സ തേടുകയും അതുവഴി രോഗമുക്തി ലഭിക്കുകയും ചെയ്യും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. വൈവാഹിക ബന്ധങ്ങള്‍, ദാമ്പത്യജീവിതം ഇവ നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. അപ്രതീക്ഷിത ധന നേട്ടം ഉണ്ടാവാം.
കാലങ്ങളായി നേരിടുന്ന കര്‍മ്മ തടസ്സങ്ങള്‍ മാറി തൊഴില്‍ ലഭ്യതയ്ക്ക് സാധ്യത. സ്ഥാന കയറ്റം ആഗ്രഹിക്കുന്നവര്‍ക്ക് സമയം അനുകൂലമാണ്. രോഗഭീതി വരുമെങ്കിലും സുഖം പ്രാപിക്കും. ഉദരരോഗങ്ങള്‍, സന്ധിവേദന ഇവ അലട്ടുകയും മൂത്രാശയ രോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍, മാനസിക അസ്വസ്ഥത ഇവയ്ക്ക് ചികിത്സ തേടേണ്ടതായും വരാം. കാര്യതടസ്സവും ബന്ധങ്ങളില്‍ വിള്ളലുകളും ഉണ്ടാകാതിരിക്കാന്‍ എല്ലാ കാര്യങ്ങളിലും സൂക്ഷ്മത പുലര്‍ത്തേണ്ടതാണ്.
കുടുംബജനങ്ങളുമായി രമ്യതയില്‍ പോകാന്‍ ശ്രമിക്കും. ഗൃഹനിര്‍മ്മാണത്തില്‍ വിഷമതകള്‍ നേരിടാം. കൂട്ടു കച്ചവടത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. യാത്രകള്‍ വേണ്ടി വരാം. വിവാഹ കാര്യങ്ങളില്‍ തീരുമാനമാകും. പ്രണയ ബന്ധത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് അനുകൂല സമയമാണ്. മാസാവസാനം കര്‍മ്മ സ്ഥാനത്ത് ഗുണാനുഭവങ്ങള്‍ കണ്ടു തുടങ്ങും. ആഡംബര വസ്തുക്കള്‍ക്കായി ധനം ചെലവഴിക്കും. കടം കൊടുത്ത പണം ഗഡുക്കളായി തിരികെ ലഭിക്കും.
തയാറാക്കിയത്:
ജ്യോല്‍സ്യന്‍ തെങ്കര സുബ്രഹ്‌മണ്യന്‍
ഫോണ്‍: 9447840774