
ചാഞ്ഞാമറ്റത്തില്‍ ഭഗവതി ക്ഷേത്രത്തില്‍ തിരുവുത്സവത്തിന് തുടക്കമായി
പിറവം ചാഞ്ഞാമറ്റത്തില്‍ ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തിരുവുത്സവത്തിന് തുടക്കമായി. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ മൂന്നൂലം ഹരി നമ്പൂതിരിയുടെയും മേല്‍ശാന്തി കല്ലൂര്‍മന രാമന്‍ നമ്പൂതിരിയുടെയും മുഖ്യകാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. ഉത്സവത്തിന്റെ പ്രധാന ദിവസമായ ഇന്ന് രാവിലെ നവകം, പഞ്ചഗവ്യം, കലശാഭിഷേകം എന്നിവ നടന്നു. തുടര്‍ന്ന് നാഗങ്ങള്‍ക്ക് പുള്ളുവന്‍പാട്ടും ഉണ്ടായിരിന്നു. പാഴൂര്‍ ഉണ്ണിചന്ദ്രന്റെ പ്രമാണത്തില്‍ പഞ്ചാരിമേളം അരങ്ങേറി. ഉച്ചയ്ക്ക് പഴയിടം മോഹനന്‍ നമ്പൂതിരി ഒരുക്കിയ മഹാപ്രസാദ ഊട്ടും നടന്നു.

വൈകിട്ട് ദേശതാലപ്പൊലിയും രാത്രി ഗൗരി കൃഷ്ണയും ആര്യക്കര ബ്രദേഴ്സും ചേര്‍ന്നവതരിപ്പിക്കുന്ന വയലിന്‍-ചെണ്ട ഫ്യൂഷനുമാണ് പ്രധാന ചടങ്ങുകള്‍. ഏപ്രില്‍ 24ന് വിശേഷാല്‍ പൂജകള്‍ക്ക് ശേഷം രാത്രി 7ന് പ്രമുഖ കലാകാരന്മാര്‍ അണിനിരക്കുന്ന ഗാനനൃത്തമഞ്ജരി നടക്കും. ഏപ്രില്‍ 25ന് രാത്രി 7.30 മുതല്‍ ഭുവനേശ്വരി പൂജ ഉണ്ടായിരിക്കും. സമാപനദിവസമായ 26ന് രാത്രി 7.30-ന് ബ്രഹ്‌മശ്രീ ആമേട വിഷ്ണു നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ സര്‍പ്പബലി നടക്കും.

