
ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അന്നദാനം അതിവിശേഷം
അന്നദാനത്തിന്റെ മഹത്വത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ് 10 പശുക്കളെ ദാനം ചെയ്യുന്നത്
ഒരു ഋഷഭത്തെ ദാനം ചെയ്യുന്നതിന് തുല്യമാണെന്നും 10 ഋഷഭത്തെ ദാനം ചെയ്യുന്നത് ഒരു കുതിരയെ ദാനം ചെയ്യുന്നതിന് തുല്യമാണെന്നും 10 കുതിരയെദാനം ചെയ്യുന്നത് ഒരു ആനയെ ദാനം ചെയ്യുന്നതിന് തുല്യമാണെന്നും 10 ആനയെ ദാനം ചെയ്യുന്നത് ഒരു യജ്ഞം നടത്തുന്നതിന് തുല്യമാണെന്നും 10 യജ്ഞം നടത്തുന്നതിന് തുല്യമാണ് ഒരു കന്യാദാനമെന്നും 10 കന്യാദാനത്തിന് തുല്യമാണ് ദാഹിച്ചുവലഞ്ഞ ഒരാള്‍ക്ക് ജലം നല്‍കുന്നത് എന്നും ദഹിച്ചുവലഞ്ഞ 10 പേര്‍ക്ക് ജലം നല്‍കുന്നതിന് തുല്യമാണ് ഒരാള്‍ക്ക് അന്നദാനം നല്‍കുന്നത് എന്നും ഒരാള്‍ക്ക് അന്നദാനം ചെയ്യുക എന്നാല്‍ ഒരു കോടി പശുക്കളെ ദാനം ചെയ്യുന്നതിന് തുല്യമാണ് എന്നും പറയാറുണ്ട്. വൈശാഖമാസത്തില്‍ പ്രധാനമായും ചെയ്യേണ്ടകാര്യം കൂടിയാണ് അന്നദാനം.
അന്നദാനത്തിന്റെ മഹത്വം അത്രയ്ക്ക് വലുതാണ്. അയ്യായിരം വര്‍ഷങ്ങള്‍ക്കുമപ്പുറത്ത് ദ്വാപരയുഗത്തില്‍, ലോകമെങ്ങും സൗഖ്യം നിറയ്ക്കുക എന്ന മഹാസങ്കല്‍പ്പത്തില്‍ നകുലന്‍ ഇടവെട്ടിയില്‍ പ്രതിഷ്ഠ നടത്തി ഭഗവാനെ നമസ്‌ക്കരിച്ച് പ്രാര്‍ത്ഥിച്ച് ആദ്യമായി ഭഗവാന് നിവേദ്യം നല്‍കിയത് ഒരു തിരുവോണ നാളില്‍ ആയിരുന്നു. നകുലന് മുന്നില്‍ ഭഗവാന്‍ പ്രത്യക്ഷപ്പെട്ട് അനുഗ്രഹിച്ചു. വര്‍ഷങ്ങള്‍ക്കിപ്പുറം ഭഗവാന്റെ പുനപ്രതിഷ്ഠ നടത്തിയ വടക്കുംകൂര്‍ രാജാവിന് സ്വപ്നദര്‍ശനത്തിലൂടെ തിരുവോണ ഊട്ടിന്റെ മാഹാത്മ്യത്തെക്കുറിച്ച് അരുള്‍ ചെയ്തു. സന്തതികളില്ലാത്തതില്‍ ഖിന്നനായിരുന്ന രാജാവിന് തിരുവോണ ഊട്ട് നടത്തി പ്രാര്‍ത്ഥിച്ച് സല്‍സന്തതികളെ ലഭിച്ചു. അതു കൊണ്ടു തന്നെ അന്നദാനത്തിന് അത്രകണ്ട് പ്രാധാന്യമാണ് തൊടുപുഴ ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഉള്ളത്.
ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ എല്ലാ മാസവും രണ്ടാമത്തെ ഞായറാഴ്ചയാണ് സൗഖ്യ അഭിഷ്ടസിദ്ധി പൂജ നടക്കുന്നത്. സൗഖ്യവും അഭീഷ്ടസിദ്ധിയും പ്രദാനം ചെയ്യുന്ന ഈ വിശേഷാല്‍ പൂജയില്‍ പങ്കെടുക്കുന്നതിനുമായി നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് ഭക്തജനങ്ങള്‍ അന്നേ ദിവസം ക്ഷേത്രത്തില്‍ എത്തിച്ചേരും. ഭഗവാനെ കണ്ട് തൊഴുന്നതിനും രോഗങ്ങള്‍ കൊണ്ട് വലയുന്നവര്‍ പൂജയില്‍ പങ്കെടുത്ത് രോഗം ശമിപ്പിക്കുന്നതിനും, ആഗ്രഹങ്ങള്‍ സാധിക്കാന്‍ എത്തുന്നവരും, സല്‍സന്താന ലബ്ധിക്കും, ഉല്‍കൃഷ്ടമായ മംഗല്യ ഭാഗ്യത്തിനും, നല്ലൊരു ജോലി ലഭിക്കാനും അങ്ങനെയങ്ങനെ നിരവധി ഭക്തജനങ്ങള്‍ പൂജാദിനത്തില്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഇങ്ങോട്ടേക്ക് ഒഴുകും. ഇവിടെ എത്തുന്ന മുഴുവന്‍ ഭക്തജനങ്ങള്‍ക്കും രാവിലെയും ഉച്ചയ്ക്കും ക്ഷേത്രത്തില്‍ നിന്നും ഭക്ഷണം നല്‍കാറുണ്ട്. അന്നദാനം ഇടവെട്ടി ശ്രീകൃഷ്ണ ഭഗവാന് ഏറ്റവും ഇഷ്ടപ്പെട്ട വഴിപാട് കൂടി ആണല്ലോ. അതി വിശിഷ്ടമായ ഈ യജ്ഞത്തില്‍ ഭക്തജനങ്ങള്‍ക്കും പങ്കാളികള്‍ ആവാം. ഒരാള്‍ക്ക് 100 രൂപ എന്ന നിരക്കില്‍. ഇടവെട്ടി ശ്രീകൃഷ്ണ ഭഗവാന്റെ സന്നിധിയില്‍ എത്തുന്ന ഭക്തജന സഹസ്രങ്ങള്‍ക്ക് അന്നദാനം ഒരുക്കുന്ന ഈ മഹാ യജ്ഞത്തിലേക്ക് എല്ലാ സജ്ജനങ്ങളെയും ക്ഷണിക്കുകയാണ്.
ഇത്തവണത്തെ സൗഖ്യാഭീഷ്ടസിദ്ധിപൂജ നടക്കുന്നത് ജൂലൈ 12നാണ്. അന്നേദിവസം ക്ഷേത്രത്തില്‍ അന്നദാനം വഴിപാടായി നടത്താന്‍ സൗകര്യമുണ്ടെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. അന്നദാനം വഴിപാടായി നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ക്ഷേത്രവുമായി ബന്ധപ്പെടാവുന്നതാണ്. ക്ഷേത്രത്തിലെ ഫോണ്‍നമ്പര്‍: 94 95 96 0 1 0 2.

