സ്പെഷ്യല്‍
ആംല ഏകാദശി 2026: സര്‍വ്വപാപഹരമായ ഏകാദശിയുടെ പുണ്യവും വ്രതമാഹാത്മ്യവും

ഭാരതീയ വിശ്വാസമനുസരിച്ച് ഏറ്റവും ശ്രേഷ്ഠമായ വ്രതങ്ങളിലൊന്നാണ് ഏകാദശി. അതില്‍ തന്നെ ഫാല്‍ഗുന മാസത്തിലെ (കുംഭമാസം) ശുക്ലപക്ഷത്തില്‍ വരുന്ന ആംല ഏകാദശി സവിശേഷമായ പ്രാധാന്യമര്‍ഹിക്കുന്നു. മഹാവിഷ്ണുവിനും മഹാലക്ഷ്മിക്കും അത്യന്തം പ്രിയപ്പെട്ട നെല്ലിമരത്തെയും നെല്ലിക്കയെയും കേന്ദ്രീകരിച്ചുള്ളതാണ് ഈ പുണ്യദിനം.

എന്താണ് ആംല ഏകാദശി?

‘ആംല’ എന്നാല്‍ നെല്ലിക്ക എന്നര്‍ത്ഥം. നെല്ലിമരത്തില്‍ ഭഗവാന്‍ വിഷ്ണുവും ലക്ഷ്മീദേവിയും സകല ദേവതകളും കുടികൊള്ളുന്നു എന്നാണ് വിശ്വാസം. അതിനാല്‍ ഈ ദിവസം നെല്ലിമരത്തെ പൂജിക്കുന്നതും നെല്ലിക്ക ഭഗവാന് നിവേദിക്കുന്നതും വഴി ആയിരം ഗോദാനത്തിന് തുല്യമായ ഫലം ലഭിക്കുമെന്ന് പത്മപുരാണം സാക്ഷ്യപ്പെടുത്തുന്നു.

ആംല ഏകാദശി സമയം

തീയതി: 2026 ഫെബ്രുവരി 27, വെള്ളിയാഴ്ച (കുംഭം 15).
തിഥി ആരംഭം: ഫെബ്രുവരി 27 വെളുപ്പിന് 12:33
തിഥി അവസാനം: ഫെബ്രുവരി 27 രാത്രി 10:32
ഹരിവാസരം: ഫെബ്രുവരി 27 വൈകുന്നേരം 4:08 മുതല്‍ ഫെബ്രുവരി 28 വെളുപ്പിന് 4:05 വരെ.

ഐതിഹ്യവും മാന്ധാതാ രാജാവും

ശ്രീമദ് ഭാഗവതത്തിലെ നവമസ്‌കന്ധത്തില്‍ വിവരിക്കുന്ന മാന്ധാതാ രാജാവിന്റെ കഥ ഈ ഏകാദശിയുമായി ബന്ധപ്പെട്ടിരിക്കുന്നു. യുവനാശ്വന്‍ എന്ന രാജാവിന് യാഗശാലയിലെ മന്ത്രപൂരിതമായ ജലം അബദ്ധത്തില്‍ കുടിക്കേണ്ടി വന്നതിലൂടെ അദ്ദേഹത്തിന്റെ ഉദരത്തില്‍ നിന്ന് ജനിച്ച പുത്രനാണ് മാന്ധാതാവ്. ഇന്ദ്രന്‍ തന്റെ ചൂണ്ടാണിവിരല്‍ പാനീയമായി നല്‍കി വളര്‍ത്തിയ ഈ രാജകുമാരന്‍ പില്‍ക്കാലത്ത് മഹാവിഷ്ണുവിന്റെ ഭക്തനായി മാറി.

വസിഷ്ഠ മഹര്‍ഷി മാന്ധാതാവിന് ഉപദേശിച്ചു കൊടുത്തതാണ് ആംല ഏകാദശിയുടെ മാഹാത്മ്യം. പ്രളയകാലത്ത് വിഷ്ണുഭഗവാന്റെ ശരീരത്തില്‍ നിന്ന് വീണ ബിന്ദുവില്‍ നിന്നാണ് ആദ്യത്തെ വൃക്ഷമായ നെല്ലിമരം ഉണ്ടായതെന്നും അതിനാല്‍ ഇത് ‘വൈഷ്ണവ വൃക്ഷം’ ആണെന്നും പുരാണങ്ങള്‍ പറയുന്നു.

വ്രതാനുഷ്ഠാന രീതികള്‍

മറ്റ് ഏകാദശികളെപ്പോലെ തന്നെ ദശമി നാളില്‍ ഒരിക്കലൂണ് കഴിച്ച് വ്രതം ആരംഭിക്കണം.

1. ഭജനവും നാമജപവും: ഏകാദശി ദിവസം ‘ഓം നമോ ഭഗവതേ വാസുദേവായ’ എന്ന ദ്വാദശാക്ഷര മന്ത്രമോ ‘ഓം നമോ നാരായണായ’ എന്ന അഷ്ടാക്ഷര മന്ത്രമോ ജപിക്കുക.
2. നെല്ലിക്ക സമര്‍പ്പണം: ക്ഷേത്രത്തില്‍ പോകാന്‍ സാധിക്കുന്നവര്‍ ഭഗവാന് നെല്ലിക്കയോ നെല്ലിക്ക കൊണ്ടുള്ള വിഭവങ്ങളോ സമര്‍പ്പിക്കുന്നത് ഉത്തമമാണ്.
3. നെല്ലിമര പൂജ: നെല്ലിമരച്ചുവട് വൃത്തിയാക്കി മഞ്ഞള്‍ നീരൊഴിച്ച് ശുദ്ധീകരിച്ച് ദീപം തെളിയിച്ച് പ്രാര്‍ത്ഥിക്കുന്നത് വടക്കേ ഇന്ത്യയില്‍ ഇന്നും നിലനില്‍ക്കുന്ന പ്രധാന ആചാരമാണ്.
4. ഹരിവാസരം: ഹരിവാസര സമയത്ത് ഉറക്കമിളച്ച് ഭാഗവത പാരായണമോ നാമജപമോ ചെയ്യുന്നത് ഇരട്ടി പുണ്യം നല്‍കുന്നു.
5. പാരണ വിടല്‍: ദ്വാദശി ദിവസം രാവിലെ ഭഗവാന്റെ തീര്‍ത്ഥവും പ്രസാദമായി നെല്ലിക്കയും കഴിച്ച് വ്രതം പൂര്‍ത്തിയാക്കാം.

പ്രത്യേകം ശ്രദ്ധിക്കാന്‍: ഏകാദശി ദിവസം വ്രതമെടുക്കുന്നവര്‍ സാധാരണയായി നെല്ലിക്ക കഴിക്കാറില്ല. എന്നാല്‍ വ്രതമില്ലാത്തവര്‍ക്ക് അന്ന് നെല്ലിക്ക കഴിക്കുന്നത് ശുഭകരമാണ്. വ്രതമെടുക്കുന്നവര്‍ ദ്വാദശി നാളില്‍ പാരണ വിടുമ്പോഴാണ് നെല്ലിക്ക പ്രസാദമായി സ്വീകരിക്കേണ്ടത്.

ഭക്തിയോടും ശ്രദ്ധയോടും കൂടി ഈ ആംല ഏകാദശി വ്രതം അനുഷ്ഠിക്കാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെ. ജന്മജന്മാന്തരങ്ങളായി ചെയ്ത പാപങ്ങള്‍ നീങ്ങി മോക്ഷപ്രാപ്തി ലഭിക്കാന്‍ ഈ വ്രതം നമ്മെ സഹായിക്കും.

ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം എല്ലാവര്‍ക്കും ഉണ്ടാകട്ടെ!

Related Posts