
അംബായാഗം; റാന്നി തോട്ടമണ്കാവില് നാളെ അതിവിശേഷമായ ശ്രീചക്ര പൂജ
റാന്നി: ലോകത്തിന് മുഴുവന് ഊടും പാവുമായി നിലകൊള്ളുന്ന സാക്ഷാല് ജഗദംബികയെ ത്രിപുര സുന്ദരിയായി ആരാധിക്കുന്ന അതിവിശേഷമായ ശ്രീചക്ര പൂജയ്ക്ക് റാന്നി തോട്ടമണ്കാവ് ഭഗവതി ക്ഷേത്രം വേദിയാകുന്നു. ക്ഷേത്രത്തില് നടക്കുന്ന ‘അംബായാഗത്തിന്റെ ഭാഗമായി ഒക്ടോബര് 17 നാണ് സര്വ്വൈശ്വര്യദായകമായ ശ്രീചക്ര പൂജയും അനുബന്ധ ചടങ്ങുകളും ഒരുക്കിയിരിക്കുന്നത്.
ശിവശക്തിയുടെ ശരീരം തന്നെയായാണ് ശ്രീചക്രത്തെ സങ്കല്പ്പിച്ചിരിക്കുന്നത്. പഞ്ചകൃത്യപരായണയും ജഗന്മാതാവുമായ ശ്രീലളിതാത്രിപുരസുന്ദരിയെ പൂജിക്കുന്ന പ്രപഞ്ചത്തിലെ ഏറ്റവും ഉത്കൃഷ്ടമായ മഹായോഗമാണ് ശ്രീചക്രപൂജ. സകല ദേവീദേവന്മാരുടെയും സാന്നിധ്യമുള്ള ശ്രീചക്രത്തെ പൂജിക്കുന്നതിലൂടെ സര്വ്വരുടെയും അനുഗ്രഹം ഭക്തര്ക്ക് ലഭിക്കുമെന്നാണ് വിശ്വാസം. കോടി പുണ്യതീര്ത്ഥങ്ങളില് സ്നാനം ചെയ്താല് ലഭിക്കുന്ന പുണ്യമാണ് ശ്രീചക്രപൂജയുടെ പാദതീര്ത്ഥം സ്വീകരിക്കുന്നതിലൂടെ ലഭിക്കുന്നതെന്നും, ഭൗതിക സൗഖ്യങ്ങളും പരമപുരുഷാര്ത്ഥമായ മോക്ഷവും ഒരുപോലെ ഇതിലൂടെ കരസ്ഥമാകുമെന്നുമാണ് വിശ്വാസം.
പൂജാക്രമങ്ങളും പ്രധാന ചടങ്ങുകളും
ഒക്ടോബര് 16-ന് (എട്ടാം ദിവസം) വൈകിട്ട് 3 മണിക്ക് യജ്ഞമണ്ഡപത്തില് ശ്രീചക്രപൂജയുടെ പദ്മോല്ലേഖനം നടക്കും.
ഒക്ടോബര് 17-ന് (ഒന്പതാം ദിവസം) യാഗശാലയില് ത്രികാല പൂജയായാണ് ശ്രീചക്ര ആരാധന നടക്കുന്നത്. രാവിലെ 7 മണിക്ക് ഉഷഃപൂജയും, 9 മണിക്ക് ഉച്ചപ്പൂജയും, വൈകിട്ട് 7 മണിക്ക് നൃത്ത-ഗീത-വാദ്യ സഹിതം അത്താഴപൂജയും നടക്കും.
അന്നേദിവസം ഉച്ചതിരിഞ്ഞ് 3 മണിക്ക് ശ്രീചക്രപൂജ ആരാധനയും ശ്രീചക്ര നവാവരണ സംഗീതാര്ച്ചനയും അരങ്ങേറും.
ശ്രീചക്ര നവാവരണ മേളം
പൂജാസമയത്ത് ദേവിയെ വാദ്യനൃത്തങ്ങള് കൊണ്ട് പ്രസാദിപ്പിക്കണം എന്ന തത്വത്തില് നിന്ന് പ്രചോദിതമായി രൂപകല്പന ചെയ്ത ‘ശ്രീചക്ര നവാവരണ മേളം’ ആണ് ഈ യജ്ഞത്തിന്റെ മറ്റൊരു സവിശേഷത. ശ്രീചക്രത്തിന്റെ ഏറ്റവും പുറത്തുള്ള ത്രൈലോക്യമോഹനചക്രം മുതല് ഉള്ളിലേക്കുള്ള അവസാന ചക്രമായ സര്വ്വാനന്ദമയം വരെ ഒന്പത് ആവരണങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ മേളം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ലളിതാസഹസ്രനാമാവലിയിലെ വാഗ്ഭവകൂടം, മദ്ധ്യകൂടം, ശക്തികൂടം എന്നീ നാമങ്ങളെ ആസ്പദമാക്കി മൂന്നു കാലങ്ങളായി ചിട്ടപ്പെടുത്തിയ താളവിന്യാസത്തില്, ശ്രീശങ്കരാചാര്യ സ്വാമികളുടെ സൗന്ദര്യലഹരിയിലെ മുപ്പത്തിരണ്ടാമത്തെ ശ്ലോകാര്ത്ഥവും ഉള്ക്കൊള്ളിച്ചിട്ടുണ്ട്.
കുടുംബസമേതം ഈ വിശേഷാല് പൂജകളില് പങ്കുചേര്ന്ന് ദേവീ കടാക്ഷം നേടുവാന് ഏവരെയും ക്ഷേത്ര സമിതി സ്വാഗതം ചെയ്യുന്നു. അംബായാഗശാലയിലെ പ്രത്യേക വഴിപാട് കൗണ്ടര് വഴി ശ്രീചക്രപൂജയ്ക്കുള്ള രസീതുകള് ഭക്തര്ക്ക് മുന്കൂട്ടി കരസ്ഥമാക്കാവുന്നതാണ്. വഴിപാടുകള് ബുക്ക് ചെയ്യാന്- 9495808514. ഈ ചടങ്ങുകള് സ്വസ്തിമീഡിയ, സ്വസ്തിമലയാളം ചാനലുകളില് തല്സമയം കാണാവുന്നതാണ്.

