
അംബായാഗം; നാരായണീയ പാരായണയജ്ഞം ഏഴാം ദിവസം അട്ടത്തോട് ശബരിമല ഊരുമൂപ്പന്‍ ദീപം തെളിയിച്ചു
റാന്നി: ശബരിമലയുടെ പുണ്യപാരമ്പര്യവും വനവാസി സമൂഹത്തിന്റെ ആചാരാനുഷ്ഠാനങ്ങളും തമ്മിലുള്ള ആത്മബന്ധം ഓര്‍മ്മിപ്പിച്ച് അട്ടത്തോട് ശബരിമല ഊരുമൂപ്പന്‍ നാരായണന്‍ തോട്ടമണ്‍കാവ് ദേവീ ക്ഷേത്രത്തില്‍ നടന്നുകൊണ്ടിരിക്കുന്ന നാരായണീയ പാരായണത്തിന്റെ ഏഴാം ദിവസം ദീപം തെളിയിച്ചു.

ശബരിമലയുമായി തലമുറകളായി ബന്ധപ്പെട്ടു നില്‍ക്കുന്ന വനവാസി സമൂഹത്തിന്റെ പാരമ്പര്യവും വിശ്വാസങ്ങളും കേരളത്തിന്റെ ആത്മീയ സംസ്‌കാരത്തിന്റെ അവിഭാജ്യഘടകമാണെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ പറഞ്ഞു. വനവും വനജീവിതവും ശബരിമല തീര്‍ത്ഥാടന പാരമ്പര്യവും തമ്മിലുള്ള ബന്ധം പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനുള്ള അവസരം കൂടിയായി ചടങ്ങ്.

ഊരുമൂപ്പന്‍ ദീപം തെളിയിച്ചത് ശബരിമലയുടെ പുണ്യസ്മരണയും വനവാസി പാരമ്പര്യവും ഒരുമിക്കുന്ന പ്രതീകാത്മക മുഹൂര്‍ത്തമായി ഭക്തര്‍ ഏറ്റെടുത്തു. ക്ഷേത്രത്തിലെത്തിയ ഭക്തജനങ്ങള്‍ ഊരുമൂപ്പനെ ആദരിക്കുകയും അനുഗ്രഹം സ്വീകരിക്കുകയും ചെയ്തു. ദേവസം പ്രസിഡണ്ട് അഡ്വക്കറ്റ് ഷൈന്‍ ജി കുറുപ്പ് അധ്യക്ഷത വഹിച്ചു. സി.എന്‍ പ്രസാദ്, പി.ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. യജ്ഞ വേദിയില്‍ സ്ത്രീവത്സ നാരായണീയ പാരായണ സമിതി ഇടനാട് നാരായണീയ പാരായണം നടത്തി.


