ക്ഷേത്ര വാർത്തകൾ
ആലപ്പുഴ തിരുവമ്പാടി ക്ഷേത്രത്തില്‍ കര്‍ക്കടകവാവ് ബലിതര്‍പ്പണം ആരംഭിച്ചു; വന്‍ ഭക്തജനത്തിരക്ക്

ആലപ്പുഴ: പിതൃമോക്ഷകാരകനായ സാക്ഷാല്‍ വൈകുണ്ഠനാഥന്‍ കുടികൊള്ളുന്ന ആലപ്പുഴ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ കര്‍ക്കടകവാവ് ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു. പിതൃക്കള്‍ക്ക് ബലിയര്‍പ്പിക്കാന്‍ പുലര്‍ച്ചെ മുതല്‍ തന്നെ ക്ഷേത്രത്തിലേക്ക് വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

പുലര്‍ച്ചെ 3 മണിക്ക് നടതുറന്നതോടെയാണ് വിശേഷാല്‍ പൂജകള്‍ക്കും ചടങ്ങുകള്‍ക്കും തുടക്കമായത്. തുടര്‍ന്ന് 3.30-ഓടെ ക്ഷേത്രത്തിന്റെ പടിഞ്ഞാറേക്കുളത്തില്‍ പിതൃബലി ആരംഭിച്ചു. കണ്ണമംഗലത്തില്ലത്ത് ബ്രഹ്‌മശ്രീ ബ്രഹ്‌മദത്തന്‍ നമ്പൂതിരിയുടെയും ക്ഷേത്രം മേല്‍ശാന്തി കൂരാറ്റുപുറത്തില്ലത്ത് യദുകൃഷ്ണന്‍ ഭട്ടതിരിയുടെയും മുഖ്യകാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ പുരോഗമിക്കുന്നത്.

വില്വമംഗലസ്വാമിയാര്‍ തന്റെ അമ്മയ്ക്കുവേണ്ടി ബലിതര്‍പ്പണം നടത്തിയ അതിപുണ്യ സന്നിധി കൂടിയാണിത്. നിത്യവും പിതൃമോക്ഷ വഴിപാടുകളും ബലിതര്‍പ്പണവും നടക്കുന്ന ഈ വൈഷ്ണവ സന്നിധിയില്‍, പിതൃപ്രീതികരമായ പൂജകളോടെ മൂന്ന് ദിവസങ്ങളിലായാണ് ഈ വര്‍ഷത്തെ കര്‍ക്കടകവാവ് ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

കര്‍ക്കടക വാവ് ദിനമായ ഇന്ന് രാവിലെ 5.00 മുതല്‍ 10.00 വരെ തിലഹോമവും, രാവിലെ 10.30-ന് സായൂജ്യപൂജയും നടക്കും. പിതൃപ്രീതിക്കായി ക്ഷേത്രത്തില്‍ നടത്തുന്ന തിലഹോമം, സായൂജ്യപൂജ എന്നിവയ്ക്കായി നിരവധി ഭക്തരാണ് മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടുള്ളത്.

തിരുവമ്പാടി ക്ഷേത്രത്തിലെ ബലിതര്‍പ്പണവും മറ്റ് വിശേഷാല്‍ ചടങ്ങുകളും ‘ജ്യോതിഷവാര്‍ത്ത’, ‘സ്വസ്തിമലയാളം’ എന്നീ ചാനലുകളില്‍ പുലര്‍ച്ചെ 3 മണി മുതല്‍ തല്‍സമയം സംപ്രേഷണം ചെയ്യുന്നുണ്ട്. ഭക്തജനങ്ങളുടെ സുഗമമായ ദര്‍ശനത്തിനും ബലിതര്‍പ്പണത്തിനുമായി വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്ര ഭരണസമിതി ഒരുക്കിയിട്ടുള്ളത്.

 

Related Posts