ക്ഷേത്ര വാർത്തകൾ
ആലപ്പുഴ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നാലാമത് ദേവീഭാഗവത നവാഹയജ്ഞത്തിന് ഒക്ടോബര്‍ 11-ന് തിരിതെളിയും

ആലപ്പുഴ: തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നാലാമത് ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞവും നവരാത്രി മഹോത്സവവും ഒക്ടോബര്‍ 11 മുതല്‍ 20 വരെ നടക്കും. ഒക്ടോബര്‍ 11-ന് വൈകുന്നേരം 6.30-ന് അഡ്വ. ജി. കൃഷ്ണപ്രസാദ് കുളമാക്കില്‍ ഭദ്രദീപ പ്രകാശനം നിര്‍വ്വഹിക്കുന്നതോടെ ചടങ്ങുകള്‍ക്ക് ഭക്തിനിര്‍ഭരമായ തുടക്കമാകും.

ബ്രഹ്‌മശ്രീ. ശ്രീകണ്‌ഠേശ്വരം സോമവാര്യര്‍ യജ്ഞാചാര്യനായും, ചെമ്മങ്ങാട് ശ്രീഹരി ഭട്ടതിരിപ്പാട് യജ്ഞഹോതാവായും, തൃപ്പൂണിത്തുറ ശാന്തി എസ്. നായര്‍ സഹ ആചാര്യയായുമാണ് ഈ വര്‍ഷത്തെ യജ്ഞം നടക്കുന്നത്.

എല്ലാ ദിവസവും രാവിലെ 6.30-ന് ദേവീഭാഗവത പാരായണവും ഉച്ചയ്ക്ക് 1.00-ന് അന്നദാനവും വൈകുന്നേരം 6.30-ന് ദീപാരാധനയും ഉണ്ടായിരിക്കും. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബര്‍ 18-ന് വൈകുന്നേരം 6.30-ന് പൂജവയ്പ്പും, 19-ന് വൈകുന്നേരം 7.00-ന് കുമാരിപൂജയും (നവകന്യകാപൂജ) നടക്കും.

ഒക്ടോബര്‍ 20-ന് ഉച്ചയ്ക്ക് 12.00 മണിയ്ക്ക് അവഭൃഥസ്നാനവും യജ്ഞസമര്‍പ്പണവും പ്രസാദമൂട്ടും നടക്കുന്നതോടെ നവാഹയജ്ഞം സമാപിക്കും.

യജ്ഞദിനങ്ങളില്‍ എല്ലാ ദിവസവും വൈകുന്നേരം 7.00 മുതല്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും. തിരുവനന്തപുരം വൈഗ, കോട്ടയം സര്‍ഗ്ഗ സാരഥി, തിരുവനന്തപുരം എസ്.പി. തീയറ്റേഴ്‌സ്, തിരുവനന്തപുരം ഉദയശ്രീ തീയറ്റേഴ്സ് എന്നിവര്‍ അവതരിപ്പിക്കുന്ന നൃത്തനാടകങ്ങളും, ഏവൂര്‍ രഘുനാഥന്‍ നായരുടെ ഓട്ടന്‍തുള്ളല്‍, ശ്രീ ഭുവനേശ്വരി കലാലയത്തിന്റെ നൃത്തസന്ധ്യ, കീഴില്ലം ഉണ്ണികൃഷ്ണമാരാര്‍ അവതരിപ്പിക്കുന്ന മുടിയേറ്റ് തുടങ്ങിയവയും കലാപരിപാടികളില്‍ ഉള്‍പ്പെടുന്നു.

ഒക്ടോബര്‍ 17-ന് 108 ദീപങ്ങള്‍ തെളിക്കുന്ന വിശേഷാല്‍ ചടങ്ങുമുണ്ട്. ക്ഷേത്രം ഊരാണ്മ അവകാശി പ്രഭാ അന്തര്‍ജ്ജനം കുര്യാറ്റുപുറത്തില്ലം, അഡ്മിനിസ്‌ട്രേറ്റര്‍ ഓമനക്കുട്ടന്‍ പറത്താനം എന്നിവര്‍ എല്ലാ ഭക്തജനങ്ങളെയും മഹോത്സവത്തിലേക്ക് ക്ഷണിച്ചു.

 

Related Posts