ക്ഷേത്ര വാർത്തകൾ
ഭക്തിയുടെ നിറവില്‍ ആലപ്പുഴ തിരുവമ്പാടി ക്ഷേത്രം; ദശാവതാരച്ചാര്‍ത്ത് മഹോത്സവത്തിനും വിഷ്ണു സഹസ്രനാമ സമൂഹ കോടിയര്‍ച്ചനയ്ക്കും നാളെ തുടക്കം

ആലപ്പുഴ: പ്രശസ്തമായ ആലപ്പുഴ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ 2026-ലെ ദശാവതാരച്ചാര്‍ത്ത് മഹോത്സവത്തിനും ശ്രീ വിഷ്ണു സഹസ്രനാമ സമൂഹ കോടിയര്‍ച്ചനയ്ക്കും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വൈശാഖ മാസത്തില്‍ നടക്കുന്ന ഈ ഭക്തിനിര്‍ഭരമായ ചടങ്ങുകള്‍ ഏപ്രില്‍ 29 ബുധനാഴ്ച ആരംഭിച്ച് മെയ് 9 ശനിയാഴ്ച സമാപിക്കും.

128-ാമത് കോടിയര്‍ച്ചന

അഭേദാശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന 128-ാമത് കോടിയര്‍ച്ചനയാണിത്. 1959-ല്‍ സ്വാമി അഭേദാനന്ദ സരസ്വതി ആരംഭിച്ച ഈ സമൂഹ അര്‍ച്ചനയില്‍ ജാതിമതഭേദമന്യേ ഏവര്‍ക്കും പങ്കെടുക്കാം. ഏപ്രില്‍ 29-ന് രാവിലെ 6.30-ന് മഠാധിപതി സ്വാമി കേശവാനന്ദ ഭാരതി ഭദ്രദീപം കൊളുത്തി കോടിയര്‍ച്ചനയ്ക്ക് തുടക്കം കുറിക്കും. എല്ലാ ദിവസവും രാവിലെ 7.00 മുതല്‍ വൈകുന്നേരം 5.00 വരെയാണ് അര്‍ച്ചന നടക്കുന്നത്. തുടര്‍ന്ന് ദീപാരാധനയും ആചാര്യ ദക്ഷിണയും പ്രസാദ വിതരണവും ഉണ്ടായിരിക്കും.

ഭഗവാന് ദശാവതാരച്ചാര്‍ത്ത്

പതിനൊന്ന് ദിവസങ്ങളിലായി നടക്കുന്ന ദശാവതാരച്ചാര്‍ത്തില്‍ ഓരോ ദിവസവും ഭഗവാന്റെ വ്യത്യസ്ത അവതാര ഭാവങ്ങളിലാണ് ദര്‍ശനം.

ഏപ്രില്‍ 29 മുതല്‍ മെയ് 8 വരെ: യഥാക്രമം മത്സ്യാവതാരം, കൂര്‍മ്മാവതാരം, വരാഹാവതാരം, നരസിംഹാവതാരം, വാമനാവതാരം, പരശുരാമാവതാരം, ശ്രീരാമാവതാരം, ബലരാമാവതാരം, ശ്രീകൃഷ്ണാവതാരം, മോഹിനി അവതാരം എന്നീ ഭാവങ്ങളില്‍ ദര്‍ശനം നല്‍കും.

മെയ് 9: അവസാന ദിവസം സമ്പൂര്‍ണ്ണ അവതാരച്ചാര്‍ത്തോടെയാണ് മഹോത്സവം സമാപിക്കുന്നത്. ഓരോ ദിവസവും പ്രത്യേക പുഷ്പാര്‍ച്ചനയും (മന്ദാരം, തുളസി, ചെത്തി, നീലശംഖുപുഷ്പം തുടങ്ങിയവ) നെയ്യ്പ്പായസം, പാല്‍പ്പായസം, അപ്പങ്ങള്‍ തുടങ്ങിയ പ്രത്യേക നിവേദ്യ സമര്‍പ്പണവും ഉണ്ടായിരിക്കും.

വിപുലമായ കലാപരിപാടികള്‍

മഹോത്സവത്തിന്റെ ഭാഗമായി എല്ലാ ദിവസവും വൈകുന്നേരം 7.15 മുതല്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും. പഞ്ച്രത്‌ന കീര്‍ത്തനാലാപനം, വീണക്കച്ചേരി, അഷ്ടപദി, നൃത്ത-നൃത്യങ്ങള്‍, ഭക്തിഗാനമാലിക, സംഗീതാര്‍ച്ചന, ഫ്യൂഷന്‍, സംഗീത അരങ്ങേറ്റം, പ്രഭാഷണം തുടങ്ങി പ്രഗല്‍ഭരായ കലാകാരന്മാര്‍ പങ്കെടുക്കുന്ന വിപുലമായ സാംസ്‌കാരിക പരിപാടികളാണ് ഭക്തര്‍ക്കായി ഒരുക്കിയിട്ടുള്ളത്.

നാമജപത്തിനും അര്‍ച്ചനയ്ക്കും എത്തുന്ന ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ നിന്ന് തന്നെ വിളക്കും അക്ഷതവും നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 94953 51799, 94467 10462.

വിഷ്ണു സഹസ്രനാമ സമൂഹ കോടിയര്‍ച്ചനയുടെ ആദ്യദിനം ചടങ്ങുകള്‍ തല്‍സമയം കാണാന്‍

Related Posts