
അക്ഷയതൃതീയ ഇന്ന്, വ്രതമെടുക്കേണ്ടതിങ്ങനെ, ജപിക്കേണ്ട നാമങ്ങള്‍ ഇതാണ്
ഐശ്വര്യത്തിന്റെയും സമൃദ്ധിയും ദിനമാണ് അക്ഷയതൃതീയ. ഈ വര്‍ഷത്തെ അക്ഷയതൃതീയ ഏപ്രില്‍ 30നാണ്.
വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിലെ മൂന്നാമത്തെചന്ദ്രദിനത്തിലാണ് അക്ഷയതൃതീയയായി ആചരിക്കുന്നത്. ഈ ദിവസം വ്രതമെടുത്തല്‍ സര്‍വ്വൈശ്വര്യവും സമ്പത്തും ലഭിക്കുമെന്നാണ് വിശ്വാസം.
വ്രതാചരണത്തിന് ഏറ്റവും അനുയോജ്യമായ ദിനമാണ് ഇത്. ജലപാനം പോലുമില്ലാതെ ഉപവാസമെടുക്കുകയോ, അല്ലെങ്കില്‍ ഒരുനേരം ഊണുകഴിച്ച് മറ്റു സമയങ്ങളില്‍ പഴവര്‍ഗങ്ങള്‍ കഴിച്ച് ഉപവാസമെടുക്കുകയോ ചെയ്യാം. കഴിവതും പഴവര്‍ഗ്ഗം മാത്രം കഴിക്കുകയാണ് നല്ലത്. എല്ലാ ദേവീദേവന്മാരെയും ഭജിക്കുന്നത് നല്ലതാണെങ്കിലും വൈഷ്ണവ ഭജന അന്നേ ദിവസം ഏറെ പ്രസക്തമാണ്. പ്രണവ മന്ത്രമായ ‘ഓം’ അടങ്ങിയ ‘ഓം നമഃ ശിവായ’ ‘ഓം നമോ നാരായണായ’ തുടങ്ങിയ മന്ത്രങ്ങള്‍ ജപിക്കുന്നത് ഫലസിദ്ധി കൂട്ടുന്നു.
അന്നേ ദിവസം ചെയ്യുന്ന ദാനകര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ക്കും പിതൃക്കള്‍ക്കും ഒരുപോലെ ശ്രേയസ്‌കരമാണ്. ഉള്ളറിഞ്ഞ പ്രാര്‍ത്ഥനയോടെയുള്ള ദാനം, മനശാന്തിക്കും, ജന്മാന്തര ദുരിതനിവാരണത്തിനും, മോക്ഷപ്രാപ്തി ലഭിക്കാനും ഉത്തമാണെന്ന് പറയപ്പെടുന്നു.
സ്വര്‍ണ്ണം വാങ്ങികൂട്ടുന്നതിലുപരി ദാനം ചെയ്യുക എന്നതാണ് ഈ ദിനത്തിന്റെ പ്രത്യേകതയായി കരുതപ്പെടുന്നത്. തന്റെ കഴിവിനനുസരിച്ചുള്ള ദാനകര്‍മ്മങ്ങള്‍, അതായത് ഒരു പിടി അരിയോ, പഴമോ മറ്റോ ദാനം ചെയ്താല്‍ പോലും സമൃദ്ധി തേടിവരും എന്നാണ് വിശ്വാസം. വസ്ത്രദാനവും അന്നദാനം പോലെ തന്നെ പ്രസക്തമാണ്.