
42ാമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രം ഏപ്രില്‍ 3 മുതല്‍ 14 വരെ ആലപ്പുഴ കലവൂരില്‍
ആലപ്പുഴ കലവൂര്‍ ശ്രീ മാരന്‍കുളങ്ങര ദേവീ ക്ഷേത്രത്തില്‍ 42-ാമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രം ഏപ്രില്‍ 3 മുതല്‍ 14 വരെ നടക്കും. ഏപ്രില്‍ 3 വ്യാഴാഴ്ച ഉച്ചക്ക് 3 മണിക്കാണ് പതിനാറായിരത്തിയെട്ട് ഗോപികമാരുടെ സംഗമം. സിനിമ താരം നവ്യ നായര്‍ പങ്കെടുക്കും. ചടങ്ങില്‍ ഗുരുവായൂരപ്പന്റെ പ്രിയ ചിത്രകാരന്‍ നന്ദന്‍ പിള്ള തത്സമയം ഗോപികമാരുടെ ഓമനക്കണ്ണനെ വരയ്ക്കുന്നു. വൈകിട്ട് 5 ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ ഭാഗവത സത്ര സമാരംഭ സഭ ഉദ്ഘാടനം ചെയ്യും.
ഏപ്രില്‍ 3 മുതല്‍ 14 വരെ നൂറില്‍പ്പരം ആചാര്യന്മാര്‍, ഭാഗവത പണ്ഡിതര്‍, സന്ന്യാസി ശ്രേഷ്ഠര്‍ എന്നിവര്‍ പങ്കെടുക്കുന്ന ആദ്ധ്യാത്മിക വിദ്വല്‍ സദസ്സ് നടക്കുന്നു.
ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഐപിഎസ്, കെ. ജയകുമാര്‍ ഐഎഎസ്, എസ് ശ്രീജിത്ത് ഐപിഎസ്, മുല്ലക്കര രത്‌നാകരന്‍, കെ. സുരേഷ് ബാബു കൂത്തുപറമ്പ്, പ്രഫ. സരിത അയ്യര്‍,
ഡോ.എം.ജി. ശശിഭൂഷന്‍, ഡോ.എം.എം. ബഷീര്‍, ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍, അച്യുത ഭാരതി സ്വാമിയാര്‍, പറവൂര്‍ ജ്യോതിസ്, മുര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരി, മിഥുനപ്പള്ളി വാസുദേവന്‍, മുന്‍മന്ത്രി ജി. സുധാകരന്‍, മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങി പ്രമുഖരായ വ്യക്തികള്‍ 12 ദിവസങ്ങളിലായി പങ്കെടുക്കുന്നു.
ഏപ്രില്‍ 7ന് രാത്രി 9ന് ബിജു മലാരീ സംഘം അവതരിപ്പിക്കുന്ന വയലിന്‍ ഫ്യൂഷന്‍ ഉണ്ടായിരിക്കും. ഭാഗവത സത്ര സമിതി ഏര്‍പ്പെടുത്തിയിരിക്കുന്ന മള്ളിയൂര്‍ പുരസ്‌കാരം ഈ വര്‍ഷം പ്രശസ്ത കവിയും ഗാന രചയിതാവും സിനിമാ നിര്‍മാതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിക്ക് ഏപ്രില്‍ 13ന് വൈകിട്ട് 6ന് സത്ര വേദിയില്‍ വെച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മാനിക്കും.
കെ.സി വേണുഗോപാല്‍ എംപി, ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, ബ്രഹ്‌മശ്രീ കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരി, പി.പി ചിത്തരഞ്ജന്‍ എംഎല്‍എ, രമേശ് ചെന്നിത്തല, ഒ. രാജഗോപാല്‍, ഡോ.ജി രാജ്‌മോഹന്‍ തുടങ്ങിയവര്‍ മുഖ്യ രക്ഷാധികാരികളാണ്.
അഡ്വ പി.എസ്. ശ്രീകുമാര്‍ ചെയര്‍മാനായും പി. വെങ്കിട്ട രാമയ്യര്‍ വര്‍ക്കിംഗ് ചെയര്‍മാനായും കെ.കെ. ഗോപകുമാര്‍ ജനറല്‍ കണ്‍വീനറായും പ്രവര്‍ത്തിക്കുന്ന വിപുലമായ സത്ര നിര്‍വഹണ സമിതിയാണ് സത്രനടത്തിപ്പിനായിട്ടുള്ളത്. 63 ദിവസത്തെ നാരായണീയം പാരായണം നടന്നു കൊണ്ടിരിക്കുകയാണ്. ഡോ.കെ.വി. സരസ്വതി, ആലപ്പുഴ നേതൃത്വം കൊടുക്കുന്നു.