ക്ഷേത്രായനം
എപ്പോൾ വേണമെങ്കിലും വിദ്യാരംഭം കുറിക്കാം, അറിയാം ഈ ക്ഷേത്രങ്ങളെ

കന്നിമാസത്തിലെ അമാവാസി കഴിഞ്ഞ് വരുന്ന പ്രഥമ മുതൽ ഒൻപതു ദിവസങ്ങളാണ് നവരാത്രിയായി ആച രിക്കുന്നത്. ദേവീപൂജ നടത്തുന്നതിനും ദേവീപ്രീതി സിദ്ധിക്കുന്നതിനും ഏറ്റവും ഉത്തമമായ കാലമാണിത്. ഈ ഒൻപത് ദിവസങ്ങൾക്ക് ശേഷം വരുന്ന ദിവസമാണ് വിജയദശമി. അന്നേദിവസം ഏതൊരു കർമ്മം ചെയ്താലും വിജയം കൈവരിക്കുന്നത് കൊണ്ടാണ് വിജയദശമി എന്ന പേരുണ്ടായത്.

കേരളത്തിൽ പൊതുവെ വിജയദശമി ദിവസം വിദ്യാരംഭം കുറിക്കുന്നതിന് ഏറ്റവും ഉത്തമമായി കണക്കാക്കുന്നു. ക്ഷേത്രങ്ങളിലോ ദൈവീകസാന്നിദ്ധ്യമുള്ള സന്നിധികളിൽ വച്ചോ വിദ്യാരംഭം കുറിക്കുന്നതാണ് ഏറ്റവും ഉത്തമം. ദുർഗ്ഗാഷ്ടമിയുടെ അധിപതി കാളിയും മഹാനവമിയുടെ അധിപതി ലക്ഷ്മിയും വിജയദശമിയുടെ അധിപതി സരസ്വതിയും ആയിരിക്കുന്നതുകൊണ്ട് അന്നേ ദിവസം വിദ്യാരംഭം നടത്തുന്നതിന് ഏറ്റവും ഉത്തമമായ ദിവസമാണെന്ന് വിശ്വസിക്കുന്നത്. സരസ്വതി ക്ഷേത്രങ്ങൾപോലെ തന്നെ സരസ്വതീ സാന്നിധ്യമുള്ള പുണ്യസ്ഥലങ്ങളും വിദ്യാരംഭം കുറിക്കുന്നതിന് ഉത്തമമാണ്.

ഭക്തർക്ക് എല്ലാ ദിവസവും ദർശനം നടത്താവുന്നതും വിദ്യാരംഭം കുറിക്കാവുന്നതുമായ ചില സരസ്വതി ക്ഷേത്രങ്ങളെ പരിചയപ്പെടാം. വിദ്യാർത്ഥികളിലെ വിദ്യാതടസ്സം മാറുന്നതിനും പഠനത്തിൽ സമർത്ഥരാകുന്നതിനും ഈക്ഷേത്രങ്ങളിൽ വഴിപാടുകൾ നടത്താവുന്നതാണ്.

1. കൊല്ലൂർ മൂകാംബിക ക്ഷേത്രം, ഉഡുപ്പി (Kollur Mookambika Temple)

ദക്ഷിണ കർണ്ണാടകയിലെ ഉഡുപ്പി ജില്ലയിലാണ് പ്രസിദ്ധമായ കൊല്ലൂർ മൂകാംബികാ ക്ഷേത്രം. ഗോകർണ്ണം മുതൽ കന്യാകുമാരി വരെയുള്ള ഭൂപ്രദേശത്ത് പരശുരാമൻ 108 ദുർഗ്ഗാലയങ്ങൾ പ്രതിഷ്ഠിച്ചു എന്നാണ് ഐതിഹ്യം. അതുകൊണ്ട് തന്നെ കേരളത്തിലെ 108 ദുർഗ്ഗാലയങ്ങളെ പ്രതിപാദിക്കുന്ന സ്തോത്രത്തിലും കൊല്ലൂർ മൂകാംബികക്ഷേത്രത്തിന് പ്രാധാന്യം നൽകിയിട്ടുണ്ട്.

കോലമഹർഷി ഈ പുണ്യ ഭൂമിയിൽ വസിച്ച് തപസ് അനുഷ്ഠിച്ചിരുന്നുവെന്നും അങ്ങനെ ഈ പ്രദേശത്തിന് കോലാപുരമെന്ന പേര് കിട്ടിയെന്നും കരുതപ്പെടുന്നു. ഇവിടെയെത്തുന്നവരിൽ ബഹുഭൂരിപക്ഷവും കേരളീയരാണെന്ന സവിശേഷതയുണ്ട്. നിരവധി കവികളും സംഗീതജ്ഞരും കലാകാരന്മാരും മൂകാംബികദേവിയെ ഭജിച്ച് ഉത്തമ കലാസൃഷ്ടികൾ സമർപ്പിക്കാറുണ്ട്.

മൂകാംബിക ക്ഷേത്രത്തിൽ എല്ലാ സമയത്തും ഭക്തരുടെ തിരക്കുണ്ടെങ്കിലും നവരാത്രികാലത്ത് ക്ഷേത്രത്തിൽ ഉത്സവാന്തരീക്ഷമാണ്. ക്ഷേത്രത്തിൽ വിദ്യാരംഭം നടത്തുന്നത് വളരെ പുണ്യപ്രദമായി കരുതപ്പെടുന്നു. ക്ഷേത്രത്തിന്റെ തെക്കു കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന സരസ്വതീമണ്ഡപത്തിൽ വച്ചാണ് കുട്ടികളുടെ എഴുത്തിനിരുത്തൽ ചടങ്ങ് നടത്താറുള്ളത്. എല്ലാ ദിവസവും ക്ഷേത്രത്തിൽ എഴുത്തിനിരുത്താറുണ്ട്.

മൂകാംബികയിൽ എത്തുന്ന ഭക്തർ കുടജാദ്രിയിലും ദർശനം നടത്താറുണ്ട്. മൂകാംബിക ക്ഷേത്രത്തിന്റെ മൂലസ്ഥാനം ഇവിടെയാണെന്ന് കരുതപ്പെടുന്നു. ദക്ഷിണഭാരതത്തിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമാണ് കുടജാദ്രി. ഇവിടെ നിന്നാണ് സൗപർണ്ണികാനദി ഉത്ഭവിക്കുന്നത്. ആദിശങ്കരാചാര്യരുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായ സർവ്വജ്ഞപീഠവും കുടജാദ്രിയുടെ മുകളിലാണ് സ്ഥിതി ചെയ്യുന്നത്.

2. ആവണംകോട് സരസ്വതീക്ഷേത്രം, എറണാകുളം (Avanamcode Saraswathi temple)

എറണാകുളം ജില്ലയിൽ നെടുമ്പാശേരി വിമാനത്താവളത്തിന്റെ സമീപത്തായാണ് ആവണംകോട് സരസ്വതീക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രധാന മൂർത്തി ദുർഗ്ഗയാണെങ്കിലും സരസ്വതിയായാണ് സങ്കല്പം. മണ്ഡപത്തിന്റെ ചുവട്ടിലായി സരസ്വതീദേവിയുടെ വാഹനമായ സിംഹത്തിന്റെ പ്രതിഷ്ഠയും പ്രദക്ഷിണവഴിയിൽ ഗണപതിയുടെ പ്രതിഷ്ഠയും ഉണ്ട്. പരശുരാമൻ പ്രതിഷ്ഠ നടത്തി എന്നു വിശ്വസിക്കുന്ന നൂറ്റിയെട്ട് ദുർഗ്ഗാലയങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. ആദിശങ്കരാചാര്യർ ഈ ക്ഷേത്രത്തിലാണ് വിദ്യാരംഭം നടത്തിയതെന്നും ഐതിഹ്യമുണ്ട്.

ക്ഷേത്രത്തിലെത്തി നാവിന്റെ രൂപം, മണി, നാരായം എന്നിവ നടയ്ക്കുവച്ച് പ്രാർത്ഥിച്ചാൽ കുഞ്ഞുങ്ങൾ നന്നായി പഠിക്കുമെന്നും പഠന വൈകല്യങ്ങളുണ്ടെങ്കിൽ അത് മാറുമെന്നും വിശ്വാസമുണ്ട്. പരീക്ഷകളിലെ ഉന്നത വിജയത്തിന് ഇവിടെ എത്തി പ്രാർഥിച്ചാൽ മതിയാകുമത്രെ. എല്ലാദിവസവും വിദ്യാരംഭം നടക്കുന്ന ക്ഷേത്രം കൂടിയാണ് ആവണംകോട് സരസ്വതീക്ഷേത്രം.

3. വടക്കൻ പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രം, എറണാകുളം (North Paravoor Dakshina Mookambika Temple)

എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിലാണ് പ്രസിദ്ധമായ ദക്ഷിണ മൂകാംബിക ക്ഷേത്രം (Dakshina Mookambika Temple, North Paravoor)  സ്ഥിതി ചെയ്യുന്നത്. മൂകാംബികദേവിയുടെ ഭക്തനായിരുന്ന പറവൂർ തമ്പുരാൻ നിർമ്മിച്ചതാണ് ഈ ക്ഷേത്രം. എല്ലാദിവസവും അത്താഴപൂജാസമയത്ത് കഷായനിവേദ്യം നടത്തുന്നു. ബുദ്ധിശക്തി വർദ്ധിക്കുന്നതിനും വിദ്യാഗുണം സിദ്ധിക്കുന്നതിനും ഈ കഷായം സേവിക്കുന്നത് ഉത്തമമാണെന്ന് കരുതുന്നു. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ ആചാരങ്ങൾ തന്നെയാണ് ഏറെക്കുറെ ഇവിടെയും പിൻതുടരുന്നത്.

പ്രധാന ശ്രീകോവിൽ ജലാശയത്തിന്റെ മധ്യത്തിലാണെന്നത് ഈ ക്ഷേത്രത്തിന്റെ വലിയൊരു പ്രത്യേകതയാണ്. ഈ ജലാശയത്തെ സൗപർണ്ണികയായി സങ്കല്പിക്കുന്നു. ദേവി ബാലസരസ്വതി ഭാവത്തിലാണ് ഇവിടെ അധിവസിക്കുന്നത് എന്നതിനാൽ ദേവിയുടെ നാലുവശങ്ങളിലുമായി നാലു ദേവൻമാരെ സംരക്ഷണത്തിന് പ്രതിഷ്ഠിച്ചിരിക്കുന്നു. ഗണപതി, സുബ്രഹ്മണ്യൻ, മഹാവിഷ്ണു, ഹനുമാൻ, നാഗദൈവങ്ങൾ, യക്ഷി എന്നിവരാണ് ഈ ക്ഷേത്രത്തിലെ ഉപദേവതകൾ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ക്ഷേത്രഭരണം. മകരമാസത്തിലെ ഉത്രട്ടാതി ആറാട്ടായുള്ള പത്തുദിവസത്തെ ഉത്സവവും നവരാത്രിയുമാണ് ഈ ക്ഷേത്രത്തിലെ പ്രധാന വിശേഷദിവസങ്ങൾ. മഹാനവമിയൊഴികെ എല്ലാ ദിവസവും വിദ്യാരംഭം നടക്കുന്ന ക്ഷേത്രമാണിത്.

4. വട്ടിയൂർക്കാവ് ഈശ്വരി അമ്മൻ സരസ്വതീക്ഷേത്രം, തിരുവനന്തപുരം (Easwari Amman Saraswathi Temple)

തിരുവനന്തപുരം ജില്ലയിൽ വട്ടിയൂർക്കാവിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എല്ലാ ദിവസവും വിദ്യാരംഭം നടക്കുന്ന ക്ഷേത്രമാണ് വട്ടിയൂർക്കാവ് ഈശ്വരി അമ്മൻ ക്ഷേത്രം. സരസ്വതീദേവിയാണ് പ്രധാനപ്രതിഷ്ഠ. പടിഞ്ഞാറ് ദർശനമായി നാലുകൈകളിൽ താമര, ഗ്രന്ഥം, അക്ഷമാല എന്നിവ ധരിച്ചാണ് ദേവി അധിവസിക്കുന്നത്.

ക്ഷേത്രത്തിലെ പ്രധാന വഴിപാട് ചിറപ്പാണ്. നവരാത്രികാലത്ത് പത്തുദിവസവും വിശേഷാൽ പൂജകൾ ഉണ്ടായിരിക്കുന്നതാണ്. വിദ്യാതടസ്സം മാറുന്നതിനും പരീക്ഷകളിൽ ഉന്നതവിജയം സിദ്ധിക്കുന്നതിനും നിരവധി വിദ്യാർത്ഥികൾ ഈ ക്ഷേത്രത്തിൽ എത്തിച്ചേരാറുണ്ട്. ബുധനാഴ്ചയാണ് ക്ഷേത്രത്തിൽ കൂടുതൽ പ്രാധാന്യമുള്ള ദിവസം.

5. വിയ്യാറ്റ് ദേവീക്ഷേത്രം, തിരുവനന്തപുരം (Viyyat Devi Temple)

തിരുവനന്തപുരം ജില്ലയിലെ കാര്യവട്ടത്തിന് സമീപത്തായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒരേ ശ്രീകോവിലിൽ ഗണപതി, ചാമുണ്ഡേശ്വരി, സരസ്വതി എന്നിവരെ തുല്യപ്രാധാന്യത്തോടുകൂടി പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രമാണ് വിയ്യാറ്റ് ദേവീക്ഷേത്രം. എല്ലാ ദിവസവും രണ്ട് നേരം പൂജയുണ്ട്. നവരാത്രിയാണ് പ്രധാന ആഘോഷം.

6. എഴുകോൺ മൂകാംബിക ക്ഷേത്രം, കൊല്ലം (Ezhukone Sree Mookambika Devi Temple)

കൊല്ലം കൊട്ടാരക്കര റൂട്ടിൽ എഴുകോൺ എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കൊല്ലൂർ മൂകാംബികക്ഷേത്രത്തിലെ ആചാരങ്ങൾ അതേ രീതിയിൽ തന്നെയാണ് ഇവിടെയും പിൻതുടരുന്നത്. കൊല്ലൂർ മൂകാംബികദേവിയുടെ അതേ രൂപഭാവത്തിലുള്ള വിഗ്രഹം തന്നെയാണ് ഇവിടെയും പ്രതിഷ്ഠിച്ചിരിക്കുന്നത്. രാവിലെ 6 മുതൽ 9 വരെ ദേവിയെ ദുർഗ്ഗാഭാവത്തിലും 9 മുതൽ 10 വരെ മഹാലക്ഷ്മിഭാവത്തിലും വൈകുന്നേരം 5 മുതൽ 7.30 വരെ സരസ്വതീഭാവത്തിലും പൂജിക്കുന്നു. ‘സർവാലങ്കാരതിഭാവപൂജ’ എന്നാണ് ഈ പൂജ അറിയപ്പെടുന്നത്. ദുർഗ്ഗാ ഭാവത്തിലുള്ള പൂജകൊണ്ട് ആപത്മുക്തിയും ശത്രുദോഷ ശാന്തിയും സിദ്ധിക്കുന്നു. മഹാലക്ഷ്മി പൂജകൊണ്ട് ധനാഭിവൃദ്ധിയും സരസ്വതീ പൂജകൊണ്ട് വിദ്യാഗുണവും സിദ്ധിക്കുന്നു എന്നാണ് വിശ്വാസം. ഇതിൽ ഒരു പൂജ മാത്രമായോ മൂന്നു പൂജകളും ഒരുമിച്ചോ നടത്തുന്നതിനുള്ള സൗകര്യമുണ്ട്. വിദ്യാഗുണം സിദ്ധിക്കുന്നതിനും കലാസാഹിത്യരംഗത്ത് ശോഭിക്കുന്നതിനും ജന്മനക്ഷത്രം തോറും മഹാസരസ്വതി പൂജ വഴിപാടായി നടത്താവുന്നതാണ്.

7. പാട്ടുപുരക്കാവ് ഭഗവതീക്ഷേത്രം, പത്തനംതിട്ട (Pattupurakkavu Devi Temple)

പത്തനംതിട്ട ജില്ലയിലെ പന്തളം നഗരമധ്യത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രധാന ദേവത ഭദ്രകാളിയാണെങ്കിലും ഉപദേവതയായി സരസ്വതീദേവിയെയും പ്രതിഷ്ഠിച്ചിരിക്കുന്നു.

8. പനച്ചിക്കാട് മഹാവിഷ്ണു-സരസ്വതീക്ഷേത്രം, കോട്ടയം (Panachikkadu Dakshina Mookambika Temple)

കോട്ടയം ജില്ലയിലെ ചിങ്ങവനത്തു നിന്നും 5 കിലോമീറ്റർ തെക്കു കിഴക്കു മാറിയാണ് പനച്ചിക്കാട് സരസ്വതീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ മഹാവിഷ്ണുവാണെങ്കിലും സരസ്വതി ക്ഷേത്രമെന്ന പേരിലാണ് കൂടുതൽ പ്രശസ്തി. ഒരിക്കലും വറ്റാത്ത ഒരു കൊച്ചുകുളവും അതിനടുത്ത് ഒരു വള്ളിപ്പടർപ്പുമുണ്ട്. ആ വള്ളിപ്പടർപ്പിനകത്തെ ഒരു പ്രത്യേക ദ്വാരത്തിലാണ് ദേവീപ്രതിഷ്ഠ. മൂകാംബികദേവിയെ ഭജനം ചെയ്തുവരുന്ന ഒരു ബ്രാഹ്മണൻ തന്റെ കൈവശമുണ്ടായിരുന്ന ഓലക്കുട ഈ സ്ഥാനത്ത് വച്ചുവെന്നും ആ സ്ഥാനത്ത് ദേവീചൈതന്യം ദർശിച്ച് സരസ്വതീദേവിയെ പ്രതിഷ്ഠിച്ചതാണെന്നും ഐതിഹ്യം.

പ്രധാന ക്ഷേത്രത്തിലെ മഹാവിഷ്ണു കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നു. ഉപദേവതകളായി ഗണപതി, അയ്യപ്പൻ, ശിവൻ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ്, യക്ഷി എന്നിവർക്ക് പ്രതിഷ്ഠകളുണ്ട്. കീഴുപുറം, കരുനാട്ട്, കൈമുക്ക് എന്നീ മൂന്ന് ഇല്ലക്കാർ ചേർന്ന ഒരു ട്രസ്റ്റാണ് ക്ഷേത്രഭരണം നടത്തുന്നത്. ത്രിമധുരവും സാരസ്വതഘൃതവുമാണ് ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ. മഹാനവമിയൊഴികെ എല്ലാ ദിവസവും വിദ്യാരംഭം നടക്കുന്ന ക്ഷേത്രമാണിത്. നവരാത്രിയാണ് ഈ ക്ഷേത്രത്തിലെയും പ്രധാന ഉത്സവം.

9. ടിവി പുരം സരസ്വതീക്ഷേത്രം, കോട്ടയം (T. V. Puram Saraswathi Temple)

കോട്ടയം ജില്ലയിലെ വൈക്കത്തിന് സമീപത്തുള്ള ടിവി പുരത്താണ് ഈക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കൈകളിൽ വീണ അക്ഷമാല, ഗ്രന്ഥം, അമൃതകുംഭം എന്നിവ വഹിച്ചിരിക്കുന്ന രൂപത്തിലാണ് സരസ്വതീദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

10. വടക്കുംകൂർ സരസ്വതീക്ഷേത്രം, കോട്ടയം (Vadakkumkore Mookambika Temple)

കോട്ടയം ജില്ലയിലെ വൈക്കത്താണ് ഈ ക്ഷേത്രം. ആയിരത്തിലധികം വർഷം പഴക്കമുണ്ടെന്ന് കരുത പ്പെടുന്ന ക്ഷേത്രമാണ് വടക്കുംകൂർ സരസ്വതീക്ഷേത്രം. കൈയിൽ വീണ ധരിച്ചിരിക്കുന്ന ഭാവത്തിലാണ് ദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

11. ശ്രീപുരം സരസ്വതിക്ഷേത്രം, കോട്ടയം (Sreepuram Saraswathy Temple)

കോട്ടയം ജില്ലയിലെ പരിപ്പ് എന്ന സ്ഥലത്ത് മീനച്ചിലാറ്റിന്റെ തീരത്താണ് ഈ ക്ഷേത്രം. ഏകദേശം നൂറ് വർഷം മുൻപ് ഒരു ബ്രഹ്മണകുടുംബം നിർമ്മിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കൈ മാറിയതാണിത്. മധുര മീനാക്ഷിദേവിയായും സരസ്വതിയായും രണ്ടു ഭാവത്തിൽ ഇവിടുത്തെ ദേവിയെ ആരാധിക്കുന്നു. നവരാത്രികാലത്താണ് കൂടുതൽ പ്രാധാന്യം.

12. തട്ടാരമ്പലം സരസ്വതീക്ഷേത്രം, ആലപ്പുഴ (Thattarambalam Saraswathi Temple)

ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം നിർമ്മിച്ചത് തമിഴ്നാട്ടിൽ നിന്നെത്തിയ ഒരു സ്വർണ്ണ പണിക്കാരനായിരുന്നു എന്നും അതുകൊണ്ടാണ് തട്ടാരമ്പലം എന്ന പേരുണ്ടായതെന്നും പറയപ്പെടുന്നു.

13. തിരുവുള്ളക്കാവ് ശാസ്താക്ഷേത്രം, തൃശൂർ (Thiruvullakkavu Sree Dharma Sastha Temple)

വിദ്യാദായകനായ ശാസ്താവ് പ്രധാനദേവതയായ ക്ഷേത്രമാണ് തിരുവുള്ളക്കാവ് ശാസ്താക്ഷേത്രം, തൃശൂർ ഇരിങ്ങാലക്കുട റൂട്ടിൽ ചേർപ്പ് എന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നിത്യവും എഴുത്തിനിരുത്ത് നടക്കുന്ന ക്ഷേത്രമാണ് തിരുവുള്ളക്കാവ് ശാസ്താക്ഷേത്രം. കദളിപ്പഴനിവേദ്യമാണ് പ്രധാന വഴിപാട്. മഹാകവിയായ പട്ടത്ത് വാസുദേവഭട്ടതിരിക്ക് ജ്ഞാനസിദ്ധി നൽകിയത് തിരുവുള്ളക്കാവിലെ ശാസ്താവാണെന്നാണ് ഐതിഹ്യം. ജന്മനാ ബുദ്ധിമാന്ദ്യം ഉണ്ടായിരുന്ന വാസുദേവഭട്ടതിരി തിരുവുള്ളക്കാവ് ഭഗവാൻ നൽകിയ കദളിപ്പഴം ഭക്ഷിച്ചെന്നും അതിന്റെ ഫലമായി മഹാപണ്ഡിതനായി തീർന്നെന്നുമാണ് ഐതിഹ്യം. നിത്യവും നൂറുകണക്കിന് കുട്ടികളെ ക്ഷേത്രത്തിൽ എഴുത്തിനിരുത്താറുണ്ട്. കുട്ടികൾക്കുണ്ടാകുന്ന പഠനവൈകല്യം മാറുന്നതിന് ക്ഷേത്രത്തിൽ ദർശനം നടത്തി വഴിപാടുകൾ നടത്തുന്നത് ഉത്തമമാണെന്നാണ് വിശ്വാസം. ദൂരെ നിന്നും വരുന്നവർക്ക് ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള സത്രത്തിൽ താമസ സൗകര്യം ലഭിക്കും.

14. മണിയമ്പത്തൂർ സരസ്വതീക്ഷേത്രം, പാലക്കാട് (Manniyampathur Saraswathi Temple)

പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ് മണിയമ്പത്തൂരിലെ സരസ്വതി ക്ഷേത്രം. പട്ടാമ്പി പള്ളിപ്പുറം റൂട്ടിൽ കരുവാൻപടി എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രധാനദേവത സരസ്വതീദേവിയാണ്. 100 വർഷൾക്ക് മുൻപ് ശ്രീകോവിൽ ഒഴികെ ക്ഷേത്രത്തിന്റെ എല്ലാ ഭാഗങ്ങളിലും തീപിടുത്തമുണ്ടായി. ഈ തീപിടുത്തത്തെത്തുടർന്ന്, നിരവധി പതിറ്റാണ്ടുകളായി ക്ഷേത്രം വിസ്മരിക്കപ്പെട്ടു. ഭക്തരുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി കുറച്ച് വർഷങ്ങൾക്ക് മുമ്പ് ക്ഷേത്രം അതിന്റെ പഴയ പ്രതാപം വീണ്ടെടുത്തു.

നവരാത്രിയാണ് ഇവിടുത്തെ ഏറ്റവും വലിയ ആഘോഷമെങ്കിലും എല്ലാ ദിവസവും വിദ്യാരംഭം നടക്കുന്നുണ്ട്. സാരസ്വത പുഷ്പാജ്ഞലി, തിമധുരം, നാവ്-നാരായം സമർപ്പണം എന്നിവയാണ് പ്രധാന വഴിപാടുകൾ.

15. പള്ളിക്കുന്ന് മൂകാംബികാക്ഷേത്രം, കണ്ണൂർ (Pallikkunnu Mookambika Temple)

കണ്ണൂർ ജില്ലയിൽ നഗരത്തിന് വടക്കുഭാഗത്ത് വളപട്ടണം റൂട്ടിൽ സൂപ്രണ്ട് ഗേറ്റിനടുത്തായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പരശുരാമൻ പ്രതിഷ്ഠി നടത്തിയ 108 ക്ഷേത്രങ്ങളിൽ ഒന്നാണ് പള്ളിക്കുന്ന് മൂകാംബികാക്ഷേത്രം. പ്രധാന ദേവതയായ മൂകാംബികാദേവി പടിഞ്ഞാറോട്ട് ദർശനമായാണ് കുടികൊള്ളുന്നത്. ആദ്യകാലത്ത് ദുർഗ്ഗയായിത്തന്നെയായിരുന്നു ആരാധനയെന്നും പിൽക്കാലത്ത് സരസ്വതീഭാവം കൊണ്ടുവരികയായിരുന്നുവെന്നുമാണ് വിശ്വാസം. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, ശിവപാർവതിമാർ, ഭദ്രകാളി, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ഇവരിൽ ഭദ്രകാളിയ്ക്ക് കൂടുതൽ പ്രാധാന്യമുണ്ട്. കേരളത്തിലെ പുരാതന മാന്ത്രികകുടുംബമായ കാട്ടുമാടം മന വകയായിരുന്നു ഈ ക്ഷേത്രം. ഇപ്പോൾ മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ക്ഷേത്രഭരണം. കൃഷ്ണഗാഥയുടെ കർത്താവായ ചെറുശ്ശേരി നമ്പൂതിരി ക്ഷേത്രത്തിലെ പൂജാരിയായിരുന്നുവെന്ന് പറയപ്പെടുന്നു. മീനമാസത്തിൽ രോഹിണിനാളിൽ കൊടികയറി നടക്കുന്ന ഒമ്പതുദിവസത്തെ ഉത്സവവും അതിനിടയിൽ വരുന്ന പൂരംകുളിയുമാണ് ഇവിടത്തെ പ്രധാന ആഘോഷം. നവരാത്രിയും അതിവിശേഷമായി ആചരിച്ചുവരുന്നുണ്ട്.

 

devi temples
kerala temples
saraswati temples kerala
temples in kerala
Related Posts