
ഒരു രാത്രിയും പകലും കൊണ്ട് 12 ക്ഷേത്രങ്ങളിൽ ദർശനം, ശിവാലയ ഓട്ടത്തിലെ ക്ഷേത്രങ്ങൾ ഇതാണ്
ശിവരാത്രിയുടെ തലേന്ന് വൈകുന്നേരം കന്യാകുമാരി ജില്ലയിലെ മൂഞ്ചിറ തിരുമല ക്ഷേത്രത്തിൽ നിന്നും ആരംഭിച്ചു 12 ശിവക്ഷേത്രങ്ങളിൽ ഒരു രാത്രിയും ഒരു പകലും കൊണ്ട് നടത്തുന്ന ദർശനമാണ് ശിവാലയ ഓട്ടം. ശിവരാത്രി ദിവസം വൈകുന്നേരത്തോടു കൂടി തിരുനട്ടാലം ക്ഷേത്രത്തിൽ ശിവാലയ ഓട്ടം അവസാനിക്കുന്നു.
ഈ ശിവാലയ ഓട്ടത്തിൽ പങ്കെടുക്കുന്നവർ വൃത ശുദ്ധിയോടെ വേണം 12 ക്ഷേത്രങ്ങളിലും ദർശനം നടത്തുവാൻ മകര/കുഭ മാസത്തിലെ ഏകാദശിക്ക് ഒരാഴ്ച മുൻപെങ്കിലും മാലയിടണം. കരിക്കും പഴങ്ങളുമാണ് ഇവർ ഭക്ഷണമായി സ്വീകരിക്കേണ്ടത്.
ശിവാലയ ഓട്ടത്തിൽ പങ്കെടുക്കുന്നവരുടെ കൈയിൽ ഒരു വീശറി ഉണ്ട്, ഓരോ ക്ഷേത്രത്തിൽ ചെല്ലുമ്പോഴും അവിടുത്തെ ദേവനെ വീശാൻ ആണ് ഇത്. വിശറിയുടെ രണ്ടറ്റത്തും തുണിസഞ്ചികൾ ഉണ്ടാകും. ഒന്ന് ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന ഭസ്മം സൂക്ഷിക്കാനും മറ്റൊന്ന് പണം വയ്ക്കാനും.
12 ക്ഷേത്രങ്ങളിലും കുളിച്ചിട്ടുവേണം ദർശനം നടത്താൻ. യാത്രക്കിടയിൽ പാനകം, ചുക്ക് വെള്ളവും ആഹാരവും കൊടുക്കുന്നു. ശിവക്ഷേത്രങ്ങളിലേക്ക് ആണെങ്കിലും ഗോവിന്ദ…ഗോപാല… എന്നീ വൈഷ്ണവ മന്ത്രങ്ങളാണ് ഉരുവിടുന്നത്. അതിനാൽ ഇവരെ ഗോവിന്ദന്മാർ എന്ന പേരിലാണ് അറിയപ്പെടുന്നത്.
ഓട്ടപ്രദക്ഷിണം നടത്തുന്ന ശിവാലയങ്ങൾ ഏതെന്ന് നോക്കാം.
1. തിരുമല ശൂലപാണി
തിരുമല മഹാദേവനെ ശൂലപാണി ഭാവത്തിലാണ് ആരാധിക്കുന്നത്. മുഞ്ചിറ തിരുമലദേവൻ എന്നാണ് ഭക്തർ ഇവിടുത്തെ പ്രതിഷ്ഠാ മൂർത്തിയെ വിളിച്ചുവരുന്നത്. തിരുമല തേവരെ സന്താനമൂർത്തി ആയിട്ടാണ് ഭക്തർ വിശ്വസിച്ചു പോരുന്നത്. സന്താനമൂർത്തിയായ തിരുമല തേവരുടെ ഭക്തവാത്സല്യത്തെ പ്രകീർത്തിക്കുന്ന അതിപ്രശസ്തമായ ചരിത്രമാണ് തിരുമലനായ്ക്കരുടെ ജന്മകഥ. മധുര രാജപരമ്പരയിലെ അതിശക്തനായ രാജാവായിരുന്നു തിരുമലനായ്ക്കർ. നായ്ക്കർ രാജപരമ്പരയിലെ പ്രധാനിയുമായിരുന്ന തിരുമലനായ്ക്കർ, തിരുമല ഭഗവാനെ അനുഗ്രഹ വരദായകനായി കരുതിപ്പോരുന്നു.
ഉദിച്ചിക്കോട്ട
തിരുമലനായ്ക്കരുടെ അമ്മ സന്താനലബ്ധിക്കായി തിരുമല തേവരെ ഭജനമിരുന്ന കൊട്ടാരമാണ് ഉദിച്ചിക്കോട്ട. തിരുമലക്ഷേത്രത്തിൽനിന്നും അൽപ്പം കിഴക്കുമാറി സ്ഥിതിചെയ്യുന്ന ഉദിച്ചിക്കോട്ടയുടെ പടിഞ്ഞാറെ വാതിൽ തുറന്നാൽ തിരുമലക്കുന്നിൽ തേവരുടെ ശ്രീലകത്തെ കനകദീപങ്ങൾ കാണാൻ കഴിയും. തിരുമലത്തേവരെ ആരാധിച്ചപ്പോൾ ലഭിച്ച സന്തതിയായതിനാൽ തന്റെ പുത്രന് തിരുമലനാർ എന്ന പേര് നൽകുകയും തിരുമല തേവരെ തങ്ങളുടെ പരദേവതയായി കരുതി ആരാധിച്ചു പോരുകയും ചെയ്തു. പരമശിവന്റേയും മഹാവിഷ്ണുവിന്റെയും ക്ഷേത്രങ്ങൾ ചേർന്നതാണ് തിരുമലക്ഷേത്രസമുച്ചയം. ശിവരാത്രി, വൃശ്ചിക മാസത്തിലെ അഷ്ടമി, കുംഭമാസത്തിലെ അഷ്ടമി എന്നിവ ഇവിടെ വിശേഷാൽ ദിനങ്ങളാണ്. മീനമാസത്തിലെ തിരുവാതിരനാളിൽ കൊടിയേറും. തിരുവാതിര ആറാട്ടാണ് ഇവിടെ വാർഷിക ഉത്സവം.
2. തിക്കുറിശ്ശി
ശിവാലയ ഓട്ടത്തിൽ രണ്ടാമത്തെ ക്ഷേത്രമാണ് തിക്കുറിശ്ശി മഹാദേവക്ഷേത്രം. താമ്രപർണ്ണി നദിയുടെ തീരത്താണ് തിക്കുറിശ്ശി മഹാദേവൻ നിലകൊള്ളുന്നത്. ഭംഗിയേറിയ വരാന്തയോടുകൂടിയ ചതുരമണ്ഡപത്തിനുള്ളിലാണ് ഭഗവാന്റെ ശ്രീകോവിൽ നിലകൊള്ളുന്നത്. ഈ ശ്രീലകത്ത് പ്രദക്ഷിണം പാടില്ല. തിക്കുറിശ്ശി ശിവക്ഷേത്രത്തെ നന്തി ഇല്ലാത്ത ശിവക്ഷേത്രം എന്നാണ് അറിയപ്പെട്ടിരുന്നത്.
ഈ ക്ഷേത്രത്തെ സംബന്ധിച്ച് മറ്റൊരു ഐതിഹ്യകഥകൂടി ഉണ്ട്. ഒരിക്കൽ ഇവിടുത്തെ കൃഷി ആരോ നശിപ്പിക്കുന്ന യി കണ്ടു. ആരാണ് ഈ നെൽവിളകൾ നശിപ്പിക്കുന്നതെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. രാവും പകലും കാത്തിരുന്നപ്പോൾ നെല്ല് നശിപ്പിക്കുന്ന കൂറ്റൻ കാളയെ അവർ കണ്ടു. കയ്യിൽ കിട്ടിയവയൊക്കെക്കൊണ്ട് അവർ ആ കാളയെ എറിഞ്ഞു. കർഷകരുടെ ആക്രമണത്തിൽ മുറിവേറ്റ കാള, താമ്രപർണ്ണിനദി നീന്തി കടന്ന് അക്കരെയെത്തി സാധാരണകിടന്നുറങ്ങുന്നിടത്ത് അവശനായി കിടന്നു. കർഷകരുടെ വിവരം അറിഞ്ഞ മഹാരാജാവ്, ഏതാണീ കൂറ്റൻ കാളയെന്നറിയാൻ കൊട്ടാരം ജ്യോത്സ്യനെക്കൊണ്ട് പ്രശ്നം വയ്പ്പിച്ചു. ഇത് തിക്കുറിശ്ശി ഭഗവാന്റെ വാഹനമായ നന്തിയാണ്. ഈ നന്തിയെ പ്രതിഷ്ഠിക്കാനാവില്ല. ഉത്തമ ബ്രാഹ്മണന് ദാനം നൽകിയാൽ കർഷകരുടെ ദുരിതം തീരുമെന്ന് വിധിക്കുകയും ചെയ്തു. ജ്യോത്സ്യന്റെ കൽപ്പനപ്രകാരം ക്ഷേത്രം തന്ത്രിയായ തരണനല്ലൂർ നമ്പൂതിരിപ്പാടിന് കൂറ്റൻകാളയെ ദാനം ചെയ്തു. എന്നാൽ ഇത്ര വലിയ കാളയെ നോക്കാൻ ബുദ്ധിമുട്ടാണെന്നുതോന്നിയ തരണനല്ലൂർ തന്റെ മാന്തികസിദ്ധികൊണ്ട് കാളയെ ശിലയാക്കി താമ്രപർണ്ണിയിൽ മുക്കി. അങ്ങനെ തിക്കുറിശ്ശി ക്ഷേത്രം നന്തിയില്ലാത്ത ശിവക്ഷേത്രം എന്ന് തിരിച്ചറിയാൻ തുടങ്ങി.
3. തൃപ്പരപ്പ്
ശിവാലയ ഓട്ടത്തിൽ മൂന്നാമത്തെ ക്ഷേത്രമാണ് തൃപ്പരപ്പ് മഹാദേവക്ഷേത്രം. കുഴംതുറയിൽനിന്നും ഏകദേശം പത്തുകിലോമീറ്റർ വടക്കു മാറിയാണ് തൃപ്പരപ്പ് മഹാദേവക്ഷേത്രം നിലകൊള്ളുന്നത്. നിറഞ്ഞൊഴുകുന്ന കോതയാറിന്റെ തീരത്തായി പടിഞ്ഞാറ് ദർശനമായിട്ടാണ് പരമശിവ പ്രതിഷ്ഠ. പരമശിവന്റെ ഉഗ്രരൂപമായ വീരഭദ്രമൂർത്തിയാണ് ഇവിടുത്തെ പ്രതിഷ്ഠ. ഇവിടെ നന്ദിവിഗ്രഹം ക്ഷേത്രദർശനത്തിൽനിന്നും അൽപ്പം വടക്കുമാറിയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. പരമശിവന്റെ ഉഗ്രരൂപം കണ്ട് ഭയന്നിട്ടാണ് നന്തി ഇങ്ങനെ വടക്കുമാറി ഇരിക്കുന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ദക്ഷയാഗത്തിനുശേഷം ഉഗ്രകോപമൂർത്തിയായ വീരഭദ്രമൂർത്തി തന്റെ ഇഷ്ടദേശമായി തൃപ്പരപ്പിനെകരുതി ഇവിടെ എത്തിയെന്നാണ് വിശ്വാസം. വൃത്താകൃതിയിലുള്ള ശ്രീകോവിലും വളരെ മുഴുപ്പുള്ള താഴികക്കുടവും ഈ ശ്രീകോവിലിന്റെ പ്രത്യേകതയാണ്. ചുറ്റമ്പലത്തിന്റെ പടിഞ്ഞാറുഭാഗത്തായി ശിവജ്വരത്തിന്റെ പ്രതിഷ്ഠയുണ്ട്. പരമശിവന്റെ ശക്തിയുടെ മൂർത്തിമദ് ഭാവമായിട്ടാണ് ശിവജ്വരത്തെ വിശ്വസിച്ചുപോരുന്നത്. ശിവജ്വരത്തെ പ്രാർത്ഥിച്ച് വഴിപാടുകൾ നടത്തിയാൽ എല്ലാവിധ ജ്വരങ്ങളും മാറികിട്ടുമെന്നാണ് വിശ്വാസം.
4. തിരുനന്തിക്കര
ഒട്ടനവധി ഐതിഹ്യസമ്പത്തുകൾ ചേർന്നതാണ് തിരുനന്തിക്കര ശിവക്ഷേത്രം. ഇവിടെ ഭഗവാനെ നന്തികേശ്വര പെരുമാൾ എന്നാണ് വിളിക്കപ്പെടുന്നത്. ഭഗവാനൊപ്പം പ്രാധാന്യത്തിൽ ഇവിടെ നന്തിയും കുടികൊള്ളുന്നു എന്നതാണ് എടുത്തു പറയേണ്ട പ്രത്യേകത. ഇവിടെ നന്തിയെ പ്രതിഷ്ഠിച്ചിരിക്കുന്നത് ഒരു കുഴിയിലാണ്. നന്തികേശ്വരപെരുമാളെ ദർശിക്കുന്ന അതേ ഭക്തി ഭാവം നന്തിയെ തൊഴുതാലും ലഭിക്കുന്നു എന്നതാണ് ഭക്തരുടെ അനുഭവം. ഈ ക്ഷേത്രത്തിൽ പണ്ട് നന്തി ഇല്ലായിരുന്നുവത്രേ. എന്നാൽ ഈ ഗ്രാമത്തിന്റെ പലഭാഗത്തും അപൂർവ്വമായ ഒരു കാളയെ നാട്ടുകാർ കണ്ടുതുടങ്ങി. നോക്കിനിൽക്കെ അപ്രത്യക്ഷമാകുന്ന കാള ഏവരേയും അത്ഭുതപ്പെടുത്തി. അദൃശ്യഭാവത്തിലെത്തുന്ന കാളയുടെ ശല്യവും നാട്ടിൽ തുടങ്ങി. നാട്ടിലെ വിളകളെല്ലാം കാള നശിപ്പിച്ചുതുടങ്ങി. മിന്നൽപ്പിണരുപോലെ ഒളിഞ്ഞുമാറുന്ന കാളയെ എങ്ങനെ പിടിച്ചുകെട്ടാൻ കഴിയും? ദേശവാസികളെല്ലാവരും ഒത്തു ചേർന്ന് അടുത്തുള്ള ശിവക്ഷേത്രത്തിൽ ചെന്ന് ഭഗവാനോട് മനമുരുകി പ്രാർത്ഥിച്ചു. ഭക്തി നിറഞ്ഞ പ്രാർത്ഥന ഭഗവാൻ തിരിച്ചറിഞ്ഞു. അലഞ്ഞുനടന്ന നന്തിയെ തന്റെ മുന്നിലായി പിടിച്ചിരുത്തി. നന്തി ഇരുന്ന കര, നന്തിക്കരയായി. ഭക്തിയാൽ തിരുനന്ദിക്കരയുമായി മാറി. സദാസമയവും ശിവനെ പൂജ ചെയ്തുകൊണ്ടിരിക്കുന്ന ഭക്തശ്രേഷ്ഠനായിട്ടാണ് നന്തിയെ ഇവിടെ കരുതിപ്പോരുന്നത്.
5. പൊന്മന ശിവക്ഷേത്രം
കുലശേഖരപുരത്തുനിന്ന് ചുരളക്കോട് വഴിയിൽ ഏകദേശം ആറ് കിലോമീറ്റർ ദൂരത്താണ് പൊൻമന ശിവക്ഷേത്രം നിലകൊള്ളുന്നത്. ശിവാലയ ഓട്ടത്തിലെ അഞ്ചാമത്തെ ക്ഷേത്രമാണ് പൊൻമന ശിവക്ഷേത്രം. “തമ്പിലീശ്വരൻ’ എന്നാണ് ഇവിടുത്തെ ശിവചൈതന്യം വിളിക്കപ്പെടുന്നത്. താമ്രപർണ്ണീ നദിയുടെ ഇടത്തേ കരയിലായിട്ടാണ് പൊൻമന മഹാദേവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നമസ്ക്കാര മണ്ഡപത്തിലാണ് വലിയ നന്തിവിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത്. നമസ്ക്കാരമണ്ഡപത്തിന് മുകളിൽ തടിയിൽ കൊത്തിവെച്ചിരിക്കുന്ന അനവധി രൂപങ്ങൾ കാണാം. പുരാണകഥാഭാഗങ്ങളും നവഗ്രഹങ്ങളുമെല്ലാം ചിത്രപ്പണികളിൽ ജീവൻ തുടിക്കുന്നതുപോലെ തോന്നും. വൃത്താകൃതിയിലുള്ള അതിബൃഹത്തായ ശ്രീകോവിലാണ് പൊൻമന മഹാക്ഷേത്രത്തിലേത്. എല്ലാ പ്രദോഷവും വ്രതമായി ആചരിക്കുന്ന അപൂർവ്വശിവക്ഷേത്രങ്ങളിലൊന്നാണ് പൊൻമന.
6. പന്നിപ്പാകം ശിവക്ഷേത്രം
തക്കലയിൽനിന്നും ആറ് കിലോമീറ്റർ ദൂരത്തായിട്ടാണ് പന്നിപ്പാകം ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ശിവചൈതന്യം കിരാതമൂർത്തി എന്നാണ് അറിയപ്പെടുന്നത്. പന്നിപ്പാകത്തെ തേവരെ മനമുരുകി പ്രാർത്ഥിച്ചാൽ ഏത് വിഷമതകളും മാറിക്കിട്ടുമെന്നാണ് വിശ്വാസം. ശിവനും പാർവ്വതിയും ചേർന്ന കിരാതഭാവമാണ് ഇവിടെ ശിവാലയസങ്കൽപ്പം. മഹാഭാരതം കഥയിലെ ‘കിരാതം’ എന്ന ശിവമഹിമാഭാഗം തന്നെയാണ് പന്നിപ്പാകം ക്ഷേത്രത്തിന്റെ ഐതിഹ്യം. അതിദിവ്യമായ ‘പാശുപതാസ്ത്രം’ ലഭിക്കാനായി അർജ്ജുനൻ ശിവനെ തപസ്സ് ചെയ്യുകയും പരമശിവനും പാർവ്വതിയും, കാട്ടാളവേഷത്തിൽ വന്ന് അർജ്ജുനനോട് യുദ്ധം ചെയ്തതുമായ കഥാഭാഗം. മൂകാസുരൻ പന്നിവേഷം ധരിച്ചെത്തുകയും തന്റെ തപസ്സിനെ മുടക്കാൻ വന്ന പന്നിയെ അർജ്ജുനൻ അമ്പെയ്തു. എന്നാൽ പന്നിയെ താനാണ് കൊന്നതെന്ന് പറഞ്ഞ് അവകാശവാദവുമായി കാട്ടാളനും എത്തുന്നു. പന്നിയുടെ ദേഹത്ത് രണ്ട് അമ്പുകളും തറച്ചു. തർക്കം മൂത്ത് കാട്ടാളനും അർജ്ജുനനും യുദ്ധത്തിലേർപ്പെടുന്നു. അർജ്ജുനനെ കാട്ടാളൻ പരാജയപ്പെടുത്തുന്നു. അർജ്ജുനന്റെ അഹങ്കാരം ശമിച്ചപ്പോൾ, കാട്ടാളവേഷം മാറ്റി ഭഗവാൻ പ്രത്യക്ഷപ്പെടുകയും അർജ്ജുനന് പാശുപതാസ്ത്രം നൽകുകയും ചെയ്യുന്നു. അമ്പേറ്റ് പന്നി വീണ സ്ഥലം പന്നിക്കുണ്ടും, ഭഗവാൻ ദർശനം നൽകി യത് പന്നിപ്പാകത്തുമാണ്. ഈ ക്ഷേത്രത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തായി കാണപ്പെടുന്ന ഉപദേവൻ, കാലഭൈരവനാണ്. മഹാദേവന്റെ ഉഗ്രഭാവമാണ് കാലഭൈരവൻ, കാലഭൈരവനെ പ്രാർത്ഥിച്ചാൽ മൃത്യുഭയത്തിൽ നിന്നും രക്ഷനേടാനാകുമെന്നാണ് വിശ്വാസം.
7. കൽക്കുളം മഹാദേവർ ക്ഷേത്രം
ശിവാലയ ഓട്ടത്തിലെ ഏഴാമത്തെ ക്ഷേത്രമാണ് കൽക്കുളം മഹാദേവർ ക്ഷേത്രം. ഇവിടെ പരമശിവൻ നീലകണ്ഠനായിട്ടാണ് പൂജിക്കപ്പെടുന്നത്. അനവധി ചരിത്രകഥകൾ, വീരകഥകൾ കെട്ടുപിണഞ്ഞുകിടക്കുന്ന, പത്മനാഭപുരത്ത്, പത്മനാഭപുരം കൊട്ടാരക്കോട്ടയ്ക്കുള്ളിലാണ് കൽക്കുളം മഹാദേവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രാജപ്രതാപത്തിന്റെ പ്രൗഢഗംഭീര ഭാവങ്ങളെല്ലാം ഒത്തുചേർന്ന അതിഗംഭീരമായ ക്ഷേത്രമാണ് കൽക്കുളം മഹാദേവസന്നിധി. മറ്റ് പതിനൊന്ന് ശിവാലയങ്ങളെ അപേക്ഷിച്ച് കൽക്കുളം ക്ഷേത്രത്തിന് എടുത്തു പറയത്തക്കതായ ഒരു പ്രത്യേകതയുണ്ട്. ഇവിടെ മാത്രമാണ് ശിവനോടൊപ്പം പാർവ്വതി ദേവിയേയും കാണപ്പെടുന്നത്. ദേവിയെ ആനന്ദവല്ലി എന്നാണ് വിളിക്കുന്നത്. വാസ്തുവിദ്യയിൽ കേരളത്തിന്റേയും തമിഴ്നാടിന്റേയും സമ്മിശ്രഭാവന ഈ ക്ഷേത്രത്തിൽ കാണാവുന്നതാണ്. ക്ഷേത്രമുറ്റത്തുതന്നെ അതി വിശാലവും കല്ലുകൊണ്ട് അതിമനോഹരമാം വിധം കെട്ടിയൊതുക്കിയതുമായ വലിയ കുളം കാണാം. ദർപ്പക്കുളം. മണ്ഡപസ്തൂപങ്ങളോടു കൂടിയ ഈ ദർപ്പക്കുളത്തിലാണ് ദർപ്പ ഉത്സവം നടത്തപ്പെടുന്നത്. കുംഭമാസത്തിലെ തിരുവാതിര ആറാട്ടാണ് കൽക്കുളത്തെ വാർഷികവിശേഷം.
8. മേലാങ്കോട് ശിവക്ഷേത്രം
ഐതിഹ്യകഥകളും, യക്ഷിക്കഥകളും, ചരിത്രസ്മൃതികളും ഒത്തുചേർന്ന പ്രദേശമാണ് മേലാങ്കോട് ദേശം, ശിവാലയ ഓട്ടത്തിലെ എട്ടാമത്തെ ക്ഷേത്രമാണ് മേലാങ്കോട് ശിവക്ഷേത്രം. കിഴക്ക് ദർശനമായിട്ടുള്ള ഈ ക്ഷേത്രത്തിൽ ശിവഭഗവാൻ കാലകാലനായി പരിലസിക്കുന്നു. ചരിത്രത്തിന്റെ താളിൽ ഈ ശ്രീകോവിലിന് മറ്റൊരു കഥയും പറയാനുണ്ട്. മാർത്താണ്ഡവർമ്മയെ വധിക്കാനായി എട്ടുവീട്ടിൽ പിള്ളമാരും, തമ്പിയും ചേർന്ന ചരിത്രകഥയിൽ, മേലാങ്കോട്ട് എത്തി മാർത്താണ്ഡവർമ്മയെ അവർ വളഞ്ഞു. ഏത് നിമിഷവും എട്ടുവീട്ടിൽ പിള്ളമാരുടെ വാളിന് ഇരയാകാമെന്ന് ഭയന്ന നിമിഷത്തിൽ, മാർത്താണ്ഡവർമ്മ ഓടിച്ചെന്ന് മേലാങ്കോട് ശ്രീലകത്ത് കയറി. പൂജാരി താൻ ധരിച്ചിരുന്ന വസ്ത്രം മാർത്താണ്ഡവർമ്മയ്ക്ക് നൽകി. തൊടുകുറികളും നിവേദ്യപാത്രവും പിടിച്ച് മാർത്താണ്ഡവർമ്മ പുറത്തേയ്ക്കിറങ്ങിയപ്പോൾ ക്ഷേത്രപൂജാരിയാണെന്നേ ശത്രുക്കൾ കരുതിയുള്ളൂ. മാർത്താണ്ഡവർമ്മയുടെ വസ്ത്രം ധരിച്ചുനിന്ന പൂജാരിയെ മാർത്താണ്ഡവർമ്മയാണെന്ന് കരുതി ശ്രീലകത്ത് കയറിവെട്ടിക്കൊന്നു.
9. തിരുവിടയ്‌ക്കോട്
ചടയപ്പൻ എന്നാണ് തിരുവിടയ്‌ക്കോട് ഭഗവാനെ വിളിക്കപ്പെടുന്നത്. ശിവാലയ ഓട്ടത്തിൽ ഒൻപതാമത്തെ ക്ഷേത്രമാണ് തിരുവിടയ്‌ക്കോട് ശിവക്ഷേത്രം. മുഖദർശനം അടഞ്ഞപ്രകാരമാണ് തിരുവിടയ്‌ക്കോട് ശിവക്ഷേത്രം. ഭഗവാൻ ഇവിടെ സന്ന്യാസഭാവത്തിലാണ് കുടികൊള്ളുന്നത്. ആട് മേയ്ക്കാൻ വന്നവർ കാട് വെട്ടിയപ്പോഴാണ് ഈ ശിവലിംഗം കണ്ടെത്തിയതെന്നൊരു ഐതിഹ്യമുണ്ട്. ആണ്ടുതോറും ആളൂർദേശത്തുനിന്നും ഒരു ദളിത് യുവാവ്, നാദസ്വരത്തിന്റേയും താലപ്പൊലിയുടേയും അകമ്പടിയോടെ ക്ഷേത്രത്തിൽ വരുകയും ഭഗവാന് പട്ട് കാണിക്കയായി സമർപ്പിക്കുകയും ചെയ്യുന്ന ആചാരം ഇന്നും തുടരുന്നു. ആട് മേയിച്ച ആദിവാസിയുടെ പരമ്പരയാണ് ഇക്കൂട്ടർ എന്ന് വിശ്വ സിക്കുന്നു. നവഗ്രഹങ്ങളെപ്പോലും, ചൊൽപ്പടിക്ക് നിർത്തിയ ഇടയ്ക്കാട് സിദ്ധന്റെ ഓർമ്മയ്ക്കായിട്ടാണ് ഈ ക്ഷേത്രത്തിന് ഇപ്രകാരം പേര് ലഭിച്ചത്. ഗ്രഹപ്പിഴകൾ മാറാൻ നവഗ്രഹപ്രീതിക്ക് ഇവിടെ വഴിപാട് നടത്തുന്നത് ഏറെ ഉത്തമഫലം നൽകുമെന്നും വിശ്വസിക്കപ്പെടുന്നു.
10. തിരുവിതാംകോട് ക്ഷേത്രം
തക്കലയിൽ നിന്നും നാല് കിലോമീറ്റർ തെക്കുമാറിയാണ് തിരുവിതാംകോട് ശിവക്ഷേത്രം നിലകൊള്ളുന്നത്. ശിവാലയ ഓട്ടത്തിലെ പത്താമത്തെ ക്ഷേത്രമാണ് തിരുവിതാംകോട് ക്ഷേത്രം. തിരുവിതാംകോട് ക്ഷേത്രത്തിലെ ശിവചൈതന്യത്തെ ‘പരീതി പാണി’ എന്നാണ് വിളിക്കുന്നത്. ശിവഭാവത്തിന്റെ പൂർണ്ണഭാവമാണ് പരീതിപാണി സങ്കൽപ്പം. ഏകദേശം കേരളീയ വാസ്തുശാസ്ത്രപ്രകാരമാണ് ഈ ശിവാലയത്തിന്റെ നിർമ്മാണരീതി. ഈ ശിവക്ഷേത്രത്തിന്റെ വെളിയിൽ തെക്കുമാറി, തികച്ചും കേരളീയ വാസ്തു പ്രകാരം നിർമ്മിച്ചിരിക്കുന്ന ഒരു വിഷ്ണു ക്ഷേത്രവുമുണ്ട്.
11. തൃപ്പന്നിയോട്
നാഗർകോവിലിൽ നിന്നും വടക്ക് പടിഞ്ഞാറ് മാറി പതിനാല് കിലോമീറ്റർ ദൂരത്തായിട്ടാണ് ഭക്തവത്സലൻ എന്ന പേരിൽ ഭക്തരെല്ലാം വിളിക്കുന്ന തൃപ്പന്നിയോട് ശിവക്ഷേത്രം നിലകൊള്ളുന്നത്. ശിവാലയ ഓട്ടത്തിലെ പതിനൊന്നാമത്തെ ക്ഷേത്രമാണ് തൃപ്പന്നിയോട് ശിവ ക്ഷേത്രം. മുഗൾ സൈന്യം ഈ ക്ഷേത്രം ആക്രമിച്ചതായി ചരിത്രത്തിൽ പറയുന്നുണ്ട്. ഇവിടുത്തെ ശിവലിംഗത്തിന്റെ മുകളിൽ വെട്ടുകൊണ്ട് രണ്ട് പാടുകളുണ്ട്. അമ്പലം തകർത്ത മുഗൾ സൈന്യം ഏൽപ്പിച്ച പാടുകളാണിവ. പിൽക്കാലത്ത് തിരുവിതാംകൂർ രാജാവ് ശ്രീമൂലം തിരുനാൾ ഈ ക്ഷേത്രം പുതുക്കിപ്പണിതു.
12. തിരുനട്ടാലം
രാവും പകലും ഉറങ്ങാതെ ഭക്തനെനോക്കി കാണുന്ന ഭഗവാൻ. ‘തിരുങ്കണ്ണപ്പൻ’ എന്ന് ഭക്തർ വിശേഷിപ്പിക്കുന്ന തിരുനട്ടാലത്ത് ഭഗവാൻ. നാഗർകോവിലിൽ നിന്നും പതിനേഴ് മൈൽ പടിഞ്ഞാറ് മാറിയാണ് നട്ടാലം സ്ഥിതി ചെയ്യുന്നത്. കിഴക്ക് ദർശനത്തോടെ പ്രതിഷ്ഠയുള്ള തേവർക്ക് അർദ്ധനാരീശ്വരൻ എന്ന സങ്കൽപ്പമാണ്. പാർവ്വതിക്കൊപ്പം പാതിശരീരം പകുത്ത ഭഗവാൻ. നട്ടാലം ശിവക്ഷേത്രക്കുളത്തിന് മറുകരയിലായി മറ്റൊരു ക്ഷേത്രം കാണാം. ഇത് ശങ്കരനാരായണ ക്ഷേത്രമാണ്. ശങ്കരനാരായണ ക്ഷേത്രത്തിൽ വലംവെച്ചാണ് ഭക്തിപരിപൂർണ്ണമാകുന്ന ശിവാലയ ഓട്ടം സമാപിക്കുന്നത്.