ക്ഷേത്ര വാർത്തകൾ
കൊട്ടിയൂര്‍ വൈശാഖോത്സവം: പ്രക്കൂഴം ചടങ്ങുകള്‍ നടത്തി, നീരെഴുന്നള്ളത്ത് മേയ് 16ന്

വൈശാഖോത്സവത്തിന്റെ തീയതിയും ചടങ്ങുകളും നിശ്ചയിക്കുന്ന പ്രക്കൂഴം ചടങ്ങുകള്‍ ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ നടന്നു. കാക്കയങ്ങാട് പാലയിലെ പുല്ലാഞ്ഞിയോട് നരഹരിപ്പറമ്പ് നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍നിന്ന് അവില്‍ എഴുന്നള്ളിച്ച് എത്തിച്ചതോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. മാലൂര്‍പ്പടി ക്ഷേത്രത്തില്‍നിന്ന് നെയ്യും എഴുന്നള്ളിച്ചെത്തിച്ചു.

ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രനടയ്ക്ക് താഴെ ആയില്യാര്‍ക്കാവിന്റെ പ്രവേശനകവാടത്തിന് സമീപത്തായി തണ്ണീര്‍ക്കുടി ചടങ്ങ് നടത്തി. ഒറ്റപ്പിലാന്‍, കാടന്‍, പുറങ്കലയന്‍, കൊല്ലന്‍, ആശാരി എന്നീ സ്ഥാനികര്‍ ചേര്‍ന്നാണ് ചടങ്ങ് നടത്തിയത്. പിന്നീട് അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയായ മന്ദംചേരിയില്‍ ബാവലിപ്പുഴക്കരയില്‍ തണ്ണീര്‍ക്കുടി ചടങ്ങ് പൂര്‍ത്തീകരിച്ചു.

കുത്തോട് മണ്ഡപത്തില്‍ സമുദായിയുടെ സാന്നിധ്യത്തില്‍ ശ്രീവത്സന്‍ നമ്പൂതിരി അവില്‍ അളന്നു. ഇക്കരെ ക്ഷേത്രം ശ്രീകോവിലിന് മുന്നില്‍ നെല്ലളവും നടത്തി. ആയില്യാര്‍കാവില്‍ രാത്രി പടിഞ്ഞീറ്റ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ പ്രത്യേക പൂജകള്‍ നടത്തി. അപ്പട നിവേദിച്ചു. പ്രക്കൂഴ ചടങ്ങോടെ പാരമ്പര്യ അവകാശികളും സ്ഥാനികരും വ്രതനിഷ്ഠ ആരംഭിച്ചു.
മേയ് 21-ന് നെയ്യാട്ടത്തോടെ ഉത്സവം തുടങ്ങും.

മേയ് 16-ന് നീരെഴുന്നള്ളത്ത്, 21-ന് നെയ്യാട്ടം, 22-ന് ഭണ്ഡാരം എഴുന്നള്ളത്ത്, 29-ന് തിരുവോണം ആരാധന, ഇളനീര്‍വെപ്പ്, 30-ന് ഇളനീരാട്ടം, അഷ്ടമി ആരാധന എന്നിവ നടക്കും. ജൂണ്‍ രണ്ടിനാണ് രേവതി ആരാധന. ആറിന് രോഹിണി ആരാധന, എട്ടിന് തിരുവാതിര ചതുശ്ശതം, ഒന്‍പതിന് പുണര്‍തം ചതുശ്ശതം, 11-ന് ആയില്യം ചതുശ്ശതം, 13-ന് മകം കലംവരവ്, 16-ന് അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ, 17-ന് തൃക്കലശാട്ട്.

 

Related Posts