സ്പെഷ്യല്‍
നിങ്ങള്‍ സമ്പന്നനാകുമോ? ഗ്രഹങ്ങള്‍ പറയുന്നത് അറിയൂ

നിങ്ങള്‍ക്കു ധനവും സമ്പത്തുമുണ്ടാകുമോ എന്നു ജാതകപ്രകാരം പറയാനാകും. ജീവിതത്തില്‍ ഒരാള്‍ക്കുണ്ടാകുന്ന ധനാഭിവൃദ്ധിയേയും അതുപോലെ ധനനാശത്തേയും ഗ്രഹനിലകൊണ്ടും അതുപോലെ പ്രശ്‌നം വഴിയും കൊണ്ടും കണ്ടെത്താന്‍ കഴിയും.

ലഗ്‌നത്തിലേക്ക് സൂര്യന്റെ ദൃഷ്ടിയുണ്ടെങ്കില്‍  ജാതകനു പിതൃസ്വത്ത് ലഭിക്കുമെന്നുറപ്പാണ്. ചന്ദ്രനാണു വീക്ഷിക്കുന്നതെതങ്കില്‍ വിദേശത്തുപോയി ധാരാളം പണമുണ്ടാക്കും.

മറ്റുള്ള ഗ്രഹങ്ങള്‍ക്ക് രണ്ട്, പതിനൊന്ന്, ഒമ്പത്, പത്ത് ഭാവാധിപത്യം ഉണ്ടായി ലഗ്‌നത്തേയോ രണ്ടാം ഭാവത്തേയോ നോക്കിയാലും ആ ഗ്രഹങ്ങളുടെ കാരകത്വത്തെക്കൊണ്ടു ധനലാഭം ഉണ്ടാകും. ലഗ്‌നാധിപന്‍ ലഗ്‌നത്തില്‍ തന്നെ നിന്നാല്‍ ധനവാനാകും. രണ്ടും പതിനൊന്നും ഭാവാധിപന്‍മാര്‍ അതാത് ഭാവങ്ങളില്‍ നിന്നാലും ധനവാനാകും.

രണ്ടാം ഭാവാധിപന്‍ പതിനൊന്നില്‍ നിന്നാലും ധനവനാകും. രണ്ടും പതിനൊന്നും ഭാവാധിപന്‍മാര്‍ അവരവരുടെ ഉച്ചരാശികളിലോ, സ്വക്ഷേത്രങ്ങളിലോ നിന്നാലും ധനവാനാകും. ഇനി രണ്ടാം ഭാവാധിപനോ, പതിനൊന്നാം ഭാവാധിപനോ ലഗ്‌നത്തില്‍ നിന്നാലും ധനവാനാകും. ലഗ്‌നാധിപനു രണ്ടു പതിനൊന്നും ഭാവാധിപന്‍മാരുടെ യോഗദൃഷ്ടികളും കേന്ദ്രഭാവ സ്ഥിതികളും വന്നാലും ധനവാനാകും.

ഇനി എപ്പോഴാണു ധനം ലഭിക്കുക എന്നു നോക്കാം. രണ്ടും പതിനൊന്നും ഭാവങ്ങളില്‍ നില്‍ക്കുന്ന ഗ്രഹം, അവിടേക്കു ദൃഷ്ടിചെയ്യുന്ന ഗ്രഹങ്ങളുടെ  ദശാകാലങ്ങളിലും അപഹാരകാലങ്ങളിലും  ലഗ്‌നാധിപന്‍ വന്നാല്‍ ധനം ലഭിക്കും.

വ്യാഴം ചാരവശാല്‍ രണ്ടും പതിനൊന്നും ഭാവങ്ങളിലൂടെ സഞ്ചരിക്കുന്ന കാലത്തും ധനാഭിവൃദ്ധി ഉണ്ടാകും. രണ്ടാം ഭാവാധിപനും പതിനൊന്നാം ഭാവാധിപനും ബലമുണ്ടെങ്കില്‍ ഈ ഗ്രഹങ്ങള്‍ നില്‍ക്കുന്ന രാശികളില്‍ ചാരവശാല്‍ വ്യാഴം സഞ്ചരിക്കുന്ന കാലത്തും ധനവരവുണ്ടായിരിക്കും.

രണ്ടാം  ഭാവാധിപനു ബലമുണ്ടായിരിക്കുകയും ആ ഗ്രഹം ലഗ്‌നത്തില്‍ നില്‍ക്കുകയും ചെയ്താല്‍ സ്വന്തം പരിശ്രമം കൊണ്ടായിരിക്കും സമ്പത്തുണ്ടാകുക. രണ്ടാം ഭാവാധിപന്‍ രണ്ടില്‍ തന്നെ നിന്നാല്‍ അല്ലെങ്കില്‍ പതിനൊന്നാം ഭാവാധിപന്‍ രണ്ടിലോ നാലിലോ നിന്നാല്‍ ആ ജാതകനു തറവാട്ടു സ്വത്തു ലഭിക്കും.

രണ്ടോ, പതിനൊന്നോ ഭാവാധിപന്‍മാര്‍ ബലവാന്‍മാരായി മൂന്നിലാണു നില്‍ക്കുന്നതെങ്കില്‍ സഹോദരര്‍ മുഖേന ധനലാഭം . ഇനി പത്തിലാണു നില്‍ക്കുന്നതെങ്കില്‍ ചെയ്യുന്ന തൊഴിലിലൂടെയുള്ള ധനലാഭം, ഏഴില്‍ നിന്നാല്‍ ഭാര്യവഴി ധനലാഭം ഉണ്ടാവും. ലഗ്‌നാല്‍ രണ്ടില്‍ നില്‍ക്കുന്ന ചന്ദ്രനെ ശുക്രന്‍ വീക്ഷിച്ചാല്‍ ആ ജാതകന്‍ ദാനശീലനായിരിക്കും. ബുധനാണു വീക്ഷിക്കുന്നതെങ്കില്‍ ധനത്തിന് ഒരിക്കലും മുട്ടുണ്ടാവില്ല എന്നാണു ജ്യോതിഷം പറയുന്നത്.

Related Posts