സ്പെഷ്യല്‍
ഹനുമാന്‍ സ്വാമിയെ നിത്യവും ആരാധിക്കേണ്ടവര്‍

ജീവിതത്തിലായാലും തൊഴിലിലായാലും തടസങ്ങള്‍ മറികടക്കാതെ നമുക്ക് മുന്നോട്ട് പോകാന്‍ സാധിക്കില്ല. അതിന് നമ്മെ പ്രാപ്തനാക്കാന്‍ ഏറ്റവും ഫലമായ ഒന്നാണ് ഹനുമാന്‍ സ്വാമിയെ ഭജിക്കുക എന്നത്. ഏതു കാര്യത്തിലും തടസം വിടാതെ പിന്തുടരുന്നവരാണെങ്കില്‍ ഹനുമാന്‍ സ്വാമിയെ ഭജിച്ചാല്‍ പ്രതിവിധി ഉണ്ടാകുമെന്നാണ് വിശ്വാസം.

ചൊവ്വ, ശനി എന്നീ ഗ്രഹങ്ങളെ കൊണ്ടുള്ള ദോഷങ്ങള്‍ അകന്നുപോകുന്നതിനും വ്യാഴത്തിന്റെ അനുഗ്രഹം വര്‍ധിപ്പിക്കുന്നതിനും ഹനുമാന്‍ സ്വാമിയെ പ്രാര്‍ഥിക്കുന്നത് ഉത്തമമാണ്. ഹനുമാന്‍ സ്വാമിയെ നിത്യവും ഭജിച്ചാല്‍ ബുദ്ധി, ബലം, ധൈര്യം, കീര്‍ത്തി, വാക്‌സാമര്‍ത്ഥ്യം, രോഗമില്ലായ്മ, ഭയമില്ലായ്മ, അജാഢ്യം എന്നീ എട്ട് ഗുണങ്ങള്‍ ലഭിക്കുന്നവെന്നാണ് വിശ്വാസം. നമ്മിലുള്ള ദൗര്‍ബല്യങ്ങളെ മാറ്റാന്‍ ഹനുമാന്‍ സ്വാമിയെ ഭജിക്കണം. ഭയം, തടസം, ശനി ദോഷം എന്നിവ അകറ്റി ഊര്‍ജ്ജസ്വലതയും പ്രസരിപ്പും നല്‍കുന്ന ദേവനാണ് ഹനുമാന്‍ സ്വാമി.

വെറ്റിലമാല, വടമാല, വെണ്ണ നിവേദ്യം, അവല്‍, കദളിപ്പഴ നിവേദ്യം, അഷ്ടോത്തരാര്‍ച്ചന, കുങ്കുമം ചാര്‍ത്തല്‍ തുടങ്ങിയവയാണ് ഹനുമാന്‍ സ്വാമിയുടെ പ്രധാന വഴിപാടുകള്‍. കര്‍മതടസങ്ങള്‍ നീങ്ങുന്നതിനും കാര്യസിദ്ധിക്കുമാണ് വെറ്റിലമാല, വടമാല എന്നിവ ഭഗവാന് ചാര്‍ത്തുന്നത്. ആഗ്രഹസാഫല്യത്തിനാണ് വെണ്ണ നിവേദ്യം. നഷ്ടപ്പെട്ട ധനവും ബന്ധങ്ങളും വസ്തുവകകളും തിരിച്ചുകിട്ടുന്നതിനും വിഘ്‌ന നിവാരണത്തിനും അവല്‍ നിവേദ്യം ഉത്തമമാണ്. സീതാന്വേഷണത്തിന് ലങ്കയിലേക്ക് പുറപ്പെടും മുമ്പ് യാത്രാവേളയില്‍ കഴിക്കുന്നതിനായി ശ്രീരാമദേവന്‍ ഹനുമാന് ഒരു പൊതി അവല്‍ നല്‍കിയാതായി വിശ്വസിക്കുന്നു. ഇതാണ് ആഞ്ജനേയ സ്വാമിക്ക് അവല്‍ നിവേദിക്കുന്നത് പിന്നിലെ ഐതിഹ്യം. സ്വാമിക്ക് കദളിപ്പഴം നേദിച്ചാല്‍ എത്ര കുഴപ്പം പിടിച്ച സംഗതികളില്‍ നിന്നും മോചനം ഉണ്ടാകുമെന്നും വിശ്വസിക്കുന്നു.

ഹനുമാന്‍ സ്വാമിയെ പ്രീതിപ്പെടുത്താനായി ‘ഓം ശ്രീ വജ്രദേഹായ രാമഭക്തായ വായുപുത്രായ നമോസ്തുതേ’ എന്ന മന്ത്രം പതിവായി ജപിക്കുന്നത് വളരെ നല്ലതാണ്. രാത്രി കാലങ്ങളില്‍ ദു:സ്വപ്നം കാണാതിരിക്കാനായി ഹനുമാന്‍ സ്വാമിയെ ഭജിക്കുന്നത് നല്ലതാണ്. കായിക രംഗത്തും പോലീസ്, സൈന്യം തുടങ്ങിയ മേഖലകളിലും പ്രവര്‍ത്തിക്കുന്നവര്‍ ഹനുമാന്‍ സ്വാമിയെ ആരാധിച്ചാല്‍ കൂടുതല്‍ ഗുണഫലങ്ങള്‍ വന്നുചേരും.

 

Worship Lord Hanuman
Related Posts