വാസ്തു
വീട്ടില്‍ പണം എവിടെ സൂക്ഷിക്കണം?; വാസ്തു പറയുന്നത്

വിവിധ വാസ്തുസംശയങ്ങള്‍ക്ക് കൈപ്പകശ്ശേരി മന ഗോവിന്ദന്‍ നമ്പൂതിരി മറുപടി പറയുന്നു. (ഭാഗം 1)

*നാലുകെട്ടുകള്‍ക്ക് വേണ്ടിയുണ്ടാക്കിയ വാസ്തുനിയമങ്ങള്‍ കോര്‍ട്യാര്‍ഡ് ഇല്ലാത്ത ആധുനിക വീടുകള്‍ക്ക് ചേരുമോ?

വാസ്തുനിയമങ്ങള്‍ നാലുകെട്ടിനു മാത്രമുള്ളതാണെന്നത് പരക്കെയുള്ള തെറ്റിദ്ധാരണയാണ്. ഏകശാല, ദ്വിശാല, ത്രിശാല, ചതുര്‍ശാല എന്നിങ്ങനെ പലതരം ഭവനങ്ങള്‍ വാസ്തുവില്‍ പ്രതിപാദിക്കുന്നുണ്ട്. ഇതില്‍ നാലുകെട്ട് ചതുര്‍ശാലാഗണത്തില്‍പെടുന്നു. നടുമുറ്റം ഇല്ലാത്ത ഏകശാല, ദ്വിശാല എന്നിവയുടെ നിയമങ്ങളെല്ലാം തന്നെ ആധുനിക വീടുകള്‍ക്കും ബാധകമാണ്.

*മുറികളുടെ വലുപ്പം കൂടുതലാവുന്നത് വാസ്തുനിയമങ്ങള്‍ക്ക് ലംഘനമാകുമോ?

ഭൂമിയുടെ വലുപ്പത്തിനനുസരിച്ച് മുറികളുടെ അളവും തീരുമാനിക്കാം. ഇതിന് ചില കണക്കുകളുണ്ട്. സമതതം, പാദാധികം, അര്‍ധാതികം, പാദോനം എന്നിങ്ങനെ നാലുവിധത്തിലുള്ള അനുപാതം പാലിക്കേണ്ടതുണ്ട്. ഒരു നിശ്ചിത അളവില്‍ മാത്രമേ മുറികള്‍ പാടുള്ളു എന്ന് ശാസ്ത്രത്തിലൊരിടത്തും പറയുന്നില്ല.

*പണ്ട് കാലത്ത് വീടിനു പുറത്തു പണിതിരുന്ന ടോയ്‌ലറ്റുകള്‍ ഇന്ന് വീടിനകത്തായി. ഇത് നിയമങ്ങള്‍ക്ക് വിരുദ്ധമാണോ?

വിരുദ്ധമല്ല. പണ്ട് പാലിച്ചിരുന്ന ചില ആരാധനാരീതികള്‍ കാരണമാണ് ശൗചാലയങ്ങള്‍ പുറത്തേക്കു മാറ്റിയത്. പക്ഷേ ഇന്നത്തെ അണുകുടുംബങ്ങളില്‍ ഇത്തരം രീതികള്‍ ഇല്ലാത്തതിനാല്‍ ടോയ്‌ലറ്റുകള്‍ വീട്ടിനുള്ളിലാവുന്നതുകൊണ്ട് ദോഷമില്ല. മാറുന്ന ജീവിതസാഹചര്യങ്ങള്‍ക്കനുസരിച്ച് ആവാസവ്യവസ്ഥയിലും മാറ്റങ്ങള്‍ സംഭവിക്കാം. ഇത് വാസ്തുനിയമങ്ങള്‍ക്ക് എതിരല്ല. ടോയ്‌ലറ്റ് നല്‍കാന്‍ പാടില്ലാത്ത ചില സ്ഥലങ്ങളുണ്ട്. ഉദാഹരണത്തിന് ഗൃഹത്തിന്റെ മധ്യസൂത്രത്തിന് തടസ്സം വരുന്ന രീതിയില്‍ ടോയ്‌ലറ്റ് വരാന്‍ പാടില്ല.

*അടുക്കള, വര്‍ക് ഏരിയ, പാന്‍ട്രി തുടങ്ങിയവയ്ക്ക് പ്രത്യേകം വാസ്തുപരിഗണന ലഭിക്കുമോ?

വാസ്തുവില്‍ വടക്കിനിയെ അന്നാലയമായി പറഞ്ഞിരിക്കുന്നു. അതായത് ഭക്ഷണം പാകം ചെയ്യുക, അതിനുവേണ്ട തയാറെടുപ്പുകള്‍ നടത്തുക, അവയ്ക്കു വേണ്ടുന്ന സാധനസാമഗ്രികള്‍ സൂക്ഷിക്കുക എന്നിവ വടക്കിനി അഥവാ വടക്കുവശത്തു വരുന്ന മുറികളിലാവാം. കിഴക്കുവശത്തുള്ള മുറികളും ഇതിനു യോഗ്യമാണ്.

*വീടിനു പുറത്തേക്കുള്ള വാതിലുകളുടെ എണ്ണം എത്രയാകാം? അതിനു പ്രത്യേക കണക്കുകളുണ്ടോ?

പ്രത്യേകിച്ചൊരു കണക്ക് പറയുന്നില്ല. നാലുകെട്ടുകള്‍ക്ക് എട്ട് ഇടനാഴികളുണ്ട്. അപ്പോള്‍ എട്ട് വാതിലുകള്‍ ഉണ്ടാകും. എണ്ണം ശാസ്ത്രത്തിനനുസരിച്ച് പാലിക്കേണ്ട കാര്യമില്ല.

*ഗോവണിയുടെയും വീട്ടിലേക്കു കയറുന്ന പടികളുടെയും എണ്ണത്തിനു വാസ്തുവുമായി ബന്ധമുണ്ടോ?

ഇപ്പറഞ്ഞ രണ്ടു കാര്യത്തിലായാലും പടികളുടെ എണ്ണം ഇരട്ടസംഖ്യയായിരിക്കണം. കയറ്റം ഒറ്റയാവുകയും വേണം. അതായത് രണ്ട്, നാല്, ആറ്, എട്ട് എന്നിങ്ങനെ പോകണം പടികളുടെ എണ്ണം. 12 പടികള്‍ ആണെങ്കില്‍ പതിമൂന്നാമത് കാല്‍ കുത്തുന്നത് നിലത്തായിരിക്കണം. പടികളുടെ എണ്ണം 20 എങ്കില്‍ കയറ്റം 21.

*ഫ്രഞ്ച് വിന്‍ഡോ പോലുള്ളവ വാസ്തുവില്‍ അനുവദനീയമാണോ?

എതിരല്ല. പക്ഷേ അത് ഫ്രാന്‍സിന് യോജിച്ച രീതിയാണ്. പ്രകൃതിയിലുള്ള കാലാവസ്ഥാവ്യതിയാനങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതിനാണ് വീട്. ഫ്രഞ്ച് വിന്‍ഡോയിലൂടെ ക്രമാതീതമായ വെയില്‍ ഉള്ളിലേക്ക് വരും. കൂടുതല്‍ വെയിലടിക്കുന്ന ഭാഗത്ത് ഇവ സ്ഥാപിച്ചാല്‍ വീട്ടിനുള്ളില്‍ ചൂട് കൂടും. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം.

*ഓപ്പണ്‍ പ്ലാനില്‍ മുറികള്‍ ഒഴുകിക്കിടക്കുകയാണ് എന്ന് പറയാം. വാസ്തു തടസ്സപ്പെടുമോ?

ബാധിക്കില്ല. ഗൃഹത്തിനെ മൊത്തം ഒരു ചതുരമായിട്ടെടുത്താല്‍ പ്രത്യേക സ്ഥാനങ്ങളില്‍ നിന്ന് ഭക്ഷണം പാകം ചെയ്യുക, ശയിക്കുക എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളാണ് വാസ്തു നല്‍കുന്നത്. ഇപ്പറയുന്ന സ്ഥാനങ്ങള്‍ ഭിത്തി കൊണ്ട് മറച്ച വെവ്വേറെ മുറികളായിരിക്കണമെന്ന് നിര്‍ബന്ധമില്ല. വീടിന്റെ ചുറ്റളവുകളും ഉള്ളളവുകളുമാണ് പ്രധാനം. അതിനാല്‍ ഓപ്പണ്‍ പ്ലാന്‍ വാസ്തുവിന് തടസ്സമല്ല.

*പണം സൂക്ഷിക്കുന്ന മുറികള്‍ക്കുള്ള പ്രത്യേക നിയമങ്ങളുണ്ടോ?

തെക്കിനിയും പടിഞ്ഞാറ്റിനിയുമാണ് ധനാലയങ്ങള്‍. അതായത് പടിഞ്ഞാറും തെക്കുമുള്ള സ്ഥാനങ്ങള്‍ അഥവാ മുറികള്‍. പടിഞ്ഞാറ് വരുന്ന മുറികള്‍ക്ക് കിഴക്കോട്ട് വാതില്‍ നല്‍കാം. തെക്കുവശത്തെ മുറികള്‍ക്ക് വടക്കായിരിക്കണം വാതില്‍. പണ്ടത്തെക്കാലത്ത് ധാന്യം തന്നെയായിരുന്നു ധനം. അതാണ് പത്തായപ്പുരകള്‍ ഈ ഭാഗത്ത് വരാന്‍ കാര്യം.

(തുടരും)

ഗോവിന്ദന്‍ നമ്പൂതിരി കൈപ്പകശ്ശേരി മന
വാസ്തു &ജ്യോതിഷ ഗവേഷണം കേന്ദ്രം
കരിമ്പന, കൂത്താട്ടുകുളം
ഫോണ്‍: 9846796680, 9447421836

Related Posts