സ്പെഷ്യല്‍
പൈസയ്ക്ക് മുകളിലിരുന്ന കണ്ണന്‍ അച്ഛനെയും പൈസയേയും കാത്തപ്പോള്‍! ; അനുഭവകഥ

ജ്യോതിഷ ആത്മീയ അറിവുകള്‍ക്കായി ജ്യോതിഷ വാര്‍ത്തയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ https://chat.whatsapp.com/HPDmUxVc3VnLi1lagVBBRa

കണ്ണനെ കുറിച്ചുള്ള അനുഭവ കഥകള്‍ കേള്‍ക്കുന്നതും പറയുന്നതും അനിര്‍വചനീയമായ സന്തോഷമാണ് ഉള്ളില്‍ ഉണ്ടാക്കുന്നത് എന്റെ അച്ഛനുണ്ടായ ഒരു അനുഭവ കഥ പറയാം.

എന്റെ അച്ഛന്‍ ഒരു അദ്ധ്യാപകന്‍ ആയിരുന്നു ( അന്ന് 1965 -1980 കാലഘട്ടം വരെ ) ഗവണ്മെന്റ് സ്‌കൂളില്‍ ജോലി കിട്ടിയാലത്തെ അവസ്ഥ പരിതാപകരം തന്നെ എന്ന് അദ്ദേഹം പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട് കേരളം നാട് അങ്ങോളം ഇങ്ങോളം ട്രാന്‍സ്ഫര്‍ ആക്കി അദ്ദേഹത്തെ വശം കെടുവിച്ചിട്ടും ജോലി കളയാതിരുന്നത് അഷ്ടിക്ക് വകയില്ലാതെ ഇരുന്ന വീട്ടിലെ ആയിരുന്നതിനാലും ഞങ്ങള്‍ മൂന്നു കുട്ടികളെയുംസ്വന്തം അനിയന്മാരെയും അച്ഛനെയും അമ്മയേം ഒക്കെ നോക്കേണ്ടിയിരുന്നതും കൊണ്ടാണ് എന്ന് അദ്ദേഹം പറയുമായിരുന്നു.

അങ്ങനെ ഇരിക്കെ അദ്ദേഹത്തിന് മലബാറിലേക്ക് ( മലബാര്‍ എന്നാണ് അന്ന് പറഞ്ഞു കേട്ടിട്ടുള്ളത് ഏതു സ്ഥലം ആണ് എന്ന് എനിക്ക് അറിയില്ല അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല ചോദിയ്ക്കാന്‍) ട്രാന്‍സ്ഫര്‍ ആയി. ഞങ്ങളെ കാണാന്‍ അച്ഛന്‍ മാസത്തില്‍ ഒരിക്കല്‍ ആണ് വരിക അതും വളരെ ദുര്‍ഘടം പിടിച്ച യാത്രയാണ് എന്ന് എപ്പോഴും പറയും. അച്ഛന്‍ താമസിച്ചിരുന്ന സ്ഥലത്തു വലിയ ആളുതാമസം ഒന്നും ഉണ്ടായിരുന്നില്ല എന്നും. സ്‌കൂളുകള്‍ ഒന്നും ആ സ്ഥലത്തു ഇല്ലാത്തതു കൊണ്ട് ഉള്ള ഒരേ ഒരു സ്‌കൂളില്‍ വളരെ ദൂരെ നിന്നും വല്ലപ്പോഴും വന്നു പോകുന്ന കുറെ കുട്ടികളും ഒന്ന് രണ്ടു അദ്ധ്യാപകരും മാത്രമേ ഉണ്ടായിരുന്നുള്ളു. സ്്കൂളിലെ പ്രഥമ അദ്ധ്യാപകന്‍ അവധിയില്‍ പോയപ്പോള്‍ അച്ഛന് ഹെഡ്മാസ്റ്റര്‍ ചുമതല കൂടി കിട്ടി. എല്ലാ മാസവും ട്രെഷെറിയില്‍ പോയി പൈസ എടുത്തു അദ്ധ്യാപകര്‍ക്ക് ശമ്പളം കൊടുക്കുക എന്ന ജോലിയും അദ്ദേഹത്തിന്റെ തലയില്‍ ആയി ..അങ്ങനെ ഇരിക്കെ ഒരിക്കല്‍ നടന്ന ഒരു അത്ഭുത സംഭവം ആണ് എനിക്ക് നിങ്ങളോടു പറയാന്‍ ഉള്ളത്.

അദ്ദേഹം ജോലി ചെയ്തിരുന്ന സ്ഥലത്തു ജോനകന്മാര്‍ എന്നറിയപ്പെടുന്ന ആള്‍ക്കാര്‍ ആയിരുന്നു കൂടുതലായി ഉണ്ടായിരുന്നത് , അവരില്‍ കുറച്ചു പേര്‍ ജോലിയൊന്നുമില്ലാതെ പകലൊക്കെ ചീട്ടുകളിയും രാത്രിയില്‍ ലഹരി കഴിച്ചും വഴിപോക്കരെ തട്ടിപ്പറിച്ചും ഉപദ്രവിച്ചും ജീവിച്ചു പോകുന്നവര്‍ ആയിരുന്നു ..അങ്ങനെ ഇരിക്കെ ഒരു ദിവസം അദ്ദേഹത്തിന് ടൌണ്‍ വരെ പോകേണ്ടി വന്നു. അധ്യാപകര്‍ക്കു ശമ്പളം കൊടുക്കാനുള്ള പൈസ എടുക്കാന്‍ വേണ്ടി. ആകെ ഒന്നോ രണ്ടോ ബസ് മാത്രമാണ് അദ്ദേഹത്തിന് പോകേണ്ട സ്ഥലത്തേക്ക് ഉണ്ടായിരുന്നത്. ചെക്ക് മാറി പൈസ ഒക്കെ എടുത്തു. അപ്പോഴേക്കും നേരം ഉച്ച കഴിഞ്ഞിരുന്നു. ജൂണ്‍ മഴ സമയം ..ആകാശം ഒക്കെ ഇരുണ്ടു തുടങ്ങി ഈ പൈസ എങ്ങിനെ താമസിക്കുന്ന വീട്ടില്‍ വരെ കൊണ്ടെത്തിക്കും എന്ന് അദ്ദേഹത്തിന് ഭയം ആയി തുടങ്ങി. വഴിയില്‍ പിടിച്ചുപറിക്കാറുണ്ട് അകെ ഉള്ള ഒരു ബസ് ഏഴുമണിക്കാണ് ഉള്ളത് അദ്ദേഹം എത്തുമ്പോള്‍ സമയം എട്ടുമണിയെങ്കിലും കഴിയുകയും ചെയ്യും.

അപ്പോഴാണ് കളിമണ്ണുകൊണ്ടു ഉണ്ടാക്കിയ പ്രതിമകള്‍ ഒരാള്‍ വഴിയില്‍ വെച്ച് വില്‍ക്കുന്നതു അദ്ദേഹം കാണാന്‍ ഇടയായത്. ആ കൂട്ടത്തില്‍ ഒരു കൃഷ്ണ പ്രതിമയും ഉണ്ടായിരുന്നു. അവസാന പീസ് ആണ് വാങ്ങു സര്‍ എന്ന് പറഞ്ഞു വില്‍ക്കാന്‍ നിന്ന ആള്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചു. അപ്പോള്‍ അദ്ദേഹത്തിന് കൃഷ്ണ ഭക്തയായ എന്റെ അമ്മയെ ഓര്‍മ വന്നു. അടുത്ത തവണ പോകുമ്പോള്‍ വീട്ടില്‍ കൊണ്ട് പോകാം എന്നോര്‍ത്ത് അദ്ദേഹം അതിലൊന്ന് വാങ്ങി. അപ്പോള്‍ ഒരു ബുദ്ധി തോന്നി. ആ വിഗ്രഹം വൈക്കോലിന്‍ പൊതിഞ്ഞു ബാഗിനുള്ളതില്‍ വച്ചു. ശമ്പളം കൊടുക്കാനുള്ള പൈസ ആ വിഗ്രഹത്തിന്റെ അടിയില്‍ വെച്ചു അപ്പോള്‍ ആരു നോക്കിയാലും വൈക്കോലില്‍ പൊതിഞ്ഞ വിഗ്രഹം മാത്രമേ കണുകയുള്ളുവല്ലോ.

അങ്ങിനെ അദ്ദേഹം ബേസില്‍ കയറി ഇറങ്ങേണ്ടുന്ന ഗ്രാമത്തില്‍ എത്തി. പതിവ് പോലെ കവലയില്‍ കുറെ ചട്ടമ്പികള്‍ ഇരിപ്പുണ്ട് അദ്ദേഹത്തിന്റെ കയ്യിലെ കറുത്ത ബാഗിന്റെ പള്ള പതിവിലും കൂടുതല്‍ വീര്‍ത്തു ഇരിക്കുന്നത് കണ്ടിട്ടാണോ അതോ ഇദ്ദേഹമാണ് അധ്യാപകര്‍ക്ക് ശമ്പളം കൊടുക്കുന്നത് എന്നറിഞ്ഞിട്ടാണോ എന്നറിയില്ല. മൂന്നുപേര്‍ അച്ഛന്റെ പുറകെ കൂടി. ഇവര് പുറകെ വരുന്നത് അച്ഛന് അറിയാം. പേടിയുണ്ട് ഓടാന്‍ പറ്റില്ല. അദ്ദേഹം പഠിപ്പിക്കുന്ന സ്‌കൂളിലെ കുട്ടികളുടെ ബന്ധുക്കള്‍ ആണെങ്കില്‍ മോശമല്ലേ ? എന്നൊക്കെ മനസ്സില്‍ വിചാരിച്ചു നാരായണ നാമം ജപിച്ചു തിരിഞ്ഞു നോക്കാതെ അദ്ദേഹം മുന്‍പോട്ടു നടന്നു.

ഇവനെ അടുത്ത കവല എത്തും മുന്‍പ് പിടിക്കണം എന്നൊക്കെ അവര്‍ പറയുന്നത് അച്ഛനു കേള്‍ക്കാം. അദ്ദേഹം നടത്തം വേഗത്തിലാക്കി. പുറകെ വന്നവരും നടത്തം വേഗത്തിലാക്കി. അടുത്ത് ഒരു ആല്‍മരം നില്‍ക്കുന്നത് ഒരു കവലയാണ് അവിടെ എത്തിപ്പെടാന്‍ അദ്ദേഹം പാടുപെട്ടു നടന്നു തുടങ്ങി. പക്ഷെ അവിടെയെങ്ങും ഒരു മനുഷ്യനെ പോലും കാണാനില്ല. കൃഷ്ണ.. കൃഷണ എന്ന് ഭയത്തോടെ വിളിച്ചു. അഭിമാനം മറന്നു ആ നിരത്തില്‍ കൂടി അദ്ദേഹം ഓടാന്‍ തുടങ്ങി. അങ്ങിനെ അദ്ദേഹം ആല്‍മരത്തിന്റെ അടുത്ത് എത്താറായപ്പോള്‍ ആജാനബാഹുവായ ഒരു മനുഷ്യന്‍ എവിടെ നിന്ന് എന്ന പോലെ പ്രത്യക്ഷപ്പെട്ടു. ആല്‍മരത്തിന്റെ പിന്നില്‍ നിന്ന് വരുന്നത് പോലെ എന്നാണ് അദ്ദേഹം പറഞ്ഞത്. ഇടതുകൈയില്‍ പോലീസുകാര്‍ പിടിക്കുന്നത് പോലെ ഒരു വടിയും വലതു കയ്യില്‍ നീളമുള്ള ഒരു ടോര്‍ച്ചും ഉണ്ട് തലയില്‍ ഒരു രണ്ടാം മുണ്ടു കൊണ്ടൊരു കെട്ടും.
ഇത് ഈ വരുന്നവന്‍മാരുടെ കൂട്ടാളിയാകും എന്റെ കഥ തീര്‍ന്നത് തന്നെ എന്ന് അദ്ദേഹം മനസ്സില്‍ തീരുമാനിച്ചു. എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്. ആരെടാ അവിടെ എന്ന് എന്റെ അച്ഛന്റെ പുറകില്‍ ഓടിവരുന്നവരെ നോക്കി അദ്ദേഹം ഉറക്കെ ചോദിച്ചു. ഇത്രയും ഗാംഭീര്യമുള്ള സ്വരം ജീവിതത്തില്‍ ഒരിക്കലും കേട്ടിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ആ ഒറ്റ ചോദ്യത്തില്‍ പുറകെ വന്നവര്‍ പകച്ചു നിന്നു. പിന്നെ തിരിഞ്ഞു നടക്കാന്‍ തുടങ്ങി. എന്റെ അച്ഛന് ജീവന്‍ നേരെ വീണു.
അദ്ദേഹം നന്ദിയോടെ ആ അപരിചിതനെ നോക്കി. താങ്കള്‍ ആരാണ് പോലീസില്‍ ആണോ എന്ന് ചോദിച്ചു ..ഞാനോ ..ഞാന്‍ പോലീസൊന്നും അല്ല വേണമെങ്കില്‍ പോലീസും ആകുമെന്ന് പറഞ്ഞു ഉറക്കെ ചിരിച്ചു എന്നിട്ടു അദ്ദേഹത്തോട് പറഞ്ഞു മഴ വരുന്നുണ്ട് വേഗം നടക്കു.

താങ്കളെ വീട്ടിലാക്കിയിട്ടു ഞാന്‍ പോകാം എനിക്കും കുറെ ദൂരം പോകേണ്ടതുണ്ട്. ഇത്രയും വലിയ ബാഗുമായി ഇറങ്ങിയാല്‍ കള്ളന്മാര്‍ വെറുതെ വിടുമോ ? വിഗ്രഹം വെക്കാന്‍ വേറെ ബാഗൊന്നും കിട്ടിയില്ലേ. അതിന്റെ പള്ള ഇരിക്കുന്നത് കണ്ടാല്‍ പണമാണെന്നു ആള്‍ക്കാര്‍ തെറ്റിദ്ധരിക്കില്ലേ ..?എന്ന് പറഞ്ഞു അച്ഛനെ ശ്വാസിച്ചു. ഇനിയും ശ്രദ്ധിക്കാം താങ്കളുടെ പേരെന്താണ് എവിടെ ഉള്ളതാണ് എന്നൊക്കെ ചോദിച്ചിട്ടു. ഞാന്‍ ഒരു വഴിപോക്കനാണ് വീട് എത്തിച്ചാല്‍ പോരെ എന്നുമാത്രം ആ കണ്ടയാള്‍ മറുപടി പറയുകയുണ്ടായുള്ളു. അദ്ദേഹത്തിന്റെ പുറകെ നടന്നു അച്ഛന്‍ വീട്ടിലെത്തി
കുളിയൊക്കെ കഴിഞ്ഞു വിളക്ക് കത്തിക്കാന്‍ തുടങ്ങിയപ്പോള്‍ ആണ് അദ്ദേഹം ഓര്‍ക്കുന്നത്. ബാഗില്‍ വിഗ്രഹം ആണ് എന്ന് ഞാന്‍ ആ വഴിപോക്കനോട് പറഞ്ഞില്ലല്ലോ ..? എങ്ങിനെ ആണ് അദ്ദേഹം വിഗ്രഹത്തെ പറ്റി അറിഞ്ഞത് ..? വേണമെന്‍കില്‍ പോലീസും ആകും എന്ന് പറയാന്‍ എന്താണ് കാരണം …?

അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. പൈസക്ക് മുകളില്‍ ഇരുന്ന കണ്ണന്‍. പൈസയും അച്ഛനെയും കാത്ത് രക്ഷിച്ചു. അവിടുത്തെ കൃപാകടാക്ഷം കൊണ്ട് കള്ളന്മാരുടെ കൈകൊണ്ടു മരിക്കേണ്ടിയിരുന്ന എന്റെ അച്ഛന്‍ രക്ഷപ്പെട്ടു.

എന്റെ ചെറുപ്പ കാലത്തു പല പ്രാവശ്യവും ‘എനിക്ക് വേണ്ടി അങ്ങ് വഴിപോക്കന്റെ വേഷവും കെട്ടിയ ആളല്ലേ’ എന്നുപറഞ്ഞു ആ കണ്ണന്റെ വിഗ്രഹത്തിന്റെ മുന്‍പില്‍ നില്‍ക്കുന്ന അച്ഛനെ ഞാന്‍ കണ്ടിട്ടുണ്ട് അങ്ങിനെ പറയാന്‍ കാരണം എന്താണ് എന്ന് ഒരിക്കല്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞതാണ് ഈ കഥ.
ഇപ്പോഴും ആറന്മുള കൃഷ്ണനെ തലേല്‍ കെട്ടു കെട്ടിച്ചു വള്ളസദ്യ സമയത്തു നിര്‍ത്തിയിരിക്കുന്നത് കാണുമ്പൊള്‍ ഞാന്‍ ഓര്‍ക്കും ..കണ്ണന് ഇങ്ങിനെ ഒരു തലേല്‍ കെട്ട് ഉണ്ടായിരുന്നല്ലോ അന്ന് അച്ഛന്‍ കാണുമ്പൊള്‍ എന്ന്.

കടപ്പാട്:

Related Posts