സ്പെഷ്യല്‍
നിങ്ങളുടെ 18 വര്‍ഷം ഏങ്ങനെ?

രാഹുദശ 18 വര്‍ഷക്കാലമെന്നാണ്. രാഹുദശാകാലത്ത് ജാതകന് ശുഭ അശുഭ ലക്ഷങ്ങള്‍ ഫലങ്ങളുണ്ട്. എന്നാല്‍, ഈ കാലത്ത് ദുരിതഫലങ്ങളാണ് ഏറെയെന്നും വിശ്വാസം. ശുഭക്ഷേത്രം, ശുഭനക്ഷത്രം, ശുഭയോഗദൃഷ്ടി, കേന്ദ്രത്രികോണാധിപയോഗദൃഷ്ടി,സദ്ഭാവം എന്നിവയോടെ നില്‍ക്കുന്ന രാഹുവിന്റെ ദശാകാലത്ത് ജാതകനെ തേടി വലിയ പദവികള്‍ എത്തുമെന്നാണ് വിശ്വാസം. എന്നാല്‍, പാപയോഗം,പാപദൃഷ്ടി, ശത്രുനക്ഷത്രസ്ഥിതി, അശുഭരാശി സ്ഥിതി, അഷ്ടമം, വ്യയം തുടങ്ങിയ ഭാവങ്ങളിലെ സ്ഥിതി എന്നിവയുള്ള രാഹുവിന്റെ ദശാകാലത്ത് ജാതകന് അനേകം കഷ്ടാനുഭവങ്ങള്‍ ഉണ്ടാകുമെന്ന് ആചാര്യന്മാര്‍ പറയുന്നു. പിതൃ:ദുഖം, ദാരിദ്ര്യം, വീഴ്ച, സ്ഥാനഭ്രംശം, അപകടം എന്നിവയും ഫലം. രാഹുദശയുടെ തുടക്കത്തില്‍ ദുഖവും മധ്യത്തില്‍ സുഖവും അന്ത്യത്തില്‍ ഗുരുവിനും പിതാവിനും ക്ലേശം,സ്ഥാനച്യുതി എന്നിവയും ഉണ്ടാകും.

രാഹുദശ സ്വാപഹാരം
(2 വര്‍ഷം 8 മാസം 12 ദിവസം)

ചോരഭയം, സര്‍പ്പഭീതി, രോഗങ്ങളുടെ ആക്രമണം, കലഹബുദ്ധി,അന്യദേശവാസം, മുറിവേല്ക്കല്‍, ബന്ധനം, കുടുംബനാഥന്റെ മരണം, ദാമ്പത്യപ്രശ്‌നം എന്നിവ ഫലം. രാഹു ഉപചയഭാവങ്ങളില്‍ ബലവാനായി നിന്നാല്‍ അധികാരലബ്ധി, വിവാഹസിദ്ധി, രാജകീയ ജീവിതം, ഭോഗാസക്തി, ഉത്സാഹം, പടിഞ്ഞാറേദിക്കില്‍ യാത്ര എന്നിവ ഫലമെന്നും വിശ്വാസം.

വ്യാഴാപഹാരം
(2 വര്‍ഷം 4 മാസം 24 ദിവസം)

രാജപ്രീതി,ശത്രുനാശം, മേലധികാരികളുടെ ആനുകൂല്യങ്ങള്‍, ധനസമ്പാദനം, മന:പ്രസാദം, പുണ്യകര്‍മ്മാനുഷ്ഠാനങ്ങള്‍,സജ്ജനസംസര്‍ഗം എന്നിയും വെളുത്ത പക്ഷത്തിലെ ചന്ദ്രനെപ്പോലെ പ്രതിദിനമഭിവൃദ്ധിയും ഫലം. വ്യാഴം ദു:സ്ഥാനസ്ഥിതനും ദുര്‍ബലനുമാണെങ്കില്‍ കര്‍മ്മവിഘ്‌നം,ധനനഷ്ടം, സന്താനാരിഷ്ട എന്നിവയെന്നും ആചാര്യന്മാര്‍ പറയുന്നു.

ശനിയപഹാരം
(2 വര്‍ഷം 10 മാസം, 6 ദിവസം)

വിവാഹവിച്ഛേദം, വാതപിത്ത രോഗങ്ങള്‍, മരം വീണ് ആപത്ത്,ശത്രുക്കളില്‍ നിന്ന് ഉപദ്രവം എന്നിവ ജാതകന് ഉണ്ടാകാന്‍ സാധ്യത. ശനി ബലവാനാണെങ്കില്‍ ഭൃത്യജനങ്ങളാല്‍ ഉപകാരം, പടിഞ്ഞാറേ ദിക്കിലേക്ക് യാത്ര,ധനലാഭം,കന്നുകാലികളില്‍ നിന്ന് ലാഭം എന്നിവയ്ക്ക് സാധ്യതയെന്നും വിശ്വാസം.

ബുധാപഹാരം
(2 വര്‍ഷം 6 മാസം 18 ദിവസം)

ബന്ധുസമാഗമം,വിവാഹസിദ്ധി,വിദ്യാപുരോഗതി, വ്യാപാരത്തില്‍ നിന്നും ധനലബ്ധി,രാജപ്രസാദം,ബുദ്ധിക്ക് തെളിച്ചം,വിനോദാനുഭവങ്ങള്‍ ഫലം. ബുധന്‍ അനിഷ്ടനെങ്കില്‍ വിദ്യാതടസം, വാഗ്വാദം,സഭകളില്‍ അവമതി, സര്‍പ്പഭയം എന്നിവയ്ക്ക് സാധ്യത.

കേതു അപഹാരം
(1 വര്‍ഷം 0 മാസം 18 ദിവസം)

ഒരു പാപഗ്രഹത്തിന്റെ ദശയില്‍ മറ്റൊരു പാപഗ്രഹത്തിന്റെ അപഹാരം അനിഷ്ടഫലപ്രദമായിരിക്കും എന്നാണ് വിശ്വാസം. പകര്‍ച്ചവ്യാധികളുടെ ആക്രമണം, ഭക്ഷണം കിട്ടാതിരിക്കല്‍, മാനഹാനി, കുറ്റം ചെയ്യാനുള്ള വാസന, പുത്രനാശം, നാടുവിട്ടുപോകല്‍, ബന്ധുവിയോഗം എന്നിവയ്ക്ക് സാധ്യത. ഇഷ്ടഭാവസ്ഥിതനും ബലവാനുമാണ് കേതുവെങ്കില്‍ ദോഷങ്ങള്‍ ലഘൂകരിക്കപ്പെടുമെന്നും വിശ്വാസം.

ശുക്രാപഹാരം ( 3 വര്‍ഷം)

വിവാഹം, കളത്ര ധനപ്രാപ്തി,സന്താനലബ്ധി,വാഹനയോഗം,വിശേഷ വസ്തുലാഭം, അന്യദേശത്ത് നിന്ന് സമ്പാദ്യം, അശനശയനസൗഖ്യം,ഭോഗസിദ്ധി എന്നിവ ഫലമെന്ന് ആചാര്യന്മാര്‍ പറയുന്നു. ശുക്രന്‍ ദുര്‍ബലനും അനിഷ്ടനുമാണെങ്കില്‍ അകാരണമായ കലഹം, സ്വജനവിരോധവിയോഗങ്ങള്‍,പ്രമേഹം, ദാമ്പത്യശൈഥില്യം, രക്തകോപം, സ്ത്രീകളില്‍ നിന്ന് മാനഹാനി എന്നിവയ്ക്ക് സാധ്യത.

സൂര്യാപഹാരം (10 മാസം 24 ദിവസം)

ഈ കാലത്ത് ദുരിതാനുഭവങ്ങള്‍ ഏറെയെന്ന് ആചാര്യന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ശിരോരോഗങ്ങള്‍, ഉഷ്ണരോഗങ്ങള്‍ എന്നിവയ്ക്ക് സാധ്യത. അന്യദേശവാസം, പിതൃക്ലേശം, സ്ഥാനഭ്രംശം, അഗ്‌നിഭയം, രാജകോപം, ദാമ്പത്യശൈഥില്യം എന്നിവയും ഫലം. സൂര്യന്‍ ബലവാനും ഇഷ്ടഭാവസ്ഥിതനുമാണെങ്കില്‍ ദാനധര്‍മ്മങ്ങളില്‍ താത്പര്യം, ശിവക്ഷേത്രവുമായി ബന്ധപ്പെട്ട കര്‍മ്മാനുഷ്ഠാനങ്ങള്‍,രാജബഹുമാനം,തിരഞ്ഞെടുപ്പുകളിലും പരീക്ഷകളിലും വിജയം, സുഖാനുഭവങ്ങള്‍ എന്നിവ ഫലം.

ചന്ദ്രോപഹാരം (1 വര്‍ഷം 6 മാസം)

ഇത് ദോഷപ്രദമായ കാലമായിരിക്കും. ഉന്മേഷഹാനി, കടല്‍യാത്ര, ഓര്‍മ്മക്കുറവ്, മനശ്ചാഞ്ചല്യം, മാതൃക്ലേശം, കൃഷിനാശം, സ്ത്രീകള്‍ മൂലം മാനഹാനി എന്നിവയുണ്ടാകും. ചന്ദ്രന്‍ പക്ഷ ബലവാനായി സദ്ഭാവങ്ങളില്‍ നിന്നാല്‍ സല്‍ക്കീര്‍ത്തി, സമ്പല്‍സമൃദ്ധി,മാതാവിന് ക്ഷേമം, കൃഷിയില്‍ നേട്ടം എന്നിവയുണ്ടാകുമെന്ന് ആചാര്യന്മാര്‍ പറയുന്നു.

ചൊവ്വയുടെ അപഹാരം
(1 വര്‍ഷം 0 മാസം 18 ദിവസം)

രാഹുദശയില്‍ ഏറ്റവും ഒടുവിലത്തെ അപഹാരം ചൊവ്വയുടേതാണ്. ക്ലേശാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന കാലമായിരിക്കും. പിത്തരോഗങ്ങള്‍ക്കും, പദവിനാശത്തിനും ഭ്രാതൃദുരിതം,ശസ്ത്രക്രിയ എന്നിവയ്ക്ക് സാധ്യത. ചൊവ്വ ബലവാനെങ്കില്‍ സഹോദരസൗഖ്യം,ഭൂമിലാഭം, മനസ്സിനും ശരീരത്തിനും സൗഖ്യം,കടക്കെണിയില്‍ നിന്ന് മോചനം എന്നിവ ഫലമെന്നും ആചാര്യന്മാര്‍ പറയുന്നു.

Related Posts