സ്പെഷ്യല്‍
51 പറകള്‍ നിറച്ച് വിശേഷ വിഷുക്കണിയൊരുക്കി മൂവാറ്റുപുഴ ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രം

കണ്‍നിറയെ കണികാണാന്‍ വേറിട്ട വിഷുക്കണിയൊരുക്കി മൂവാറ്റുപുഴ ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രം. സ്വര്‍ണ്ണ നിറത്തിലുള്ള കണിവെള്ളരിയും സുവര്‍ണ്ണ ശോഭയുള്ള കണിക്കൊന്നയും മറ്റ് കാർഷിക വിഭവങ്ങളും ചേർന്നൊരുക്കുന്ന പരമ്പരാഗത വിഷുക്കണി പ്രതീക്ഷിച്ചെത്തിയ ഭക്തജനങ്ങള്‍ മടങ്ങിയത് അതിലേറെ ശോഭയിൽ അന്‍പത്തിയൊന്ന് വിഭവങ്ങള്‍ കണ്‍നിറയെ കണ്ട് മനം നിറഞ്ഞാണ്.

ക്ഷേത്രത്തിലെ ശിവപ്രതിഷ്ഠയ്ക്ക് മുന്‍പിലായി നമസ്ക്കാര മണ്ഡപത്തോട് ചേർന്നാണ് വലിയകണിയൊരുക്കിയത്. താത്ക്കാലികമായി തയ്യാറാക്കിയ മനോഹരമായ താമരക്കുളത്തിന് മദ്ധ്യത്തിലായി കൃഷ്ണവിഗ്രഹം സ്ഥാപിച്ച് അതിന് ചുറ്റും അന്‍പത്തിയൊന്ന് പറകള്‍ ക്രമത്തിലൊരുക്കി കമനീയമാക്കിയാണ് വിശിഷ്ടമായ വിഷുക്കണി തയ്യാറാക്കിയത്. അന്‍പത്തിയൊന്ന് പറകള്‍ സമീപഗൃഹങ്ങളില്‍ നിന്നും മറ്റ് ക്ഷേത്രങ്ങളില്‍ നിന്നുമായി സംഘടിപ്പിച്ചു. നൂറ് വർഷത്തിന് മുകളില്‍ പഴക്കമുള്ള വ്യത്യസ്ത രൂപകല്‍പ്പനയിലുള്ള അപൂർവ്വങ്ങളായ പറകളും കൗതുകക്കാഴ്ചയായി.

തുളസി, ചെത്തി, ബന്തി, അരളി, റോസ്, താമര തുടങ്ങിയ പുഷ്പങ്ങളും നെല്ല്, പച്ചരി, ഉണക്കലരി, പുഴക്കലരി, വെള്ളപ്പയർ, ചെറുപയർ, കടല, പരിപ്പ്, ഉഴുന്ന്, എള്ള് തുടങ്ങിയ ധാന്യങ്ങളും ആപ്പിൾ, മുന്തിരി, ഓറഞ്ച്, മാതളം, ചെറുനാരങ്ങ, നെല്ലിക്ക, മാമ്പഴം, കദളിപ്പഴം, നേന്ത്രപ്പഴം തുടങ്ങിയ ഫലങ്ങളും പച്ചമഞ്ഞൾ, ഇഞ്ചി, ചുക്ക്, ജീരകം, മല്ലി, കുരുമുളക്, അടയ്ക്ക തുടങ്ങിയ സുഗന്ധദ്രവ്യങ്ങളും തക്കാളി, ഉരുളക്കിഴങ്ങ് തുടങ്ങിയ പച്ചക്കറികളും ലഡു, ജിലേബി തുടങ്ങിയ പലഹാരങ്ങളും നാളികേരം, കരിക്ക്, മലർ, അവൽ, കൽക്കണ്ടം, ഭസ്മം, കുങ്കുമം തുടങ്ങിയ പൂജാദ്രവ്യങ്ങളും നാണയത്തുട്ടുകളുമാണ് അന്‍പത്തിയൊന്ന് പറകളിലായി വിശേഷ വിഷുക്കണിയ്ക്കായി ഒരുങ്ങിയത്.

ഹൈന്ദവ ആധ്യാത്മിക അറിവുകള്‍ക്കായി Subscribe Nowhttps://www.youtube.com/Jyothishavartha?sub_confirmation=1

ഭഗവതിയുടെ അന്‍പത്തിയൊന്ന് ശക്തിപീഠങ്ങളെയും അന്‍പത്തിയൊന്ന് അക്ഷരാദികളെയുമാണ് ഫലമൂലാദി, പൂജാദ്രവ്യങ്ങൾ നിറച്ച പറകള്‍ പ്രതിനിധാനം ചെയ്യുന്നതെന്ന് മേല്‍ശാന്തി ശ്രീ. രാജേഷ് പറയുന്നു. വിഷുവിന്റെ പൊന്‍പുലരിയില്‍ കണ്‍നിറയെ കാണുന്ന കണിക്കാഴ്ച വർഷം മുഴുവന്‍ പ്രസരിക്കുന്ന ഊർജ്ജശ്രോതസ്സായി നിലകൊള്ളും.

മൂന്ന് ദിവസത്തെ തയ്യാറെടുപ്പും സുഹൃത്തുക്കളുടെ പ്രോത്സാഹനവും മേല്‍ശാന്തിയുടെ ഉപദേശനിർദേശങ്ങളുമാണ് അഡ്വ. സിനോജ് എ. എന്‍., ജോബി ഒഴക്കനാട്ട് എന്നിവരെ കണിയൊരുക്കങ്ങള്‍ക്ക് മുന്‍കൈയ്യെടുക്കാന്‍ പ്രേരിപ്പിച്ചത്. തലേന്ന് രാത്രി ഏഴ് മണിക്ക് തുടങ്ങിയ ഒരുക്കങ്ങള്‍ പുലർച്ചെ രണ്ട് മണി വരെ നീണ്ടു. പുലർകാലെ നാലരയ്ക്ക് വിഷുക്കണിയില്‍ ദീപം തെളിഞ്ഞു. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ഭക്തരാണ് വിശേഷാല്‍ വിഷുക്കണി ദർശിക്കാന്‍ എത്തിയത്.

കണ്ടവരുടെ അകക്കണ്ണു നിറച്ചും കണാത്തവര്‍ക്ക് അക്ഷരാർത്ഥത്തില്‍ നിരാശയും പകർന്ന് വിഷുദിനസൂര്യൻ അസ്തമിക്കുമ്പോള്‍ വരും വർഷത്തില്‍ 101 വിഭവങ്ങള്‍ അണിനിരത്തി ബൃഹദ് വിഷുക്കണി സ്വപ്നം കാണുകയാണ് സംഘാടകർ.

കടപ്പാട്: മോഹന്‍ദാസ് സൂര്യനാരായണന്‍

Related Posts