സ്പെഷ്യല്‍
ഫെബ്രുവരി 16 ന് ഏകാദശിവ്രതമെടുത്താല്‍

പാപശാന്തിക്കും വിഷ്ണു പ്രീതിക്കുമായി അനുഷ്ഠിക്കുന്നവ്രതമാണ് ഏകാദശിവ്രതം. വര്‍ഷത്തില്‍ 24 ഏകാദശികളാണ് ഉള്ളത്. ചിലപ്പോള്‍ 26 ഏകാദശികളും വരാറുണ്ട്. ഓരോ ഏകാദശിക്കും വിത്യസ്തഫലങ്ങളാണ്.ഫെബ്രുവരി 16നാണ് ഇത്തവണത്തെ ഏകാദശിവ്രതം.

കൃഷ്ണ പക്ഷ ഏകാദശിയായ വിജയ ഏകാദശമിയാണ്. ഈ ഏകാദശിയെ കല്യാണ ഏകാദശി എന്നും പറയാറുണ്ട്. ഈ ഏകാദശി വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് വിജയവും സകല പാപങ്ങളില്‍ നിന്നുള്ള മോചനവും പ്രാപ്തമാകുന്നു. പുരാണത്തില്‍ ഭഗവാന്‍ ശ്രീരാമന്‍ വിജയ ഏകാദശി അനുഷ്ഠിച്ച് രാക്ഷസരാജാവായ രാവണനെ തോല്പിച്ച് വധിച്ചു. നന്മ വരുത്തുന്നതിനും സമൃദ്ധിക്കും ഒരുവന്റെ ജീവിതത്തിലുള്ള വിഘ്‌നങ്ങള്‍ ദൂരീകരിക്കുന്നതിനും വിഷ്ണുവിനെ ഭക്തിയോടു കൂടി ഭജിക്കുക.

ഏകാദശി ദിവസം പകലുറക്കം പാടില്ലെന്നാണ്. അന്നേദിവസം നെല്ലരി ചോറും അരി കൊണ്ടുണ്ടാക്കിയ പദാര്‍ഥങ്ങളും ഒഴിവാക്കണം. ദശമി ദിവസം കുളിച്ച് ഒരു നേരം ആഹാരം കഴിച്ച് ഏകാദശി ദിവസം പൂര്‍ണ്ണ ഉപവാസം അനുഷ്ഠിക്കണം. പൂര്‍ണ്ണ ഉപവാസം സാധ്യമല്ലാത്തവര്‍ക്ക് പാലും പഴങ്ങളും ഭക്ഷിക്കാം. ദ്വാദശി ദിവസം വിഷ്ണു ക്ഷേത്രത്തില്‍ പോയി പ്രാര്‍ഥിച്ചതിനു ശേഷമാണ് ആഹാരം കഴിക്കേണ്ടത്.

രാവിലെ വ്രതം അവസാനിപ്പിക്കണം. എന്നാല്‍, രാവിലെ വ്രതം അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉച്ചയ്ക്കുശേഷമേ വ്രതം അവസാനിപ്പിക്കാവൂ. ഉച്ചസമയത്ത് വ്രതം അവസാനിപ്പിക്കരുത്. ഏകാദശി ദിവസങ്ങളില്‍ വ്രതം എടുക്കുന്നതും വിഷ്ണു പൂജ ചെയ്യുന്നതും നമ്മുക്കും കുടുംബത്തിനും ഐശ്വര്യദായകമാണ്.

ഈ ഏകാദശിയില്‍ ഭജിക്കേണ്ടത് വിഷ്ണുവിന്റെ അവതാരമായ ശ്രീരാമസ്വാമിയെയാണ്. ജപിക്കേണ്ട മൂല മന്ത്രം. ”ഓം ശ്രീരാമായ നമഃ”

Related Posts