സ്പെഷ്യല്‍
വിദ്യാരംഭം; തീര്‍ച്ചയായും അറിയേണ്ട കാര്യങ്ങള്‍

ഭാരതീയ ധര്‍മത്തില്‍ ജ്ഞാനസമ്പാദനം വളരെ പ്രാധാന്യമുള്ള ഒരു സംഗതിയായി വേദകാലം മുതല്‍ തന്നെ കണക്കാക്കി വരുന്നു. അതിന്റെ ആദ്യപടിയായി അക്ഷരങ്ങള്‍ സ്വായത്തമാക്കുകയാണല്ലോ ചെയ്യുക. അറിവിലേക്കുള്ള കവാടം തുറക്കുന്നത് അക്ഷരങ്ങളിലൂടെയാണ്. അക്ഷരങ്ങളെ ആദ്യമായി അഭ്യസിപ്പിക്കുന്ന ചടങ്ങാണ് എഴുത്തിനിരുത്ത് അഥവാ അക്ഷരാരംഭം. അക്ഷരാരംഭവും വിദ്യാരംഭവും രണ്ടാണ്. കുട്ടിയെ അക്ഷരം പഠിപ്പിക്കുന്ന ചടങ്ങാണ് അക്ഷരാരംഭം എങ്കില്‍ അവനെ തൊഴില്‍ ചെയാന്‍ ഉപകാരപ്പെടുന്ന വിദ്യ അഭ്യസിക്കുന്ന ചടങ്ങാണ് വിദ്യാരംഭം. ഇന്ന് ഇത് രണ്ടും ഒന്നായി കരുതുന്നു.

അച്ഛനോ ഗുരുവോ ഗുരുസ്ഥാനീയരായവരോ, നല്ല മുഹൂര്‍ത്തം നോക്കി പൊന്നുകൊണ്ട് ആദ്യം നാക്കിലും പിന്നെ ചൂണ്ടുവിരലോ മോതിരവിരലോ ഉപയോഗിച്ച് ഓട്ടുതളികയിലോ ഉരുളിയിലോ വെച്ചിരിക്കുന്ന അരിയിലും ‘ഹരി:ശ്രീ ഗണപതയെ നമ:’ എന്നും മറ്റു അക്ഷരങ്ങളും എഴുതിക്കുന്നതാണ് ഈ ചടങ്ങ്.

ഉത്തമമായ മുഹൂര്‍ത്തങ്ങളില്‍ ഉത്തമന്മാരായ ഗുരുക്കന്മാരെക്കൊണ്ട് വിദ്യ ആരംഭിച്ചാല്‍ ആ കുട്ടി പാണ്ഡിത്യം വാഗ്മിത്വം എന്നിവയോടുകൂടിയാവനാവും.വിദ്യാരംഭത്തിന്, ബുധന് മൗഢ്യം ഇല്ലാത്ത കാലവും ബുധന്‍ വ്യാഴം,ശുക്രന്‍ എന്നീ ഗ്രഹങ്ങള്‍ ഇഷ്ടസ്ഥിതിയില്‍ ഉള്ളപ്പോഴും ഏറ്റവും ഉത്തമമാണ്. എന്നാല്‍ നവരാത്രി വിധേന ദേവീപൂജ പൂര്‍ത്തിയാക്കി വിജയദശമി ദിവസം വളരെ ഉത്തമമായി കണക്കാക്കി വരുന്നു. മൂന്ന്, അഞ്ച്, വയസ്സുകള്‍ ആണ് വിദ്യാരംഭത്തിന് ഉത്തമം.

ഗുരു,(വേദവ്യാസന്‍) ഗണപതി, സരസ്വതി,ദക്ഷിണാമൂര്‍ത്തി,സുബ്രഹ്മണ്യന്‍ ഇങ്ങനെ അഞ്ചു പേര്‍ക്ക് പൂജകള്‍ നടത്തിവേണം വിദ്യാരംഭം കുറിക്കുവാന്‍. വിദ്യയും വീണയും അമൃതകലശവും വഹിച്ചു ദീപ്തഹസ്തയും മന്ദസ്മിത മുഖിയുമായി വെള്ളത്താമരയില്‍ വിരാജിക്കുന്ന സരസ്വതീ ദേവിയും ജ്ഞാനസ്വരൂപനായ ദക്ഷിണാമൂര്‍ത്തിയും സ്വന്തം പിതാവിന് പോലും ഗുരുവായ സുബ്രഹ്മണ്യസ്വാമിയും വേദങ്ങള്‍ വ്യസിച്ച വ്യാസമഹര്‍ഷിയും സര്‍വ്വവിഘ്‌ന വിനാശകനായ ഗണപതിയും വിരാജിക്കുന്ന സ്ഥാനത്തു വേണം കുട്ടികള്‍  ആദ്യാക്ഷരം കുറിക്കുവാന്‍.മാത്രമല്ല, നവരാത്രി വേളയില്‍ ക്ഷേത്രങ്ങളില്‍ ഒന്‍പതു ഭാവത്തില്‍ ദേവിയെ പൂജിക്കുന്നുണ്ട്. അവസാനദിവസമായ അഷ്ടമി,നവമി,ദശമി ദിവസങ്ങളില്‍ ഇച്ഛ ജ്ഞാന ക്രിയാശക്തി സ്വരൂപിണികളായ ദുര്‍ഗാ സരസ്വതി ലക്ഷ്മി ദേവിമാരെയും ഷോഡശോപചാരത്തോടെ പൂജിക്കുന്നു.

ഇങ്ങനെ അതാത് ക്ഷേത്രങ്ങളിലുള്ള ചൈതന്യത്തോടൊപ്പം ശക്തിസ്വരൂപിണിയായ ജഗദംബികയെ വിവിധ ഭാവങ്ങളില്‍ പൂജിച്ചു ചെയ്തന്യപൂരിതമായ ക്ഷേത്ര സങ്കേതങ്ങളില്‍ നിന്നും അക്ഷര വിദ്യാ നേടുകയാണ് നാം ചെയേണ്ടത്. ആ ദൈവികത്വം വ്യക്തിയുടെ ജീവിതത്തിലുടനീളം പ്രകാശം പരത്തുകയും ചെയ്യും.

Related Posts