സ്പെഷ്യല്‍
സകല ദുരിതങ്ങളും മാറും വെട്ടിക്കാവിലമ്മക്ക് ഈ ഒറ്റ വഴിപാട് ചെയ്താല്‍!

അഭയം തേടുന്നവരെ കൈവിടാതെ, അമ്മയായി ചേര്‍ത്തുനിര്‍ത്തി സംരക്ഷിക്കുന്ന ഭഗവതിയാണ് ഭദ്രകാളി. ശരണം തേടുന്നവര്‍ക്കെല്ലാം രോഗശമനം, ദാരിദ്രദുഖശമനം, മൃത്യുഭയത്തില്‍നിന്നുള്ള മോചനം എന്നിവ നല്‍കുന്ന അഭയ വരദായികയാണ് ഭദ്രകാളി. പ്രത്യേക കാരണങ്ങളില്ലാതെ മനസ്സില്‍ ഭയം നിറയുക, തുടര്‍ച്ചയായ രോഗദുരിതം പിന്തുടരുക, ന്യായമായി ആര്‍ജ്ജിച്ച ധനം ചോര്‍ന്നു പോവുക, കുടുംബ കലഹം, കടുത്ത മദ്യപാനം, കുടുംബത്തില്‍ സ്വസ്ഥത നശിക്കുക തുടങ്ങി ഒട്ടനവധി സന്ദര്‍ഭങ്ങളില്‍ അമ്മയെ അറിഞ്ഞുവിളിച്ചാല്‍ ഫലം ഉറപ്പാണ്.

ദാരികവധത്തിനുശേഷം കാളീമാതാവിന് ഭഗവാന്‍ പരമശിവന്‍ നല്‍കിയ ഒരനുഗ്രഹമുണ്ട്. അത് ഇങ്ങനെയാണ്- നിന്റെ രൂപം കളമെഴുതി പൂജിക്കുന്നവര്‍ക്ക് സര്‍വ്വമംഗളങ്ങളും സിദ്ധിക്കുമെന്നാണത്. കേരളത്തിലെ ചില ക്ഷേത്രങ്ങളില്‍ കളമെഴുതിപാട്ട് വഴിപാടായി നടത്താറുണ്ട്. ദോഷനിവാരണം, കാര്യവിജയം, ഐശ്വര്യവര്‍ധനവ് എന്നിവയ്ക്കാണ് കളമെഴുത്തും പാട്ടും നടത്തുന്നത്.

കേരളത്തിലെ തന്നെ അത്യപൂര്‍വ ഭദ്രകാളി ക്ഷേത്രങ്ങളിലൊന്നായ എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയ്ക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന വെട്ടിക്കാവ് ക്ഷേത്രത്തില്‍ മണ്ഡലക്കാലത്തോടനുബന്ധിച്ച് കളമെഴുതി പാട്ട് വഴിപാട് നടത്തുന്നുണ്ട്. മണ്ഡലകാലത്ത് 41 ദിവസവും ഇവിടെ കളമെഴുതിപാട് വഴിപാട് ഉണ്ട്. ഈ വര്‍ഷത്തെ കളമെഴുതി പാട്ട് വൃശ്ചികം ഒന്ന് അതായത് 2023 നവംബര്‍ 17 മുതലാണ് ആരംഭിച്ചത്. ഈ ദിവസങ്ങളില്‍ ഭക്തര്‍ക്ക് കളമെഴുതി പാട്ട് വഴിപാടുകള്‍ നടത്താമെന്ന് വെട്ടിക്കാവ് ഭഗവതി ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു.

കളമെഴുത്തും പാട്ടിലെയും ആദ്യ ചടങ്ങാണ് കെട്ടിവിതാനം. കുരുത്തോല, ആലില, വെറ്റില, പൂക്കുല, മാവില എന്നിവ ഉപയോഗിച്ചാണ് കെട്ടിവിതാനം. ഇതിന് ശേഷം ഉച്ചപ്പാട്ട്, പിന്നീട് കളം കുറിക്കല്‍ എന്നിവ നടക്കും. ആദ്യം നടുവില്‍ ആയുര്‍രേഖ വരയ്ക്കും. ഇതില്‍ നിന്നാണ് ബാക്കി വരകള്‍ ആരംഭിക്കുന്നത്. കരിപ്പൊടി, അരിപ്പൊടി എന്നിവ കൊണ്ടാണ് കളം കുറിക്കല്‍. ശേഷം കളം കാണല്‍, തുടര്‍ച്ചയായി കളംപാട്ടും നടക്കും. ഏറ്റവും അവസാന ചടങ്ങായി കളംമായ്ക്കലും നടക്കും.

പഞ്ചവര്‍ണ്ണ പൊടികളാണ് കളം എഴുതാന്‍ ഉപയോഗിക്കുന്നത്. മഞ്ഞ, ചുവപ്പ്, കറുപ്പ്, വെള്ള, പച്ച എന്നിവയാണ് പഞ്ചവര്‍ണ്ണങ്ങള്‍. മഞ്ഞള്‍ പൊടിച്ച് മഞ്ഞപ്പൊടിയും ചുണ്ണാമ്പും മഞ്ഞളും ചേര്‍ത്ത് ചുവന്ന പൊടിയും ഉമിക്കരികൊണ്ട് കരിപ്പൊടിയും ഉണ്ടാക്കുന്നു. വെള്ളപ്പൊടി ഉണ്ടാക്കുന്നത് ഉണക്കലരി പൊടിച്ചാണ്. വാകയിലയാണ് പച്ചപ്പൊടി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. നാഗക്കളത്തില്‍ വാകയിലക്കുപകരം മഞ്ചാടിയിലയുടെ പൊടിയാണ് ഉപയോഗിക്കുന്നത്.

പഞ്ചവര്‍ണപ്പൊടികള്‍ കൊണ്ട് മൂര്‍ത്തിയുടെ രൂപം വരച്ചതിന് ശേഷം നന്തുണി മീട്ടി ദേവതാ സ്തുതി പാടുകയും ദേവതാവേശത്തോടെ വെളിച്ചപ്പെട്ട് ഭക്തര്‍ക്ക് അനുഗ്രഹം നല്‍കുകയും ചെയ്യും.

ജീവിതത്തിലെ ഏത് പ്രതിസന്ധിയിലും വെട്ടിക്കാവിലമ്മയെ ആശ്രയിച്ചാല്‍ ഭഗവതി കൈവിടില്ലെന്നുള്ളത് ഇവിടയെത്തുന്ന ഭക്തരുടെ അനുഭവ സാക്ഷ്യമാണ്. ഈ സന്നിധിയില്‍ കളമെഴുതിപാട്ട് വഴിപാട് നടത്തുവഴി ഫലം ഇരട്ടിയാണെന്നാണ് ഭക്തര്‍ വിശ്വസിക്കുന്നത്. രോഗദുരിതങ്ങളാല്‍ കഷ്ടപ്പെടുന്നവര്‍, സന്താനക്ലേശം അനുഭവിക്കുന്നവര്‍, തൊഴില്‍തടസങ്ങള്‍ നേരിടുന്നവര്‍, സാമ്പത്തികമായി ദുരിതം അനുഭവിക്കുന്നവര്‍ അങ്ങനെ ജീവിതത്തില്‍ കഷ്ടതകള്‍ അനുഭവിക്കുന്നവരുടെയെല്ലാം ആശ്രയ കേന്ദ്രമാണ് വെട്ടിക്കാവ് ഭഗവതി ക്ഷേത്രം.

അപൂര്‍വമായ ആചാരങ്ങളോ, പൂജാവിധികളോ അല്ല വെട്ടിക്കാവ് ക്ഷേത്രസന്നിധിയിലെ പ്രത്യേകത. വേദമന്ത്രങ്ങളാണ് ശക്തി. ഇവിടേക്കു കടന്നുവരുമ്പോള്‍തന്നെ ഋഗ്വേദ മന്ത്രങ്ങളുടെയും മുറജപത്തിന്റെയും നാദം ശരീരത്തിനും മനസിനും ആത്മചൈതന്യം നിറയ്ക്കുന്നു.

ആചാരവിധിപ്രകാരമുള്ള പൂജകളും പൂര്‍വ ആചാരമനുസരിച്ചുള്ള ചടങ്ങുകളും മാത്രമാണ് ഇവിടുത്തെ പ്രത്യേകത. ഇതുതന്നെയാണ് വെട്ടിക്കാവ് ഭഗവതി ക്ഷേത്രത്തെ കേരളത്തിലെ മറ്റു ദേവീക്ഷേത്രങ്ങളില്‍ നിന്ന് വിത്യസ്തമാക്കുന്നതും.

നിത്യപൂജയ്ക്കു പുറമെയുള്ള വിശേഷാല്‍ പൂജകള്‍ ഇവിടുത്തെ പ്രത്യേകതയാണ്. തടസങ്ങള്‍ മാറികിട്ടാനും അഭീഷ്ട സിദ്ധിയ്ക്കുമായി ഭക്തരുടെ തിരക്ക് ഇവിടെ എപ്പോഴുമുണ്ട്. പ്രത്യേകിച്ച് വിശേഷാല്‍ അവസരങ്ങളില്‍. മറ്റു ഭദ്രകാളിക്ഷേത്രങ്ങളെ അപേക്ഷിച്ച് ഇവിടുത്തെ എല്ലാ കര്‍മങ്ങളും വേദമന്ത്രങ്ങളിലും മുറജപങ്ങളിലും അധിഷ്ഠിതമായതുകൊണ്ട് തന്ത്രിതന്നെയാണ് എല്ലാത്തിനും കാര്‍മികത്വം വഹിക്കുക.

ക്ഷേത്രം ഊരാളന്‍മാരായ അമ്പാട്ടുമനയ്ക്കാരുടെ ശക്തമായ ദേവീ വിശ്വാസവും ക്ഷേത്രാചാരങ്ങളെ ഭക്തിയുടെ പഴമയില്‍തന്നെ നിലനിര്‍ത്താനും സഹായിക്കുന്നു. തൃപ്പൂണിത്തുറയിലെ പ്രശസ്തമായ പുലിയന്നൂര്‍ കുടുംബത്തിലേക്കാണ് താന്ത്രികാവകാശം.

ക്ഷേത്രത്തിലെ ഫോണ്‍ നമ്പര്‍: 9249796100, 85471 78755

 

Related Posts