വാസ്തു
വീട്ടില്‍ കലഹമോ?; വാസ്തുപറയുന്ന പരിഹാരം

വിവിധ വാസ്തുസംശയങ്ങള്‍ക്ക് കൈപ്പകശ്ശേരി മന ഗോവിന്ദന്‍ നമ്പൂതിരി മറുപടി പറയുന്നു. (ഭാഗം 2)

*വീട്ടില്‍ സ്‌നേഹവും ഐക്യവും ഉണ്ടാകാന്‍ വാസ്തു നിയമങ്ങള്‍ക്കാകുമോ?

തീര്‍ച്ചയായും സഹായിക്കും. ദിശ കൃത്യമാകണം. പ്രധാന ദിശകളും അപ്രധാന ദിശകളും ഉണ്ട്. കൃത്യമായ കിഴക്ക്, കൃത്യമായ വടക്ക്, കൃത്യമായ തെക്ക്, കൃത്യമായ പടിഞ്ഞാറ് എന്നിവയാണ് പ്രധാന ദിശകള്‍. വടക്ക്കിഴക്ക്, വടക്ക്പടിഞ്ഞാറ്, തെക്കുകിഴക്ക് എന്നിങ്ങനെ പോകുന്നു അപ്രധാന ദിശകള്‍. ഇങ്ങനെ അപ്രധാന ദിശകളിലേക്ക് തിരിഞ്ഞിരിക്കുന്ന വീടുകളില്‍ സ്വസ്ഥത കുറയാന്‍ സാധ്യതയുണ്ട്.

*ഗൃഹോപകരണങ്ങള്‍ സ്ഥാപിക്കുന്നതിന് പ്രത്യേക നിയമങ്ങള്‍ വല്ലതുംഉണ്ടോ?

അടുക്കളയില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളെല്ലാം കിഴക്കോട്ടു തിരിഞ്ഞുനിന്നായാല്‍ നന്ന്. കട്ടില്‍ കിഴക്കോട്ട് അല്ലെങ്കില്‍ തെക്കോട്ട് തല വരുന്ന രീതിയില്‍ വേണം നല്‍കാന്‍. ക്ലോസറ്റ് ഉപയോഗിക്കുമ്പോള്‍ വടക്കോട്ട് അല്ലെങ്കില്‍ തെക്കോട്ട് തിരിഞ്ഞിരിക്കാം. ടിവി, വാഷിങ്‌മെഷീന്‍, ഫ്രിഡ്ജ് എന്നിവയ്‌ക്കൊന്നും പ്രത്യേകം സ്ഥാനമില്ല.

*വലിയ പ്ലോട്ടുകളില്‍ വീടു നില്‍ക്കുന്ന ഭാഗത്തെയും പറമ്പിനെയും കട്ടവച്ച് വേര്‍തിരിക്കാറുണ്ട്. ഇതിന്റെ പ്രാധാന്യം?

കട്ടകെട്ടി തിരിക്കുമ്പോഴാണ് വാസ്തു ഒരു സമചതുരമായോ ദീര്‍ഘചതുരമായോ രൂപം പ്രാപിക്കുന്നത്. അതില്‍ ഒരു വാസ്തുപുരുഷനെ സങ്കല്‍പിച്ചു കൊണ്ടാണ് നമ്മള്‍ ഭവനം നിര്‍മിക്കുന്നത്. അതുകൊണ്ട് കട്ടകെട്ടി തിരിക്കുന്ന പ്രക്രിയ വളരെ പ്രാധാന്യമേറിയതാണ്.

*വാസ്തുശാസ്ത്രമനുസരിച്ച് വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട അലങ്കാരം?

അലങ്കാരം എന്ന നിലയില്‍ ഒന്നും പറയുന്നില്ല. അസ്ഥിവാരം, തറ, ഭിത്തി, മേല്‍പുര എന്നിവയാണ് വീടിന്റെ പ്രധാന ഭാഗങ്ങള്‍. ഇതില്‍ അസ്ഥിവാരത്തിന് അലങ്കാരത്തിന്റെ ആവശ്യമില്ല. മറ്റുള്ളവയ്ക്ക് അലങ്കാരമാവാം.

*ഫ്‌ളാറ്റ് സമുച്ചയത്തിനു മുഴുവനായിട്ടാണോ അതോ അപ്പാര്‍ട്‌മെന്റിനു മാത്രമായിട്ടാണോ വാസ്തു നോക്കേണ്ടത്?

മുഴുവനായിട്ടും നോക്കണം. അപ്പാര്‍ട്‌മെന്റുകള്‍ക്കും നോക്കണം. മുഴുവനായിട്ട് നോക്കുമ്പോള്‍ അതിന്റെ കോമണ്‍ എന്‍ട്രിയിലും മറ്റും സൂത്രദോഷങ്ങളില്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഓരോ അപ്പാര്‍ട്‌മെന്റിനെയും ദീര്‍ഘചതുരമോ ചതുരമോ ആയി എടുത്ത് അതിന്റെ ഉള്ളളവുകള്‍ നോക്കേണ്ടതുമുണ്ട്.

*വീടിനുള്ളില്‍ ചെടികള്‍ വയ്ക്കാമോ?

പാത്രത്തില്‍ ചെടികള്‍ വളര്‍ത്താം. എന്നാല്‍ കള്ളിച്ചെടി പോലെ മുള്ളുള്ള ചെടികള്‍ പാടില്ല. അതുപോലെ നടുമുറ്റത്തും ചെടികള്‍ വേണ്ട.

*പര്‍ഗോള നല്‍കുന്നതിനെപ്പറ്റി?

ഏതു മുറികളിലും നല്‍കാം. വടക്കുവശത്തോ കിഴക്കുവശത്തോ ത്രിശാല സങ്കല്‍പത്തില്‍ വരുന്ന സ്ഥലങ്ങളില്‍ നല്‍കുന്നതാണ് കൂടുതല്‍ അനുയോജ്യം.

*മഴവെള്ളസംഭരണി, സൗരോര്‍ജ പാനലുകള്‍ എന്നിവ വീടിനോട് ചേര്‍ന്ന് വരാമോ?

സംഭരണി ഭൂമിയിലാണെങ്കില്‍ അത് വടക്ക് ഭാഗത്തോ കിഴക്ക് ഭാഗത്തോ വരുന്നതാണ് ഉചിതം. ടെറസ്സിനു മുകളിലെ വാട്ടര്‍ടാങ്ക് ഈ ഗണത്തില്‍ പെടുന്നില്ല. സോളാര്‍ പാനലുകള്‍ക്ക് എതിര്‍പ്പില്ല.

*പഴയകെട്ടിടങ്ങള്‍ പൊളിച്ചു കിട്ടുന്ന മച്ച്, ജനല്‍, ഓട് തുടങ്ങിയ പലതും പുതിയ വീട് നിര്‍മിക്കുമ്പോള്‍ ഉപയോഗിക്കാമോ?

ഉപയോഗിക്കുന്നതില്‍ തെറ്റില്ല. പക്ഷേ പഴയ തടി ഉരുപ്പടികള്‍ക്ക് കേടുപാട് തീര്‍ക്കാന്‍ പുതിയവ ചേര്‍ക്കുമ്പോള്‍ അതേ ജാതി മരം തന്നെയെന്ന് ഉറപ്പു വരുത്തുക. അതായത് തേക്കിന്‍കട്ടിളയുള്ള ജനലിന് തേക്കിന്റെ തന്നെ വാതിലുകള്‍ വയ്ക്കണം. ജീര്‍ണതയുള്ള യാതൊരു വസ്തുക്കളും പുനരുപയോഗിക്കരുത്.

*കുട്ടികളുടെ കിടപ്പുമുറിയും പഠനമുറിയും ഒന്നായാല്‍ കുഴപ്പമുണ്ടോ?

ശയനവിദ്യാഭ്യാസനങ്ങള്‍ക്ക് ഉത്തമം കോണ്‍ഗൃഹങ്ങളാണ്. അതായത്, വടക്കോട്ടോ തെക്കോട്ടോ മുഖമായിട്ടുള്ള വീടുകള്‍ക്ക് തെക്കുപടിഞ്ഞാറും തെക്കുകിഴക്കും വരുന്ന മുറികള്‍ ശയനവിദ്യാഭ്യാസഗൃഹങ്ങളായി ഉപയോഗിക്കാം.

 

ഗോവിന്ദന്‍ നമ്പൂതിരി കൈപ്പകശ്ശേരി മന
വാസ്തു &ജ്യോതിഷ ഗവേഷണം കേന്ദ്രം
കരിമ്പന, കൂത്താട്ടുകുളം
ഫോണ്‍: 9846796680, 9447421836

Related Posts