വാസ്തു
വീടിന്റെ നിറം നിങ്ങളെ സ്വാധീനിക്കുമ്പോള്‍

ഒരു വീട് നിര്‍മ്മിക്കുമ്പോള്‍ ശ്രദ്ധ പുലര്‍ത്തേണ്ട മേഖലകളില്‍ നിരവധിയാണ്. ചുവരുകള്‍ക്ക് ചായം പൂശും മുമ്പ് നിറങ്ങളുടെ തിരഞ്ഞെടുപ്പിലും അതീവ ശ്രദ്ധവേണമെന്നാണ് ആചാര്യന്മാരും നിര്‍മ്മാണ മേഖലയിലെ വിദഗ്ദരും പറയുന്നത്. വീട്ടിലെ അന്തേവാസികളുടെ മനസ്സില്‍ രൂപപ്പെടുന്ന സന്തോഷത്തെ പോലും നിറങ്ങള്‍ സ്വാധീനിക്കുമെന്നും വിശ്വാസമുണ്ട്. ഓരോ മുറിയിലും ഉപയോഗിക്കുന്ന നിറങ്ങള്‍ ഓരോ മുറിയുടെയും ഉപയോഗത്തിനനുസൃതമായിരിക്കണമെന്നാണ് വിദഗ്ധാഭിപ്രായം. ഭംഗി എന്നതിനപ്പുറം മുറിയുടെ വിസ്തീര്‍ണ്ണം, വലുപ്പം എന്നീ ഘടകങ്ങളെയും നിറങ്ങള്‍ക്ക് സ്വാധീനിക്കാന്‍ കഴിയും.

ചുവപ്പും മഞ്ഞയും ഊഷ്മളത നല്‍കുന്ന നിറങ്ങളായാണ് വിലയിരുത്തപ്പെടുന്നത്. നീലനിറത്തിന് മുന്‍തുക്കുള്ള വര്‍ണ്ണക്കുട്ടൂകള്‍ ശാന്തത നല്‍കുന്ന വര്‍ണ്ണങ്ങളായും കരുതി പോകുന്നു. ഇവയെ യഥാക്രമം ഊഷ്മള വര്‍ണ്ണങ്ങളെന്നും കുളിര്‍വര്‍ണ്ണങ്ങളെന്നും പറയുന്നു. ചുവപ്പ്, മഞ്ഞ മുതലായ നിറങ്ങള്‍ ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കില്‍ മുറിയുടെ വിസ്തീര്‍ണ്ണം കുറഞ്ഞതായി തോന്നുമെന്നും ചൂണ്ടികാണിക്കപ്പെടുന്നു.

ചുവപ്പു നിറം തലച്ചോറ്, നാഡിസ്പന്ദനം, വിശപ്പ് എന്നിവയെ ഉണര്‍ത്തുന്നതായും ആചാര്യന്മാര്‍ ചൂണ്ടിക്കാട്ടുന്നു. മഞ്ഞനിറം സന്തോഷത്തെ പ്രതിനിധാനം ചെയ്യുമ്പോള്‍ വയലറ്റ് നിറം മാന്യതയെ കുറിക്കുന്നു. നീലനിറം വിശ്രമത്തിനു സഹായിക്കുന്നു.പച്ച കുളിര്‍മയെയും, വെള്ള പരിശുദ്ധിയെയും പ്രതിനിധാനം ചെയ്യുന്നു. കിടപ്പുമുറിയില്‍ അവരവര്‍ക്കിഷ്ടമുള്ള നിറങ്ങള്‍ ഉപയോഗിക്കാം. പച്ച, നീല, വയലറ്റ് എന്നിവ കുളിമുറിക്ക് അനുയോജ്യമാണ്. ഊണുമുറിയില്‍ ചുവപ്പ്, റോസ്, ഓറഞ്ച് എന്നിവയാണ് അനുയോജ്യം.

നീലയുമായി ബന്ധപ്പെട്ട നിറങ്ങള്‍ ഉപയോഗിച്ചാല്‍ മുറിയുടെ വിസ്താരം വര്‍ദ്ധിച്ചു എന്ന തോന്നല്‍ ഉളവാക്കും. ഒരു മുറിക്ക് ഉള്ളതിലേറെ വലിപ്പമുള്ളതായി തോന്നണമെങ്കില്‍ ചുവരുകള്‍ക്ക് നീലയ്ക്കും പച്ചയ്ക്കും അധികം സ്വാധീനമുള്ള കുളിര്‍ നിറങ്ങള്‍ ഉപയോഗിക്കുക.
എന്നാല്‍ ചുവപ്പും വയലറ്റും ചേര്‍ന്നതോ പച്ചയും മഞ്ഞയും ചേര്‍ന്നതോ ആയ ഊഷ്മള നിറങ്ങള്‍ ഭിത്തികളില്‍ ഉപയോഗിച്ചാല്‍ മുറിയുടെ വിസ്തീര്‍ണ്ണം കുറഞ്ഞതായി തോന്നാന്‍ ഇടയാക്കും.

Related Posts