സ്പെഷ്യല്‍
മുറികൾക്ക് ഈ നിറങ്ങളാണെങ്കില്‍

നിറങ്ങൾ നമ്മുടെ ജീവിതത്തിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ്. അത് നമ്മൾ കാണുമ്പോൾ, നമ്മളെ മാനസികവും, ശാരീരികവും ബുദ്ധിപരവുമായ രീതിയിലുമൊക്കെ സ്വാധീനിക്കുന്നതാണ്. നമ്മുടെ സ്വഭാവത്തെ ഇത് ബാധിക്കുന്നതിനാൽ കുടുംബാന്തരീക്ഷം നന്നാക്കുവാനും നിറങ്ങൾക്ക് സാധിക്കുമെന്ന് കരുതുന്നു. ഇതുകൊണ്ടൊക്കെ തന്നെയാണ് വാസ്തുവിൽ നിറങ്ങൾക്ക് ഏറെ പ്രസക്തി കല്പിച്ചുനൽകിയിരിക്കുന്നത്.

ചുവപ്പ്

ചോരയുടെ നിറമായ ഇത് ജീവിതത്തെയും ശരീരത്തിനെയും കാണിക്കുന്നതാണ്. കാമം, മോഹം എന്ന ബാഹ്യസുഖങ്ങളെ കാണിക്കുന്നതും, തീയോട് ഏറെ അടുത്ത് നിൽക്കുന്നതും, ഊർജ്ജം, മനശ്ശക്തി എന്നിവ നൽകുന്നതുമായ നിറമാണ് ഇത്.

തെക്ക് ദർശിക്കുന്ന വീടിന്റെ ഭാഗങ്ങൾ ചുവപ്പ് അല്ലെങ്കിൽ ചുവപ്പുമായി ബന്ധപ്പെട്ട നിറങ്ങൾ അടിക്കുന്നത് ഐശ്വര്യപ്രദമാണ്. സ്വീകരണ മുറിയുടെ തെക്ക് ഭാഗം ചുവപ്പാക്കുന്നത് മുറിയിൽ പ്രാണശക്തി ഉണ്ടാകുവാൻ സഹായിക്കുന്നു.

റോസ് നിറഞ്ഞ ചുവപ്പ് അല്ലെങ്കിൽ പിങ്ക് നിറം എന്നിവ വീട്ടിൽ, പ്രധാനമായും ബെഡ്‌റൂമിൽ ഉണ്ടാകുന്നത് സ്നേഹബന്ധത്തെ സൂചിപ്പിക്കുകയും കുടുംബൈശ്വര്യത്തിന് ഉത്തമവുമാണ്. കുടുംബവഴക്കുകൾക്ക് ഈ നിറത്തിലൂടെ  ശമനം കാണും എന്നും പറയപ്പെടുന്നു. ദേഷ്യത്തെ സൂചിപ്പിക്കുന്ന കടും ചുവപ്പ് നിറങ്ങൾ ബെഡ്‌റൂമിൽ നല്ലതല്ല.

ഓറഞ്ച്

ആത്മവിശ്വാസം, മോഹങ്ങൾ, നല്ല ബന്ധങ്ങൾ, ആരോഗ്യം, വീര്യം, ശക്തി എന്നിവയെ കാണിക്കുന്ന നിറമാണ് ഓറഞ്ച്. ചെറിയ കുട്ടികൾ, യുവാക്കൾ എന്നിങ്ങനെ ജീവിതത്തിൽ ഒരുപാട് നേടാനുള്ളവർക്ക് ഉത്തമമായ നിറമാണ് ഇത്.

എന്നാൽ ദേഷ്യം കൂടുതൽ ഉള്ളവരുടെ മുറികളിൽ ഇത് ഉപയോഗിക്കുന്നത് ഉത്തമമല്ല. തെക്കോ തെക്ക്-കിഴക്കോ സ്ഥിതിചെയ്യുന്ന അടുക്കളയ്ക്ക് ഇത് ഉത്തമമായ നിറമായി കണക്കാക്കുന്നു. സമൃദ്ധിയുണ്ടാകാൻ വളരെ ഉത്തമമായ നിറമാണ് ഇത്. പൂജ മുറിയിലും ഈ നിറം ഉപയോഗിക്കുന്നത് ഐശ്വര്യപ്രദമാണ്.

മഞ്ഞ

ഐശ്വര്യത്തിന്റെയും, വെളിച്ചത്തിന്റെയും, ബുദ്ധിയുടെയും നിറമായ മഞ്ഞയെ, നിറങ്ങളുടെ ദേവതയായാണ് കണക്കാക്കുന്നത്. ലക്സ്മിദേവിയുടെ പ്രിയപ്പെട്ട നിറമായി കണക്കാക്കുന്ന നിറമായ മഞ്ഞ, ശ്രദ്ധ കൂട്ടുന്നതിനാൽ പഠനമുറിയിൽ ഉപയോഗിക്കാൻ ഏറെ അനുയോജ്യമാണ്. വടക്കുള്ള ഭിത്തികളിൽ ഈ നിറമടിക്കുന്നത് ഉത്തമമാണ്.

വടക്കുള്ള മുറികൾക്കും വടക്ക് ദർശിയായ രൂപങ്ങൾക്കും ഈ നിറം നല്ലതാണെന്ന് കരുതപ്പെടുന്നു. എല്ലുകൾക്ക് ബലക്ഷയവും, എല്ല് പൊട്ടലുകളുമുള്ളവർ, ബുദ്ധിഭ്രമമുള്ളവർ  മഞ്ഞ വസ്ത്രം ധരിക്കുന്നത് സ്ഥിതി മെച്ചപ്പെടാൻ സഹായകരമാണ്. പണപ്പെട്ടികളിലും പേഴ്‌സുകളിലും മഞ്ഞ കല്ലുകളോ രത്നങ്ങളോ സൂക്ഷിക്കുന്നത് സമൃദ്ധികരമാണ്.

പച്ച 

പ്രകൃതിയുടെ നിറമാണ് പച്ച. വളർച്ചയും സമൃദ്ധിയും ഊർജ്ജദായകവുമായ ഈ നിറം പുനർജന്മത്തെയും, പുതിയ ചിന്തകളെയും സൂചിപ്പിക്കുന്നു. ബ്ലഡ് പ്രഷർ  പ്രശ്നങ്ങൾ ഉള്ളവർക്കും, ഹൃദ്രോഗങ്ങൾ ഉള്ളവർക്കും ഇത് ഉത്തമായി കരുതുന്നു. മുൻകോപമുള്ളവരും  ശാഠ്യക്കാരായവരും ഒന്ന് ശമിക്കാൻ ഇത് ഉത്തമ നിറമാണ്.

കുടുംബ വഴക്കുകൾ നീങ്ങാൻ ഈ നിറം അനുയോജ്യമാണ്. പ്രധാനമായി തെക്ക്-കിഴക്കുള്ള ബെഡ്‌റൂമുകളിൽ ഇത് വളരെ ഉത്തമം. സമാധാന അന്തരീക്ഷം കൊണ്ടുവരാൻ ഈ നിറം അനുയോജ്യകരമാണ്. ഡിസൈനർ, കൺസൾട്ടന്റ് , ആർക്കിട്ടെക്ട് എന്നിവരുടെ ഓഫീസിൽ ഈ നിറം ഉണ്ടാകുന്നത് വിജയം കൈവരിക്കാൻ ഉത്തമമാണ്.

നീല

ആകാശവും വെള്ളവും പ്രതിഫലിപ്പിക്കുന്ന നിറം. മാനസിക വികാരങ്ങൾ, വിശ്വാസങ്ങൾ, സത്യം എന്നിവയെ കാണിക്കുന്ന ഈ നിറത്തിന് അസുഖങ്ങൾ സുഖപ്പെടുത്തുവാനുള്ള കഴിവും,വേദന ശമിപ്പിക്കാനുമുള്ള ശക്തിയുമുണ്ടെന്ന് കരുതപ്പെടുന്നു.

കുട്ടികളുടെ  മുറികൾക്ക് ഏറെ അനുയോജ്യകരമായ ഈ നിറം അടുക്കള, ഹോട്ടൽ, ഓഫീസ് എന്നിവക്ക് നല്ലതല്ല. സമൃദ്ധിനൽകുന്ന നിറമല്ലാത്തതിനാലാണ് വ്യാപാര സ്ഥാപനങ്ങൾക്ക് യോജിക്കുന്നതല്ലാത്തത്.

പടിഞ്ഞാറാണ് ഈ നിറം ഉപയോഗിക്കാൻ പറ്റിയ സ്ഥലം. കാരണം, വെള്ളത്തിന്റെ ദേവനായ വരുണൻ അധിവസിക്കുന്നത് പടിഞ്ഞാറാണെന്നതും നീല നിറം വെള്ളത്തിനെ സൂചിപ്പിക്കുന്നു എന്നതുമാണ്. മാത്രവുമല്ല തീ അധിപനായ തെക്ക്-കിഴക്ക് ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്ത നിറമായാണ് നീല കാണുന്നത്.

ഇൻഡിഗോ

മാനസിക വികാരങ്ങളെയും ദൈവീക ചിന്തകളെയും ഉയർത്തിക്കാണിക്കുന്ന നിറമായ ഇത് ശ്രീ കൃഷ്ണന്റെ നിറമായാണ് കണക്കാക്കുന്നത്. ഇത് ടോയിലറ്റ്, അടുക്കള എന്നീ സ്ഥലങ്ങളിൽ ഈ നിറം ഒട്ടും യോജിക്കുന്നതല്ല. എന്നാൽ, മെഡിറ്റേഷൻ മുറി, പഠന മുറി, പ്രാർത്ഥനാ മുറി എന്നിവയ്ക്ക് ഉത്തമമാണ്.

വയലറ്റ്

ദൈവീക കാര്യങ്ങൾക്ക് ഏറെ യോജിച്ചതും, പൂജാമുറികളിലും, പഠനമുറികളിലും യോജിച്ചതുമായ നിറമായ  ഇത്, കുട്ടികളുടെയും  അധ്യാപകരുടെയും ബുദ്ധിയും മാനസികശക്തി വളത്താൻ സഹായിക്കും. ഒരു തീരുമാനം എടുക്കാൻ സഹായിക്കുന്ന നിറമായ ഇത് ടോയിലറ്റിലും, അടുക്കളയിലും ഒഴിച്ച് ഉപയോഗിക്കാം.

വ്യാപാര സ്ഥാപനങ്ങളിൽ ഈ നിറം കുറഞ്ഞ അളവിൽ ഉപയോഗിക്കുന്നത് സമൃദ്ധിയേകും. ജീവിതത്തിൽ സംതൃപ്തി ഇല്ലാത്തവർ ഈ നിറം മുറിയിൽ ഉപയോഗിച്ചാൽ മനസ്സ് സ്വസ്ഥമാവുകയും സംതൃപ്തി ജീവിതത്തിലെ എല്ലാ മേഖലയിലും കടന്നുവരുകയും ചെയ്യും.

Related Posts