സ്പെഷ്യല്‍
ഈ വെള്ളിയാഴ്ച അതിവിശിഷ്ടം; വിഷ്ണുഭഗവാനെ ഇങ്ങനെ പ്രാര്‍ഥിച്ചാല്‍

ഏകാദശികളില്‍ സ്വര്‍ഗ്ഗവാതില്‍ ഏകാദശി അഥവാ വൈകുണ്ഠ ഏകാദശിക്ക് വളരെയേറെ പ്രാധാന്യമാണുള്ളത്. ധനുമാസത്തിലെ വെളുത്ത പക്ഷ ഏകാദശിയാണ് വൈകുണ്ഠ ഏകാദശി അഥവാ സ്വര്‍ഗവാതില്‍ ഏകാദശി എന്നറിയപ്പെടുന്നത്. ധനുമാസ തിരുവാതിരക്ക് മുമ്പുള്ള ഏകാദശി ഇത്തവണ ഡിസംബര്‍ 25 നാണ്.  തലേന്ന് ഒരിക്കല്‍ ഊണ് മാത്രമേ പാടുള്ളൂ. ഏകാദശിനാളായ 25ന് പൂര്‍ണമായും ഉപവസിക്കണം. ഉപവാസം പൂര്‍ണമായും നടത്താന്‍ കഴിയാത്തവര്‍ ഒരുനേരം പഴങ്ങള്‍ മാത്രം കഴിക്കണം.

ഈ ദിവസം എണ്ണതേച്ചുകുളി ഒഴിവാക്കണം. പകല്‍ ഉറങ്ങാതെ അന്യചിന്തകള്‍ക്ക് ഇടം നല്‍കാതെ തെളിഞ്ഞ മനസ്സോടെ നാമം ജപിക്കണം. രാവിലെ കുളികഴിഞ്ഞ് വിഷ്ണുക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുകയും വിഷ്ണുസൂക്തം, ഭാഗ്യസൂക്തം, പുരുഷ സൂക്തം തുടങ്ങിയവ കൊണ്ടുളള അര്‍ച്ചന നടത്തുകയും ചെയ്യുന്നത് ഉത്തമമാണ്.

അന്നേദിവസം കഴുകിവൃത്തിയാക്കിയ വെള്ളവസ്ത്രം ധരിക്കുകയും വിഷ്ണുസഹസ്രനാമം, ഭാഗവതം, നാരായണീയം ഭഗവദ്ഗീത എന്നിവ പാരായണം ചെയ്യുകയോ ഇവ ശ്രവിക്കുകയോ ചെയ്യുന്നത് ഉത്തമമാണ്. ഏകാദശിയുടെ പിറ്റേന്ന് അതായത് ഡിസംബര്‍ 30ന് ദ്വാദശി ദിവസം രാവിലെ മലരും തുളസിയിലയും ഇട്ട തീര്‍ഥം സേവിച്ചു വ്രതം അവസാനിപ്പിക്കാം.

ഐതിഹ്യം

ഭഗവാന്‍ ശ്രീ കൃഷ്ണന്‍ സഹപാഠിയായിരുന്ന കുചേലനെ കുബേരനാക്കിയ ദിനമാണു സ്വര്‍ഗവാതില്‍ അഥവാ വൈകുണ്ഠ ഏകാദശി എന്ന്  ഐതിഹ്യമുണ്ട്. കുരുക്ഷേത്ര യുദ്ധത്തില്‍ അര്‍ജ്ജുനന് വിഷാദരോഗം അനുഭവപ്പെട്ടപ്പോള്‍ ഭഗവാന്‍ കൃഷ്ണന്‍ ജീവിതത്തിന്റെയും മരണത്തിന്റെയും തത്ത്വശാസ്ത്രം ഭഗവദ്ഗീതയിലൂടെ അര്‍ജ്ജുനനെ ഉപദേശിച്ചതും ഈ ദിവസത്തിലാണെന്ന് കരുതുന്നു. അതിനാല്‍ സ്വര്‍ഗ്ഗവാതില്‍ ഏകാദശി ദിനത്തെ ഗീതാജയന്തി ഉത്‌സവ ദിനമായും ആഘോഷിക്കുന്നു.പുരാണ കഥകള്‍ അനുസരിച്ച് വിഷ്ണുവില്‍നിന്നും ഉത്ഭവിച്ച ദേവിയാണ് ഏകാദശീ.

ബ്രഹ്മദേവന്‍ സൃഷ്ടിച്ച അസുരനാണ് താലജംഘന്‍. അദ്ദേഹത്തിന്റെ മകന്‍ മുരന്‍. ഇരുവരും ചന്ദ്രാവതിപുരിയിലായിരുന്നു താമസം. അവര്‍ ഇന്ദ്രലോകം ആക്രമിക്കുകയും ദേവേന്ദ്ര സ്ഥാനം തട്ടിയെടുക്കുകയും ചെയ്തപ്പോള്‍ ദേവന്മാര്‍ മഹാദേവനെ ശരണം പ്രാപിച്ചു. മഹാദേവനാവട്ടെ അവരെ വിഷ്ണുവിന്റെ അടുത്തേക്ക് അയച്ചു.

ദേവന്മാര്‍ വിഷ്ണുവിനോട് സങ്കടം ഉണര്‍ത്തിച്ചപ്പോള്‍ വിഷ്ണുവില്‍ നിന്ന് സുന്ദരിയും അതീവ ശക്തിശാലിനിയുമായ ഒരു ദേവി ഉത്ഭവിച്ചു. അന്ന് ഏകാദശി ദിവസം ആയതുകൊണ്ട് ദേവിക്ക് ഏകാദശി ദേവി എന്ന് പേരിടുകയും ചെയ്തു. ദേവി മുരനെ നേരിടുകയും വധിക്കുകയും ചെയ്തു. വിഷ്ണുവിന് സന്തോഷമായി. എന്താണ് വരം വേണ്ടത് എന്നു ചോദിച്ചപ്പോള്‍ സ്വന്തം പേരില്‍ ഒരു വ്രതം ഉണ്ടാവണം എന്നും അത് എല്ലാ വ്രതങ്ങളിലും ശ്രേഷ്ഠമായിരിക്കണം എന്നും അത് അനുഷ്ഠിക്കാത്തവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും ദേവി ആവശ്യപ്പെട്ടു. വിഷ്ണു അത് സമ്മതിച്ചു.അങ്ങനെയാണ് ഏകാദശി വ്രതം ഉണ്ടായതെന്നും ഐതിഹ്യമുണ്ട്.

Related Posts