സ്പെഷ്യല്‍
വൈകുണ്ഠചതുര്‍ദശി; വിഷ്ണുഭഗവാനെയും ശിവഭഗവാനെയും ഇന്ന് ആരാധിച്ചാല്‍

രേ ദിവസം വിഷ്ണുവിനെയും ശിവനെയും ആരാധിക്കുന്ന അത്യപൂര്‍വദിനമായ വൈകുണ്ഠ ചതുര്‍ദശിയാണ് ഇന്ന്. കാര്‍ത്തിക മാസത്തില്‍ ആഘോഷിക്കുന്ന എണ്ണമറ്റ ഉത്സവങ്ങളില്‍ ഒന്നാണ് വൈകുണ്ഠ ചതുര്‍ദശി. ശിവഭഗവാന്‍ വിഷ്ണുദേവന് സുദര്‍ശനചക്രം സമ്മാനിച്ച ദിവസം എന്ന പ്രത്യേകതയും വൈകുണ്ഠചതുര്‍ദശിക്ക് ഉണ്ട്.
ഈ ദിവസം വൈകുണ്ഠലോകത്തിന്റെ കവാടങ്ങള്‍ തുറന്നിടുമെന്നാണ് വിശ്വാസം. സമ്പൂര്‍ണ ആചാരങ്ങളോടെ വൈകുണ്ഠ ചതുര്‍ദശി നാളില്‍ വിഷ്ണുവിനെ പൂജിക്കുകയും വ്രതമനുഷ്ഠിക്കുകയും ചെയ്യുന്നവര്‍ മരണശേഷം വൈകുണ്ഠലോകം പ്രാപിക്കുമെന്നും വിശ്വസിക്കുന്നു.

വൈകുണ്ഠ ചതുര്‍ദശി തിഥി നവംബര്‍ ആറിന് വൈകുന്നേരം 4.28ന് ആരംഭിച്ച് നവംബര്‍ ഏഴിന് വൈകുന്നേരം 4.15ന് അവസാനിക്കും. മഹാഭാരതയുദ്ധത്തിനു ശേഷമുള്ള ഈ ദിവസമാണ് ഭഗവാന്‍ കൃഷ്ണന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടവര്‍ക്കുവേണ്ടി ശ്രാദ്ധം നടത്തിയതെന്നും വിശ്വസിക്കുന്നു. അതിനാല്‍, ഈ ദിവസത്തില്‍ ശ്രാദ്ധ തര്‍പ്പണം നടത്തുന്നതിനും പ്രത്യേക പ്രാധാന്യമുണ്ട്.

വൈകുണ്ഠ ചതുര്‍ദശി നാളില്‍ അതിരാവിലെ എഴുന്നേറ്റ് കുളികഴിഞ്ഞ് വ്രതാനുഷ്ഠാനം നടത്തുക. തുടര്‍ന്ന് രാത്രി 108 താമരപ്പൂക്കള്‍ കൊണ്ട് മഹാവിഷ്ണു ഭഗവാനെ ആരാധിക്കുക. ഇതിനുശേഷം ശിവഭഗവാനെ ആരാധിക്കുക. മഹാദേവനെയും ശ്രീ ഹരി വിഷ്ണുവിനെയും ആരാധിച്ചാല്‍ മനുഷ്യരുടെ എല്ലാ പാപങ്ങളും ഇല്ലാതാകുമെന്നാണ് വിശ്വാസം. ഈ ദിനത്തില്‍ ഭക്തര്‍ പുണ്യ നദിയില്‍ മുങ്ങി കുളിക്കുന്നത് ഉത്തമമാണെന്നും വിശ്വസിക്കുന്നു. വിഷ്ണുവിന് ഇഷ്ടപ്പെട്ട തുളസിയിലകള്‍ ശിവനും ശിവന് ഇഷ്ടപ്പെട്ട കൂവള ഇലകള്‍ വിഷ്ണുവിനും സമര്‍പ്പിക്കുന്നത് ഗുണകരമാണ്. ഈ ദിവസം മുഴുവന്‍ വ്രതമനുഷ്ഠിക്കുകയും വിഷ്ണു സഹസ്ത്രനാമ പാരായണം ചെയ്യുകയും ചെയ്യുന്നത് ഭഗവത് അനുഗ്രഹത്തിന് ഏറെ ഉത്തമമാണ്.

 

Related Posts