
വൈക്കത്തഷ്ടമി; ഇരട്ടിഫലദര്‍ശനത്തിന് അറിയേണ്ട കാര്യങ്ങള്‍
പരശുരാമന് സ്ഥാപിച്ച നൂറ്റിയെട്ടു ശിവാലയങ്ങളില്‍ ഒന്നാണ് വൈക്കം മഹാദേവ ക്ഷേത്രം. വൈക്കത്തപ്പന്റെ പ്രധാന ഉത്സവമാണ് വൃശ്ചികമാസത്തിലെ കൃഷ്ണപക്ഷത്തില്‍ അഷ്ടമി തിഥിയില്‍ വരുന്ന അഷ്ടമി ഉത്സവം. ഉത്സവം കൊടിയേറി പന്ത്രണ്ടാം ദിവസമാണ് വൈക്കത്തഷ്ടമി. നവംബര്‍ ആറിന് ഉത്സവം കൊടിയേറി.
ഇത്തവണത്തെ ഉത്സവ ചടങ്ങുകള്‍ ഇങ്ങനെയാണ്: 10, 11, 13, 16 തീയതികളില്‍ ഉത്സവബലി ദര്‍ശനം. 12-ന് രാവിലെ 11 മുതല്‍ നടന്‍ ജയറാമും 150-ല്‍പ്പരം കലാകാരന്മാരും ചേര്‍ന്ന് പഞ്ചാരിമേളം നടത്തും. രാത്രി 11-ന് ഋഷഭവാഹനം എഴുന്നള്ളിപ്പ്. 13ന് വൈകിട്ട് അഞ്ചിന് ചോറ്റാനിക്കര വിജന്‍മാരാരുടെയും കുനിശേരി ചന്ദ്രന്‍ മാരാരുടെയും നേതൃത്വത്തില്‍ പഞ്ചവാദ്യം. രാത്രി 10-ന് കഥകളി. 14ന് രാവിലെ എട്ടിന് ഗജപൂജ. വൈകീട്ട് നാലിന് ആനയൂട്ട്. മന്ത്രി കെ.രാധാകൃഷ്ണന്‍ ദീപം തെളിക്കും. 4.30-ന് പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ പാഞ്ചാരിമേളം. രാത്രി 10-ന് കഥകളി.15-ന് ഉച്ചയ്ക്ക് ഒന്നിന് ചോറ്റാനിക്കര സത്യന്‍ മാരാരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യം. രാത്രി 9.30-ന് ഭക്തിഗാനമേള. രാത്രി 11-ന് വലിയവിളക്ക്.
16-ന് രാത്രി 7.30-ന് നടന്‍ വിനീതിന്റെ നേതൃത്വത്തില്‍ ഭരതനാട്യം. 10-ന് ബിജു മല്ലാരിയുടെ മല്ലാരി ഫ്യൂഷന്‍.17-ന് പുലര്‍ച്ചെ 4.30 മുതല്‍ അഷ്ടമി ദര്‍ശനം.വൈകിട്ട് നാലിന്, കേരളശ്രീ പുരസ്‌കാരം ലഭിച്ച വൈക്കം വിജയലക്ഷ്മിയ്ക്കും ക്ഷേത്രകലാപീഠം കലാപ്രതിഭകള്‍ക്കും ആദരം. രാത്രി എട്ടിന് വൈക്കം വിജയലക്ഷ്മിയുടെ ഗായത്രിവീണക്കച്ചേരി. 11-ന് ഉദയനാപുരത്തപ്പന്റെ വരവ്.18-ന് പുലര്‍ച്ചെ രണ്ടിന് അഷ്ടമിവിളക്ക്, വലിയകാണിക്ക, ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ്.വൈകീട്ട് ആറിന് ആറാട്ടെഴുന്നള്ളിപ്പ്. രാത്രി 11-ന് ഉദയനാപുരം ക്ഷേത്രത്തില്‍ കൂടിപ്പൂജവിളക്ക്.
വൈക്കം ക്ഷേത്രത്തില്‍ മൂന്നു നേരവും ദര്‍ശനം നടത്തിയാല്‍ മൂന്നു ഫലപ്രാപ്തിയാണു കൈവരുന്നതെന്നു പറയുന്നു. ഉത്സവ ദിവസങ്ങളിലെ ദര്‍ശനം ആകുമ്പോള്‍ അതു പതിന്മടങ്ങു ശക്തിയുള്ളതുമായിരിക്കും. ഇതു ഉത്സവങ്ങളിലെ ഒരു പ്രത്യേകത കൂടിയാണ്. ശുദ്ധികലശങ്ങള്‍ കൊണ്ടും ബലികര്‍മങ്ങള്‍ കൊണ്ടും ദേവന്റെ ചൈതന്യം വര്‍ധിച്ചിരിക്കുന്ന സമയത്താണ് വൈക്കം മഹാദേവ ക്ഷേത്രത്തിലെ ഉത്സവ ദിവസങ്ങള്‍. ഈ ദിവസം ദേവനെ ദര്‍ശിക്കുന്നത് പുണ്യമായി കാണുന്നു. സദാശിവ സങ്കല്പത്തിലുള്ള ശാന്തസ്വഭാവത്തോടുകൂടിയ മഹാശിവലിംഗമാണ് വൈക്കം മഹാദേവ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഒരു ദിവസം മൂന്നു ഭാവങ്ങളിലാണ് വൈക്കത്തപ്പന്‍ ദര്‍ശനം നല്‍കുന്നത്. രാവിലെ മുതല്‍ പന്തീരടി പൂജ വരെ ദക്ഷിണാമൂര്‍ത്തി എന്ന ഭാവമാണ്. ഈ സമയം ദര്‍ശനം നടത്തിയാല്‍ വിദ്യാലാഭവും കാര്യസിദ്ധിയുമുണ്ടാകുമെന്നാണ് വിശ്വാസം. പന്തീരടി പൂജയ്ക്കു ശേഷം ഉച്ച പൂജ വരെയുള്ള സമയം കിരാത മൂര്‍ത്തിയാണ്. ശത്രുദോഷം നീങ്ങിക്കിട്ടാന്‍ കിരാതമൂര്‍ത്തിയായ വൈക്കത്തപ്പനെ ദര്‍ശിക്കുന്നത് ഉത്തമമായി പറയുന്നു. വൈകുന്നേരം കൈലാസത്തില്‍ പാര്‍വതിയോടും സുബ്രഹ്‌മണ്യനോടും ഗണപതിയോടും കൂടി വാഴുന്ന അജരാജേശ്വരനായാണ് സങ്കല്പിച്ചിരിക്കുന്നത്. ഈ സമയം ഭഗവാനെ ദര്‍ശനം നടത്തിയാല്‍ ഐശ്വര്യവും അഭിവൃദ്ധിയുമുണ്ടാകുമെന്നു പറയുന്നു.
ഖരമഹര്‍ഷി പൂജിച്ച മൂന്നു ശിവലിംഗങ്ങളില്‍ ഒന്നാണ് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നാണ് ഐതീഹ്യം. വലതു കൈ കൊണ്ടു വെച്ച ശിവലിംഗമാണിത്. ഇടതു കൈകൊണ്ടു വെച്ച ശിവലിംഗമാണ് ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. കടിച്ചു പിടിച്ച ശിവലിംഗമാണ് കടുത്തുരുത്തി തളിയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഈ മൂന്നു ക്ഷേത്രങ്ങളിലും ഉച്ചയ്ക്ക് മുമ്പു ദര്‍ശനം നടത്തിയാല്‍ കൈലാസത്തിലെത്തി ശിവനെ ദര്‍ശിക്കുന്നതിനു തുല്യമാണ് എന്നു പറയുന്നു.