സ്പെഷ്യല്‍
കോവിഡ് കാലത്തെ വൈക്കത്തഷ്ടമി; അറിയേണ്ടതെല്ലാം

ദക്ഷിണകാശി എന്നറിയപ്പെടുന്ന വൈക്കം മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമി 8നാണ്. അഷ്ടമി നാളില്‍ വൈക്കം ക്ഷേത്രം ദേവസംഗമത്തിനു സാക്ഷ്യം വഹിച്ചിരുന്നു. തെക്കന്‍ കാശി എന്നറിയപ്പെടുന്ന ഈ ദേവസംഗമ സ്ഥലം വ്യാഘ്രപാദരും ഖരനും വില്വമംഗലം സ്വാമിയാരും അഗസ്ത്യ മഹര്‍ഷിയും ഉള്‍പ്പെടെയുള്ളവരുടെ പാദസ്പര്‍ശനമേറ്റ പുണ്യഭൂമിയാണ് എന്നാണു വിശ്വാസം. അഷ്ടമിവിളക്ക് ദര്‍ശിക്കാന്‍ തിരുവിതാംകൂര്‍ മഹാരാജാവ് ഉള്‍പ്പെടെ ഉള്ളവര്‍ ക്ഷേത്രത്തില്‍ എത്തുമായിരുന്നു. അഷ്ടമി ദിവസം രാവിലെ നടക്കുന്ന ശ്രീബലിയാണ് അഷ്ടമി വിളക്ക്. താരകാസുരന്‍, ശൂരപത്മന്‍ എന്നീ അസുരന്‍മാരെ നിഗ്രഹിക്കാന്‍ പോയ ദേവസൈന്യാധിപന്‍ ഉദയനാപുരത്തപ്പനെ കാണാതെ വിമുഖനായിരിക്കുന്ന വൈക്കത്തപ്പന്‍ പതിനൊന്നാം ഉത്സവ ദിവസം കൊടിമരച്ചുവട്ടില്‍ നില്‍ക്കുന്നതു ശ്രദ്ധേയമാണ്.

നാമമാത്രമായി നടക്കുന്ന പൂജകള്‍ക്ക് ശേഷം പേരിനു ചടങ്ങുകള്‍ തീര്‍ക്കാന്‍ നിശ്ചയിച്ചു രാത്രി പത്തോടെ വാദ്യഘോഷങ്ങള്‍ ഇല്ലാതെ വൈക്കത്തപ്പന്‍ കിഴക്കേ ആനക്കൊട്ടിലിലേക്ക് എഴുന്നള്ളും. പാതിര കഴിഞ്ഞു വടക്കു നിന്ന് ആരവം കേള്‍ക്കും. അസുരനിഗ്രഹത്തിനു ശേഷം വിജയശ്രീലാളിതനായി രാജകീയ പ്രൗഢിയോടെ ഉദയനാപുരത്തപ്പന്റെ വരവാണെന്നറിഞ്ഞ മഹാദേവന്‍ മകനെ സ്വീകരിക്കാന്‍ പൊന്നിന്‍കുടയും ചാമരാദികളും കൊടുത്തയയ്ക്കും.

കൂട്ടുമ്മേല്‍ ഭഗവതി, ശ്രീനാരായണപുരം ദേവന്‍ എന്നിവരോടൊപ്പം വന്നിരുന്ന ഉദയനാപുരത്തപ്പനു വലിയ കവല, കൊച്ചാലും ചുവട്, വടക്കേ നട എന്നിവിടങ്ങളില്‍ അലങ്കാരപ്പന്തല്‍ ഒരുക്കി നിറപറയും നിലവിളക്കും ഒരുക്കിയാണ് എതിരേറ്റിരുന്നത്. ആര്‍ഭാടമായ വരവേല്‍പ് ഏറ്റുവാങ്ങി രാത്രി രണ്ടോടെ ഉദയനാപുരത്തപ്പന്‍ വടക്കേ ഗോപുരം വഴി വൈക്കം ക്ഷേത്രത്തില്‍ പ്രവേശിക്കും. കൂട്ടുമ്മേല്‍ ഭഗവതി, ശ്രീനാരായണപുരം ദേവന്‍, തൃണയംകുടത്തപ്പന്‍

മൂത്തേടത്ത് കാവ് ഭഗവതി, ഇണ്ടംതുരുത്തില്‍ ഭഗവതി, പുഴവായിക്കുളങ്ങര മഹാവിഷ്ണു, കിഴക്കുംകാവ് ഭഗവതി എന്നിവര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച് നാലമ്പലത്തിന്റെ വടക്കുഭാഗത്ത് സംഗമിച്ച് വൈക്കത്തപ്പന്‍ എഴുന്നള്ളി നില്‍ക്കുന്ന വ്യാഘ്രപാദ സങ്കേതത്തിലേക്കു നീങ്ങും. വിജയതിലകം ചാര്‍ത്തി വരുന്ന പുത്രന് തന്റെ സ്ഥാനം നല്‍കി വൈക്കത്തപ്പന്‍ അനുഗ്രഹിക്കുന്നതു വേറിട്ട കാഴ്ചയാണ്. ഈ സമയം ആയിരക്കണക്കിനു ഭക്തരാണ് ക്ഷേത്രത്തില്‍ എത്തിയിരുന്നത്. കോവിഡ് പ്രതിസന്ധി മൂലം നിലവില്‍ വൈക്കം ക്ഷേത്രത്തിലേക്ക് ഉദയനാപുരത്തപ്പന്റെ എഴുന്നള്ളത്തിനു മാത്രമാണ് അനുമതി ലഭിച്ചിട്ടുള്ളത്. ആചാരപരമായ ചടങ്ങുകള്‍ മാത്രമാണ് ഇത്തവണ നടത്തുന്നത്.

അഷ്ടമി ദിവസം പുലർച്ചെ 4.30 മുതൽ 1 വരെയും വൈകിട്ട് 4.30 മുതൽ 7.30 വരെയും ക്ഷേത്രം വരെയുമാണ് ദർശനം നടത്താൻ അനുമതി. ഓൺലൈനായി ബുക്ക് ചെയ്തവർക്ക് മാത്രമേ പ്രവേശനമനുവദിക്കു. 10 വയസിന് താഴെ പ്രായമുള്ളവർക്കും 65 വയസിന് മുകളിലുള്ളവർക്കും പ്രവേശനം അനുവദിക്കില്ല. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് വൈക്കം ഉദയനാപുരം ക്ഷേത്രങ്ങളിലെ എഴുന്നള്ളിപ്പിന് മാത്രമേ അനുമതിയുള്ളു.

രണ്ട് ആനകളെ മാത്രമേ ക്ഷേത്ര പരിപാടികൾ ഉൾക്കൊള്ളിക്കുള്ളു. അന്നദാനം ഉണ്ടായിരുന്നു. ക്ഷേത്രത്തിലെ അധിക ഡ്യൂട്ടിയ്ക്കായി 40 പേരെ അധികമായി നിയമിച്ചിട്ടുണ്ട്.

Related Posts