സ്പെഷ്യല്‍
ഉത്ഥാന ഏകാദശി; വ്രതമെടുക്കാന്‍ സാധിക്കാത്തവര്‍ ഇത്രയെങ്കിലും ചെയ്യൂ

കാദശികളില്‍ ഏറെ പ്രധാനപ്പെട്ട ഏകാദശിയായ ഉത്ഥാന ഏകാദശിയാണ് നവംബര്‍ നാലിനുള്ളത്. നാലുമാസത്തെ യോഗനിദ്രയില്‍നിന്ന് വിഷ്ണുഭഗവാന്‍ ഉണരുന്നദിവസം. ഈ ദിവസം വിഷ്ണുഭഗവാനെ ഭജിക്കാന്‍ സാധിക്കുകയെന്നത് അതീവ പുണ്യമായ കാര്യമാണ്.
വിഷ്ണുപുരാണം അനുസരിച്ച് ഈ ഏകാദശി ദിവസം വിഷ്ണുഭഗവാനെ സ്മരിക്കുകയും പൂജിക്കുകയും ചെയ്യുന്നവരുടെ സകല ദുഖങ്ങളും മാറുമെന്നാണ് വിശ്വാസം. ഏകാദശിക്ക് വ്രതമെടുക്കണമെന്നാണ്. എന്നാല്‍, ജീവിത സാഹചര്യങ്ങള്‍കൊണ്ടും മറ്റും പലര്‍ക്കും അത് സാധിച്ചെന്നുവരില്ല. ഈ സാഹചര്യത്തില്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

കഴിയുന്നത്ര ഭഗവാന്റെ നാമങ്ങള്‍ ജപിക്കുന്നത് ഉത്തമമാണ്. ദാനങ്ങള്‍ ചെയ്യുന്നത് പ്രത്യേകിച്ച് അന്നദാനം ചെയ്യുന്നതും നല്ലതാണ്. ഏകാദശിദിവസം അതായത് നവംബര്‍ 4 ന് പൂര്‍ണമായി ഉപവസിക്കാന്‍ സാധിക്കാത്തവര്‍ ഒരു നേരം പഴങ്ങളോ അരിയാഹാരമൊഴികെയുള്ള ലഘു ഭക്ഷണമോ കഴിക്കുക. അതിനു സാധിക്കാത്തവര്‍ സസ്യാഹാരം കഴിക്കാന്‍ ശ്രദ്ധിക്കണം. ഏകാദശിദിവസം എണ്ണ തേച്ചു കുളിക്കരുത്, പകലുറക്കം പാടില്ല തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കുക. പ്രഭാത സ്‌നാനത്തിനു ശേഷം ശുഭ്ര വസ്ത്രം ധരിച്ച് ഭഗവാനെ ധ്യാനിക്കുന്നതും ഉത്തമമാണ്. അന്നേ ദിവസം മുഴുവന്‍ അന്യചിന്തകള്‍ക്കൊന്നും ഇടം നല്‍കാതെ തെളിഞ്ഞ മനസ്സോടെയിരിക്കാന്‍ ശ്രദ്ധിക്കുക. കഴിയുന്നത്ര നേരങ്ങളില്‍ ഭഗവല്‍മന്ത്രങ്ങള്‍ മനസില്‍ ഉരുവിടുന്നതും നല്ലതാണ്. കഴിയുമെങ്കില്‍ വിഷ്ണുക്ഷേത്രദര്‍ശനവും ഉത്തമമാണ്.

ഏകാദശി വ്രതം അനുഷ്ഠിക്കുന്നു എന്ന് പറയുന്നത് ഒരുതരത്തില്‍ ആത്മസമര്‍പ്പണം കൂടിയാണ്. എത്രമാത്രം സമര്‍പ്പണ ഭാവമുണ്ടോ അത്രമാത്രം ഭഗവാന്‍ നമ്മില്‍ പ്രസാദിക്കും. അതിനാല്‍ ഏകാദശി വ്രതം അനുഷ്ഠിക്കാന്‍ സാധിക്കാത്തവര്‍ ദുഖിക്കേണ്ടതില്ല. അവര്‍ മനസ് കൊണ്ട് ഭഗവാനില്‍ സമര്‍പ്പിച്ച് ഭഗവല്‍ മന്ത്രം ജപിച്ച് കഴിയുന്നത് ഉത്തമമാണ്. ഏകാദശി വ്രതം കൊണ്ട് ആത്മാവിന്റെ ശുദ്ധീകരണം കൂടിയാണ് നേടുന്നത്. നമ്മിലേക്ക് തന്നെ തിരിഞ്ഞ് നോക്കാന്‍ ഇതിലൂടെ സാധിക്കുന്നു. ഈ ഏകാദശിനാളില്‍ ഭഗവാന്റെ സാന്നിധ്യം ഭൂമിയില്‍ ഏറ്റവും കൂടുതലുള്ള സമയമാണ് നവംബര്‍ 4ന് ഉച്ചയ്ക്ക് 12.29 മുതല്‍ രാത്രി 11.56 വരെ. ഈ സമയം നിരന്തരം നാമജപം നടത്താന്‍ സാധിക്കുന്നത് ഉത്തമമാണ്. ഭാഗവതം, നാരായണീയം, ഭഗവത്ഗീത തുടങ്ങിയവ പാരായണം ചെയ്യുന്നത് ഭഗവല്‍പ്രീതിക്ക് ഗുണകരമാണ്.

Related Posts