നക്ഷത്രവിചാരം
ഉന്നത സ്ഥാനത്ത് എത്തിച്ചേരാന്‍ യോഗമുള്ളവര്‍

സുന്ദരന്മാരും നല്ല അഭിമാനികളുമായിരിക്കും ഉത്രം നക്ഷത്രക്കാര്‍. ഭൂരിഭാഗവും വിദ്യകൊണ്ട് ഉപജീവനം നടത്തുന്നവരും ശുഭാപ്തിവിശ്വാസികളും വിശാലമനസ്‌കരുമായിരിക്കും. ആധികാരികഭാഷയില്‍ സംസാരിക്കാനും ആവേശത്തോടെ പ്രവര്‍ത്തിക്കാനും സാധിക്കുന്നവരാകും. പ്രായോഗിക പ്രവര്‍ത്തനങ്ങളില്‍ കഴിവുപ്രകടിപ്പിക്കും. യുക്തിയുക്തമായി ചിന്തിക്കുന്നതില്‍ സമര്‍ത്ഥരായിരിക്കും. വിവേകികളും നയതന്ത്രജ്ഞരുമായ ഇക്കൂട്ടര്‍ ബന്ധുമിത്രാദികളോട് ഉദാരമനസ്‌കരായി പെരുമാറുന്നവരാകും.

പൊതുകാര്യങ്ങളില്‍ ഇവര്‍ നേതൃസ്ഥാനത്തേയ്ക്കു നിയോഗിക്കപ്പെടാന്‍ സാധ്യതയുണ്ട്. പ്രാരംഭഘട്ടത്തില്‍ നിരവധി കഷ്ടതകളും പിതാവടക്കമുള്ളവരുടെ അവഗണനയും സഹിക്കേണ്ടിവരുമെങ്കിലും സ്വപ്രയത്‌നവും ബുദ്ധിയും കൊണ്ട് ഉന്നത സ്ഥാനത്ത് എത്തിച്ചേരും.

വൈവാഹിക ജീവിതത്തില്‍ പരസ്പരം സുഹൃത്തുക്കളെ പോലെ പെറുമാറുന്നതായിരിക്കും. ഉത്കര്‍ഷേച്ഛയും ക്ഷമാശീലവും ജന്മസിദ്ധമായിരിക്കും. ഏതുകാര്യവും വിമര്‍ശനാത്മകമായി ചിന്തിച്ചേ പ്രവര്‍ത്തിക്കാന്‍ ഇടയുള്ളൂ. എത്ര ഭാരിച്ച ചുമതലകളും ഏറ്റെടുത്ത് വിജയിപ്പിക്കുന്ന കാര്യത്തില്‍ പ്രാപ്തരായിരിക്കും.

സ്ത്രീകള്‍ പൊതുവേ സത്ബുദ്ധികളും കുടുംബക്ഷേമ കാര്യങ്ങളില്‍ സമര്‍ത്ഥകളുമായിരിക്കും. അന്തസും അഴകും കാത്തുസൂക്ഷിക്കുന്ന കാര്യത്തില്‍ അതീവ ശ്രദ്ധയും മുന്‍തൂക്കവും നല്കും.

മെക്കാനിക്കല്‍, ടൂറിസം, കമ്യൂണിക്കേഷന്‍, ഭൂമിയുമായി ബന്ധപ്പെട്ട ഉദ്യോഗങ്ങള്‍ എന്നീ മേഖലകളില്‍ ശോഭിക്കും. ശ്വാസതടസം, നട്ടെല്ലിനു വേദന, കരള്‍രോഗം, തൊണ്ടവീക്കം, കുടല്‍സംബന്ധമായ രോഗം എന്നിവ എളുപ്പത്തില്‍ പിടിപെട്ടേക്കാം.

ഇരട്ടനക്ഷത്രമായ ഉത്രം വിദ്യാതാരകം കൂടിയാണ്. ധ്വജസ്തംഭം നാട്ടല്‍, തോരണം തൂക്കല്‍, കൊടികയറ്റല്‍, മാളിക പണിയല്‍, അഭിഷേകം നടത്തല്‍ എന്നിവയ്ക്ക് ഉത്തമം.

ദേവത-ഭഗന്‍, ഗണം-മാനുഷം, യോനി-പുരുഷന്‍, ഭൂതം-അഗ്‌നി, മൃഗം-ഒട്ടകം, പക്ഷി-കാകന്‍, വൃക്ഷം- ഇത്തി.

Related Posts