സ്പെഷ്യല്‍
ഉമാമഹേശ്വര വ്രതമെടുത്താല്‍

ഭാദ്രപദ പൂര്‍ണ്ണിമ (വെളുത്തവാവ്) നാള്‍ അനുഷ്ഠിക്കുന്ന വ്രതമാണ് ഉമാമഹേശ്വര വ്രതം. ഇത്തവണത്തെ വ്രതം നവംബര്‍ 12 ചൊവ്വാഴ്ചയാണ് ഉമാമഹേശ്വര വ്രതം വ്രതം. രാവിലെ കുളിച്ച് ശുദ്ധിവരുത്തി ശിവക്ഷേത്രത്തില്‍ ദര്‍ശനവും അഭിഷേകം നടത്തി കൂവളത്തിലമാല ചാര്‍ത്തി പാര്‍വ്വതീപരമേശ്വരന്മാരെ പ്രാര്‍ഥിക്കണം. രാത്രി ഉറങ്ങരുത്. ശിവപുരാണം പാരായണം ചെയ്യുന്നതും ശിവസ്തുതികള്‍ ചൊല്ലുന്നതും ശിവപ്രീതികരങ്ങളാകുന്നു. പതിനഞ്ച് വര്‍ഷം വ്രതം അനുഷ്ഠിക്കണമെന്നാണു വിധി. അവസാനം ബ്രാഹ്മണനു ദക്ഷിണ നല്‍കി അനുഗ്രഹം വാങ്ങി വ്രതം അവസാനിപ്പിക്കാം. സകലവിധ ഐശ്വര്യങ്ങളുമുണ്ടാകും.

വ്രതത്തിന് അടിസ്ഥാനമായ കഥ ഇങ്ങനെയാണ്. ഒരിക്കല്‍ ദുര്‍വാസാവ് മഹര്‍ഷി വിഷ്ണുഭഗവാന് ശിവന്‍ നല്‍കിയ ദിവ്യമായ മാല നല്‍കി. ഭഗവാന്‍ തനിക്ക് ലഭിച്ച മാല ഗരുഡനെ അണിയിച്ചു. അത് ദുര്‍വാസാവിന് സഹിച്ചില്ല. മഹര്‍ഷി രോഷാകുലനായി മഹാവിഷ്ണുവിനോട് പറഞ്ഞു. സ്ഥിതിയുടെ കര്‍ത്താവായ അങ്ങ് സത്വഗുണമൂര്‍ത്തിയാണ്. പ്രപഞ്ചത്തെ നിലനിര്‍ത്തുവാനും സംരക്ഷിക്കുന്നവനുമാണ്. പക്ഷേ, സംഹാരകനായ പരമശിവനെ അപമാനിച്ചത് ഒരിക്കലും ശരിയായില്ല. അതുകൊണ്ട് അങ്ങേക്ക് ലക്ഷ്മീദേവിയുടെ സാമീപ്യം നഷ്ടപ്പെടും. ദേവി അപ്രത്യക്ഷയാകും. ക്ഷീരസാഗരത്തില്‍ അവലംബമില്ലാത്തവനായി കഴിയേണ്ടിവരും. ശേഷന്‍പോലും സഹായിക്കുകയില്ല. ദുര്‍വാസാവിന്റെ വാക്കുകള്‍കേട്ട് വിഷ്ണു ഭഗവാന്‍ ഞെട്ടി. ഒരിക്കലും പ്രതീക്ഷിക്കാത്ത അനുഭവമായിരുന്നു അത്. മഹാവിഷ്ണു മഹര്‍ഷിയുടെ അടുത്ത്ചെന്ന് ചെയ്തുപോയ തെറ്റ് ക്ഷമിക്കാന്‍ അപേക്ഷിച്ചു. രക്ഷപ്പെടാനുള്ള ഉപായം ആരാഞ്ഞു. മഹര്‍ഷി തെല്ലുനേരം ആലോചിച്ചുകൊണ്ട് വിഷ്ണുവിനോട് ഉമാമഹേശ്വര വ്രതമനുഷ്ഠിക്കാന്‍ ഉപദേശിച്ചു. അതിനുശേഷം മഹാവിഷ്ണു ഉമാമഹേശ്വര വ്രതം അനുഷ്ഠിച്ചു. കൈവിട്ട് പോയത് എല്ലാം കൈവന്നു.

ഉമാമഹേശ്വര വ്രതം അനുഷ്ഠിച്ചാല്‍ ഐശ്വര്യത്തോടുകൂടിയ ദാമ്പത്യജീവിതം നയിക്കാന്‍ കഴിയുമെന്നും ദീര്‍ഘയുസ്സുള്ളവരായി ജീവിക്കാന്‍ ശിവനും പാര്‍വ്വതിയും അനുഗ്രഹിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. ‘ഓം നമഃ ശിവായ’ എന്ന മൂലമന്ത്രം 108 തവണ ജപിക്കുന്നതും താഴെ പറയുന്ന പ്രാര്‍ഥനാ മന്ത്രം ചൊല്ലുന്നതും ഉത്തമമാകുന്നു.

‘ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാര്‍ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം’

Related Posts