സ്പെഷ്യല്‍
ഉഡുപ്പി കൃഷ്ണനെ ഭജിച്ച കുടുംബത്തില്‍ സംഭവിച്ചത്

ഉഡുപ്പി ക്ഷേത്രത്തിനടുത്ത് അച്ഛനും അമ്മയും രണ്ടു പെണ്‍കുട്ടികളും അടങ്ങിയ കൃഷ്ണഭക്തരായ ഒരു സാധു കുടുംബം താമസിച്ചിരുന്നു. എന്നും രാവിലെ എന്തു തിരക്കുണ്ടായാലും എല്ലാവരും കൂടി വന്ന് ഉടുപ്പി കൃഷ്ണനെ തോഴുതീട്ടേ മറ്റു കാര്യങ്ങള്‍ ചെയ്തിരുന്നുള്ളൂ. എന്ത് ചെയ്യുമ്പോഴും അവര്‍ ‘കൃഷ്ണ കൃഷ്ണ’എന്ന് ജപിച്ചു കൊണ്ടിരിക്കും. അവരുടെ ഭക്തി കണ്ടു ആ ഗൃഹനാഥന്‍ ജോലി ചെയ്തിരുന്ന പലചരക്ക് കടയിലെ മുതലാളി എപ്പോഴും കളിയാക്കും

‘നിങ്ങള്‍ എന്തിനു കഷ്ടപ്പെടണം. എന്തിനും കൃഷ്ണന്‍ കൂടെല്യേ. എല്ലാം അവിടെ പറഞ്ഞാല്‍പ്പോരെ? കഷ്ടം! നാണമില്ലല്ലോ, ഏതു സമയവും കൃഷ്ണാ കൃഷ്ണാ ന്ന് വിളിച്ചീട്ട് എന്ത് നേടി? നിങ്ങള്‍ ഒരിക്കലെങ്കിലും കൃഷ്ണനെ കണ്ടീട്ടുണ്ടോ? ഇതെല്ലാം വെറും അന്ധവിശ്വാസമാണ് ‘
എന്ത് പറഞ്ഞാലും ആ സാധു മറുത്തൊരു അക്ഷരം പറയാതെ പുഞ്ചിരിച്ചുകൊണ്ട് നാമ ജപം തുടരും.

അങ്ങിനെ ഇരിക്കുമ്പോള്‍ ആ ഗൃഹനാഥന്‍ സുഖമില്ലാതെ കിടപ്പിലായി. അദ്ദേഹത്തിനു ജോലിക്ക് പോകാന്‍ കഴിയാത്തതുകൊണ്ട് അവര്‍ ബുദ്ധിമുട്ടിലായി. ആ കുടുംബത്തിന് വേറെ വരുമാനമാര്‍ഗ്ഗം ഒന്നും ഉണ്ടായിരുന്നില്ല. അടുക്കളയില്‍ ഉണ്ടായിരുന്ന ഭക്ഷണ സാധനങ്ങളും പച്ചക്കറികളും എല്ലാം തീര്‍ന്നു. ആ സ്ത്രീക്ക് വലിയ വിഷമമായി. എങ്ങിനെ ഞാന്‍ എന്റെ കുടുംബത്തെ മുന്നോട്ട് നയിക്കും? കുഞ്ഞുങ്ങളെയും ഭര്‍ത്താവിനേയും പട്ടിണിക്കിടാന്‍ പറ്റുമോ? തത്ക്കാലം അദ്ദേഹം ജോലി ചെയ്യുന്ന കടയില്‍നിന്നും സാധനങ്ങള്‍ കടമായി വാങ്ങുവാന്‍ അവര്‍ തീരുമാനിച്ചു. കടയില്‍ നല്ല തിരക്കുളള സമയമായിരുന്നു.

അവര്‍ വീട്ടിലെ സ്ഥിതിഗതികള്‍ കടയുടമയെ വിനീതയായി പറഞ്ഞു മനസ്സിലാക്കി. അയാള്‍ കളിയാക്കി ഉറക്കെ ചിരിച്ചു കൊണ്ട് ചോദിച്ചു. ‘അല്ലാ എന്ത് പറ്റി? നിങ്ങളുടെ കൃഷ്ണന്‍ ഒന്നും തന്നില്ലേ? ആ കൃഷ്ണനോട് ചോദിക്കാതെ എന്തിനു ഇങ്ങോട്ട് വന്നു.? ‘
ഒന്നും പറയാതെ ആ സ്ത്രി തിരിച്ചു പോകാന്‍ ഭാവിച്ചു. അവിടെ കൂടിയവരെല്ലാം ശ്രദ്ധിക്കുന്നതു കണ്ടപ്പോള്‍ അയാള്‍ക്ക് ഒരു നേരംപോക്ക് തോന്നി. അയാള്‍ പറഞ്ഞു
‘ നില്‍ക്കൂ. നിങ്ങള്‍ വലിയ കൃഷ്ണ ഭക്തരല്ലേ? നിങ്ങളെ വെറും കയ്യോടെ വിട്ടാല്‍ കൃഷ്ണന്‍ ഞങ്ങളുടെ നേരെ കോപിച്ചാലോ. അതുകൊണ്ട് ഇതാ ഈ കടലാസില്‍ വേണ്ട സാധനങ്ങളുടെ ലിസ്റ്റ് എഴുതി തുലാസില്‍ വെക്കു, അതിന്റെ തൂക്കത്തിന് അനുസരിച്ചുള്ള സാധനങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് തരാം”
ഇത് കേട്ട സ്ത്രീ തന്നെ കളിയാക്കിയതാണ് എന്ന് മനസ്സിലായി എങ്കിലും കണ്ണുകളടച്ചു ഒരുനിമിഷം നിന്നു. അതിനുശേഷം കടലാസു വാങ്ങി അതില്‍ എന്തോ എഴുതി ആ കടലാസ് മടക്കി വളരെ ശ്രദ്ധാപൂര്‍വം തുലാസ്സില്‍ വെച്ചു.

അത്ഭുതമെന്നു പറയട്ടെ, തുലാസ്സിന്റെ തട്ട് വലിയ ഭാരം വച്ചതു പോലെ താഴോട്ടുപോയി. ഇത് കണ്ടു കടയുടമയും കൂടെ നിന്നിരുന്നവരും അതിശയിച്ചു. കടയുടമ സംഭ്രമത്തോടെ ആ സ്ത്രീയെയും തുലാസും മാറി മാറി നോക്കി. എന്നീട്ടു മറ്റേ തട്ടില്‍ സാധനങ്ങള്‍ ഓരോന്നായി വയ്ക്കാന്‍ തുടങ്ങി. പക്ഷെ എത്ര സാധനങ്ങള്‍ വെച്ചിട്ടും തുലാസിന്റെ മറ്റെ തട്ട് താണു തന്നെ ഇരുന്നു. അവിടെയുള്ള ഭൂരിഭാഗം സാധനങ്ങള്‍ വച്ചീട്ടും ആ കടലാസ് വച്ച തട്ട് ഉയര്‍ന്നു വന്നില്ല. കടയുടമ വളരെ അത്ഭുതത്തോടെ ആ സ്ത്രീയുടെ മുഖത്തുനോക്കി. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു. ആ കടലാസിന്റെ ഭാരത്താല്‍ തുലാസ്സിന്റെ തട്ട് തന്നെ പൊട്ടി.

ആകാംക്ഷയോടെ കടയുടമ ആ തുണ്ട് കടലാസ് എടുത്തു വായിച്ചു.
അതില്‍ നാലക്ഷരം മാത്രം എഴുതിയിരിക്കുന്നു
‘കൃഷ്ണ കൃഷ്ണാ’
എല്ലാവരും കളിയാക്കിയതില്‍ ക്ഷമിക്കണം എന്നു പറഞ്ഞ് അവരോട് മാപ്പു ചോദിച്ചു. കടയുടമ പറഞ്ഞു
‘ഇനി മുതല്‍ നിങ്ങള്‍ക്ക് വേണ്ടതെല്ലാം ഇവിടെ നിന്നും പണം തരാതെ കൊണ്ടുപോകാം. ‘
സ്ത്രീ പറഞ്ഞു.
‘കൃഷ്ണ കൃഷ്ണാ! അങ്ങയുടെ സന്മനസ്സിന് നന്ദി. എനിക്ക് രണ്ടു ദിവസത്തേയ്ക്കുള്ള സാധനങ്ങള്‍ കടമായി നല്കൂ. അദ്ദേഹത്തിന്റെ അസുഖം മാറിയാല്‍ ഞങ്ങള്‍ ജോലിചെയ്ത് കടം വീട്ടാം.’

ഉറച്ച മനസ്സോടെ ആരു വിളിച്ചാലും ഭഗവാന്‍ ഓടിവരും. അകമഴിഞ്ഞു വിളിക്കുന്ന ഒരോ നാമത്തിന്റെ ശക്തിയും തൂക്കവും ഈശ്വരനു മാത്രമേ അറിയുകയുള്ളു. എന്റെ കൃഷ്ണാ

കടപ്പാട്‌

Related Posts